Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗുരുവും ശിഷ്യനും

ഗുരുവും ശിഷ്യനും

text_fields
bookmark_border
ശ്രീനാരായണ ഗുരു, ടി.കെ. മാധവൻ
cancel
camera_alt

ശ്രീനാരായണ ഗുരു, ടി.കെ. മാധവൻ

മനുഷ്യ ജീവിതത്തിലെ സർവ്വ നൻമകളുടെയും സാക്ഷാത്കാരമായിരുന്നു യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവൻ. ഗുരുവിന്‍റെ 166മത് ചതയദിനമാണ് ഇന്ന് ലോകമെമ്പാടും സാമൂഹിക അകലം പാലിച്ച് നാം ആചരിക്കുന്നത്. ഗുരുവിന് ഏറ്റവും പ്രിയപ്പെട്ട ശിഷ്യരിൽ പ്രിയങ്കരനായ ദേശാഭിമാനി ടി.കെ. മാധവന്‍റെ 135-ാം ജൻമദിനവും കൂടി ഈ ചതയദിനത്തിൽ ഒരുമിച്ച് വന്നത് ഇരുവരും തമ്മിലുള്ള തീവ്രമായ സ്നേഹ ബന്ധത്തെ ഓർമ്മിപ്പിക്കുന്ന അപൂർവ്വ സന്ദർഭം തന്നെയാണ്.

ശ്രീനാരായണ ഗുരുദേവൻ വർഷങ്ങൾക്കു മുമ്പ് അരുൾ ചെയ്ത "ശുചിത്വ" ബോധത്തിന്‍റെ പ്രാധാന്യം മനസിലാക്കുവാൻ ഒരു കോവിഡ് കാലം തന്നെ നമുക്കിന്നു വേണ്ടി വന്നു. വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹിക ശുചിത്വം ഇവ കൃത്യമായി പാലിച്ച് നമ്മൾ മലയാളികൾ ഓണവും ഈസ്റ്ററും ഈദും ആഘോഷിക്കുന്നു. കേവലമൊരു ഓണനാളിലെ ആഘോഷമായി മാത്രം കാണുവാനുള്ളതല്ല സാമൂഹിക പരിഷ്കർത്താവും ദാർശനികനുമായ മഹാഗുരുവിന്‍റെ തിരുപിറവി ദിനം. ഒരു കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന ചാതുർവർണ്യ വ്യവസ്ഥിയുടെ ഇരുണ്ട കാലഘട്ടത്തിൽ മൃഗതുല്യരായി അടിച്ചമർത്തപ്പെട്ട് ജീവിച്ചിരുന്ന ഒരു വിഭാഗം ജനതതിയെ സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുവാൻ ഗുരുദേവന് തന്‍റെ സ്വജൻമവും കർമ്മവും ആത്മതപസ്സും സമർപ്പിക്കേണ്ടി വന്നിരുന്നു.

"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" "മതമേതായാലും മനുഷ്യർ നന്നായാൽ മതി" "വിദ്യ കൊണ്ട് പ്രബുദ്ധരാക്കുക, സംഘടന കൊണ്ട് ശക്തരാകുക" "മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുത്" എന്നിങ്ങനെയുള്ള ആപ്തവാക്യങ്ങൾ ഗുരു ലോക മനുഷ്യരാശിയുടെ നൻമയ്ക്കായി അരുളിച്ചെയ്തതാണ്. "ഒരു പീഢയുമെറുമ്പിനു പോലും വരുത്തരു തെന്നോതിയ" തന്‍റെ സുഖം മറ്റൊരപരനു കൂടി സുഖമായ് വരേണമെന്ന് അരുളിച്ചെയ്ത പരമകാരുണികനായ ഒരു സസ്യാസി വര്യനെ ലോകം ഇന്നേ വരെ ദർശിച്ചിട്ടുണ്ടാവില്ലയെന്ന് നിസംശയം നമുക്ക് പറയാം. കാരണം മതങ്ങൾക്കതീതമായ മതാതീത ആത്മീയ ദർശനമാണ് ഗുരു വിഭാവനം ചെയ്തിരുന്നത്. ഇന്ന് ഗുരുവിന്‍റെ ദർശനങ്ങൾ ആഗോളതലത്തിൽ ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന ഒരു കാലത്തിലൂടെയാണ് ഇപ്പോൾ നാം ഇന്ന് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

മിശ്രവിവാഹമെന്ന സമ്പ്രദായത്തെ ഗുരു വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. വിവാഹം വളരെ ലളിതവും ആർഭാടരഹിതവുമായിരിക്കണമെന്ന് ഗുരു നിഷ്കർഷിച്ചിരുന്നു. വധൂവരൻമ്മാരുടെ ബന്ധുക്കളായി 10 പേർ മാത്രമേ ആകാവൂയെന്ന ഗുരുവിന്‍റെ ഉപദേശം ഇന്നത്തെ കോവിഡ് പ്രതിരോധകാല സാഹചര്യം വീണ്ടും നമ്മെ പഠിപ്പിച്ചു തരുന്നു. ലോക സൂഹത്തിന്‍റെ നർമ്മക്കായി ഗുരു നൽകിയ ആത്മോപദേശങ്ങൾ തലമുറയിൽ നിന്ന് തലമുറയിലേക്ക് കൈമാറ്റം ചെയ്യേപ്പെടേണ്ടതാണ്. വളർന്നു വരുന്ന ഭാവി തലമുറയ്ക്കായി ഗുരുദർശനങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ കാത്ത് സൂക്ഷിച്ച് പകർന്ന് കൊടുക്കുവാനും അത് പ്രചരിപ്പിക്കുവാനു നമുക്ക് കഴിയണം. ശ്രീനാരായണ ധർമ്മമെന്ന മഹാമന്ത്രം മതവൈരത്തിന്‍റെ നീരാളിപ്പിടിത്തത്തിൽ നിന്ന് മോചനം നേടുവാൻ നമ്മെ ഏറെ സഹായിക്കും.

മനുഷ്യരാശിയുടെ ഉന്നമനത്തിനും നിലനിൽപ്പിനും ആത്മീയവും ഭൗതീകവുമായ സമന്വയത്തിൽ അധിഷ്ഠിതമായ സന്ദേശങ്ങൾ നൽകാൻ ഉതകുന്ന ആഴമേറിയ ദാർശനീക സൗകുമാര്യതയെ ദർശിക്കുവാൻ ഗുരുദേവ കൃതികളിലൂടെ നമുക്ക് സാധിക്കുന്നു. ഈ ഗുരു ദാർശനത്തിന്‍റെ മഹത്വമാണ് ഗാന്ധിജിയെപ്പോലെയും രവീന്ദ്രനാഥ ടാഗോറിനെപ്പോലെയുമുള്ള മഹത്തുക്കളെ ശിവഗിരിമഠത്തിലെത്തി ഗുരുവിനെ ദർശിക്കുവിൻ ഇടയാക്കിയ സാഹചര്യമെന്ന് നിസംശയം പറയാം. ചാതുർവർണ്യ വ്യവസ്ഥിതിയിലുള്ള മഹാത്മ ഗാന്ധിയുടെ സംശയമാണ് മാവിലയുടെ ആകൃതിയിലുള്ള വലിപ്പച്ചെറുപ്പം പ്രകൃതിയിലില്ലെന്ന് പറഞ്ഞ് അതിന്‍റെ രുചിയിലേക്ക് ക്ഷണിച്ചു കൊണ്ട് രാഷ്ട്രപിതാവിനു പോലുമുള്ള സംശയത്തെ ഗുരു ദൂരീകരിച്ചത്.

അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ടു പോയ പിന്നാക്ക ജനവിഭാഗങ്ങളെ ശ്രീനാരായണ ധർമ്മത്തിന്‍റെ വെളിച്ചത്തിലേക്ക് നയിക്കുവാനുള്ള സംഘടിത ശ്രമമാണ് എസ്.എൻ.ഡി.പി. യോഗ രൂപീകരണത്തിന് വഴിതെളിച്ചത്. ശ്രീനാരായണ ഗുരുവിന്‍റെ ദർശനങ്ങളുടെ സന്ദേശവാഹകനും പ്രയോക്താവുമായിരുന്നു ടി.കെ. മാധവൻ. ഒരു പുരുഷായുസ്സിൽ ചെയ്ത് തീർക്കേണ്ട കാര്യങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ഫലപ്രാപ്തിയിലെത്തിക്കുവാനുള്ള കഴിവ് ആദ്ദേഹത്തിനുണ്ടായിരുന്നു. ക്ഷേത്ര പ്രവേശനം, മദ്യവർജനം, സാമൂഹികമായ അനീതികൾക്കും ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ അതിശക്തമായി നിലകൊണ്ടിരുന്ന വ്യക്തിത്വമാണ് ടി. കെ മാധവൻ. സ്വസമുദായം മാത്രമല്ല കേരളത്തിലെ പിന്നോക്ക ജനവിഭാഗങ്ങൾ ഏറെ കൃതജ്ഞതയോടെ ഇന്നും ആ മനുഷ്യസ്നേഹിയെ അനുസ്മരിക്കുന്നു.

44മത്തെ വയസ്സുവരെ മാത്രമായിരുന്ന അദ്ദേഹത്തിന്‍റെ ജീവിതകാലമെങ്കിലും. കേരളത്തിലെ പൗരാവകാശ പോരാട്ട ചരിത്രത്തിലെ വീരേതിഹാസങ്ങളിലെല്ലാം ഉദയസൂര്യനെപ്പോലെ വിരാജിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന് അതിരറ്റ വാത്സല്യമായിരുന്നു ടി.കെ മാധവനോട് ഗുരു തൃപ്പാദങ്ങളുടെ അനുഗ്രഹാശ്ശിസുകൾ ഒന്നുകൊണ്ട് മാത്രമാണ് ചരിത്ര പ്രസിദ്ധമായ ''വൈക്കം സത്യാഗ്രഹ സമരം" സമ്പൂർണ വിജയ പ്രാപ്തിയിലെത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞതെന്നു നിസംശയം പറയാം. വൈക്കം ക്ഷേത്രത്തിനു മുമ്പിൽ നടന്ന സത്യാഗ്രഹ സമര യോഗത്തിൽ ഗുരു നേരിട്ട് എഴുന്നള്ളി മഹാത്മ ഗാന്ധിജിയെയും സത്യാഗ്രഹികളെയും അനുഗ്രഹിച്ച് പ്രാർഥിച്ചു. ഇപ്രകാരം ഗുരുദേവൻ നേരിട്ട് വന്ന് ഒരു പൊതു സമരത്തിന്‍റെ വിജയത്തിനായി പങ്കെടുത്തതും ശിവഗിരിയിൽ സമാഹരിച്ച ഒരു തുക സത്യാഗ്രഹികളുടെ സഹായത്തിലേക്ക് സംഭാവന നൽകിയതും അപൂർവ്വമായിട്ടെയുണ്ടായിട്ടുള്ളൂ.

ഒരു ജനതയുടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി പോരാടുന്ന തന്‍റെ ശിഷ്യനോടുള്ള അതിരറ്റ സ്നേഹമായിരിക്കാം ഗുരുദേവനെ ഇങ്ങനെ പ്രേരിപ്പിച്ചത്. ഗുരുവിന്‍റെയും ഗാന്ധിജിയുടെയും വിശ്വാസവും സ്നേഹവും ഒരു പോലെ നേടി നടത്തിയ വൈക്കം സത്യാഗ്രഹത്തിൽ എസ്.എൻ.ഡി.പിയെയും എൻ.എസ്.എസിനെയും കോൺഗ്രസ് പ്രസ്ഥാനത്തെയും ഒരു മാലയിൽ കോർത്ത മുത്തുമണികൾ പോലെ സംയോജിപ്പിച്ചു കൊണ്ടു പോകുവാൻ ടി.കെ മാധവന് കഴിഞ്ഞിരുന്നു. ഈ നേതൃപാടവമാണ് 1927ൽ ആലപ്പുഴയിൽ വെച്ച് കുടിയ സ്.എൻ.ഡി.പി യോഗത്തിന്‍റെ വിശേഷാൽ സമ്മേളനത്തിൽ ടി.കെ. മാധവനെ സംഘടനാ സെക്രട്ടറിയായി നിയമിക്കുന്നതിനുള്ള തീരുമാനം ഉണ്ടാകുന്നത്.

ആലപ്പുഴയിലെ കുട്ടനാടും അനുബന്ധ പ്രദേശങ്ങളും കേന്ദ്രീകരിച്ചു നടത്തിയ യോഗ പ്രവർത്തനത്തിൽ ഒരു വർഷം കൊണ്ട് അര ലക്ഷത്തിലധികം പ്രവർത്തകരെ അംഗങ്ങളാക്കുകയും 107 ശാഖാ യോഗങ്ങൾക്ക് 1928ൽ ഗുരു തൃപ്പാദങ്ങളെക്കൊണ്ട് നേരിട്ട് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. 1930ൽ 27മത് യോഗ വാർഷിക സമ്മേളനം കോഴിക്കോട് വെച്ച് കൂടുമ്പോൾ കേരളക്കരയിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ശക്തമായ സംഘടനയായായി എസ്.എൻ.ഡി.പി യോഗം മാറിക്കഴിഞ്ഞു. ഈ ചതയ നാളിൽ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും മൂർത്തിമത് ഭാവമായ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളെയും ടി.കെ മാധവനെന്ന വത്സല ശിഷ്യനെയും ഏറെ സ്നേഹത്തോടെയും നന്ദിയോടെയും നാം സ്മരിക്കേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sree Narayana GuruTK Madhavansndp
News Summary - Sree Narayana Guru and TK Madhavan Birthday
Next Story