മുൾവഴികൾ താണ്ടി മുന്നേ നടന്നവർ...
text_fieldsസ്വാതന്ത്ര്യത്തോടൊപ്പം സംഭവിച്ച ഇന്ത്യാവിഭജനം കൂട്ടപ്പലായനത്തിന്റെയും രക്തപ്പുഴകളുടെയും വർഗീയ കലാപങ്ങളുടെയും നിഷ്ഠുരമായ ഓർമകളാണ് ബാക്കിയാക്കിയത്. ഒരുപാട് എഴുത്തുകാരുടെയും ചലച്ചിത്രപ്രവർത്തകരുടെയും കലാസൃഷ്ടികൾക്ക് പിൽക്കാലത്ത് ഈ മുറിവ് പ്രമേയമായിട്ടുണ്ട്.
വിശ്രുത ഉർദു കവിയും ഗാനരചയിതാവുമായ ഗുൽസാർ എഴുതിയത് ‘‘ഈ മുറിവുകൾ ഉണങ്ങാൻ പതിറ്റാണ്ടുകളും ആഘാതങ്ങൾ താണ്ടാൻ നൂറ്റാണ്ടുകളുമെടുക്കും’’ എന്നാണ്.
വിഭജനം ഇന്ത്യയിലെ മുസ്ലിം സമുദായത്തിന് കനത്ത പ്രഹരമായിരുന്നു. എവിടെനിന്നു തുടങ്ങുമെന്ന് വഴിയറിയാതെ അക്ഷരാർഥത്തിൽ ഉഴലുന്ന അവസ്ഥ. വിഭജനത്തിന്റെ സകല ഉത്തരവാദിത്തവും കെട്ടിയേൽപിക്കപ്പെട്ട അവർക്ക് ഭൗതിക നാശനഷ്ടങ്ങൾക്കു പുറമെ മനോവീര്യവും ആത്മവിശ്വാസവും വ്യക്തിത്വവുമെല്ലാം കൈമോശപ്പെട്ടു.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിലുടനീളം വർഗീയ കലാപങ്ങളും മുസ്ലിംവിരുദ്ധ അക്രമങ്ങളും ഇടക്കിടെ പൊട്ടിപ്പുറപ്പെട്ടു. ഇതോടെ അവശേഷിച്ച ആളുകൾപോലും വീടുവിട്ടോടാൻ നിർബന്ധിതരായി. മാലേർകോട്ല ഉൾപ്പെടെ ഏതാനും സ്ഥലങ്ങൾ ഒഴികെ കിഴക്കൻ പഞ്ചാബിലെ മുസ്ലിം ജനസംഖ്യ ഏതാണ്ട് ഇല്ലാതായി.
സമുദായത്തിലെ ദരിദ്രരും ദുർബലരുമായ വിഭാഗങ്ങൾക്കിടയിൽ വിശ്വാസത്യാഗത്തിന്റെ ഭയവും വ്യാപിച്ചു. പാകിസ്താനിലേക്കു പോവുക അല്ലെങ്കിൽ കൊല്ലപ്പെടുക എന്നിങ്ങനെ രണ്ടു വഴികൾ മാത്രമായി അവർക്കു മുന്നിൽ.
നാസി ക്യാമ്പുകളിലെ ക്രൂരതകൾക്ക് നേർസാക്ഷ്യംവഹിച്ച പല മാധ്യമപ്രവർത്തകരും ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അതിലേറെ ഭീകരമാണ് ഇന്ത്യാവിഭജനകാലത്തെ കാഴ്ചകൾ എന്നു പറഞ്ഞതായി വിഖ്യാത ചരിത്രകാരൻ വില്യം ഡാൽറിംപിൾ, ഇന്തോ-അമേരിക്കൻ എഴുത്തുകാരൻ നിസിദ് ഹാജറി തുടങ്ങിയവർ രേഖപ്പെടുത്തുന്നു.
പലായനം തടയുകയും കലാപബാധിതരെ പുനരധിവസിപ്പിക്കുകയും ചെയ്യുന്നതിനൊപ്പം മനോവീര്യം എവ്വിധം വീണ്ടെടുക്കാനാവും എന്നതായിരുന്നു മുസ്ലിം സമുദായത്തെ ഗ്രസിച്ച ഏറ്റവും വലിയ ആശങ്ക. ഖുർആനിലും പ്രവാചകചര്യയിലുമൂന്നി നീതിയും സമാധാനവും നിറഞ്ഞ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യവുമായി രൂപംകൊണ്ട ജമാഅത്തെ ഇസ്ലാമി എന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ മുൻനിരക്കാരെയും ഈ ചോദ്യം അലട്ടിക്കൊണ്ടിരുന്നു.
നൂറ്റാണ്ടുകൾ ഒത്തൊരുമയോടെ പാർത്ത ജനവിഭാഗങ്ങൾക്കിടയിൽ പൊടുന്നനെ വൈരവും വിദ്വേഷവും പാരമ്യതയിലെത്തി. ഗാന്ധിജിപോലും ഈ ദുരവസ്ഥയുടെ ചൂടറിഞ്ഞു. ഒരു സർവമത പ്രാർഥനയിൽ ഖുർആൻ പാരായണം ചെയ്യാൻ പറഞ്ഞതിന് അദ്ദേഹം ആട്ടിപ്പുറത്താക്കപ്പെട്ടു.
സംഘടനയെ അടുത്തറിയുന്നതിന് പട്നയിൽ നടന്ന ജമാഅത്ത് വാർഷിക സമ്മേളനത്തിൽ പങ്കെടുത്തതും വർഗീയശക്തികളുടെ എതിർപ്പിന് വഴിവെച്ചു. എന്നാൽ, ‘അവരുടെ സമ്മേളനത്തിൽ പങ്കെടുത്തതിൽ തനിക്ക് മനസ്താപമല്ല, സന്തോഷമാണുള്ളതെന്നും വീണ്ടും ക്ഷണിക്കപ്പെട്ടാൽ അവിടേക്ക് നടന്നുകയറുകതന്നെ ചെയ്യുമെന്നു’മാണ് ഗാന്ധിജി അതേക്കുറിച്ച് പ്രതികരിച്ചത്.
എന്നിരിക്കിലും, അമുസ്ലിംകൾക്ക് ശത്രുത ഇസ്ലാമിനോടും അതിന്റെ അധ്യാപനങ്ങളോടുമല്ല, മുസ്ലിംകളുടെ രാഷ്ട്രീയ ആവശ്യങ്ങളോടാണെന്ന് ജമാഅത്ത് നേതാക്കൾ വിശ്വസിച്ചു.
ഇസ്ലാമിന്റെ സന്ദേശം അവതരിപ്പിക്കുന്ന ഘട്ടങ്ങളിൽ കടുത്ത എതിരാളികളായ നേതാക്കൾപോലും അവയെ സ്വാഗതംചെയ്തതും മുസ് ലിംകൾക്കും അമുസ്ലിംകൾക്കും നഷ്ടങ്ങൾ സംഭവിച്ച കലാപബാധിത മേഖലകളിൽ കൂടുതൽ അക്രമങ്ങൾ തടയുന്നതിനും സമാധാനം വീണ്ടെടുക്കുന്നതിനും ജമാഅത്തിന്റെ ഇടപെടൽ ഫലംകണ്ടതും അവർക്ക് ധൈര്യം പകർന്നു. കലാപബാധിതമായ നഗരങ്ങളിലൊന്നിലെ ജമാഅത്ത് ഓഫിസിന് കേടുപറ്റാതിരിക്കാൻ ഒരു അമുസ്ലിം സഹോദരൻ കാവൽനിന്ന സംഭവംപോലുമുണ്ടായി.
കലാപങ്ങളുടെയും ആഭ്യന്തരക്കുഴപ്പങ്ങളുടെയും തീപ്പൊരി പാറിയ മേഖലകളിലെല്ലാം ഈ സംഘത്തിന്റെ നേതാക്കളും പ്രവർത്തകരും പാഞ്ഞെത്തി ഹിന്ദു, മുസ്ലിം, സിഖ് സമുദായ നേതാക്കളുമായി സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ച് വർഗീയത്തീ കെടുത്താൻ പരിശ്രമിച്ചു.
വിഭജനത്തോടെ ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമിയിൽ അവശേഷിച്ചത് ചുരുക്കം ചിലർ മാത്രം. ശക്തമായ നേതൃത്വത്തിന്റെ അഭാവത്തിലും സൗഹാർദ പ്രവർത്തനങ്ങൾക്ക് ഊനംതട്ടാതിരിക്കാനും തിന്മയെ വിരോധിച്ച് നന്മയിൽ അധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കാനുമുള്ള ദൗത്യവുമായി അവർ ഓരോരുത്തരും മുന്നോട്ടുവന്നു.
യു.പിയിലെ അലഹബാദിൽ അവരിൽ കുറെ പേർ ഒത്തുചേർന്നാണ് 1948 ഏപ്രിൽ 16ന് പുതിയ ഭരണഘടനയും സംഘടനാ സംവിധാനവും രൂപപ്പെടുത്തി ജമാഅത്തെ ഇസ്ലാമി ഹിന്ദിന് തുടക്കംകുറിക്കുന്നത്. സുപ്രസിദ്ധ ഇസ്ലാമിക പണ്ഡിതൻ മൗലാന അബുല്ലൈസ് ഇസ്ലാഹി നദ്വിയെ ആദ്യ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു.
മുമ്പത്തേക്കാൾ ദുർഘടംപിടിച്ചതായിരുന്നു പിന്നീടുള്ള അവരുടെ പ്രയാണം. ഇസ്ലാമിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാനും ഇസ്ലാമിക ജീവിതചര്യ സകലമണ്ഡലങ്ങളിലും വ്യാപിപ്പിക്കാനുമുള്ള ദൗത്യത്തിന് അകമെനിന്നും പുറമെനിന്നും വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവന്നു.
ഒരു വശത്ത്, അനിശ്ചിതത്വവും അപകർഷബോധവും സൃഷ്ടിച്ച നിരാശയും ആശങ്കയും മുസ്ലിംകളിൽ ആഴ്ന്നിറങ്ങിയിരുന്നു, മറുവശത്ത്, വിദ്വേഷത്തിന്റെയും സംശയത്തിന്റെയും ശത്രുതാപരമായ അന്തരീക്ഷം. ഇവ രണ്ടും സമുദായങ്ങൾ തമ്മിലെ വിടവ് വർധിപ്പിച്ചു.
എന്നിരുന്നാലും, ജനങ്ങളെ നന്മയിലേക്കും നീതിയിലേക്കും ക്ഷണിക്കുന്നതിനൊപ്പം വർഗീയകലഹങ്ങളുടെ സമയത്ത്, ദേശീയത, വംശീയ മുൻവിധി, വിദ്വേഷം എന്നിവക്ക് അതീതമായി ധാർമികതയിലൂന്നി പ്രവർത്തിക്കണമെന്ന് ജമാഅത്ത് അതിന്റെ അണികൾക്ക് നിർദേശം നൽകി.
കഷ്ടവേളകളിൽ ജനങ്ങളുടെ ജാതിയോ മതമോ എന്തെന്ന് തിരക്കാതെ അഭയവും സഹായവും അരുളണമെന്നും സംഘടന ഓരോ അംഗത്തോടും ആവശ്യപ്പെട്ടു. പ്രശ്നബാധിത മേഖലകളിലെ ആശുപത്രികളിൽ കുതിച്ചെത്തി ആവശ്യക്കാർക്ക് വേണ്ട സേവനങ്ങളെല്ലാം ചെയ്യാൻ മുന്നോട്ടുവരുന്ന ജമാഅത്ത് വളന്റിയർമാരെ ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും സ്വന്തം ബന്ധുക്കളേക്കാളേറെ വിശ്വസിക്കാൻ തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.