Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസർദാർജീ, അങ്ങയുടെ...

സർദാർജീ, അങ്ങയുടെ പ്രതിമ തിളങ്ങാൻ ഇരുട്ടിലേക്ക്​ എറിയപ്പെട്ടവരെ അറിയുമോ..?

text_fields
bookmark_border
സർദാർജീ, അങ്ങയുടെ പ്രതിമ തിളങ്ങാൻ ഇരുട്ടിലേക്ക്​ എറിയപ്പെട്ടവരെ അറിയുമോ..?
cancel

ദരണീയനായ സർദാർ പട്ടേല്‍ ജീ,
ഇൗ നാടി​​​​െൻറ സ്വാതന്ത്ര്യത്തിനായി പോരാടിയ അങ്ങയുടെ ആത്​മാവ്​ താങ്കൾ ഏറ്റവുമധികം സ്​നേഹിച്ചിരുന്ന ഇൗ മാതൃഭൂമിയിൽ കുടികൊള്ളുന്നുണ്ടെന്ന്​ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. രാജാക്കന്മാരുടെ കൈയിൽനിന്ന്​ ഇന്ത്യയെ മോചിപ്പിച്ചത്​ അങ്ങയുടെ പ്രവർത്തനങ്ങളായിരുന്നു. ബ്രിട്ടീഷുകാരുടെ കഴുത്തറപ്പൻ നികുതി വ്യവസ്​ഥകളിൽനിന്ന്​ കർഷകരെ രക്ഷിച്ചത്​ താങ്കൾ കൊണ്ടുവന്ന നിയമം മൂലമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരമന്ത്രി എന്ന നിലയിൽ അക്രമങ്ങൾക്കെതിരെ താങ്കൾ കൈക്കൊണ്ട മതേതരവും ശക്​തവുമായ നിലപാടുകൾ മഹാത്​മാ ഗാന്ധിയുടെ പോലും പ്രശംസ പിടിച്ചുപറ്റിയതാണ്​.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ‘സർദാർ’ എന്ന വിശേഷണവുമായി ഒരു മഹാമേരു കണക്കെ അങ്ങ്​ നിലകൊള്ളുന്നു. പക്ഷേ, താങ്കൾക്കറിയാമോ അങ്ങയ​ുടെ പാരമ്പര്യത്തെ വലിച്ചെറിഞ്ഞുകൊണ്ട്​ 182 മീറ്റർ ഉയരമുള്ള, ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാക്കി അങ്ങയെ മാറ്റിയിരിക്കുന്നു. ആരാണ്​ താങ്കളുടെ ഇൗ പുതിയ അവതാര നിർമിതിക്കു പിന്നിലെന്ന്​ അങ്ങയ്​ക്ക്​ ഉൗഹിക്കാമോ...?
ആദിവാസി സമൂഹത്തി​​​​െൻറ ദേവന്മാർ കുടികൊള്ളുന്ന സാധു ബേട്ടിൽ രാപ്പകൽ പണിയെടുത്ത്​ അങ്ങയുടെ ​പ്രതിമ പൂർത്തിയാക്കിയത്​ ചൈനക്കാരാണ്​. അവർക്കൊപ്പം ഏതാനും നാടൻ തൊഴിലാളികളും ഉണ്ടായിരുന്നു എന്നു മാത്രം.

പട്ടേൽ പ്രതിമ നിർമാണ വേളയിൽ സൈനികർ കാവൽ നിൽക്കുന്നു

ആരുടെ ഭൂമിയിലാണ്​ അങ്ങയുടെ പ്രതിമ ഉയർത്തിയിരിക്കുന്നതെന്ന്​ ഇപ്പോൾ താങ്കൾ ചോദിക്കുന്നുണ്ടാവും. ആരുടെ പദ്ധതിയാണ്​ ഇതിനു പിന്നിൽ എന്നും അങ്ങേക്കിപ്പോൾ സന്ദേഹം തോന്നുന്നുണ്ടാവും. അങ്ങയുടെ പ്രതിമ നിലകൊള്ളുന്ന, പുഴ​കളും മലകളും കാടുകളും നിറഞ്ഞ ആ ഭൂപ്രദേശം വാസ്​തവത്തിൽ ആദിവാസികളുടെതാണ്​. താങ്കളും മഹാത്​മാ ഗാന്ധിയും നെഹ്​റുവും അടങ്ങുന്ന നേതാക്കന്മാർ സുരക്ഷ ഉറപ്പു നൽകിയ, പഞ്ചശീല തത്വങ്ങളിലൂടെ സുരക്ഷ ഉറപ്പാക്കിയ അതേ ഗ്രാമീണ ജനതയുടെ മണ്ണ്​. ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയായ ബാബ സാഹേബ്​ അംബേദ്​കർ അഞ്ചാം ഷെഡ്യുളിൽ പെടുത്തി സംരക്ഷിച്ച അതേ ആദിവാസികളുടെ മണ്ണ്​.

സാധു ​േബട്ടിലെ കുന്നിൻമുകളിൽ തലയുയർത്തി നിൽക്കുമ്പോൾ താങ്കൾക്കു കാണാം നർമദ നദിയുടെ തീരങ്ങൾ. അവിടെ വസിച്ചിരുന്ന ആ ആദിവാസികളുടെ ​െപാളിച്ചുമാറ്റപ്പെട്ട കുടിലുകൾ.

ആദിവാസികളെ ഒഴിപ്പിച്ച്​ പട്ടേൽ പ്രതിമ സ്​ഥാപിക്കാനായി തറക്കല്ലിടുന്ന വേളയിൽ സൈനികർ കാവൽ നിൽക്കുന്നു - ഫയൽ (കടപ്പാട്​: ഇന്ത്യൻ എക്​സ്​പ്രസ്​)

അങ്ങ്​ ഒാർക്കുന്നു​ണ്ടോ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച്​ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത്​ താങ്കളുടെ നേതൃത്വത്തിൽ ജനാധിപത്യത്തിൽ അധിഷ്​ഠിതമായി ​െഎക്യഭാരതം കെട്ടിപ്പടുത്ത ആ നാളുകൾ..? താങ്കളുടെ പുതിയ അവതാരത്തിനും അവരിട്ടിരിക്കുന്ന പേര്​ ‘​െഎക്യം’ (Unity) എന്നാണ്​. വിരോധാഭാസമെന്നു പറയ​െട്ട ആദിവാസികളുടെ ഭൂമി തട്ടിപ്പറിച്ചെടുക്കുക മാത്രമല്ല, അവരുടെ അവകാശങ്ങൾ പോലും കവർന്നെടുത്തുകൊണ്ടാണ്​ അങ്ങയുടെ പ്രതിമ പണിതുയർത്തിയിരിക്കുന്നത്​. ഇ​ത്രയും അസംഘടിതരായ, അതേസമയം സ്വയം പര്യാപ്​തരുമായ ഒരു സമൂഹത്തിനുമേൽ ശക്​തി പ്രയോഗിച്ച്​ ആട്ടിയോടിക്കുന്നതിനെക്കുറിച്ച്​ അങ്ങ്​ എപ്പോഴെങ്കിലും ഒാർത്തിട്ടുണ്ടോ...? ജ​ുനഗഡിനെ ഇന്ത്യയോട്​ ചേർത്തപ്പോൾ താങ്കൾ അങ്ങനെയായിരുന്നോ പ്രവർത്തിച്ചത്​?

പ്രിയപ്പെട്ട സർദാർ, രാജ്യത്തെ ഉൗട്ടുന്നവർ എന്ന പേരിൽ താങ്കൾ അംഗീകരിച്ച കർഷകരാണ്​ ഇൗ ആദിവാസികൾ. അവരുടെ ജീവിതം ഇന്ന്​ ദുസ്സഹമായതിനെക്കുറിച്ച്,​ ഗതികെട്ട്​ ആത്​മഹത്യയിൽ അഭയം തേടേണ്ടിവരുന്നതി​​​​െൻറ കാരണത്തെക്കുറിച്ച്​ അങ്ങേയ്​ക്കറിയുമോ...?
ഗാന്ധിജിയുടെ നിർദേശ​പ്രകാരം താങ്കൾ ഒരുകാലത്ത്​ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത്​ ഇൗ ജനതയ്​ക്കുവേണ്ടിയായിരുന്നു. അതേ ആയുധങ്ങൾ ഉപയോഗിച്ചാണ്​ ഇൗ പാവങ്ങളുടെ ഭൂമിയും പുഴയും കാടും മലയും മത്സ്യസമ്പത്തുമെല്ലാം നവകൊ​േളാണിയൽ ആശയങ്ങൾ ​േപറുന്ന ഇപ്പോഴത്തെ ഭരണകൂടം തട്ടിപ്പറിക്കുന്നത്​. സമ്പന്നരും ശക്​തരുമായവരുടെ സ്വത്തിനു മേൽ അവരുടെ കൈ നീളില്ല. പകരം ദുർബലരായ ആദിവാസികളുടെ ഭൂമിയാണ്​ നിർലജ്ജം അവർ തട്ടിപ്പറിക്കുന്നത്​. താങ്കൾ സ്വപ്​നം കണ്ട ഇന്ത്യയല്ല സർദാർജീ ഇത്​. പാവങ്ങളുടെ സ്വത്ത്​ പലവിധത്തിലൂടെ അപഹരിച്ചുകൊണ്ടിരിക്കുന്നവർ എങ്ങനെയാണ്​ താങ്കളൂടെ പൈതൃകത്തിന്​ അവകാശികളാവുക..?

സർദാർ പട്ടേൽ പ്രതിമയുടെ ദൂരെ നിന്നുള്ള ദൃശ്യം

ആ കുന്നിൻ മുകളിൽ നിന്ന്​ താങ്കൾ ഇടതുവശത്തേക്ക്​ ഒന്നു നോക്കുക. നർമദ നദിക്ക്​ സമാന്തരമായി 120 കിലോ മീറ്റർ നീളമുള്ള ആറു വരിപ്പാത കാണാം. 100ലേറെ വർഷം പഴക്കമുള്ള ലക്ഷക്കണക്കിന്​ മരങ്ങൾ നിഷ്​കരുണം വെട്ടിമാറ്റിയാണ്​ ആ പാത നിർമിച്ചിരിക്കുന്നത്​.

ഒരുകാലത്ത്​ ന്യുനപക്ഷങ്ങളുടെയും ആദിവാസികളുടെയും ക്ഷേമത്തിനായി നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനായിരുന്ന അങ്ങയുടെ പ്രതിമ വെട്ടിത്തിളങ്ങി നിൽക്കുന്നതിനായി ഇരുട്ടിലേക്ക്​ വലിച്ചെറിയപ്പെട്ട ആദിവാസികളുടെ അവകാശങ്ങളെക്കുറിച്ച്​ താങ്കൾ അറിയുന്നുണ്ടോ...? അവർ അധിവസിച്ചിരുന്ന ആറ്​ ഗ്രാമങ്ങളിലെ ഭൂമി നിയമപരമായല്ല ഏറ്റെടുത്തത്​. ബ്രിട്ടീഷുകാർ പോലും ചെയ്യാത്തവിധം ഏക്കറിന്​ വെറും 80 രൂപ മുതൽ 200 രൂപവരെ കൊടുത്താണ്​ അവരെ കുടിയിറക്കിയത്​. എന്നിട്ടോ, ആ ഭൂമിയിൽ ആഢംബര ഹോട്ടലുകളും കൺവെൻഷൻ സ​​​െൻററുകളും കെട്ടിപ്പൊക്കിയിരിക്കുന്നു. ‘ശ്രേഷ്​ഠതാ ഭാരത്​’ എന്നോ ‘സ്വാമിനാരായൺ കേംപ്ലക്​സ്​’ എന്നോ പേരു നൽകുകയോ മ്യൂസിയങ്ങൾ നിർമിക്കുകയോ ആണ്​ ചെയ്​തിരിക്കുന്നത്​.

അഹിംസയ​ുടെ മാർഗത്തിലൂടെ ഭൂമി പിടിച്ചെടുത്ത്​ കർഷകർക്ക്​ നൽകിയ അങ്ങയുടെ പേരിലാണ്​ ഹിംസയുടെ വഴിയിലൂടെ ഇൗ ഭൂമി അപഹരണമത്രയും നടന്നത്​ എന്നത്​ ചരിത്രത്തിലെ എക്കാലത്തെയും വലിയ വൈരുദ്ധ്യമായിരിക്കും. കർഷകരെയും ഗ്രാമീണരെയും സംഘടിപ്പിച്ച്​ സാമ്രാജ്യത്വത്തിനെതിരെ പോരാടിയ അങ്ങ്​ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഇൗ നെറികേടിനെതിരെ പോരാടുമായിരുന്നു.

അങ്ങയുടെ പേരിൽ കെട്ടിപ്പൊക്കുന്ന അണക്കെട്ടിനായി (സർദാർ സരോവർ) ഭരണകൂടത്താൽ നിഷ്​കരുണം കുടിയൊഴിപ്പിക്കപ്പെട്ടവരാണ്​ ഇൗ ആദിവാസികൾ. ഒരു രൂപപോലും നഷ്​ടപരിഹാരം കൊടുക്കാതെയാണ്​ അവരുടെ ഭൂമി അപഹരിച്ചത്​. അങ്ങയുടെ പാത പിന്ത​ുടർന്ന്​ സമരത്തിനിറങ്ങിയ അവർ ഒടുവിൽ എത്തിയത്​ ജയില​ുകളിലാണ്​. ഒാർമയ​ുണ്ടോ, 1943ൽ അങ്ങ്​ ജയിലിനെ വിശേഷിപ്പിച്ചത്​ ‘സമാധാനത്തി​​​​െൻറ ഇടം’ എന്നായിരുന്നു. 2013ൽ അവരെ കുടിയിറക്കുമ്പോൾ പകരം ഭൂമി നൽകുമെന്നാണ്​ പറഞ്ഞിരുന്നത്​. പക്ഷേ, അവർ വഞ്ചിക്കപ്പെടുകയായിരുന്നു. അപഹരിക്കപ്പെട്ട അവരുടെ ഭൂമിയിൽ ടൂറിസം തഴച്ചുവളർന്നു. ആ കുന്നിൻ മുകളിൽനിന്ന്​ അവരുടെ ജീവിതത്തിലേക്ക്​ ഒന്നു കണ്ണയക്കണം. കൂടുതൽ നഷ്​ടങ്ങളിൽനിന്ന്​ അവരെ രക്ഷിക്കാൻ അങ്ങയ്​ക്ക്​ കഴിഞ്ഞേക്കും...

സർദാർ പട്ടേൽ പ്രതിമക്കായി കുടിയിറക്കപ്പെട്ട ആദിവാസികൾ പ്രതിഷേധിച്ചപ്പോൾ - ഫയൽ ചിത്രം

1500 ഒാളം ചൈനക്കാരായ തൊഴിലാളികളെ കൊണ്ടുവന്നാണ്​ അങ്ങയുടെ പ്രതിമ നിർമിച്ചുയർത്തിയത്​ എന്ന്​ പറയേണ്ടിവരുന്നതിൽ ലജ്ജ തോന്നുന്നു. രാപ്പകൽ അധ്വാനിച്ച കർഷകരുടെ ഭൂമിയിൽ ഇപ്പോൾ ഉയര​ുന്നത്​ ഷോപ്പിങ്​ മാളുകളും പഞ്ചനക്ഷത്ര/സപ്​ത നക്ഷത്ര ഹോട്ടലുകളും ഫുഡ്​ കോർട്ടുകളും ഒക്കെയാണ്​. 35,000 കുടുംബങ്ങളാണ്​ അണക്കെട്ടി​​​​െൻറ പേരിൽ നർമദയിൽ നിന്ന്​ കുടിയൊഴിപ്പിക്കപ്പെട്ടത്​. അവർ ആരും ഒരിക്കൽ പോലും നർമദ തടമോ അതിലെ ഒരു തുള്ളി വെള്ളമോ കച്ചവടം ചെയ്​തവരല്ല. താങ്കളുടെ സമരത്തി​​​​െൻറ പിന്മുറക്കാരായ ഗുജറാത്തിലെ കർഷകരുടെ അവസ്​ഥ അത്യന്തം പരിതാപകരമാണ്​. അതേസമയം, കോർപറേറ്റുകൾ തടിച്ചുകൊഴുത്തുകൊണ്ടിരിക്കുന്നു.

താങ്കളുടെ ആശയങ്ങൾ ഒന്നൊന്നായി തകർക്കപ്പെട്ടുകൊണ്ടിരിക്കു​ന്നു. അഴിമതിക്കും വർഗീയതയ്​ക്കുമെതിരെ താങ്കളുടെ തലമുറ ഉണർന്നിരുന്നു. ആർ.എസ്​.എസി​​​​െൻറ വർഗീയ അജണ്ടകൾ തിരുത്തണമെന്നും ഇന്ത്യയുടെ ഭാഗമാകണമെന്നും ആവശ്യപ്പെട്ട്​ താങ്കൾ നടത്തിയ പ്രഭാഷണങ്ങളും ഗോൾവാൾക്കർക്ക്​ എഴുതിയ കത്തും ഇൗ രാജ്യത്തെ ജനങ്ങൾ വീണ്ടും വീണ്ടും വായിക്കേണ്ട സമയമാണിത്​. താങ്കളുടെ ഇൗ പുതിയ അവതാരത്തിനു പിന്നിൽ ഒളിച്ചിരിക്കുന്നവരും താങ്കളെ കച്ചവടം ചെയ്യാൻ ശ്രമിക്കുന്നവരും താങ്കളുടെ ചിന്തകളെ മനസ്സിലാക്കിയവരല്ല. അക്രമങ്ങ​െള താങ്കൾ എങ്ങനെ അതിജയിച്ചുവെന്നോ ഏകാധിപത്യത്തിൽ നിന്ന്​ ജനാധിപത്യത്തിലേക്ക്​ താങ്കൾ എങ്ങനെ നയിച്ചുവെന്നോ കുത്തകാധിപത്യങ്ങളിൽനിന്ന്​ തുല്ല്യതയിലേക്കും സാഹോദര്യത്തിലേക്ക്​ താങ്കൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോയി എന്ന്​ അവർക്കറിയില്ല. ആൾക്കൂട്ടം തല്ലിക്കൊന്ന ഒരൊറ്റ മനുഷ്യ​​​​െൻറയും വീട്​ അവർ ഇതുവരെ സന്ദർശിച്ചിട്ടില്ല. കൃഷിയുടെയും കർഷക​​​​െൻറയും മൂല്യത്തെ വിലമതിക്കുന്നില്ല അവർ. ആദിവാസിയുടെ അന്തസ്സിനെ അവർ ഒരിക്കലും പരിഗണിക്കുന്നില്ല. എന്നിട്ടും അവർ നിർലജ്ജം താങ്കളിൽ അവകാശവാദം ഉന്നയിക്കുകയാണ്​.

സർദാർ സരോവർ അണക്കെട്ട്​

ഒരുകാലത്ത്​ ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യ സമരം നടത്തിയ ആദിവാസികളും കർഷകരും ഇന്ന്​ മറ്റൊരു സ്വാതന്ത്ര്യ സമരത്തിലാണ്​. സി.എ.ജി റിപ്പോർട്ടും സി.എസ്​.ആർ നിമയവും തള്ളിക്കളഞ്ഞ്​ 200 ഏക്കർ ഭൂമി അപഹരിച്ച്​ 3500​ കോടി മുടക്കി നടത്തുന്ന ഇൗ കളിയിൽ അവർ ഭാഗമല്ല. അവർ പുഴയും കാടും കാക്കാനുള്ള പോരാട്ടത്തിലാണ്​.

നർമദയുടെ തീരത്ത്​ അതികായനായി താങ്കളുടെ പുതിയ അവതാര രൂപം നിൽക്കും. അവിടെ നിന്ന്​ താങ്കൾ ഇൗ അന്യായങ്ങൾ കാണണം. ​െഎക്യത്തിനും സുസ്​ഥിരതയ്​ക്കും തുല്ല്യതയ്​ക്കും എതിരെ നടക്കുന്ന എല്ലാ അനീതിക്കും അക്രമത്തിനും നേരേ അങ്ങയുടെ ഉരുക്കു കരങ്ങൾ ഉയരണം. താങ്ക​ളെയോ താങ്കളുടെ ആശയങ്ങളെയോ അറിയാതെ അവിടെ വന്നുചേരുന്ന ടൂറിസ്​റ്റുകൾക്കിടയിൽ ഇൗ ആദിവാസികളുടെയും പുഴയുടെയും സങ്കടം കേൾക്കാൻ താങ്കൾ മാത്രമേ അവിടെയുള്ളുവെന്ന്​ ഞങ്ങൾക്കറിയാം. ഇൗ സമരത്തിൽ താങ്കൾ അവർക്ക്​ പ്രചോദനമാകൂ... നർമദ താങ്കളോട്​ യാചിക്കുകയാണ്​ സർദാർജീ...

സ്​നേഹാദരങ്ങളോടെ
മേധാ പട്​കർ

(www.thewire.inൽ പ്രസിദ്ധീകരിച്ചത്​)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medha patkarStatue of UnitySardar Vallabhbhai PatelIndia News
News Summary - statue of unity an open letter of Medha Patkar to Sardar Patel
Next Story