സംസ്ഥാനങ്ങൾ അധികാരം തിരിച്ചുപിടിക്കണം
text_fieldsലോക്സഭയിലും ഭരണഘടന സാധുതയില്ലാത്ത മാർഗങ്ങളിലൂടെ രാജ്യസഭയിലും പാസാക്കിയെടുത്ത മൂന്നു കർഷകവിരുദ്ധനിയമങ്ങൾ കാർഷികമേഖലയുടെയും ഭക്ഷ്യസുരക്ഷയുടെയും അടിത്തറ തകർക്കുന്നതാണ്. കേന്ദ്രനിയമങ്ങൾ കാർഷിക ഉൽപാദന വിപണനസമിതി (എ.പി.എം.സി) വിപണികളെ അസ്ഥിരപ്പെടുത്തുന്നുവെന്നത് അവിതർക്കിതമായ വസ്തുതയാണ്.
എന്നാൽ, സർക്കാർ നിയന്ത്രിതവിപണികൾ അസ്ഥിരപ്പെട്ടാൽ കാർഷികവിഭവങ്ങൾ ആർക്കു വിൽക്കണം, ഏതു വിലയ്ക്കു വിൽക്കണം തുടങ്ങിയ വിഷയങ്ങളിൽ കർഷകർക്ക് തെരഞ്ഞെടുപ്പിനുള്ള അധികാരം വർധിക്കുമെന്നും കാർഷികവിഭവങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുമെന്നുമാണ് ബിൽ അനുകൂലികൾ വിവിധ രൂപങ്ങളിൽ ഉന്നയിക്കുന്ന ഒരേയൊരു വാദം.
ഒരു വ്യാപാരമേഖലയിൽ കോർപറേറ്റ് കമ്പനികൾ കുത്തകാവകാശം നേടിക്കഴിയുമ്പോൾ എന്തു സംഭവിക്കുമെന്ന് കേന്ദ്രനിയമത്തിലെ വാക്കുകൾതന്നെ വ്യക്തമാക്കുന്നു. അതനുസരിച്ച് കോർപറേറ്റുകളും കർഷകരും തമ്മിൽ ഉണ്ടാക്കുന്ന കരാറുകളാണ് എ.പി.എം.സി മാർക്കറ്റുകൾക്ക് പുറത്തുള്ള ഇടപാടുകളുടെ അടിസ്ഥാനം.
കരാറുകളുടെ ലംഘനങ്ങളെയും അതിലെ വഞ്ചനാപരമായ വ്യവസ്ഥകളെയും ചോദ്യംചെയ്തു പൗരന്മാർക്ക് സിവിൽ കോടതികളെ സമീപിക്കാനുള്ള അവകാശമുണ്ട്. എന്നാൽ, ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കോമേഴ്സ് ബിൽ പ്രകാരം കോർപറേറ്റുകളുമായി ഉണ്ടാക്കുന്ന കരാറുകൾ ചോദ്യം ചെയ്തു കർഷകർക്ക് രാജ്യത്ത് ഒരു സിവിൽ കോടതിയെയും സമീപിക്കാനാവില്ല. കർഷകകരാറുകൾക്ക് സിവിൽകോടതിയുടെ സംരക്ഷണം ഉണ്ടായിരിക്കുന്നതല്ലെന്ന് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു, ബില്ലിലെ 15ാം വകുപ്പ്.
കാർഷികകരാറുകളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ അന്തിമവിധി പുറപ്പെടുവിക്കുന്നത് സബ്ജില്ലയുടെ ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥരാണ്. വിധി എന്താണെങ്കിലും ഉദ്യോഗസ്ഥർ നടത്തുന്ന തീർപ്പ് അനുസരിക്കാൻ രണ്ടുകൂട്ടരും ബാധ്യസ്ഥരാണ്. ഉദ്യോഗസ്ഥർ നഗ്നമായ നിയമലംഘനങ്ങൾ നടത്തിയാൽപോലും അവർക്കെതിരെ പരാതി നൽകാനോ പ്രാഥമിക നിയമനടപടികൾ സ്വീകരിക്കാനോ സാധിക്കുകയില്ല.
കാരണം, ഉദ്യോഗസ്ഥർ 'സദുദ്ദേശ്യത്തോടെ' ചെയ്യുന്ന എല്ലാ തീരുമാന ങ്ങൾക്കും പരിപൂർണമായ നിയമസംരക്ഷണം ബിൽ ഉറപ്പുനൽകുന്നു (സെക്ഷൻ 13). അതായത്, സർക്കാർ ഉദ്യോഗസ്ഥരുടെ ഏതെങ്കിലും തീരുമാനങ്ങൾ വിവേചനപരമാണെന്നു മാത്രമല്ല, അത് ദുരുദ്ദേശ്യപരമായ ലക്ഷ്യങ്ങളോടെയുള്ളതാണെന്നും തെളിയിച്ചാൽ മാത്രമേ അവർക്കെതിരെ പ്രാഥമിക നിയമനടപടികൾ പോലും സ്വീകരിക്കാൻ സാധിക്കുകയുള്ളൂ.
കേന്ദ്രബില്ലുകൾ പ്രകാരം കർഷകർക്ക് രാജ്യത്തെ സിവിൽനിയമങ്ങളുടെ സംരക്ഷണമില്ല. കർഷകരുടെ പരാതികളിൽ വിധി പുറപ്പെടുവിക്കാനുള്ള ജുഡീഷ്യൽ അധികാരം സർക്കാർ ഉദ്യോഗസ്ഥർക്കാണ്. കർഷകർക്കെതിരെ വിവേചനപരമായ തീർപ്പുകൾ കൽപിച്ചാൽപോലും നഗ്നമായ നിയമലംഘനങ്ങൾ നടത്തിയാൽ പോലും അതിനുത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ പ്രാഥമിക നിയമനടപടികൾ പോലും സ്വീകരിക്കാൻ സാധിക്കുകയില്ല. പരാതി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട സമയപരിധിയിൽപോലും വിവേചനം ഒഴിവാക്കാൻ കേന്ദ്രസർക്കാറിനു സാധിച്ചിട്ടില്ല.
പ്രകടമായ വിവേചനത്തിെൻറയും നിയമരാഹിത്യത്തിെൻറയും ചട്ടക്കൂടുകൾ ഉപയോഗിച്ച് സൃഷ്ടിച്ച കോർപറേറ്റ് നിയന്ത്രിത മാർക്കറ്റുകളെയാണ് കർഷകരുടെ സ്വാതന്ത്ര്യത്തിെൻറയും തെരഞ്ഞെടുപ്പിെൻറയും സ്വപ്നഭൂമി എന്ന് കേന്ദ്രസർക്കാർ വിശേഷിപ്പിക്കുന്നത്. എന്നാൽ, കാർഷികമേഖലയെ മാത്രമല്ല, ഇന്ത്യൻ ജനാധിപത്യത്തിെൻറ അടിസ്ഥാനശിലകളിലൊന്നായ ഫെഡറൽസംവിധാനത്തെതന്നെ തകർക്കാൻ രൂപകൽപന ചെയ്യപ്പെട്ടവയാണ് ഈ മൂന്നു നിയമങ്ങളും. കേന്ദ്രസർക്കാർ പാസാക്കിയ മൂന്നു ബില്ലുകളും പ്രാഥമികമായി സംസ്ഥാന സർക്കാറിെൻറ നിയമനിർമാണപരിധിക്കുള്ളിൽ വരുന്ന കൃഷിയെപ്പറ്റിയുള്ളതാണ്. ഭരണഘടന പ്രകാരം സംസ്ഥാനങ്ങൾക്കും മാത്രം നിയമനിർമാണം നടത്താൻ അധികാരമുള്ള സംസ്ഥാന പട്ടികയിലെ പതിനാലാം ഇനമാണ് കൃഷി എന്ന വിഷയം.
സമവർത്തി പട്ടികയിലെ (concurrent list) 33-ബി യുടെ അടിസ്ഥാനത്തിൽ കൃഷിയുമായി ബന്ധപ്പെട്ട നിയമനിർമാണം നടത്താൻ തങ്ങൾക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രസർക്കാർ ഉന്നയിക്കുന്ന വാദം. എന്നാൽ, കൃഷിയുമായി ബന്ധപ്പെട്ട പൊതുവായ ഒരുവിധ അധികാരങ്ങളും 33ാം നമ്പർ വിഷയത്തിലൂടെ കേന്ദ്രസർക്കാറിന് ലഭിക്കുന്നില്ല. സമവർത്തി പട്ടികയിലെ 33 ബി എന്നത് ഭക്ഷണപദാർഥങ്ങളുടെ വ്യാപാരത്തെയും വിപണനത്തെയും പറ്റിയുള്ളതാണ്. കാർഷിക വിഭവങ്ങളും ഭക്ഷണപദാർഥങ്ങളും വ്യത്യസ്തമായ രണ്ടു വിഭാഗങ്ങളാണ്.
എല്ലാ ഭക്ഷണപദാർഥങ്ങളും കാർഷികവിഭവങ്ങളല്ല. അതുപോലെതന്നെ സംസ്കരിക്കാത്ത എല്ലാ കാർഷികവിഭവങ്ങളും ഭക്ഷണപദാർഥങ്ങളുമല്ല. അതുകൊണ്ടുതന്നെയാണ്, ഇവയെ രണ്ടു വ്യത്യസ്തവിഭാഗങ്ങളായി, ഭരണഘടനയിൽ തിരിച്ചിരിക്കുന്നത്. കാർഷികവിഭവങ്ങളെ പറ്റിയുള്ള നിയമനിർമാണാധികാരം സംസ്ഥാനങ്ങൾക്കും ഭക്ഷണപദാർഥങ്ങളെ പറ്റിയുള്ള നിയമനിർമാണാധികാരം കേന്ദ്രത്തിനുമാണ് നൽകിയിട്ടുള്ളത്. കോർപറേറ്റ് കൊള്ളകളെ സഹായിക്കാൻ ഭക്ഷണപദാർഥങ്ങളെന്നത് കാർഷികവിഭവങ്ങളാണെന്ന്, ദുർവ്യാഖ്യാനം ചെയ്തു അധികാരങ്ങളെ മുഴുവൻ ഏകീകരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.
വിപണി എന്ന സംസ്ഥാനപട്ടികയിലെ 28ാം ഇനത്തിലും നിയമനിർമാണത്തിനുള്ള പരമാധികാരം സംസ്ഥാനസർക്കാറുകൾക്കും നിയമസഭകൾക്കും മാത്രമാണ്. ട്രേഡ് ഏരിയ എന്ന പുതിയ വാക്ക് ഉപയോഗിച്ച് ഇൗ നിയമനിർമാണം കേന്ദ്രം ഏറ്റെടുക്കുകയാണ് (സെക്ഷൻ രണ്ട് എം.). അതിനായി എ.പി.എം.സി വിപണികളെന്താണെന്ന് പുനർനിർവചിക്കുകയും ട്രേഡ് ഏരിയ എന്ന പേരിൽ പുതിയൊരു സംജ്ഞ അവതരിപ്പിക്കുകയും ചെയ്തു.
എന്നാൽ, ഭരണഘടന പ്രകാരം മാർക്കറ്റുകളെ നിർവചിക്കാനും പുതിയ മാർക്കറ്റ് വിഭാഗങ്ങൾ രൂപപ്പെടുത്താനുമുള്ള പൂർണാധികാരം സംസ്ഥാന സർക്കാറുകൾക്കു മാത്രമാണ്. കാർഷികവിഭവങ്ങളെന്നത് ഭക്ഷണപദാർഥങ്ങളാണെന്നും കാർഷികവിപണികൾ ഭക്ഷണപദാർഥങ്ങളുടെ വ്യാപാരസ്ഥലമാണെന്നുമാണ് സർക്കാർനയങ്ങളെ കോർപറേറ്റ് അഴിമതിയുടെ പര്യായപദമാക്കി മാറ്റിയ കേന്ദ്രസർക്കാർ വാദിക്കുന്നത്. ഫെഡറൽ തത്ത്വങ്ങളെ നിഷേധിച്ചുള്ള നിരവധി നിബന്ധനകളാണ് കേന്ദ്രസർക്കാറിെൻറ ഈ മൂന്നു നിയമങ്ങളിലുമുള്ളത്.
അന്തർസംസ്ഥാന വിപണനങ്ങൾ, പൂർണമായും കേന്ദ്രസർക്കാറിെൻറ കീഴിലായിരിക്കുമ്പോൾ തന്നെ ഒരു സംസ്ഥാനത്തിനകത്തുള്ള വിപണനവുമായി ബന്ധപ്പെട്ട നിയമനിർമാണാവകാശം അതത് സംസ്ഥാനങ്ങൾക്കാണ്. എന്നാൽ, ഈ ബില്ലുകളോടു കൂടി, കാർഷികവിളകളുടെ സംസ്ഥാനങ്ങൾക്ക് അകത്തുള്ള വിപണനത്തെപ്പറ്റിയുള്ള നിയമനിർമാണാവകാശവും കേന്ദ്രസർക്കാർ ഏറ്റെടുത്തിരിക്കുകയാണ് (സെക്ഷൻ രണ്ട്-എഫ്). കേന്ദ്രസർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കുന്ന ഒരു ആജ്ഞാനുവര്ത്തി ഭരണസംവിധാനമായിട്ടാണ് സംസ്ഥാനങ്ങളെ പുതിയ നിയമത്തിൽ വിവക്ഷിച്ചിരിക്കുന്നത് (സെക്ഷൻ-12).
നഗ്നമായ ഈ ഭരണഘടനാലംഘനങ്ങളെ ഭരണഘടനാധികാരങ്ങൾ ഉപയോഗിച്ചുതന്നെയാണ് സംസ്ഥാനസർക്കാറുകളും നിയമനിർമാണസഭകളും നേരിടേണ്ടത്. സുപ്രീംകോടതിയിൽ കർഷകവിരുദ്ധ ബില്ലുകളെ ചോദ്യം ചെയ്യാനുള്ള കേരളസർക്കാറിെൻറ നീക്കങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ, കോടതിവ്യവഹാരങ്ങളെ മാത്രം ആശ്രയിക്കുന്ന പ്രതികരണങ്ങളായിരിക്കരുത് ഒരു ഭരണഘടനസ്ഥാപനത്തിേൻറത്.
നിയമനിർമാണം എന്ന സംസ്ഥാനാധികാരം ഉപയോഗിച്ചുകൊണ്ടായിരിക്കണം ഭരണഘടനാലംഘനങ്ങളോട് സംസ്ഥാനങ്ങൾ പ്രതികരിക്കേണ്ടത്. ഭരണഘടന പ്രകാരം കർഷകരുടെയും കാർഷികമേഖലയുടെയും നിയമപരമായ സംരക്ഷണവും ഉത്തരവാദിത്തവും സംസ്ഥാനഗവൺമെൻറുകൾക്കും നിയമനിർമാണസഭകൾക്കുമാണ്. അതുകൊണ്ടുതന്നെ കൃഷി, വിപണി തുടങ്ങിയ സംസ്ഥാനവിഷയങ്ങളുടെ അടിസ്ഥാനത്തിൽ കാർഷികവിപണിയെ താങ്ങിനിർത്തുന്ന കോർപറേറ്റുകളെ നിയമപരമായി നിയന്ത്രിക്കാൻ കഴിയുന്ന ഒരു പുതിയ നിയമനിർമാണത്തിനുള്ള ജനാധിപത്യപരമായ ഉത്തരവാദിത്തം എല്ലാ സംസ്ഥാന സർക്കാറുകൾക്കുമുണ്ട്.
കൃഷി എന്ന വിഷയത്തിൽ നിയമനിർമാണം നടത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കു ഭരണഘടനാപരമായി കൽപിച്ചുനൽകിയതാണ്. ഭരണഘടന ഭേദഗതിയിലൂടെ മാത്രമേ ആ അധികാരങ്ങളെ നീക്കം ചെയ്യാൻ സാധിക്കുകയുള്ളൂ. കേന്ദ്രസർക്കാർ പാസാക്കുന്ന ചില ബില്ലുകളിലൂടെ സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ നിയമനിർമാണാധികാരം റദ്ദുചെയ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ, കേന്ദ്രസർക്കാറിെൻറ കർഷകവിരുദ്ധ ബില്ലുകളുടെ ദൂരവ്യാപക വിപരീതഫലങ്ങൾ ഇല്ലായ്മ ചെയ്യുന്ന, കർഷകർക്ക് നിയമപരമായ സംരക്ഷണം ഉറപ്പുനൽകുന്ന, താങ്ങുവില പോലെയുള്ള കാർഷികമേഖലയിലെ സർക്കാർ ഇടപെടലുകളെ പുനഃസ്ഥാപിക്കുന്ന പുതിയ നിയമനിർമാണത്തിന് എല്ലാ ബി.ജെ.പി ഇതര സംസ്ഥാനസർക്കാറുകളും മുേമ്പാട്ടുവരേണ്ടതാണ്. ഭരണഘടനാധികാരങ്ങളുടെ ശരിയായ ഉപയോഗത്തിലൂടെ മാത്രമേ കേന്ദ്രസർക്കാറിെൻറ അധികാരദുർവിനിയോഗം വരുംകാലങ്ങളിൽ തടയിടാൻ സാധിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.