സംരക്ഷിക്കപ്പെടണം സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍
text_fieldsഇന്ത്യന്‍ ഭരണഘടനയുടെ 280-ാം ആര്‍ട്ടിക്കിള്‍ പ്രകാരം രൂപവത്കരിക്കപ്പെട്ട കേന്ദ്ര ധനകാര്യ കമീഷന്റെ പ്രധാന ചുമതല കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയുമാണ്. പതിനാറാം ധനകാര്യ കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്. ഡോ. അരവിന്ദ് പനഗരിയ ചെയര്‍മാനായുള്ള ധനകാര്യ കമീഷന് മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങളും അഭിപ്രായങ്ങളും...
ഇന്ത്യന്‍ ഭരണഘടനയുടെ 280-ാം ആര്‍ട്ടിക്കിള്‍ പ്രകാരം രൂപവത്കരിക്കപ്പെട്ട കേന്ദ്ര ധനകാര്യ കമീഷന്റെ പ്രധാന ചുമതല കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകള്‍ക്ക് മേല്‍നോട്ടം വഹിക്കുകയുമാണ്.
പതിനാറാം ധനകാര്യ കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്. ഡോ. അരവിന്ദ് പനഗരിയ ചെയര്‍മാനായുള്ള ധനകാര്യ കമീഷന് മുമ്പാകെ കേരളത്തിന്റെ ആവശ്യങ്ങളും അഭിപ്രായങ്ങളും അവതരിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് നമ്മള്. ഇതുമായി ബന്ധപ്പെട്ട് സമഗ്ര നിവേദനത്തിന്റെ കരട് തയാറാക്കുന്നതിന് സാമ്പത്തിക വിദഗ്ദ്ധരുടെ സമിതിയെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കേരളം മുൻകൈയെടുത്ത് ഇന്ന് തിരുവനന്തപുരത്ത് ഒരു ദേശീയ കോണ്‍ക്ലേവ് സംഘടിപ്പിക്കുകയാണ്.
വെട്ടിക്കുറക്കപ്പെടുന്ന സംസ്ഥാന വിഹിതം
പത്താം ധനകാര്യ കമീഷന്റെ കാലത്ത് ഡിവിസിബിള്‍ പൂളില്‍നിന്ന് കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന നികുതി വിഹിതം 3.875 ശതമാനമായിരുന്നു. അതായത് 100 രൂപ സംസ്ഥാനങ്ങള്‍ക്കിടയില്‍ വീതം വെക്കുമ്പോള്‍ നമുക്ക് 3.875 രൂപ ലഭിക്കുമായിരുന്നു. എന്നാല്‍, 15-ാം ധനകാര്യ കമീഷന്റെ കാലമായപ്പോഴേക്കും അത് 1.92 ശതമാനമായി വെട്ടിക്കുറക്കുകയുണ്ടായി. രാജ്യത്തിന്റെ ജനസംഖ്യയുടെ 2.76 ശതമാനം ആളുകള്‍ അധിവസിക്കുന്ന സംസ്ഥാനമാണ് കേരളം. ജനസംഖ്യാനുപാതികമായ നികുതിവിഹിതം പോലും നമുക്ക് നിഷേധിക്കപ്പെടുകയാണ്. ഉത്തര്‍പ്രദേശിന് 10-ാം ധനകാര്യ കമീഷന്റെ കാലത്ത് ലഭിച്ചിരുന്നത് 17.8 ശതമാനം നികുതി വിഹിതമായിരുന്നുവെങ്കില്‍ 15-ാം ധനകാര്യ കമീഷന്റെ കാലത്ത് അത് 17.9 ശതമാനമായി വർധിച്ചു.
ധനകാര്യ കമീഷന് സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം നിശ്ചയിക്കാന്‍ അടിസ്ഥാനമാക്കുന്ന ഘടകങ്ങള്‍ പലതും കേരളത്തിന്റെ താല്പര്യം സംരക്ഷിക്കാനുതകുന്നവയല്ല. നാം കൈവരിച്ച മാനവശേഷി വികസനവും നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നമ്മുടെ അയോഗ്യതയായി പരിഗണിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. 1976ലെ ദേശീയ ജനസംഖ്യ നയത്തിന്റെ ഭാഗമായുള്ള ലക്ഷ്യങ്ങള്‍ കൈവരിച്ചതിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിഹിതം വെട്ടിക്കുറക്കുന്നത് നീതീകരിക്കാനാവുന്നതല്ല.
കേരളത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 79 ശതമാനവും സംസ്ഥാനം തന്നെ കണ്ടെത്തുന്ന സ്ഥിതിയാണ് നിലവിൽ. കേന്ദ്രത്തില്‍ നിന്നുള്ള വിഹിതം 21 ശതമാനം മാത്രമാണ്. രാജ്യത്തിന്റെ പൊതുവായ കണക്കെടുക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തില്‍ ശരാശരി 65 ശതമാനം വരെ കേന്ദ്രത്തിന്റെ വിഹിതമാണ്. അവിടെയാണ് കേരളത്തിന് മാത്രം 21 ശതമാനം ലഭിക്കുന്നത്. 45 ശതമാനം വരെ കേന്ദ്ര വിഹിതം ലഭിച്ചിരുന്നതാണ് ഇപ്പോള്‍ 21 ശതമാനത്തിലേക്ക് വെട്ടിക്കുറക്കപ്പെട്ടിരിക്കുന്നത്. ചില സംസ്ഥാനങ്ങൾക്ക് എഴുപത് ശതമാനത്തിനു മുകളിൽ കേന്ദ്ര വിഹിതമായി ലഭിക്കുന്നുമുണ്ട്.
അന്തര്‍ സംസ്ഥാന ചരക്കു സേവന നികുതി (ഐ.ജി.എസ്.ടി)യുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിനര്‍ഹമായ വരുമാനം ലഭിക്കുന്നില്ല. ജി.എസ്.ടി കൗണ്‍സിലില്‍ തന്നെ കേരളം ഈ വിഷയം പലതവണ ഉന്നയിച്ചിട്ടുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുന്ന ഉല്പന്നങ്ങളുടെ അളവ് ഭീമമാണ്. എന്നാല്‍, ഇതിനാനുപാതികമായ നികുതി വരുമാനം കേരളത്തിന് ലഭിക്കാത്തത് സാങ്കേതിക കാരണങ്ങളാലാണ്. ജി.എസ്.ടി സംവിധാനത്തിന്റെ ഈ അപാകത കേരളത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കുന്നുണ്ട്.
ഇത് കൂടാതെ, കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്രവിഹിതം കുറച്ചുകൊണ്ടുവരുകയും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് സാമ്പത്തിക ബാധ്യത കയറ്റിവെക്കുകയും ചെയ്യുന്ന തീരുമാനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുകയാണ്. ഇതോടെ, ഇത്തരം പദ്ധതികള്‍ നടത്തിക്കൊണ്ടുപോകുക എന്നത് സംസ്ഥാനങ്ങളുടെ മാത്രം ചുമതലയായി മാറുന്നു. ഒരുവശത്ത് വരുമാനത്തില്‍ വന്‍ വെട്ടിക്കുറവ് ഉണ്ടാകുകയും മറുവശത്ത് സാമ്പത്തിക ഉത്തരവാദിത്തം വർധിക്കുകയും ചെയ്യുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ് കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ നേരിടുന്നത്.
തനത് വരുമാനത്തില്‍ റെക്കോഡ് വളര്‍ച്ച; കേന്ദ്ര വിഹിതത്തില്‍ വെട്ടിക്കുറവ്
സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 30,000 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്. 2020-21ലെ 47,000 കോടി രൂപയില്‍ നിന്ന് 2023-24 ല്‍ 77,000 കോടി രൂപയായി ഉയര്‍ന്നു. എന്നാല്‍, ഈ വരുമാന വളര്‍ച്ചയുടെ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കേന്ദ്ര വിഹിതം ഓരോ വര്‍ഷവും കുറയുന്ന സാഹചര്യം സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കത്തിന് കാരണമാകുകയാണ്. ഈ പ്രശ്നം പരിഹരിക്കാനുള്ള പ്രധാനപ്പെട്ട ചുമതല ധനകാര്യ കമീഷനാണ്. ഈ സാഹചര്യം സൂക്ഷ്മമായി മനസ്സിലാക്കി നയരൂപവത്കരണം നടത്താന്‍ ധനകമീഷന് തയാറാകണം. കടപരിധിയില്‍ തീരുമാനം കൈക്കൊള്ളുന്നതും ധനകാര്യ കമീഷന് ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍, മുന്‍ ധനകാര്യ കമീഷന്റെ ശിപാര്‍ശകള്‍ അനുസരിച്ച് കേരളത്തിന് ലഭ്യമാകേണ്ട അര്‍ഹമായ കടപരിധിയും വെട്ടിക്കുറക്കുക എന്ന ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമായ സ്ഥിതിവിശേഷമാണ് സംസ്ഥാനം നേരിടുന്നത്. ഇത്തരത്തില്‍, തങ്ങള്‍ തന്നെ അംഗീകരിച്ച ധന കമീഷന് ശിപാര്‍ശകളില്‍ നിന്ന് പോലും വ്യതിചലിക്കുന്ന കേന്ദ്രനിലപാടുകള്‍ കാരണം ഏറ്റവും കൂടുതല്‍ പ്രയാസം നേരിടുന്നത് കേരളമാണ്. ഊര്‍ജമേഖലയില്‍ പരിഷ്കാരങ്ങള്‍ക്ക് ലഭ്യമാക്കുന്ന 0.5 ശതമാനം ഉള്‍പ്പെടെ 3.5 ശതമാനം കടമെടുക്കാന്‍ കേരളത്തിന് അവകാശമുണ്ട്. എന്നാല്‍, 2022-23ല്‍ 2.44 ശതമാനവും 2023-24ല്‍ 2.9 ശതമാനവും മാത്രമാണ് കടമെടുക്കാന്‍ അനുവദിച്ചത്. ഇതുമൂലം ഏതാണ്ട് 16,000 കോടിയിലേറെ രൂപയുടെ വരുമാന നഷ്ടമാണ് കേരളത്തിനുള്ളത്. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിലും വലിയ പ്രത്യാഘാതമാണ് ഇതുമൂലമുണ്ടാകുന്നത്. ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം സ്വരൂപിക്കാന്‍ കൂടിയാണ് ദേശീയ കോണ്‍ക്ലേവ് കേരളം മുന്‍കൈയെടുത്ത് സംഘടിപ്പിക്കുന്നത്.
നിലവിലെ സാമ്പത്തിക വിതരണ സമ്പ്രദായം സമഗ്രമായ പൊളിച്ചെഴുത്തിന് വിധേയമാകേണ്ടതുണ്ട്. ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടും ഭരണഘടന തത്ത്വങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ധന കമീഷനുണ്ട്. ആ ചുമതല ധന കമീഷന് നിര്‍വഹിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. ജി.എസ്.ടി നടപ്പാവുകയും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വീതം വെക്കേണ്ടതില്ലാത്ത സെസുകളും സര്‍ചാര്‍ജുകളും വ്യാപകമാക്കുകയും ചെയ്യുന്ന സാഹചര്യവും ഡിവിസിബിള്‍ പൂളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് വീതം നല്കുന്ന അനുപാതത്തിലെ നീതിരാഹിത്യവും പരിഹരിക്കണമെന്ന് കേരളം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.