പുതുനിയോഗം
text_fields''സർവ് ഭവന്തു സുഖിനഹ്:''. ദേശീയ മനുഷ്യാവകാശ കമീഷൻെറ ഔദ്യോഗിക മുദ്രാവാക്യമാണിത്. സൂക്ഷിച്ചു നോക്കിയാൽ ലോഗോയിൽ രണ്ടു വരികളിലായി ഈ വാചകം ആലേഖനം ചെയ്തിരിക്കുന്നത് കാണാം. സർവർക്കും സുഖം ഭവിക്കട്ടെ എന്നാണ് മലയാളം. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും സമത്വവുമൊക്കെ ആർക്കെങ്കിലും ഹനിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് ഇങ്ങനെയൊരു പ്രസ്ഥാനം. അങ്ങനെ പ്രാഥമിക മനുഷ്യാവകാശങ്ങൾ ഉറപ്പു വരുത്തി എല്ലാവർക്കു സൗഖ്യവും സന്തോഷവും പ്രദാനം ചെയ്യുകയാണ് ടി ഭരണഘടനാ സ്ഥാപനത്തിൻെറ ദൗത്യം. പറഞ്ഞിട്ടെന്ത് കാര്യം, മോദിയാണിപ്പോൾ രാജ്യം ഭരിക്കുന്നത്. ഇവിടെയിപ്പോൾ ജനാധിപത്യവും മനുഷ്യാവകാശവുമൊക്കെ ശുദ്ധ കോമഡിയാണ്. മേൽപറഞ്ഞ മുദ്രാവാക്യങ്ങൾക്കൊക്കെ ലോഗോയിൽ ചുരുണ്ടുകൂടി കിടക്കാനാണ് വിധി. അപ്പോൾ പിന്നെ അതിൻെറ തലപ്പത്ത് ജസ്റ്റിസ് അരുൺ മിശ്രയെപ്പോലൊരാൾതന്നെ ധാരാളം. സുപ്രീംകോടതിയിൽനിന്ന് പടിയിറങ്ങിയിട്ട് വർഷം ഒന്നു തികഞ്ഞില്ല; അപ്പോഴേക്കും പുതിയ നിയോഗമായിരിക്കുന്നു. ഇനിയങ്ങോട്ട് ഇന്ത്യൻ ജനതയുടെ മനുഷ്യാവകാശ പരിപാലനത്തിൻെറ ചുമതലക്കാരനാണ്.
അല്ലെങ്കിലും, മിശ്രക്കിതൊരു സമ്മാനമാണ്. ഉപകാര സ്മരണയെന്നും പറയാം. മോദി - ഷാ സംഘത്തിന് ജുഡീഷ്യറിയിൽ പല തവണ തണലൊരുക്കിയതിൻെറ പ്രത്യുപകാരം. ഇനിയുമൊന്നുകൂടി തെളിച്ചു പറഞ്ഞാൽ, മികച്ചൊരു ജുഡീഷ്യൽ കർസേവക്ക് കാവിപ്പട കാത്തുവെച്ച പ്രതിഫലം. ഓർമയില്ലേ, ജസ്റ്റിസ് ചെലമേശ്വറും സഹപ്രവർത്തകരും അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ നടത്തിയ പ്രതിഷേധ പ്രസ് കോൺഫറൻസ്? പ്രമാദമായ പല കേസുകളും ജൂനിയറായ ജഡ്ജിമാർക്ക് വിട്ടുനൽകി ടിയാൻ രാഷ്ട്രീയം കളിക്കുെന്നന്നായിരുന്നു അവരുടെ പരിഭവം. അവരന്ന് പറയാതെ പറഞ്ഞ ജൂനിയർ ജഡ്ജി അരുൺ മിശ്രയാണെന്ന് ആർക്കാണ് അറിയാത്തത്. അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീൻ കേസിെൻറ വാദം കേട്ട ജസ്റ്റിസ് ലോയയുടെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട ഹരജി അരുൺ മിശ്രയുടെ ബെഞ്ചിലേക്ക് വിട്ടതായിരുന്നു സീനിയർ ജഡ്ജിമാരെ ചൊടിപ്പിച്ചത്. വിവാദമായതോടെ മിശ്ര ബെഞ്ചിൽനിന്ന് പിന്മാറി.
എന്നുവെച്ച് എല്ലായിപ്പൊഴും ഇങ്ങനെ പിന്മാറുമെന്ന് വിചാരിക്കരുത്. ആവശ്യമായ ഘട്ടങ്ങളിലൊക്കെ ധൈര്യപൂർവം മുന്നിൽ തന്നെയുണ്ടായിട്ടുണ്ട്. കിട്ടിയ അവസരങ്ങളിലെല്ലാം മോദി ജിയെ വാനോളം പുകഴ്ത്തിയിട്ടുമുണ്ട്. ആഗോള തലത്തിൽ ചിന്തിക്കുകയും പ്രാദേശിക തലത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന മഹാനാണ് മോദിയെന്നു വരെ പറഞ്ഞിട്ടുണ്ട്. രണ്ടു വർഷം മുമ്പ്, ന്യായാധിപന്മാരുടെ അന്താരാഷ്ട്ര സമ്മേളനത്തിൽ മോദിയെ ബഹുമുഖ പ്രതിഭ എന്നാണ് വിശേഷിപ്പിച്ചത്. അപ്പോൾ ഇങ്ങനെയൊരു പദവിയെങ്കിലും കൊടുക്കേണ്ടേ? അല്ലെങ്കിലും ഇക്കാര്യത്തിലൊക്കെ അദ്ദേഹം മാന്യനാണ്. അതുകൊണ്ടാണ് നിലവിലെ ചട്ടങ്ങളൊക്കെ കാലേക്കൂട്ടി ഭേദഗതി ചെയ്ത് മിശ്രക്ക് കസേര ഒരുക്കിയത്.
ജുഡീഷ്യറിയെ കാവിപ്പാളയത്തിൽ ഒളിപ്പിക്കുന്നതിൽ എക്കാലത്തും ശ്രദ്ധാലുവായിരുന്നു. ഗുജറാത്ത് വംശഹത്യയിൽ മോദിയുടെ പങ്ക് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹരജി, സഹാറ-ബിർല കമ്പനികളിൽനിന്ന് ബി.ജെ.പി നേതാക്കൾ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് പ്രശാന്ത് ഭൂഷൺ സമർപ്പിച്ച പരാതി തുടങ്ങിയവയൊക്കെ കാര്യമായ വാദങ്ങളൊന്നുമില്ലാതെ തള്ളിപ്പോയത് ഈ ജാഗ്രതയുടെ ഫലമായിട്ടാണ്. കോർപറേറ്റ് സേവയിലുമുണ്ട് അഗാധമായ വ്യുൽപത്തി. ആ ലെഗസി മനസ്സിലാക്കാൻ ഒരു സംഭവം പറയാം. അംബാനി മുതലാളിക്ക് അൽപം 'ചില്ലറ' തടയുന്ന കേസിൻെറ വാദം നടക്കുകയാണ്. ഭൂമി ഏറ്റെടുക്കൽ നിയമവുമായി ബന്ധപ്പെട്ട് മിശ്ര അധ്യക്ഷനായ ബെഞ്ച് ഒരു വിധി പുറപ്പെടുവിച്ചു. ഇതേ വിഷയത്തിൽ മറ്റൊരു ബെഞ്ച് നേരെ എതിരായും വിധിച്ചു. സ്വാഭാവികമായും രണ്ടു വിധികളും പുനഃപരിശോധിക്കാൻ ഭരണഘടനാ ബെഞ്ച് രൂപവത്കരിച്ച് അവിടെനിന്നൊരു വിധി വരണം. അങ്ങനെയെങ്കിൽ അതിെൻറ തലപ്പത്ത് താനിരിക്കാമെന്നായി മിശ്ര; അതു പറ്റില്ലെന്ന് സഹപ്രവർത്തകരും. തർക്കമായപ്പോൾ താൻ ബെഞ്ചിലിരിക്കണോ വേണ്ടയോ എന്ന് മറ്റൊരു സമിതി തീരുമാനിക്കെട്ടയെന്നായി മിശ്ര. അതംഗീകരിക്കപ്പെട്ടു. ആ സമിതി വിധി പുറപ്പെടുവിച്ചു; മിശ്രതന്നെ നയിക്കെട്ട. രസകരമായ കാര്യം, ആ സമിതിയുടെ അധ്യക്ഷൻ മിശ്ര തന്നെയായിരുന്നു എന്നതാണ്! അദാനി കക്ഷിയായ എട്ടു കേസുകളിൽ ഏഴിലും ഒാടിപ്പിടഞ്ഞ് ബെഞ്ചുപിടിച്ച് ആറിലും അനുകൂല വിധി നൽകിയ സംഭവം വേറെയുണ്ട്.
ഇങ്ങനെയൊക്കെയുള്ള മഹത്തായ 'നീതിബോധ'ത്തിനിടയിലും ചില സുപ്രധാന വിധികൾ മിശ്രയുടെ ബെഞ്ച് പുറപ്പെടുവിച്ചിട്ടുണ്ട്. മരട് ഫ്ലാറ്റ് പൊളിക്കാനുള്ള ഉത്തരവൊക്കെ അവിടെ നിന്നായിരുന്നല്ലോ. ദേശദ്രോഹികളെയും അർബൻ നക്സലുകളെയുമൊന്നും ഒരു കാലത്തും വെച്ചുപൊറുപ്പിച്ചിട്ടില്ല. അതുകൊണ്ടാണ്, ഉമർ അബ്ദുല്ലയടക്കമുള്ള കശ്മീരിലെ രാഷ്ട്രീയത്തടവുകാരെ കുറച്ചു ദിവസം അധികം പൂട്ടിയിടാൻ ഉത്തരവിട്ടത്. ആനന്ദ് തെൽതുംബ്ഡെക്ക് ജാമ്യം നിഷേധിച്ചതിെൻറ സ്പിരിറ്റും ഇൗ ദേശസ്നേഹംതന്നെ. അദാനിക്കും ആനന്ദ് തെൽതുംബ്ഡെക്കും രണ്ട് നീതിയോ എന്ന് ചോദിച്ച പ്രശാന്ത് ഭൂഷൺ ഒരു രൂപ പിഴ ശിക്ഷ നൽകിയതിനു പിന്നിലുമുണ്ട് േദശക്കൂറ്. മുഖം നോക്കാതെ, ഞൊടിയിടയിലുള്ള ഈ തീരുമാനങ്ങൾ കാരണം ജുഡീഷ്യറിയിലെ ട്വൻറി20 കളിക്കാരൻ എന്ന് വിശേഷിപ്പിക്കാറുണ്ട് പലരും.
ഇപ്പോൾ 65 വയസ്സായി. മധ്യപ്രദേശ് ഹൈകോടതി ജഡ്ജിയായിരുന്നു പിതാവ് ഹർഗോവിന്ദ് മിശ്ര. ശാസ്ത്ര ബിരുദം നേടിയ ശേഷമാണ് പിതാവിൻെറ വഴിയേ നിയമ പഠനത്തിലേർപ്പെട്ടത്. പഠന ശേഷം കുറച്ചുകാലം നിയമാധ്യാപകനായി. പിന്നീട് മധ്യപ്രദേശ് ഹൈേകാടതിയിൽ പ്രാക്ടിസ് ആരംഭിച്ചു. 1998ൽ, ഇന്ത്യൻ ബാർ കൗൺസിലിെൻറ ചെയർമാനായി. '99 ൽ ഹൈകോടതി ജഡ്ജി. 2010ൽ, രാജസ്ഥാൻ ഹൈകോടതിയിൽ ചീഫ് ജസ്റ്റിസ്. രണ്ടു വർഷത്തിനുശേഷം കൊൽക്കത്തയിലേക്ക് മാറി. ഇതിനിടെ, രണ്ടു തവണ സുപ്രീംകോടതിയിൽ ന്യായാധിപനാകാനുള്ള അവസരം ലഭിച്ചിട്ടും വേണ്ടെന്നുവെച്ചു. മോദി സർക്കാർ അധികാരമേറ്റയുടൻ, സുപ്രീംകോടതിയിലെത്തി. പിന്നീടുള്ളതെല്ലാം ചരിത്രം. ആ ചരിത്രമിങ്ങനെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.