സംസ്ഥാന ന്യൂനപക്ഷ കമീഷൻ; അവകാശ സംരക്ഷണത്തിന്റെ പത്താണ്ട്
text_fieldsസംസ്ഥാനത്തെ 46 ശതമാനം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ (മുസ്ലിം, ക്രൈസ്തവ, ബുദ്ധ, ജൈന, പാഴ്സി, സിഖ്) സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി ലക്ഷ്യമാക്കി കേരള സംസ്ഥാന ന്യൂനപക്ഷ കമീഷൻ രൂപവത്കൃതമായിട്ട് പത്താണ്ടുകൾ പിന്നിടുകയാണ്. 2013 മേയ് 15ന് അസാധാരണ ഗെസറ്റ് വിജ്ഞാനപനത്തിലൂടെയാണ് മതന്യൂനപക്ഷങ്ങളുടെ സമഗ്ര വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക, തൊഴിൽ പുരോഗതിയും ക്ഷേമവും സംരക്ഷണവും ശാക്തീകരണവും ഉറപ്പാക്കുന്ന കമീഷൻ രൂപവത്കരണം പ്രഖ്യാപിക്കപ്പെട്ടത്.
അധികാരങ്ങളും ചുമതലകളും
സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളുടെ വികസനത്തിലുണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തുക, അവരുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും ഭാഷാപരവുമായ അവകാശങ്ങളും സംരക്ഷണ വ്യവസ്ഥകളും ആനുകൂല്യങ്ങളും നഷ്ടപ്പെടുന്നത് സംബന്ധിച്ച പരാതികളിന്മേൽ അന്വേഷണവും തെളിവെടുപ്പും നടത്തി പരിഹാര നടപടികൾ നിർദേശിക്കുക തുടങ്ങി ന്യൂനപക്ഷങ്ങളെ നേരിട്ടോ അല്ലാതെയോ ബാധിക്കുന്ന ഒട്ടുമിക്ക വിഷയങ്ങളിലും കമീഷന് നേരിട്ടിടപെട്ട് പരിഹാരം നിർദേശിക്കാനാവും.
ഒരു വ്യവഹാരം വിചാരണ ചെയ്യുന്ന സിവിൽ കോടതിക്കുള്ള എല്ലാ അധികാരങ്ങളും കമീഷന് അതിന്റെ ചുമതലകൾ നിർവഹിക്കുമ്പോൾ വിനിയോഗിക്കാവുന്നതാണ്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുനിന്നും ഏതൊരാളെയും വിളിച്ചുവരുത്താനും അന്വേഷണ വിഷയവുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കാനും കമീഷന് അധികാരമുണ്ട്. സർക്കാർ തലത്തിൽ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് അവകാശപ്പെട്ട സ്കോളർഷിപ്പുകളുടെ വിതരണം, സംവരണം ഇവയെല്ലാം കമീഷൻ ജാഗ്രതയോടെ നിരീക്ഷണവിധേയമാക്കാറുണ്ട്.
ന്യൂനപക്ഷാവകാശം മൗലികാവകാശം
ഒട്ടനവധി വിവേചനങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കും വിധേയരാകപ്പെട്ട ചരിത്രപശ്ചാത്തലം പേറുന്നവരാണ് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണമെന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശങ്ങളുടെ സുപ്രധാന ഘടകമാണ്. കേരളത്തിൽ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാ ഹിപ്പിക്കുന്നതിനുമായി സർക്കാർ തലത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പും ന്യൂനപക്ഷ ഡയറക്ടറേറ്റും സംസ്ഥാന ന്യൂനപക്ഷ കമീഷനും ഉൾപ്പെടെ നിരവധി സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ന്യൂനപക്ഷ വിഭാഗം മികച്ച ജീവിതനിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടെങ്കിലും ചില മേഖലകളിൽ ഇപ്പോഴും പിന്നാക്കാവസ്ഥ നിലനിൽക്കുന്നു. രൂപവത്കൃതമായി ഒരു ദശകം പിന്നിടുമ്പോഴും ബാലാരിഷ്ടതകൾ പിന്തുടരുന്ന കമീഷന്റെ പ്രവർത്തനങ്ങൾക്ക് പുത്തനുണർവ് നൽകാനുള്ള പരിശ്രമത്തിലാണ് 2023 ആഗസ്റ്റിൽ ചുമതലയേറ്റ നാലാമത് കമീഷൻ. അതിനായി ഒട്ടനവധി പ്രവർത്തനങ്ങളാണ് ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്.
അറിയണം അവകാശങ്ങൾ
സിവിൽ കോടതിയുടെ അധികാരാവകാശങ്ങൾ നിക്ഷിപ്തമായ കമീഷനിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഒരു ചെലവും കൂടാതെ ഹരജികൾ സമർപ്പിക്കാനും അതിലൂടെ നീതി ലഭിക്കാനും കഴിയുമെന്നത് പ്രസ്തുത ജനവിഭാഗങ്ങളിലധികം പേർക്കും ഇന്നും അജ്ഞമാണ്. ഇതുസംബന്ധിച്ച അറിവ് പകരുക എന്നതുൾപ്പെടെ കമീഷന്റെ പ്രവർത്തനങ്ങളെ ജനകീയവത്കരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന-ജില്ല കേന്ദ്രങ്ങളിൽ പ്രത്യേകം സെമിനാറുകൾ സംഘടിപ്പിച്ചുവരുകയാണ്.
ന്യൂനപക്ഷ വിഭാഗങ്ങളിലെ ലക്ഷം യുവജനങ്ങൾക്ക് കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് 2024 ഡിസംബറിനുള്ളിൽ തൊഴിൽ ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളും നടപ്പാക്കി വരുന്നു. ഇതിെൻറ മുന്നോടിയായി കമീഷനും കേരള നോളജ് ഇക്കോണമി മിഷനും ചേർന്ന് ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങൾക്കായി നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴിൽ പരിചയവും സംബന്ധിച്ച് പ്രത്യേക ബോധവത്കരണം നൽകിവരുന്നുണ്ട്.
ബുദ്ധ, ജൈന, പാഴ്സി, സിഖ് വിഭാഗങ്ങൾക്കായി സംഘടിപ്പിച്ച സെമിനാർ, സംസ്ഥാന ചരിത്രത്തിൽതന്നെ സൂക്ഷ്മ ന്യൂനപക്ഷ വിഭാഗങ്ങളുടെ ആദ്യത്തെ കൂട്ടായ്മയായി. സൂക്ഷ്മ ന്യൂനപക്ഷങ്ങളിലെ ബുദ്ധ, ജൈന വിഭാഗങ്ങളാണ് സംസ്ഥാനത്ത് കൂടുതലായുള്ളത്. പാഴ്സി, സിഖ് വിഭാഗങ്ങൾ നാമമാത്രവും. ഈ വിഭാഗങ്ങളുടെ വിവരശേഖരണമെന്ന പ്രാഥമിക ചുവടുവെപ്പിലേക്ക് കമീഷൻ കടക്കുകയാണ്. അവരുടെ ജീവിതനിലവാരം, വിദ്യാഭ്യാസ പശ്ചാത്തലം, സാമൂഹിക നിലവാരം എന്നിവ സംബന്ധിച്ച പഠനം നടത്തി ജൂൺ മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കേരള മീഡിയ അക്കാദമിയുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.
കേരളത്തിന്റെ തീരദേശ മേഖലയിൽ അധിവസിക്കുന്ന ആയിരക്കണക്കിന് മത്സ്യബന്ധന തൊഴിലാളികളെ കടലിൽ വെച്ചുണ്ടാകുന്ന അപകടങ്ങളിൽ സ്വീകരിക്കേണ്ട ജീവൻരക്ഷാ മാർഗങ്ങളെയും മുൻകരുതലുകളെയും സംബന്ധിച്ച് ബോധവത്കരിക്കുന്നതിനും പരിശീലനം നൽകുന്നതിനുമായി വിപുലമായ പരിപാടികളും കമീഷൻ ലക്ഷ്യമിടുന്നുണ്ട്. അരക്ഷിതബോധം പേറി ജീവിക്കാൻ വിധിക്കപ്പെട്ട ന്യൂനപക്ഷത്തിലെ മഹാ ഭൂരിപക്ഷംവരുന്ന ജനസമൂഹത്തിന്റെ ഉന്നമനത്തിനും അവകാ ശസംരക്ഷണത്തിനും ജാഗ്രത്തായുള്ള പ്രവർത്തനങ്ങളാണ് അനിവാര്യം. മരണത്തിനും ജീവിതത്തിനുമിടയിൽ നിശ്ചലമാക്കപ്പെട്ട് ജീവിക്കാൻ വിധിക്കപ്പെട്ടവരല്ല, എല്ലാ മൗലികാവകാശങ്ങളോടും കൂടി വർണ, വർഗ, വംശ വ്യത്യാസങ്ങളേതുമില്ലാതെ, മുഖ്യധാരയിലേക്കുയർത്തപ്പെടേണ്ടവരാണ് ഏവരുമെന്ന പൊതുബോധം സൃഷ്ടിക്കാൻ ഈ വാർഷികദിനം ഊർജം പകരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.