ആ വിശുദ്ധനെ അവർ കൊന്നു
text_fieldsമാവോവാദിയെന്നും ദേശേദ്രാഹിയെന്നും വിളിച്ച് ഭരണകൂടം ജയിലിലിട്ടു കൊലപ്പെടുത്തിയത് വിശുദ്ധനായ ഒരു മനുഷ്യനെയായിരുന്നു. ഞാനുൾപ്പെടെ നൂറുകണക്കിനുപേരെ ആദിവാസികൾക്കും അടിസ്ഥാന ജനവിഭാഗങ്ങൾക്കുമിടയിൽ ജീവിക്കാനും പ്രവർത്തിക്കാനും പ്രചോദിപ്പിച്ച ഗുരുനാഥനെയായിരുന്നു. ബിരുദ പഠന ശേഷം അധ്യാപനത്തിലേക്ക് തിരിയണമെന്നാഗ്രഹിച്ചിരിക്കെ നിമിത്തം പോലെയാണ് ഫാ. സ്റ്റാൻ ലൂർദ് സ്വാമിയെ കാണുന്നത്. അദ്ദേഹം എഴുപതുകളുടെ തുടക്കത്തിൽ തന്നെ ബിഹാറിൽ സന്നദ്ധസേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
എെൻറ മനസ്സ് വായിച്ചതുപോലെ, ആദിവാസികൾക്കായി നടത്തുന്ന തങ്ങളുടെ സ്കൂളിലേക്ക് വരുന്നോ എന്നു ക്ഷണിച്ചു. സിങ്ഭൂമിലെ ഹോ ഗോത്രക്കാർക്കിടയിലായിരുന്നു നിയോഗം. ഹോ ഭാഷ പഠിച്ച് അവർക്കൊപ്പം ജീവിച്ചു. ടൈപ്പ് റൈറ്ററും വാച്ചും പേനയും മാത്രമാണ് എെൻറ കൈവശം കൂടുതലായുണ്ടായിരുന്നത്. സ്റ്റാൻ സ്വാമിക്കൊപ്പം ഒരു കുടുസ്സു മുറിയിലായിരുന്നു താമസം. വളരെ കുറച്ച് ഭക്ഷണം മാത്രം കഴിച്ച്, സഹജീവികളുടെ ഉയർച്ചയല്ലാതെ ഒന്നും മോഹിക്കാത്ത സന്യാസിയായാണ് അദ്ദേഹം ജീവിച്ചിരുന്നത്. മുറിയിൽ കയറുന്ന പ്രാണികളെപ്പോലും ഇല്ലാതാക്കാൻ അദ്ദേഹം സമ്മതിക്കില്ലായിരുന്നു.
ദേഷ്യപ്പെടുേമ്പാൾപോലും ഏറ്റവും സൗമ്യമായി മാത്രം സംസാരിച്ചു. ആ മനുഷ്യനെയാണ് ഭീകരൻ എന്നു വിളിച്ചത്, വെള്ളംകുടിക്കാൻ ഒരു സ്ട്രോ ഗ്ലാസ് പോലും നിഷേധിച്ചത്. ചികിത്സ നൽകാതെ, ജാമ്യം നൽകാതെ ഒടുവിൽ മരണത്തിന് എറിഞ്ഞുകൊടുത്തത്. ആദിവാസികൾക്കിടയിൽ ആത്മാർഥമായി പ്രവർത്തിക്കുന്ന ആരിലും സങ്കടവും രോഷവും ഉയർത്തുന്നതാണ് അവർ അനുഭവിക്കുന്ന ചൂഷണങ്ങൾ.
ഞാൻ അവിടെ പ്രവർത്തിച്ചിരുന്ന എഴുപതുകളിൽ കിലോക്ക് 120 രൂപ വരെ വിലയുണ്ടായിരുന്ന തരോ കായകൾക്കു പകരം അഞ്ച് രൂപ മൂല്യമുള്ള ഉപ്പാണ് മാർവാഡി കച്ചവടക്കാർ ആദിവാസികൾക്ക് നൽകിയിരുന്നത്. അവർ വിളയിച്ചെടുക്കുന്ന നെല്ലിന് തുച്ഛ വിലയാണ് ലഭിച്ചിരുന്നത്. ധാന്യബാങ്ക് സ്ഥാപിച്ച് അവരിൽനിന്ന് ന്യായവിലക്ക് അരി സംഭരിച്ചാണ് ആ ചൂഷണത്തിന് അവസാനം കണ്ടത്. കച്ചവടക്കാരും കരാറുകാരും കടുത്ത വരൾച്ചയിൽ ആദിവാസി ജനത തുള്ളി വെള്ളംലഭിക്കാതെ ദുരിതപ്പെടുേമ്പാൾ അവർക്കായി ഒന്നും ചെയ്യാതെ ഇല്ലാത്ത കിണറുകളുടെയും കുഴിക്കാത്ത കുളങ്ങളുടെയും പേരിൽ പണം പിടുങ്ങുന്ന ഉദ്യോഗസ്ഥരുമെല്ലാം അരങ്ങുവാഴുന്ന കാലത്തുതന്നെ അതിനെ എതിർക്കുന്നവരെ നക്സലൈറ്റുകൾ എന്നു വിളിച്ചാണ് നിശ്ശബ്ദരാക്കിയിരുന്നത്.
അടിയന്തരാവസ്ഥയിൽ ജയപ്രകാശ് നാരായണെൻറ മുന്നേറ്റങ്ങൾക്കൊപ്പം ചേർന്നുപ്രവർത്തിച്ചു ഞങ്ങളും. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ 11 ആദിവാസി എം.എൽ.എമാരെ ജനത ടിക്കറ്റിൽ വിജയിപ്പിക്കാനുമായി. '77ൽ ഞാൻ നാട്ടിലേക്ക് മടങ്ങിയപ്പോഴും സ്റ്റാൻ സ്വാമി അവിടെ തുടർന്നു. ഖനന മാഫിയയുടെ അതിക്രമങ്ങളിൽ നിന്ന് ആദിവാസികളെ സംരക്ഷിച്ചു നിർത്തി. കള്ളക്കേസുകളിൽ കുടുങ്ങിയ ആദിവാസികൾക്ക് നീതി തേടി കേസിന് പോയി...അന്യായ കുടിയിറക്കലിനെ എതിർത്തു. അതോടെ അദ്ദേഹം സർക്കാറിെൻറ കണ്ണിൽ കൊള്ളരുതാത്തവനും രാജ്യദ്രോഹിയുമായി.
ഭരണകൂടത്തിനും അവരുടെ ഇഷ്ടക്കാർക്കും എന്തും ആരോപിക്കാം. പക്ഷേ, ഗ്രാമീണ ഇന്ത്യയിലെ നൂറുകണക്കിന് ജീവിതങ്ങൾ സാക്ഷ്യംപറയും- സ്റ്റാൻ സ്വാമി എന്ന വിമോചകനെക്കുറിച്ച്.
തീർഥാടകൻ മടങ്ങുന്നു
-ഫാ. സെഡ്രിക് പ്രകാശ്
പ്രിയപ്പെട്ട ഫാദർ സ്റ്റാൻ,
ഈ ഭൂമിയിൽ തീർഥാടനത്തിന് വന്ന് മടങ്ങുന്ന അങ്ങേക്ക് വിട,
നിസ്സംശയം പറയാം, നീതിക്കും സമാധാനത്തിനും വേണ്ടി പോരാടിയ, ജീവിതത്തിെൻറ അവസാന ദശവരെ സഹോദരങ്ങൾക്കുവേണ്ടി സമർപ്പിച്ച അങ്ങൊരു രക്തസാക്ഷിയാണ്. താങ്കളുടെ പോരാട്ടവും മരണവും പാഴായിപ്പോവില്ല. ഇനിയുമുയിർകൊള്ളും ഒരുപാട് സ്റ്റാൻമാർ, താങ്കൾക്ക് മരണമില്ല.
അഹമ്മദാബാദിലെ പ്രശാന്ത് മനുഷ്യാവകാശകേന്ദ്രം ഡയറക്ടറാണ്.
ഈ വേർപാട് ഓർമപ്പെടുത്തുന്നത്
-ഡോ. ഗീവർഗീസ് േമാർ കൂറിലോസ്
1980ൽ ബംഗളൂരുവിലെ യുനൈറ്റഡ് തിയോളജിക്കൽ കോളജിൽ പഠിക്കുന്ന കാലത്താണ് സ്റ്റാൻ അച്ചനെക്കുറിച്ച് അറിയുന്നത്. കോളജിനടുത്തായി പ്രവർത്തിച്ചിരുന്ന ഈശോ സഭയുടെ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മിക്കവാറും പോകുമായിരുന്നു ഞാൻ. ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സ്റ്റാൻ അച്ചെൻറ ചർച്ച് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ എന്നെ സ്വാധീനിച്ചിട്ടുണ്ട്. വിമോചന ദൈവശാസ്ത്രത്തിൽ ആഴമായി ആകൃഷ്ടനായ കാലമായിരുന്നു അത്.
ആ സ്വാധീനം ഇന്നും തുടരുന്നു. പാവങ്ങളുടെ ബന്ധുവായിരുന്നു സ്റ്റാൻ അച്ചൻ. അദ്ദേഹത്തിെൻറ വലിയ സ്വാധീനം (എെൻറയും) ആയിരുന്ന ലാറ്റിൻ അമേരിക്കൻ ആർച്ച് ബിഷപ് ഹെൽഡർ കാമറ പറഞ്ഞിട്ടുണ്ട്: 'പാവങ്ങൾക്ക് ഞാൻ ഭക്ഷണം കൊടുക്കുമ്പോൾ നിങ്ങൾ എന്നെ വിശുദ്ധൻ എന്ന് വിളിക്കും. എന്തുകൊണ്ട് അവർക്ക് ഭക്ഷണം കിട്ടുന്നില്ല എന്ന് ഞാൻ ചോദിച്ചാൽ അപ്പോൾ നിങ്ങൾ എന്നെ കമ്യൂണിസ്റ്റ് എന്ന് വിളിക്കും'.
അനീതിയെ ചോദ്യംചെയ്യുന്നവരെ എല്ലാം 'കമ്യൂണിസ്റ്റുകളും' 'മാവോയിസ്റ്റുകളും' 'തീവ്രവാദികളും' ആക്കുന്ന ഒരുകാലത്താണ് സ്റ്റാൻ അച്ചെൻറ ഈ വേർപാട്. നമ്മുടെ നാടും നിയമവ്യവസ്ഥയും കൂടുതൽ മാനുഷികമാകണമെന്ന് ഓർമപ്പെടുത്തിക്കൊണ്ട്.
(യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനാധിപൻ)
ജയിൽ; എല്ലാം സമപ്പെടുത്തുന്ന ഇടം
(കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ എഴുതിയത്)
-സ്റ്റാൻ സ്വാമി
പേടിപ്പെടുത്തുന്ന ജയിൽവളപ്പ്
കടന്നാൽ
കൈയിലുള്ളതെല്ലാം കൈമാറേണ്ടിവരും
'നീ' ആദ്യം വരും
'ഞാൻ' പിന്നാലെ
'നമ്മൾ' ഏവരുടെയും ജീവവായു
ഒന്നും എേൻറതല്ല
ഒന്നും നിേൻറതില്ല
എല്ലാമെല്ലാം നമ്മുടേത് കഞ്ഞിപ്പാത്രത്തിലെ അവസാനത്തെ
വറ്റുപോലും കളയില്ല
ആകാശത്തെ പറവകളുടെ അന്നമാണത്
പറന്നെത്തി, അതു സ്വീകരിച്ച് സന്തുഷ്ടരായവർ പറന്നു പോകുന്നു സങ്കടം തോന്നി, ഒരുപാടൊരുപാട് ചെറു മുഖങ്ങളെ കണ്ടപ്പോൾ
ചോദിച്ചു നോക്കി 'എന്താണിവിടെ?'
അവർ പറഞ്ഞു, തരിമ്പ് നാട്യങ്ങളില്ലാതെ ഓരോരുത്തരിൽനിന്നും ആവുന്നതുപോലെ
ഓരോരുത്തർക്കും ആവശ്യംപോലെ
അതിനെയല്ലേ സോഷ്യലിസമെന്ന്
പറയാറ്
നോക്കണേ, ഈ സാമാന്യത നിർബന്ധങ്ങൾകൊണ്ട് പരുവപ്പെടുത്തിയതാണ്
എല്ലാ മനുഷ്യരും ഇത് സ്വതന്ത്രമായി
നെഞ്ചേറ്റുംകാലത്ത്
എല്ലാവരും മണ്ണിെൻറ മക്കളായി മാറും (വിവർത്തനം: സവാദ് റഹ്മാൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.