ആദിവാസികളുടെ അത്താണിയായ 'നഗര നക്സൽ'
text_fieldsനീതിവാതിലുകൾ മുട്ടിത്തളർന്ന് ഒടുവിൽ ആ വയോധികൻ മരണത്തിെൻറ തണുപ്പിലലിഞ്ഞു. ജസ്യൂട്ട് സഭയിലെ പുരോഹിതനായിരുന്ന ഫാ. സ്റ്റാൻ സ്വാമിയുടെ പ്രവർത്തനം മുഴുവനും കിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസികൾക്കിടയിലായിരുന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ ജനിച്ച സ്റ്റാനിസ്ലസ് ലൂർദ്സാമിയാണ് സ്റ്റാൻ സ്വാമി എന്ന പേരിൽ പിന്നീട് അറിയപ്പെട്ടത്. മതപഠനത്തോടൊപ്പം മനില സർവകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം നേടി.
ബ്രസൽസിൽ തുടർപഠന ത്തിനുശേഷം ജസ്യൂട്ട് സഭയുടെ കീഴിൽ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡയറക്ടറായി. 1986ൽ അവിടെനിന്ന് ഝാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്നതിനായി എത്തി. ആദിവാസി -ദലിത് പ്രശ്നങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇതിനിടെയാണ് കള്ളക്കേസിൽ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നത്.
മഹാരാഷ്ട്രയിലെ പുണെക്കടുത്ത ഭീമ-കൊറേഗാവ് ഗ്രാമത്തിൽ 2018 ജനുവരി ഒന്നിന് കൊറേഗാവ് യുദ്ധത്തിെൻറ ഇരുനൂറാം വാർഷികം ആചരിക്കാൻ ദലിത് സംഘടനകൾ വലിയ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഈ സമ്മേളനത്തിനുനേരെ സവർണജാതി വിഭാഗങ്ങൾ ആക്രമണം അഴിച്ചുവിടുകയും സംഘർഷം രൂപപ്പെടുകയും ചെയ്തു. ഇതാണ് ഭീമ-കൊറേഗാവ് കേസിെൻറ ആധാരം. ദലിത് സമ്മേളനത്തിനുനേരെ സവർണർ ആക്രമണം നടത്തുകയായിരുന്നെങ്കിലും അവരാരും കേസിൽ പ്രതിചേർക്കപ്പെട്ടില്ല. നഗര നക്സലുകൾ എന്നാരോപിച്ചായിരുന്നു അറസ്റ്റ്. കാൻസർ, പാർക്കിൻസൻസ് രോഗങ്ങൾ അലട്ടവെയായിരുന്നു അറസ്റ്റും ജയിൽ വാസവും. ഒരുപക്ഷേ, യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കിടന്നിട്ടുള്ള ഏറ്റവും പ്രായംകൂടിയ ആളാകും സ്വാമി.
ഝാർഖണ്ഡിലെ ആദിവാസി തടവുകാരുടെ ക്രമാതീതമായ വർധന കണ്ടാണ് സ്വാമി വിഷയം സംബന്ധിച്ച വിശദപഠനത്തിന് ഇറങ്ങുന്നത്. നക്സലുകൾ എന്ന് മുദ്രകുത്തി അധികൃതർ ജയിലിലടച്ച ഓരോ ആദിവാസിയുടെയും ജീവിതം അദ്ദേഹം അടുത്തറിഞ്ഞു. 97 ശതമാനവും വ്യാജ കേസുകളാണെന്നും ആദിവാസികളുടെ ഭൂമിയും വിഭവങ്ങളും കവരാൻ കരുതിക്കൂട്ടി കെട്ടിച്ചമച്ച കേസുകളാണെന്നും സ്വാമി സമർഥിച്ചു. കുറ്റം ആരോപിച്ച് ജയിലിൽ കഴിയുന്ന 96 ശതമാനം ആദിവാസികൾക്കും മാസവരുമാനം 5000 രൂപയിൽ താഴെയുള്ളവരാണെന്ന് സ്വാമി കണ്ടെത്തി.
നക്സലൈറ്റ് മുദ്രകുത്തി ജയിലിൽ അടച്ചിരിക്കുന്നവരിൽ മൂന്നിലൊന്നും ആദിവാസികളാണെന്നും ജയിലിലെ ആദിവാസികളുടെ ശതമാനം അവരുടെ ജനസംഖ്യയേക്കാൾ വളരെ കൂടുതലാണെന്നും കണക്കുകൾ വെച്ച് സ്വാമി ലോകത്തിന് കാട്ടിക്കൊടുത്തു. ഇതൊക്കെ ഭരണകൂടത്തിെൻറ കണ്ണിലെ കരടാക്കി ആ വയോധികനെ മാറ്റി. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽനിന്നും തിങ്കളാഴ്ച ജയിലിലേക്ക് മടങ്ങേണ്ടിയിരുന്ന സ്വാമി ഒടുക്കം ജീവിതത്തിൽനിന്നുതന്നെ എന്നന്നേക്കുമായി മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.