Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അലകും പിടിയും വേർപെട്ട് ശ്രീലങ്ക
cancel

ഉത്തരമെഴുതാൻ വിദ്യാർഥികൾക്ക് കടലാസ് കൊടുക്കാൻ കഴിയാത്തതിനാൽ പരീക്ഷ മാറ്റിവെക്കേണ്ടി വരുക, ഉപയോഗിച്ച കാറിന് മേത്തരം ഫ്ലാറ്റിനേക്കാൾ കനത്ത വില കൊടുക്കേണ്ടി വരുക, ഇന്ധനകേന്ദ്രങ്ങളിൽ എണ്ണകിട്ടാൻ തിക്കിത്തിരക്കി ആളുകൾ മരിച്ചുവീഴുക, ക്യൂവിൽ തർക്കം മൂത്ത് ആളെ കുത്തിക്കൊല്ലുക, എണ്ണവാങ്ങാൻ കാശില്ലെന്നു ഗവൺമെന്‍റ് കൈമലർത്തുക, അടിയന്തരാവശ്യമായ ഭക്ഷണത്തിനും മരുന്നിനും ഗവൺമെന്‍റിന് അയൽരാജ്യങ്ങളുടെ മുന്നിൽ കൈനീട്ടേണ്ടി വരുക- ആഫ്രിക്കൻരാജ്യങ്ങളെ വെല്ലുന്ന വറുതിയിലേക്ക് അനുദിനം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന നമ്മുടെ തൊട്ടയൽനാടായ ശ്രീലങ്കയുടെ ഇന്നത്തെ ദുരന്തചിത്രങ്ങളാണിതൊക്കെ.

പണ്ടു കാലത്ത് ഗൾഫിന്‍റെ അക്ഷയനിധി തുറക്കും മുമ്പ് മലയാളിയുടെ പണം വാരുന്ന പറുദീസയായിരുന്നു കൊളംബ്. അടുത്ത വർത്തമാനം വരെയും ശ്രീലങ്ക സഞ്ചാരികളുടെ സ്വപ്നഭൂമിയും അതുവഴി നിക്ഷേപകരുടെ പൊൻവിളയും മണ്ണുമായിരുന്നു. അവിടെനിന്നാണ് ഇന്ത്യ മഹാസമുദ്രത്തിലെ ദ്വീപുരാജ്യം 22 ദശലക്ഷം ജനസഞ്ചയവുമായി ദുരിതക്കടലിലേക്ക് ആഴ്ന്നുപോയിക്കൊണ്ടിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമം നിമിത്തം കടകൾക്കു മുമ്പിൽ ദിനം നീളുന്ന ക്യൂവാണ്. അരി, പഞ്ചസാര, പാൽപ്പൊടി, പയറുവർഗങ്ങൾ എന്നിവക്ക് വില വാണം പോലെ കുതിച്ചുകയറുകയാണ്. ആറുമാസം മുമ്പ് രാജ്യത്ത് സാമ്പത്തികാടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്‍റ് ഗോടബയ രാജപക്സ അവശ്യസാധന വിതരണത്തിനു സൈന്യത്തിന്‍റെ സഹായം തേടിയിരുന്നു.


എന്നാൽ, പ്രശ്നം അനുദിനം മൂർച്ഛിച്ച് എല്ലാം കൈവിട്ടുപോകുന്ന നിലയിലെത്തിയിരിക്കുകയാണ്. രാജ്യത്തിന്‍റെ വിദേശനാണയ കരുതൽ ഒരു ബില്യൺ ഡോളറിലും താഴെയെത്തിക്കഴിഞ്ഞിരിക്കെ വിദേശകടം വീട്ടാനാകാതെ രാജ്യം കുത്തുപാളയെടുക്കുമെന്നാണ് അന്താരാഷ്ട്ര സാമ്പത്തികവിദഗ്ധരെല്ലാം നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം സർവകക്ഷി യോഗം വിളിച്ചെങ്കിലും അതിൽ നിന്നും മൂർത്തമായൊന്നും തെളിഞ്ഞു കിട്ടിയിട്ടില്ല. രാജ്യം പട്ടിണിയുടെ പാതാളത്തിൽ പതിക്കുകയാണെന്നറിഞ്ഞു ജനം ഇന്ത്യയിലേക്കു പലായനം ചെയ്തുതുടങ്ങിയിരിക്കുന്നു. ഇതോടെ അയൽപക്കത്തെ ദുരിതത്തിൽനിന്നു കരകയറാൻ സഹായിക്കുക മാത്രമല്ല, അതിന്‍റെ പ്രത്യാഘാതം ഏറ്റുവാങ്ങേണ്ട ഭാരം കൂടി ഇന്ത്യയുടെമേൽ വന്നുചേർന്നിരിക്കുകയാണ്.

എന്താണ് സംഭവിച്ചത്?

മൂന്നു ദശകം നീണ്ട ആഭ്യന്തരസംഘർഷം 2009 ൽ അവസാനിച്ചശേഷം ശ്രീലങ്കയുടെ കുതിപ്പാണ് ലോകം കണ്ടത്. 2010ൽ ശ്രീലങ്കൻ സമ്പദ്വ്യവസ്ഥ എട്ടു ശതമാനം വളർച്ച രേഖപ്പെടുത്തി. രണ്ടുവർഷം കഴിയുമ്പോൾ ഇത് 9.1 ശതമാനമായി. നിർമാണ, ചില്ലറ വ്യാപാരം പോലുള്ള ആഭ്യന്തര സാമ്പത്തികക്രയവിക്രയം വിപുലപ്പെട്ടതിന്‍റെ ഫലമായിരുന്നു ഇത്. പൊതു, സ്വകാര്യ മേഖലകളിൽ എക്സ്പ്രസ് ഹൈവേ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കൊളംബോയിൽ അംബരചുംബി കെട്ടിടങ്ങൾ എന്നിങ്ങനെ അടിസ്ഥാനസൗകര്യവികസനത്തിന്‍റെ ഭാഗമായി നിർമാണരംഗം ഉണർന്നതിനെ തുടർന്നുണ്ടായ വളർച്ചയായിരുന്നു ഇത്.

ഇതിനെല്ലാം വക കണ്ടെത്തിയത് ചൈനയിലെ എക്സിം ബാങ്കുകളിൽനിന്നുള്ള സഹസ്രകോടി വായ്പകളിലൂടെയായിരുന്നു. അങ്ങനെ രാജ്യത്തിന്‍റെ തലങ്ങും വിലങ്ങും എക്സ്പ്രസ്ഹൈവേകൾ സജീവമായി. എന്നാൽ ഈ വികസനമെല്ലാം വ്യാപാരത്തിനുതകാത്ത വിഭാഗത്തിലായിരുന്നു. ഇതുവഴിയുള്ള സാധനസേവനങ്ങളൊന്നും അന്തർദേശീയമായി വ്യാപാരം ചെയ്യാനാവുന്നതായിരുന്നില്ല. രാജ്യത്തെ പരിമിത ജനസംഖ്യയും അവരുടെ ക്രയശേഷിയുമൊക്കെ ഈ മേഖലയിൽ നിന്നുള്ള വളർച്ചക്ക് ഉതകുന്നതായിരുന്നില്ല. ഇങ്ങനെ വ്യാപാരത്തിനു അയോഗ്യമായ മേഖലകളിലെ സാമ്പത്തികവളർച്ചക്ക് അൽപായുസ്സേ ഉണ്ടാവൂ എന്നാണ് സാമ്പത്തികശാസ്ത്രജ്ഞർ പറയുന്നത്; വിശേഷിച്ചും 22 ദശലക്ഷം ജനസംഖ്യ മാത്രമുള്ള ഒരു കൊച്ചുരാജ്യത്ത്.

അതുകൊണ്ടുതന്നെ 2013 മുതൽ സാമ്പത്തികവളർച്ചക്ക് ഇളക്കം തട്ടി. അത് 2019 എത്തുമ്പോഴേക്കും 2.3 ശതമാനത്തിലേക്ക് മുഖം കുത്തിയിരുന്നു. ചെറുജനസംഖ്യയും കയറ്റുമതി വർധിപ്പിക്കാനാവാതെ വന്നതുമാണ് റീട്ടെയിൽ, നിർമാണമേഖലകളിലെ വരുമാനവിപുലീകരണത്തിനു തടസ്സമായത്. ആഗോളവ്യാപാരരംഗം പുതുമേഖലകൾ തേടിയപ്പോൾ ശ്രീലങ്കക്ക് പുറത്തുവിൽക്കാൻ വസ്ത്രങ്ങൾ, ചായ, റബർ എന്നിവയൊക്കെയേ ഉണ്ടായിരുന്നുള്ളൂ. ബംഗ്ലാദേശും കെനിയയുമൊക്കെ ഇതു കുറഞ്ഞ ചെലവിൽ ഉൽപാദിപ്പിച്ചു തുടങ്ങിയതോടെ കൊളംബോ ഉൽപന്നങ്ങളുടെ ചോദന കുറഞ്ഞു. രാജ്യത്തേക്കുള്ള വിദേശനാണയത്തിന്‍റെ ഒഴുക്കിലും കാര്യമായ കുറവുണ്ടായി. 2019ൽ 14 ശതമാനം വിദേശകറൻസി ടൂറിസത്തിൽനിന്നും 26 ശതമാനം വിദേശത്ത് തൊഴിലെടുക്കുന്നവരിൽനിന്നുമാണ് ലഭിച്ചിരുന്നത്. കോവിഡ് വന്നതോടെ ഇതിൽ കാര്യമായ ഇടിവുണ്ടായി.


ഇതിനിടയിലും രാജ്യം വികസനമോഹത്തിൽനിന്നു പിറകോട്ടു പോയില്ല. അവർ വിദേശകടത്തെ ആശ്രയിച്ചു. അന്താരാഷ്ട്ര മൂലധന വിപണികളിൽ നിന്നു അന്തർദേശീയ പരമാധികാര ബോണ്ടുകൾ വഴി കടം വാങ്ങി. ഇത് ശ്രീലങ്കൻ സമ്പദ്വ്യവസ്ഥ കുതിക്കുകയാണെന്ന പ്രതീതിയുണ്ടാക്കി. എക്സ്പ്രസ്വേകൾ, ഭീമൻ കെട്ടിടങ്ങൾ, പുതിയ എയർപോർട്ട് തുടങ്ങി നിർമാണവികസനപ്രവൃത്തികൾക്ക് ഗതിവേഗം കൂടി. ഈ വളർച്ചയുടെ ഗുണഭോക്താക്കൾ ഭരണകൂടവും അവരോട് ഒട്ടിനിന്ന ചെറുപറ്റം അതിസമ്പന്നരുമായിരുന്നു.

ഇതോടു ചേർത്തുവായിക്കേണ്ടതാണ് നികുതിവരുമാനത്തിലെ അന്തരം. ആഭ്യന്തര വളർച്ചനിരക്കുമായി ഒത്തുവെക്കുമ്പോഴുള്ള നികുതിയുടെ അനുപാതം തൊണ്ണൂറുകൾ മുതൽക്കേ കുറവാണ് ലങ്കയിൽ. സംഘർഷാനന്തരം ഇക്കണ്ട വളർച്ചയൊക്കെ ജി.ഡി.പിയിൽ ഉണ്ടായെങ്കിലും നികുതി അനുപാതം തൊണ്ണൂറുകളിലെ 20.4ശതമാനത്തിൽനിന്നു 2014ലെത്തുമ്പോൾ 10.1 ആയിരുന്നു. ഇതുകണ്ടറിഞ്ഞ് 2015 മുതൽ വിവിധയിനം നികുതി പരിഷ്കരണം നടപ്പാക്കി. അതുവഴി വ്യക്തികളുടെയും കോർപറേറ്റുകളുടെയും നികുതിയിനത്തിൽ സാരമായ മാറ്റമുണ്ടായി. എന്നാൽ, ഗോടബയ രാജപക്സയുടെ മുഖ്യ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്ന് മൊത്തം നികുതിയിളവായിരുന്നു. ഭരണത്തിലേറി അത് മുൻപിൻ ചിന്തയില്ലാതെ നടപ്പാക്കുകയും ചെയ്തു. രാജപക്സ ആദ്യം വാറ്റ് നികുതി 15ൽനിന്നു എട്ടു ശതമാനമാക്കി വെട്ടിക്കുറച്ചു. രാഷ്ട്രനിർമാണ നികുതി, പേയി ടാക്സ് എന്നിവ ഒഴിവാക്കി. 2020 ആകുമ്പോൾ സർക്കാർ വരുമാനം കുത്തനെ ഇടിഞ്ഞു. നികുതിദായകരുടെ മൂന്നിലൊന്നിൽ കുറവുവന്നു. അതുപരിഹരിക്കാൻ കരുതലില്ലാതെ കറൻസി അടിച്ചുവിടുന്ന സംവിധാനമാണ് സ്വീകരിച്ചത്. അതാകട്ടെ, നാണയപ്പെരുപ്പം വർധിപ്പിച്ചു.

അതോടെ നികുതി അനുപാതം 8.4 ശതമാനം എന്ന സർവകാല അപചയത്തിലേക്ക് വീണു. ബജറ്റ് കമ്മിയായപ്പോഴും ഗവൺമെന്‍റ് വരവു നോക്കാതെ കടം വാങ്ങിക്കൂട്ടി വികസനപ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. അതിന്‍റെ ലാഭം മുഴുക്കെ കുടുംബവാഴ്ചയിലേക്കു മാറിയ സർക്കാറും അവരുടെ സിൽബന്തികളും അനുഭവിച്ചു.

കോവിഡ് വഷളാക്കി; രാജപക്സ കുളമാക്കി

രാജ്യത്തെ ജി.ഡി.പിയുടെ പത്തു ശതമാനവും ടൂറിസത്തിൽനിന്നാണ്. കോവിഡ് അതിനു മാരകമായ പ്രഹരമേൽപിച്ചതോടെ വിദേശനാണയ കരുതൽ 2019ലെ ഏഴര ശതകോടി ഡോളറിൽനിന്നു രണ്ടു ശതകോടിയിലും താഴെയെത്തി. ഇതോടെ ശ്രീലങ്കൻ രൂപ താഴേക്കു കുത്തനെ ഇടിഞ്ഞുവന്നു. ഇതോടൊപ്പം രജപക്സ സർക്കാറിന്‍റെ തലതിരിഞ്ഞ പരിഷ്കാരങ്ങൾ കൂടിയായതോടെ കാര്യങ്ങൾ അത്യന്തം വഷളായി. പ്രതിസന്ധി പരിഹരിക്കാൻ ഗവൺമെന്‍റ് കൈക്കൊണ്ട നടപടികളെല്ലാം കൂടുതൽ പ്രതികൂലമായിത്തീരുന്നതാണ് കണ്ടത്. ഊഹക്കച്ചവടക്കാർ പൂഴ്ത്തിവെപ്പിനും അതുവഴി വിലക്കയറ്റത്തിനും വഴിയൊരുക്കുകയാണ് എന്നാരോപിച്ച് സൈന്യത്തെ അവശ്യസാധനവിതരണം ഏൽപിച്ചതോടെ വ്യാപാരികൾ അസംതൃപ്തിയിലായി.

അതോടെ ഉൽപന്നങ്ങളുടെ വിതരണം അപര്യാപ്തമാവുകയും വില അസ്ഥിരപ്പെടുകയും ചെയ്തു. 200 ലങ്കൻ രൂപയിൽ കൂടുതൽ വിദേശവിനിമയം പാടില്ലെന്നു സെൻട്രൽ ബാങ്ക് ഉപാധി വെച്ചതോടെ, അവശ്യവസ്തുക്കൾക്ക് ഇറക്കുമതിയെ ആശ്രയിച്ചിരുന്ന വ്യാപാരികൾക്ക് അത് സാധ്യമല്ലാത്ത അവസ്ഥയുണ്ടായി. രാസവളങ്ങളുടെ ഇറക്കുമതി നിരോധിച്ച് ജൈവവളത്തിന്‍റെ ഉപയോഗം കൂട്ടാൻ ഗവൺമെന്‍റ് പരിഷ്കരണം കൊണ്ടുവന്നു. ആളുകളുടെ ആരോഗ്യം നന്നാക്കാനും ഇറക്കുമതി വഴി വിദേശ സാമ്പത്തികവിനിമയം കുറക്കാനും എന്നു പറഞ്ഞായിരുന്നു ഇത്. എന്നാൽ, രാസവളം നിലച്ചതോടെ വിളവ് മൂന്നിൽ രണ്ടു കണ്ട് കുറഞ്ഞു. അതു വൻപ്രതിഷേധത്തിനിടയാക്കിയപ്പോൾ നിരോധം പിൻവലിച്ചു. വളവും ഭക്ഷണവും ഇറക്കുമതി പൂർവാധികം വർധിച്ചത് ഉള്ള നാണ്യനിക്ഷേപവും ദരിദ്രമാക്കുന്ന നിലയിലെത്തിച്ചു.

ദേശീയ കറൻസിയുടെ വിനിമയനിരക്കിൽ അടിക്കടി മാറ്റം വരുത്തിക്കൊണ്ടിരുന്നത് നാണയപ്പെരുപ്പം പിടിച്ചുനിർത്താം എന്നു കരുതിയാണ്. എന്നാൽ, കറൻസിയുടെ മൂല്യം അടിക്കടി താഴ്ന്നുകൊണ്ടിരുന്നത് വിദേശനാണ്യത്തിന്‍റെ വരവിനെയും സ്തംഭനത്തിലേക്കു തന്നെ എത്തിച്ചു. അങ്ങനെ പരിഹാരമായി ഗവൺമെന്‍റ് കണ്ടെത്തിയതെല്ലാം പുതിയ പ്രശ്നങ്ങളായി പരിണമിക്കുകയായിരുന്നു.

ഇപ്പോൾ പരിഹാരത്തിനായി നാലുപാടും ഉഴലുകയാണ് ശ്രീലങ്ക. ഐ.എം.എഫ് ചൂണ്ടിയ പരിഹാരങ്ങൾക്കു മിനക്കെടാതെ ചൈനയെയും ഇന്ത്യയെയും അവലംബിച്ചതാണ് കൊളംബോയുടെ അബദ്ധമെന്ന് അവർ പറയുമ്പോൾ ചൈനയുടെ കെണിയിലായി കുടുങ്ങിയതാണെന്ന പ്രചാരണത്തിൽ കഴമ്പില്ലെന്നാണ് ഭരണകക്ഷിയുടെ അനുകൂലികൾ പറയുന്നത്. എന്നാൽ അമേരിക്കൻ, ജപ്പാൻ മൂലധനനിക്ഷേപങ്ങളോട് പുറന്തിരിഞ്ഞുനിന്ന രാജപക്സ ചൈനയെത്തന്നെയാണ് ഇപ്പോഴും പ്രധാന മിത്രമായി കാണുന്നത്. ഇന്ത്യയും പാചകവാതകവും ഭക്ഷണവും മറ്റു വായ്പകളുമായി രംഗത്തുണ്ട്. എന്നാൽ, ഈ സഹായങ്ങൾക്കും രക്ഷപ്പെടാനാവാത്തത്ര മാരകമാണ് ശ്രീലങ്കയെ ബാധിച്ചിരിക്കുന്ന ദീനം. അതുകൊണ്ടു പരിഹാരം കാത്തിരുന്നു കാണുകതന്നെ വേണം.

ശ്രീലങ്കൻ നിരീക്ഷകനായ ഉമേഷ് മൊറമുതലി പറയുന്നത്, അറ്റകുറ്റപ്പണിക്കു കഴിയാത്തവിധം അലകും പിടിയും വേർപെട്ട് വീഴാറായ പഴയ വീടാണ് തന്‍റെ രാജ്യം എന്നാണ്. മേൽകൂര ചോർന്നൊലിക്കുകയും ചുമരുകളിൽ വിള്ളൽ വീഴുകയും ചെയ്ത വീടിന് മേത്തരം ടൈൽ പാകാൻ വായ്പയെടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. അതുനിർത്തി വീടിന്‍റെ റിപ്പയറിനു വല്ലതും ചെയ്യൂ എന്നാണ് അദ്ദേഹത്തിന്‍റെ വിനീതമായ അപേക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lanka’s economic crisis
News Summary - Sri Lanka’s economic crisis worsening
Next Story