മധുരമീ ജീവിതം ചെറുതാണെന്നാകിലും
text_fieldsഒാക്സിജൻ സിലിണ്ടർ, പോസിറ്റിവ്..... . കോവിഡ് കാലത്ത് ഭയപ്പെടുത്തുന്ന വാക്കുകളാണിത്. എന്നാൽ ഒാക്സിജൻ സിലിണ്ടർ ധരിച്ച് സമൂഹത്തിന് പോസിറ്റിവ് എനർജി പകർന്നുനൽകുകയാണ് ലത്തീഷ അൻസാരി. വീൽ ചെയറിലിരുന്ന് പെരുന്നാൾ കഥ പറയുേമ്പാൾ നിശ്ചയദാർഢ്യത്തിെൻറയും സഹനത്തിെൻറയും നന്മകളുടെയും ലോകേത്തക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുകയാണ് അവർ.
പിതാവിെൻറ കുടുംബവീട്ടിലെ ഒരുക്കങ്ങളും ഒത്തുചേരലുമാണ് ലത്തീഷയുടെ പെരുന്നാൾ സന്തോഷങ്ങളിൽ നിറയെ. ലത്തീഷയായിരിക്കും വീട്ടിലെ ഹീറോയിൻ. എല്ലാവരുമൊത്തുള്ള കളിയും തമാശയും കുടുംബ യാത്രകളും പെരുന്നാൾ ആഘോഷങ്ങളിൽ പ്രധാനം. ശരീരമൊന്നുലഞ്ഞാൽ അസ്ഥികൾ നുറുങ്ങുന്ന അത്യപൂർവ രോഗം ബാധിച്ച ലത്തീഷ അൻസാരിയെന്ന ഇരുപത്തിയേഴുകാരിയുടെ തളരാത്ത മനസ്സിന് പകർന്നു നൽകുന്ന ഊർജവും ഇതൊക്കെയാകാം.
ലത്തീഷയോടൊപ്പം ഓക്സിജൻ സിലിണ്ടർ എപ്പോഴും ഉണ്ടാകും. വീൽചെയറിൽ കൊണ്ടു നടക്കാൻ കഴിയുന്ന പോർട്ടബിൾ ഓക്സിജൻ സിസ്റ്റം ആരോഗ്യ മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ജില്ല കലക്ടർ ലത്തീഷക്ക് നൽകിയിരുന്നു. എന്നാൽ, ശ്വാസകോശത്തിെൻറ പ്രവർത്തനത്തിന് അത് തികയാത്തതിനാൽ വലിയ ഓക്സിജൻ സിലിണ്ടറാണ് ലത്തീഷക്ക് ആവശ്യം. അസ്ഥികൾ നുറുങ്ങുന്ന വേദനക്കൊപ്പം നിരവധി അസുഖങ്ങളും അലട്ടുന്നു.
എരുമേലി പുത്തൻപീടികയിൽ അൻസാരി - ജമീല ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. കഷ്ടിച്ച് രണ്ടടി മാത്രം ഉയരമുള്ള ഇവർക്ക് ബ്രിട്ടിൽ ബോൺ ഡിസീസ് എന്ന ജനിതക രോഗമാണ്. ജനിച്ചുവീണ അന്നുമുതൽ ഇന്നുവരെ വേദന കൂടപ്പിറപ്പാണെങ്കിലും ജീവിതത്തിൽ തോറ്റു കൊടുക്കാൻ തയാറല്ല. ഇരിപ്പിടത്തിലിരുന്ന് പഠനത്തിലൂടെയും കലാപരമായ കഴിവുകളിലൂടെയും സമ്മാനങ്ങളും അവാർഡുകളും സ്വന്തമാക്കി.
ഉന്നത വിദ്യാഭ്യാസം നേടിയ ലത്തീഷക്ക്, ഗ്ലാസ് പെയിൻറിംഗ്, ഉപകരണങ്ങളിലൂടെ സംഗീതം തീർക്കൽ ഇവയെല്ലാം അനായാസമായി വിരൽത്തുമ്പിൽ വഴങ്ങുമെന്ന് തെളിയിച്ചു. ശാരീരിക വൈകല്യങ്ങളെ പഴിച്ച് തളർന്ന മനസ്സുമായി ഒളിച്ചുകഴിയുന്നവരിലേക്ക് തന്റെ വിജയത്തിന്റെ രഹസ്യം എത്തിക്കാൻ ശ്രമിച്ചു. ഓൺലൈനിലൂടെ ഇത്തരക്കാരെ സമൂഹത്തിലേക്ക് ഇറങ്ങാനുള്ള ധൈര്യം പകർന്നു നൽകിക്കൊണ്ടേയിരുന്നു.
സ്കൂൾ, കോളജ് പഠനകാലത്ത് പിതാവാണ് ലത്തീഷയെ ഒക്കത്തിരുത്തി ക്ലാസ് മുറികളിൽ കൊണ്ടിരുത്തുക. എരുമേലി വാവർ മെമ്മോറിയൽ സ്കൂൾ, സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. സ്കൂളിലെ മിടുക്കരായ വിദ്യാർഥികളിലൊരാൾ. പിന്നീട് എം.ഇ.എസ് കോളജിൽ നിന്നും എം.കോമിന് ഉയർന്ന മാർക്കോടെയുള്ള വിജയം. പഠനം പൂർത്തിയാക്കിയതോടെ എരുമേലിയിലെ സഹകരണ ബാങ്കിൽ ജോലി ലഭിച്ചു. എന്നാൽ പൊടിയുടെ അലർജി വിലങ്ങുതടിയായതോടെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. സിവിൽ സർവിസ് സ്വപ്നവുമായി പിതാവിന്റെ ഒക്കത്തിരുന്ന് പാലാ സിവിൽ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പടികൾ കയറി. ഓക്സിജന്‍ സിലിണ്ടറുകളുടെ സഹായത്തോടെ തിരുവനന്തപുരം പൂജപ്പുരയിലെ എൽ.ജി എൻജിനീയറിങ് കോളജിലെ പരീക്ഷാ ഹാളിലിരുന്ന് പരീക്ഷയും എഴുതി.
ഗ്ലാസ് പെയിൻറിങ്ങിൽ അസാധ്യമായ കഴിവുള്ള ലത്തീഷ പെയിൻറിങ്ങിൽ സ്വപ്നങ്ങൾ ചാലിച്ചു. ചിത്രങ്ങൾ വാങ്ങാൻ ആവശ്യക്കാരുമുണ്ടായിരുന്നു. വളരെ ചെറിയ പ്രായത്തിലേ കീ ബോർഡ് വായനയോട് താൽപര്യം കാണിച്ച ലത്തീഷക്ക് പല പ്രമുഖ വ്യക്തികളും പങ്കിട്ട സ്റ്റേജിൽ വെച്ച് കീബോർഡിൽ മാന്ത്രിക വിരലുകൾ കൊണ്ട് വിസ്മയം തീർക്കാൻ കഴിഞ്ഞു. ടെലിവിഷൻ ഷോകളിലും പങ്കെടുത്തു.
ജീവിതത്തില്‍ വിജയകരമായ നേട്ടങ്ങള്‍ കൈവരിച്ച ലത്തീഷക്ക് ഡോ. ബാത്രാസ് പോസിറ്റിവ് ഹീറോ അവാര്‍ഡും ലഭിച്ചു. ഡോ. ബാത്രാസ് ഗ്രൂപ് കഴിഞ്ഞ 12 വര്‍ഷമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നല്കി വരുന്ന അവാര്‍ഡ് ആദ്യമായാണ് ലത്തീഷയിലൂടെ കേരളത്തിലെത്തുന്നത്. ബോംബെ റോയല്‍ ഒപ്പേറാ ഹൗസില്‍ നടന്ന ചടങ്ങില്‍വെച്ച് ഹോളിവുഡ് ആക്ടര്‍ അലി അസ്കറില്നിന്ന് കാഷ് അവാര്‍ഡും ഫലകവും ഏറ്റുവാങ്ങി. കോവിഡ് വ്യാപനവും ലോക്ഡൗണും തീർത്ത സാമ്പത്തിക പ്രതിസന്ധി ലത്തീഷയുടെ ചികിത്സയെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിൽ ഹോട്ടൽ നടത്തിവന്നിരുന്ന അൻസാരിക്ക് കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്ഥാപനം അടച്ചുപൂട്ടേണ്ട അവസ്ഥയിലായി. ഇതോടെ വരുമാനം നിലച്ച അൻസാരി മകൾ ലത്തീഷയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. ലത്തീഷയുടെ ശ്വസനത്തിന് ഇപ്പോൾ ഓക്സിജൻ ഇല്ലാതെ പറ്റില്ലെന്ന അവസ്ഥയാണ് എന്നാൽ ഓക്സിജനു വേണ്ടി പിതാവും ശ്വാസം മുട്ടുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.