നാരായണ ഗുരുവും ആത്മസാഹോദര്യ ദർശനവും
text_fieldsവയൽവാരത്തു പിറന്ന കുഞ്ഞിന് നാണുവെന്നായിരുന്നു പേര്. നാണം മറന്നിരിക്കുന്ന അഥവാ നാണം മറയ്ക്കാതെയിരിക്കുന്ന, തീർഥങ്കരെൻറ ഗ്രാമ്യനാമമാണത്. നാട്ടുവഴക്കത്തിൽ നാണംകുണുങ്ങി കണ്ണുപാതിയടച്ചിരിക്കുന്ന ബാലബുദ്ധെൻറ പേരുമാകാം. പിന്നീട് നാണുഭക്തനെന്നും നാണുവാശാനെന്നും അദ്ദേഹം അറിയപ്പെട്ടു. അരുവിപ്പുറം പ്രതിഷ്ഠക്കുശേഷം നാണുവാശാൻ മുഖ്യമായും ഉപയോഗിച്ചത് നാരായണഗുരു എന്ന സംസ്കൃതനാമമാണ്. സ്വന്തം കൈപ്പടയിലെഴുതിയൊപ്പിട്ട പേരുകൾ നാം കണ്ടിട്ടുണ്ട്.
നാരായണനെന്ന ഈ വൈഷ്ണവ നാമധാരണത്തിന് അതിേൻറതായ സാമൂഹിക ചരിത്രപശ്ചാത്തലവും സംസ്കാര രാഷ്ട്രീയവുമുണ്ട്. 19ാം നൂറ്റാണ്ടിൽ നാണുവാശാന് തൊട്ടുമുമ്പ് തിരുവിതാംകൂർ രാജാധികാരത്തെയും ശൂദ്രമാടമ്പിത്തത്തെയും വെള്ളക്കാരെയും വെല്ലുവിളിച്ച് നാഞ്ചിനാട്ടിൽ വിധ്വംസകമായ സാമൂഹിക പരിവർത്തനത്തിനു തുടക്കമിട്ട അയ്യാ വൈകുണ്ഠൻ സ്വയം വിഷ്ണുവിെൻറ അവതാരമായി പ്രഖ്യാപിച്ചുകൊണ്ടാണ് വർണാശ്രമ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന സമത്വസമാജം സ്ഥാപിച്ച് 18 ജാതികളെയും ഒന്നിച്ചുകൊണ്ടുവന്നതും അവർണർക്കായി പതികൾ സ്ഥാപിച്ചതും. നാണു എന്ന പേരുപോലെതന്നെ പ്രാചീനമായ തെന്നിന്ത്യൻ ചമണനാമമായ മുത്തു (മുത്തപ്പൻ) എന്നായിരുന്നു അദ്ദേഹത്തിെൻറ യഥാർഥ പേര്. ഹിംസാത്മകമായ സനാതന വർണഹിന്ദു പരിസരത്ത് തികച്ചും പ്രച്ഛന്നതയാർന്നതും തന്ത്രപരവുമായിരുന്നു വൈകുണ്ഠസ്വാമിയെന്ന ഈ വൈഷ്ണവ നാമധാരണം. എന്നിട്ടും ചമണപാരമ്പര്യമുള്ള ശുചീന്ദ്രം കോവിലിൽ തേരിെൻറ കയർ തൊട്ടു എന്ന കുറ്റത്തിന് സകലകലാവല്ലഭനായ സ്വാതിതിരുനാളിെൻറ മുറജപത്തിലൂടെയും ഹിരണ്യഗർഭത്തിലൂടെയും ബ്രാഹ്മണ്യത്തിൽനിന്ന് ക്ഷത്രിയപദവിയാർജിച്ച മറവ ഭരണകൂടം ആ അവർണസിദ്ധനെ തടവിലാക്കി പുലിമടയിലിട്ട് ക്രൂരമായി പീഡിപ്പിച്ചു. 141 ദിവസം നീണ്ട, നീചെൻറ മനുസ്മൃതിപ്രകാരമുള്ള ആ ദണ്ഡനീതി അവസാനിച്ചത് തമിഴ് സിദ്ധനും ഹഠയോഗവിദഗ്ധനും അന്നത്തെ ജയിലറുമായിരുന്ന തൈക്കാടയ്യാവിെൻറ േപ്രരണയാൽ മാത്രമാണ്. ആത്മബലത്തിലൂടെയാണ് അയ്യാ അതിജീവിച്ചത്, അധികാരത്തിെൻറ പുലിമടയെ ഭേദിച്ചത്.
ജാതിയെ വെല്ലുവിളിക്കുന്ന അവർണ പരിഷ്കർത്താക്കളുടെ ഗതി നാണുവാശാൻ നേരിട്ടു കണ്ടും കേട്ടും മനസ്സിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒമ്പതാം നൂറ്റാണ്ടു മുതൽ കേരളത്തിൽ സ്ഥാപിക്കപ്പെട്ട ബ്രാഹ്മണ്യത്തിെൻറ പൗരോഹിത്യ കുത്തകയെ അട്ടിമറിച്ചുകൊണ്ട് 1888ലെ ശിവരാത്രിയിൽ അരുവിപ്പുറം പ്രതിഷ്ഠ നടത്തിയപ്പോൾ അതിെൻറ സാധുത പലകോണുകളിൽനിന്നും ചോദ്യംചെയ്യപ്പെട്ടപ്പോൾ അന്നു കൂടുതൽ സമ്മതമായിരുന്ന ഒരു ഹൈന്ദവ വൈഷ്ണവ സംസ്കൃത നാമം ധരിക്കുന്നതിലേക്ക് നാണുവാശാൻ നീങ്ങിയത്. രാമെൻറ ഹൈന്ദവമായ വർണാശ്രമരാജ്യത്തിൽ ശൂദ്രാദികൾക്കു സന്യാസവും അക്ഷരവും വിലക്കിയിരുന്നെന്നും അതുകൊണ്ട് അവർണനായ തനിക്കു സന്യാസം തന്ന നമ്മുടെ ഗുരുക്കന്മാർ ബ്രിട്ടീഷുകാരാണെന്നും അവർ ഒന്നാം ലോകയുദ്ധത്തിൽ ജയിക്കാൻ നാം പ്രാർഥിക്കണമെന്നും ശംബൂകനെന്ന ശൂദ്രമുനിയുടെ ഭീകരമായ ദുർവിധിയെ അനുസ്മരിച്ചുകൊണ്ട് 1914ൽ അദ്ദേഹം ഉൾക്കിടിലത്തോടെ വ്യക്തമായി വിളിച്ചുപറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ചാതുർവർണ്യത്തിെൻറ ഹിംസാത്മകമായ ഒരു ചരിത്രസാഹചര്യത്തിൽ തികച്ചും പ്രച്ഛന്നമായും സമാധാനപരമായും നടത്തിയ ഒരു പ്രവൃത്തിയാണ് നാരായണ നാമധാരണം. അതിെൻറ സംസ്കാരരാഷ്ട്രീയവും സന്ദർഭവും സൂചനകളും ബഹുജനങ്ങൾ വിമർശനാവബോധത്തോടെ മനസ്സിലാക്കേണ്ടതുമാകുന്നു.
നാണുക്കുട്ടനും മുത്തുക്കുട്ടിയുമെല്ലാം സൂചിപ്പിക്കുന്നത് ജൈനവും ബൗദ്ധവുമായ കേരളത്തിെൻറ 2000 വർഷത്തിലധികം പഴക്കമുള്ള അടിത്തട്ടിലാണ്ടുകിടക്കുന്ന ഇന്നും സജീവമായ പ്രബുദ്ധമായ ബഹുജനപാരമ്പര്യങ്ങളാണ്. കരുമാടിയിലെ കുട്ടനെയും കേരളത്തിലെ നിരവധി പുത്തരച്ചന്മാരെയും ഓണത്തപ്പനെയും നീലന്മാരെയും നമുക്കറിയാം. ഒമ്പതാം നൂറ്റാണ്ടിനുശേഷം മാത്രമാണ് ശൈവവും വൈഷ്ണവവുമായ ഹിന്ദുഭക്തിധാരകൾ കേരളത്തിലും തെന്നിന്ത്യയിലും അധീശത്വം നേടുന്നതെന്നും അവർ തമ്മിലും ജൈനബുദ്ധ സംസ്കാരങ്ങളുമായും നടന്ന കൊടിയ മദമാത്സര്യങ്ങളും ചമണരോടു ചെയ്ത കിരാതമായ മതഹിംസകളും സൂക്ഷ്മ ചരിത്രബോധത്തോടെ ഓർത്തുെവക്കേണ്ടതുണ്ട്. ഹിന്ദുദേശീയവാദത്തിെൻറയും ഹിന്ദുത്വ ഫാഷിസത്തിെൻറയും രണ്ടാം വരവിൽ ഈ ഓർമ തികച്ചും പ്രതിരോധ പ്രസക്തമാകുന്നു. ജാതിഹിന്ദുക്കളാകാൻ ബഹുജനങ്ങളെ വർണധർമികൾക്കു കൂട്ടിക്കൊടുക്കുന്ന സമുദായനേതൃത്വങ്ങളും ഓർക്കേണ്ട ഒരു ചരിത്രപാഠമാണിത്.
എട്ടാം നൂറ്റാണ്ടോടെ ശൈവ, വൈഷ്ണവ ഭക്തിലഹരിയിൽ ബ്രാഹ്മണിസത്തിെൻറ കൗടില്യ കൂടോത്രങ്ങളിൽ കടപുഴകിപ്പോയ മനുഷ്യത്വത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള ചുവടുകളായിരുന്നു അയ്യാവിെൻറ അഖിലത്തിരട്ടുകളായ അമ്മാനപ്പാട്ടുകളും അരുൾനൂലുകളും. തിരുക്കുറലിലും ചിലപ്പതികാരം, മണിമേഖലൈ തുടങ്ങിയ പഞ്ചമഹാകാവ്യങ്ങളിലും ചങ്കസാഹിത്യത്തിലും തിരയടിക്കുന്ന നൈതിക മാനവികതയുടെ ഈ പ്രബുദ്ധ ചേതന 19ാം നൂറ്റാണ്ടിൽ തെന്നിന്ത്യയിൽ അയ്യാസ്വാമിയിലും നാണുഗുരുസ്വാമിയിലുമാണ് വീണ്ടുമുദിക്കുന്നത്.
ഗുരുവെന്ന പദം ഹിന്ദുത്വത്തിെൻറ കുത്തകയല്ല, താന്ത്രിക ബുദ്ധപാരമ്പര്യത്തിലെ അതികായന്മാരായ ആചാര്യന്മാരെ പെരിയ മനുഷ്യർ എന്ന അർഥത്തിൽ ഗുരു ചേർത്താണ് വിളിക്കാറ്. ഒഡിഷയെന്ന വജ്രയാനത്തിെൻറ ഇന്ത്യയിലെ ഉദ്യാനപീഠത്തിൽനിന്ന് തിബത്തിലെത്തി അവിടത്തെ താന്ത്രിക ബുദ്ധ സമ്പ്രദായമായ ലാമായിസം സ്ഥാപിച്ച സംബലപുരത്തെ രാജകുമാരനായിരുന്ന പത്മസംഭവനെ ഗുരു പത്മസംഭവനെന്നാണ് അഭിസംബോധന ചെയ്യുന്നത്. 16ാം നൂറ്റാണ്ടുവരെ മഹായാന ബുദ്ധമതകേന്ദ്രങ്ങളിലൊന്നായിരുന്ന തമിഴകത്തെ കൊറമാൻഡൽ തീരത്തെ കാഞ്ചീപുരത്തുനിന്ന് ആറാം നൂറ്റാണ്ടിൽതന്നെ ജീവനും ധർമവും കൊണ്ടോടിപ്പോയി ചൈനയിലും ജപ്പാനിലും കൊറിയയിലും ചാനും സെന്നുമായ ധ്യാനവും ജീവരക്ഷയായ കരാട്ടേയും കുങ്ഫൂവും പഠിപ്പിച്ച ബോധിധർമനെന്ന തെന്നിന്ത്യൻ ബുദ്ധമുനിയെയും ഗുരു ബോധിധർമനെന്നാണിന്ന് അഭിസംബോധന ചെയ്യാറ്. ബോധിധർമർ കാഞ്ചിയിലല്ല വഞ്ചിയിലാണ് (കൊടുങ്ങല്ലൂർ) ജനിച്ചതെന്ന ഒരു വാദവുമുണ്ട്. കാരണം, കേരളത്തിലെ ബൗദ്ധ ആത്മരക്ഷോപായമായ കളരിയാണ് അദ്ദേഹം ചീനത്തെ ഷാവോലിൻ വിഹാരത്തിലെത്തിച്ച് കുങ്ഫൂവാക്കിയത്.
പേരുകളിലൂടെയുള്ള സഞ്ചാരം കാലാന്തരങ്ങളിലേക്കും ലോകാന്തരങ്ങളിലേക്കും ചരിത്രത്തിെൻറ വിപുലവും അമ്പരപ്പിക്കുന്നതുമായ ബഹുസ്വരതകളിലേക്കും സംസ്കാര വൈവിധ്യങ്ങളിലേക്കും നയിക്കുന്നു. ഇന്ത്യയിലേറ്റവും പേരുകളുള്ളത് പുത്തർക്കുതന്നെയാണ്. എല്ലാ ഭാഷകളിലും ഭാഷകളുടെ ഗ്രാമ്യവഴക്കങ്ങളിലും ആയിരക്കണക്കായ പേരുകളാണ് ഗൗതമനുള്ളത്. മധ്യകാലത്തോടെ ഇതിൽ പലതും ചുടലതാണ്ഡവമാടുന്ന ശിവെൻറ പേരുകളായി മാറി, അഥവാ ഹിംസാത്മകമായി മാറ്റപ്പെട്ടു. നാണുഗുരു 1888ൽ കലാപരമായി പ്രതിഷ്ഠാപനം ചെയ്ത ശിലയെ ശിവനായി മൊഴിയുമ്പോൾ ആ ശബ്ദസൂചനയുടെ അനവദ്യലീല നാണുവും കുട്ടനും നീലനും പുത്തനുമായ കാരുണ്യകൃപാനിധിയെയും ചെന്നുതൊടുന്നു. നാണുഗുരുവിെൻറ ‘നമ്മുടെ ശിവൻ’ ഹിംസയുടെ ലിംഗവചനവംശകേന്ദ്രിത താണ്ഡവ ദൈവരൂപത്തെയല്ല പരമകാരുണികനെയാണ് സൂചിപ്പിക്കുന്നത്, അദ്ദേഹത്തിെൻറ വൈഷ്ണവ നാമം നിർവേദികളായ ജൈനഗുരുക്കന്മാരെ പ്രച്ഛന്നമായി ചമൽക്കാരം ചെയ്യുന്നതുപോലെതന്നെയാണീ വ്യതിരിക്ത സൂചന.
19ാം നൂറ്റാണ്ടിെൻറ അന്ത്യത്തിൽതന്നെ വ്യതിരിക്തമായ ബ്രാഹ്മണിസത്തിെൻറ അറിവധികാര പൗരോഹിത്യ കുത്തകയുടെ അടയാള അടിത്തറയിളക്കിയ നാണുവാശാനാണ് പാട്ടുപാരമ്പര്യവും പദ്യവും കാവ്യവും ഉപയോഗിച്ച് മനുഷ്യത്വത്തെയും സാമൂഹികസമത്വഭാവനയെയും വർണാശ്രമവിമർശനത്തെയും സമാധാനപരമായും നൈതികലാവണ്യബോധത്തോടെയും വികസിപ്പിച്ചത്. നാം കണ്ടതുപോലെ വിധ്വംസകമായ അരുവിപ്പുറം പ്രതിഷ്ഠാപനത്തിനുശേഷം അദ്ദേഹവും അയ്യാസ്വാമിയെപ്പോലെ വൈഷ്ണവമായ നാരായണഗുരു എന്ന സംസ്കൃത നാമമാണ് തന്ത്രപരമായ പ്രച്ഛന്നതയുടെ ഭാഗമായി ഉപയോഗിച്ചത്.
ആത്മത്തെയും അപരത്തെയും സമഭാവനയോടെ കാവ്യവിചാരംചെയ്ത ആദ്യത്തെ ആധുനിക കേരള മുനിയും കവിയുമായിരുന്നു നാരായണഗുരു. അപരോന്മുഖത്വമാണ് നൈതികതയെങ്കിൽ ലോകത്തെ മുൻനിര സമഗ്രചിന്തകരിലൊരാളാണ് കേരളബുദ്ധനായ നാണുവാശാൻ. മലയാളത്തിലും സംസ്കൃതത്തിലും തമിഴിലും എഴുതിയ പദ്യകാവ്യകൃതികളിലൂടെ തത്ത്വചിന്തയെയും മതചിന്തയെയും മാനവികതയെയും സാമൂഹികനീതി സങ്കൽപത്തെയും അദ്ദേഹം ആഴത്തിൽ സ്പർശിച്ചു, ഗൗതമനെപ്പോലെ ബോധോദയം പകരുന്നതായിരുന്നു അപൂർവവൈദ്യരായ നാണുവാശാെൻറ തൊടീലും തലോടലും തഴുകലും. നാണുവാശാെൻറ ജാതിനിർണയവും അനുകമ്പാദശകവും ജീവകാരുണ്യപഞ്ചകവും ആത്മോപദേശശതകവും ദൈവദശകവുമെല്ലാം ഏറെ വിമർശാത്മകമായി പ്രതിരോധപ്രസക്തമായി വായിക്കേണ്ട കാലമാണിത്.
സംസ്കൃത സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസറാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.