പനിയെ പടിക്കുപുറത്തു നിർത്താം
text_fieldsമഴയുെട വരവിനൊപ്പം പ്രതീക്ഷിച്ചതുപോലെ കേരളത്തിൽ പനി പടരുകയും ആയിരക്കണക്കിനാളുകളെ ആശുപത്രികളിൽപ്രവേശിപ്പിക്കുകയും അനേകംപേർ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്. ആശങ്കപൂണ്ട പനിബാധിതർ ഒന്നടങ്കം ആശുപത്രികളിൽ തള്ളിക്കയറുന്നു. രോഗനിയന്ത്രണത്തിനായി ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താതിരുന്നതിെൻറ പരിണത ഫലമാണ് ഇപ്പോഴുള്ള ഇൗ ‘പനി വിളയാട്ട’വും കൊയ്തെടുക്കുന്ന ഡെങ്കി ഭീതിയും.
ഇപ്പോൾ പടരുന്ന പനികളിൽ നല്ലൊരു ശതമാനം ജലദോഷ വൈറസുകൾ ഉണ്ടാക്കുന്ന ‘ഫ്ലൂ’ പനികളാണ്. ഇവ 3-5 ദിവസങ്ങൾക്കുള്ളിൽ വീട്ടിൽത്തന്നെ വിശ്രമിച്ച് ചികിത്സിച്ചാൽ ഭേദമാകും. കേരളം ഹൈപർ എൻഡമിക് പ്രദേശമായതിനാൽ ഇവയിൽ 10 ശതമാനത്തിൽ താഴെ ഡെങ്കുവായിരിക്കാൻ സാധ്യതയുണ്ട്. ഡെങ്കിപ്പനിയിൽ തന്നെ 90 ശതമാനത്തിലധികവും ഫ്ലു പനി പോലെ വിശ്രമംകൊണ്ട് 3-5 ദിവസത്തിനുള്ളിൽ ഭേദമാകുന്നതായതിനാൽ ‘ഒൗട്ട് പേഷ്യൻറ്’ ചികിത്സ മാത്രമേ ആവശ്യമുള്ളൂ. ഇവരിൽ ചെറിയൊരു ശതമാനം പേർക്ക് സങ്കീർണതകളുണ്ടായി ശരിയായ ചികിത്സ ലഭ്യമായില്ലെങ്കിൽ മരണത്തിലേക്ക് നയിച്ചേക്കാം. ഡെങ്കിപ്പനിയുണ്ടായി 3-4 ദിവസംകഴിഞ്ഞ് മാത്രമാണ് സങ്കീർണതകളുണ്ടാക്കുന്ന ഇൗ ഘട്ടത്തിലേക്ക് രോഗി പ്രവേശിക്കുകയുള്ളൂ. ഇൗ സമയത്ത് തലകറക്കം, ബോധക്ഷയം, മൂത്രത്തിെൻറ അളവ് കുറയൽ, ശ്വാസംമുട്ടൽ, ശരീരത്തിൽ രക്തസ്രാവത്തിെൻറ ലക്ഷണങ്ങൾ ഇവയുണ്ടാകാം. പനിയുടെ ആദ്യ ദിവസങ്ങളിൽ രക്ത പരിശോധന (പ്ലെയ്റ്റ്ലെറ്റ് എണ്ണം) കൊണ്ട് ഇത് മനസ്സിലാക്കാൻ പറ്റുകയില്ല.
രക്തക്കുഴലുകളിൽനിന്നും പ്ലാസം ലീക്ക് ചെയ്യുന്നതുകൊണ്ട് രക്തസമ്മർദം കുറയുന്നതിനാലും നെഞ്ചിലും വയറിലും നീർക്കെട്ട് ഉണ്ടാകുന്നതിനാലും പ്ലെയ്റ്റ്ലെറ്റിെൻറ എണ്ണം കുറഞ്ഞ് ആന്തരിക രക്തസ്രാവം ഉണ്ടാകുന്നതിനാലുമാണിത്. പനിക്ക് ഒ.പി ചികിത്സയെടുക്കുന്നവർ ഒൗഷധങ്ങൾക്കൊപ്പം നന്നായി ദ്രവാഹാരങ്ങൾ കഴിക്കണം. ഇതിനായി ഒ.ആർ.എസ് ലായനി, പഴച്ചാറുകൾ എന്നിവ നൽകുന്നത് നല്ലതാണ്. മേൽപറഞ്ഞ സങ്കീർണതകൾ വല്ലതുണ്ടെങ്കിൽ ആശുപത്രിയിൽ എത്തിക്കേണ്ടതുമാണ്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശപ്രകാരം പ്ലെയ്റ്റ്ലെറ്റിെൻറ എണ്ണം 10,000ത്തിന് താഴെയെത്തി രക്തസ്രാവത്തിെൻറ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ രോഗി ‘പ്ലെയ്റ്റ്ലെറ്റ്’ സ്വീകരിക്കേണ്ടതുള്ളൂ. രോഗത്തിെൻറ ഒരു ഘട്ടത്തിൽ കുറയുന്ന പ്ലെയ്റ്റ്ലെറ്റുകൾ സാധാരണയായി 48 മണിക്കൂറിനുള്ളിൽ പുനഃസ്ഥാപിക്കപ്പെടുന്നു.
രോഗം പടരാതിരിക്കാൻ ചെയ്യേണ്ടത്
1, 2, 3, 4 എന്നിങ്ങനെ ഡെങ്കു വൈറസ് നാലു തരത്തിലുണ്ട്. ഒരിക്കൽ രോഗബാധയുണ്ടായ ഒരാൾക്ക് വീണ്ടും മറ്റൊരു തരത്തിൽപെട്ട രോഗാണു ബാധയുണ്ടാകുേമ്പാൾ ‘സങ്കീർണത’ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് കേരളത്തിൽ നാലു തരത്തിൽപ്പെട്ട വൈറസുകളും എല്ലാ ജില്ലകളിലും സംക്രമണത്തിലുണ്ട്.
ഡെങ്കിപ്പനി ബാധിതരായ ഒരാളിെൻറ രക്തത്തിൽ ആദ്യത്തെ അഞ്ചു ദിവസത്തോളം ഇതിെൻറ വൈറസുകൾ ഉണ്ടായിരിക്കും. ഇൗ സമയത്ത് കൊതുക് രക്തം പാനം ചെയ്യുേമ്പാൾ രോഗാണു കൊതുകിലേക്കും തുടർന്ന് മറ്റൊരാളിലേക്കും പടരുന്നു. അതിനാൽ, പനിബാധിതർ വീടിനു പുറത്തേക്ക് യാത്ര ചെയ്യുേമ്പാൾ രോഗവും മറ്റുമുള്ളവരിലേക്ക് കൊതുകു വഴി പടരുന്നു. അതിനാൽ, പനിബാധിതരെ വീട്ടിൽ വിശ്രമിക്കുേമ്പാൾ കൊതുക് വലക്കുള്ളിൽ കിടത്തണം (ഇൗഡിസ് കൊതുകുകൾ പകലാണ് രക്തം കുടിക്കുന്നത്). രോഗികളെ പ്രവേശിപ്പിക്കുന്ന ‘പനി വാർഡുകൾ’ കൊതുകുകൾ കടക്കാത്തവിധം ജനലും വെൻറിലേറ്ററുകളും വലകളും സ്ഥാപിക്കണം. ആശുപത്രികളുെട ചുറ്റുപ്രദേശങ്ങളിൽ കൊതുകിന് പെരുകാനുള്ള ഉറവിടങ്ങൾ ഉണ്ടാകാനും പാടില്ല. ദൂരേക്കുള്ള യാത്രകളോടൊപ്പം പനിയും പടരുന്നതിനാൽ പനിബാധിതർ വീടിനടുത്തുള്ള ക്ലിനിക്കുകളിൽ കഴിയുകയോ പനി സാധ്യത കൂടുതലുള്ള പ്രേദശങ്ങളിൽ പ്രത്യേകം ‘ഫീവർ ക്ലിനിക്കുകൾ’ തുടങ്ങുകയോ ആണ് അഭികാമ്യം. ഗ്രാമപ്രദേശങ്ങളിലെ സബ് സെൻറർ സൗകര്യങ്ങൾ ഇതിനായി വിനിയോഗിക്കാവുന്നതാണ്. കേരളത്തിൽ പല സ്ഥലത്തും ഇപ്പോൾ ഇങ്ങനെ പ്രത്യേക പനി ക്ലിനിക്കുകൾ തുറന്നിട്ടുണ്ട്.
കൊതുകുവളർത്തൽ കേന്ദ്രങ്ങൾ
വരൾച്ചയെ ദീർഘകാലം അതിജീവിക്കാൻ പറ്റുന്ന ഇൗഡിസിെൻറ മുട്ടകൾ മഴയെത്തുടർന്നുള്ള ജലസ്പർശനത്തിനുശേഷം 24 മണിക്കൂറിനുള്ളിൽ വിരിയുന്നു. വർഷകാലത്തിലെ താപനില (25 ഡിഗ്രി അന്തരീക്ഷ ഇൗർപ്പാവസ്ഥ) കൊതുകിെൻറ ആയുസ്സ് 30^45 ദിവസത്തേക്ക് ദീർഘിപ്പിക്കുകയും ആക്രമണത്വരയും മുട്ടയിട്ട് പെരുകാനുള്ള കഴിവും വർധിപ്പിക്കുകയും ചെയ്യുന്നു. ഡെങ്കു വൈറസ് ബാധിതരായ പെൺകൊതുകുകൾ ജീവിതകാലം മുഴുവൻ അവയുടെ വാഹകരാകുകയും മുട്ടകളിലേക്ക് അവയെ കൈമാറുകയും ചെയ്യുന്നതിനാൽ ജനപ്രദേശത്തെ രോഗബാധ ദീർഘകാലം നിലനിൽക്കും. വീടിെൻറ പരിസരങ്ങളിലുള്ള ചെറു ജലശേഖരങ്ങളിൽ മുട്ടയിട്ട് പെരുകുന്ന ഇൗ കൊതുകുകളുടെ പറക്കൽ ദൂരം100^400 മീറ്ററായതിനാൽ നമ്മുെട കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ വീടുകളിൽനിന്നുതന്നെ തുടങ്ങേണ്ടിയിരിക്കുന്നു. നിർമാണ പ്രവൃത്തികൾ കൂടുതൽ തകൃതിയായി നടക്കുന്ന ജനസാന്ദ്രതകൂടിയ ഇടങ്ങളിലും മൊബിലിറ്റി കൂടിയ പ്രദേശങ്ങളിലും ഡെങ്കിയുടെ പകർച്ചസാധ്യത കൂടുതലാണ്. അടഞ്ഞുകിടക്കുന്ന വീടുകളിലെ ‘പ്ലംബിങ്’ സിസ്റ്റത്തിനകവും വീടുകളിലെതന്നെ ഉപയോഗിക്കുന്ന കക്കൂസ് ക്ലോസറ്റുകളും വെള്ളം കെട്ടിനിൽക്കുന്ന ടെറസും പാത്തികളും കെട്ടിട ഡിസൈനുകളും പാഴ്വസ്തുക്കളും റബർ, കവുങ്ങ്, കൊക്കോ കൃഷിയിടങ്ങളും മഴക്കാലത്ത് ഒരുപോലെ കൊതുക് പ്രജനന കേന്ദ്രങ്ങളാണ്.
കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾ
ഒാരോ സ്ഥലത്തിെൻറയും പ്രത്യേകതകൾക്കനുസരിച്ച് പ്രവർത്തനങ്ങൾ നടത്തണം.
- കൊതുകിെൻറ ഉറവിടങ്ങൾ നശിപ്പിക്കുക, മഴക്കുമുമ്പ് തന്നെ വീടിെൻറയും പരിസരത്തിെൻറയും (ടെറസ്, പാത്തി, ഡ്രെയിനേജ്) വെള്ളക്കെട്ടുകൾ വൃത്തിയാക്കുക, ചിരട്ട, മുട്ടത്തോട്, പാത്രങ്ങൾ, പ്ലാസ്റ്റിക്, ടയറുകൾ തുടങ്ങിയ പാഴ്വസ്തുക്കൾ മാറ്റുക. വാട്ടർടാങ്കുകൾ മൂടിവെക്കുക
- വർഷംതോറും നാലു തവണയെങ്കിലും ‘ക്ലീനിങ് ഡ്രൈവ്’ നടത്തുക. അതായത് ശുചിത്വവാരം (ജനുവരി, മാർച്ച്, ജൂൺ, നവംബർ മാസങ്ങളിൽ). ഇൗ സമയത്ത് വീടുകളിൽ ‘കൊതുക് സർവേയും’ നടത്തുക (വാർഡുതല ആരോഗ്യ^ശുചിത്വ കമ്മിറ്റി ഇതിന് നേതൃത്വം കൊടുക്കണം).
- ജൂൺ തൊട്ട് ആഗസ്റ്റ് വരെ ആഴ്ചതോറും ഡ്രൈഡേ ആചരിക്കുക; വെള്ളിയാഴ്ചകളിൽ സ്കൂളുകളും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും (കൊതുകിെൻറ മുട്ട വിരിഞ്ഞ് ലാർവ, പ്യൂപ്പ, കൊതുക് ആകാൻ ഏഴു ദിവസം വേണം).
- തദ്ദേശസ്ഥാപനങ്ങൾ കെട്ടിട നിർമാതാക്കൾക്കും കോൺട്രാക്ടർമാർക്കും തോട്ടം ഉടമകൾക്കും വർക് ഷോപ്പ് ഉടമകൾക്കും റിപ്പയർ കടകൾക്കും ആക്രിക്കച്ചവടക്കാർക്കും കൊതുക് നിയന്ത്രണ പ്രവർത്തനങ്ങൾക്ക് നിർദേശം കൊടുക്കുകയും പാലിക്കാത്തവർക്ക് പിഴ ചുമത്തുകയും ചെയ്യുക.
- വീടുകളുടെയും സ്ഥാപനങ്ങളുടെയും ജനാലകൾക്കും വെൻറിലേറ്ററുകൾക്കും കൊതുക് അകത്തേക്ക് കടക്കാതിരിക്കാൻ ‘നെറ്റുകൾ’ സ്ഥാപിക്കുകയോ, കീടനാശിനികളിൽ മുക്കിയെടുത്ത കർട്ടനുകൾ, വലകൾ (ഡെൽറ്റാമിത്രിൻ) ഉപയോഗിക്കുകയോ ചെയ്യുക.
- ടാങ്കുകളിലും ജലശേഖരങ്ങളിലും ‘കൂത്താടി ഭോജി’ മത്സ്യമായ ‘ഗപ്പി’യെ നിക്ഷേപിക്കുക, വെള്ളം ഒഴിവാക്കാൻ പറ്റാത്ത ടാങ്കുകളിൽ അബേറ്റ് ഗ്രാന്യൂളുകൾ 50 ലിറ്ററിന് അഞ്ച് ഗ്രാം വീതം ഇടുക.
- വീടുകളിൽ അസഹ്യമായ കൊതുക് ശല്യമുണ്ടെങ്കിൽ മുറിക്കകത്ത് ഫ്ലിറ്റ് പമ്പ് ഉപയോഗിച്ച് (മൂട്ട പമ്പ്) രണ്ടു ശതമാനം പൈറിത്രം 1:19 അനുപാതത്തിൽ മണ്ണെണ്ണയുമായി ചേർത്ത് തളിക്കാവുന്നതാണ്, (രാവിലെയോ, വൈകുന്നേരമോ). ഇതനുശേഷം 20 മിനിറ്റ് നേരയെങ്കിലും മുറിയുടെ വാതിലുകൾ അടച്ചുവെക്കണം.
- ശരീരത്തിൽ കൊതുക് കടിക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന പുൽത്തൈലം, യൂക്കാലിപ്റ്റസ്, അല്ലെങ്കിൽ രാസവസ്തുവായ ഡി.ഇ.ഇ.ടി (ഡൈ ഇൗഥൈൽ ടൊളുെമെഡ്) ലേപനമോ പുരട്ടാവുന്നതാണ്. ശരീരം മുഴുവൻ മറയുന്ന മുഴുകൈയൻ വസ്ത്രങ്ങൾ ധരിക്കാനും ശ്രമിക്കണം.
(മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ ഡിപ്പാർട്മെൻറ് ഒാഫ് കമ്യൂണിറ്റി മെഡിസിനിൽ അഡീഷനൽ പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.