നമ്പി നാരായണൻ പറഞ്ഞ കഥ
text_fields1970കളിൽ തിരുവനന്തപുരത്ത് വളർന്ന എന്നെപ്പോലെയുള്ള കുട്ടികളെ പേ ടിപ്പിക്കാൻ മുത്തശ്ശിമാർ പറഞ്ഞിരുന്ന ഒരു കഥയുണ്ട്: സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങരുത്; അങ്ങ്, അറബിക്കടലിനടുത്തുനിന്നും മാടൻ തമ്പുരാൻ ഉയരും -കൈയിൽ ഒരു തീപ്പന്തവുമായി. പുറത്തിറങ്ങുന്ന കുട്ടികളെ അടിച്ചിടും. ചിതൽകയറിയ ഒരു തട്ടിൻപുറത്തുനിന്ന് ഞാൻ പലതവണ കണ്ടിട്ടുണ്ട് ആ തീജ്വാല. ‘രണ്ടാമതൊരാളെ വിളിക്കാൻ നിൽക്കേണ്ട’- മുത്തശ്ശി പറയും, അതിനുമുമ്പ് മാടൻ പോയ് മറയും. വർഷങ്ങൾക്കുശേഷം, മുത്തശ്ശി പോയി മറഞ്ഞതിനുശേഷം, ശാസ്ത്രം നിഷ്കളങ്കതക്കു തീവെച്ചു തുടങ്ങിയപ്പോൾ യാഥാർഥ്യം അറിഞ്ഞു.
തുമ്പയിലെ വിക്രം സാരാഭായി സ്പേസ് സെൻററിൽ (വി.എസ്.എസ്.സി)നിന്നും ഉയരുന്ന രോഹിണി റോക്കറ്റുകളായിരുന്നു മുത്തശ്ശിക്കഥയിലെ മാടൻ തമ്പുരാൻ. അമ്പത്-അറുപത് കിലോമീറ്റർ മാത്രം പറന്നുയർന്ന് അറബിക്കടലിൽ കൂപ്പുകുത്തുന്ന അവറ്റകൾക്ക് ആയുസ്സ് ഏതാനും സെക്കൻഡുകൾ മാത്രം.
ശാസ്ത്രം തലക്കുപിടിച്ചപ്പോൾ സ്വയം ചോദിച്ചു: ‘അമേരിക്കയും സോവിയറ്റ് യൂനിയനും പതിറ്റാണ്ടു മുമ്പുതന്നെ മനുഷ്യനെ ബഹിരാകാശത്തേക്ക് അയച്ചു കഴിഞ്ഞു; എന്നാണാവോ ഇന്ത്യ സ്വന്തം റോക്കറ്റിൽ ഒരു ഉപഗ്രഹമെങ്കിലും വിക്ഷേപിക്കുന്നത്?’ ഉത്തരം വന്ന വർഷം 1994. ആ വർഷം മേയ് മാസം ഇന്ത്യയുടെ പി.എസ്.എൽ.വി ആദ്യ വിജയം നേടി. അതേവർഷം െഎ.എസ്.ആർ.ഒ ചാരക്കേസ് പൊട്ടിപ്പുറപ്പെട്ടു. എെൻറ പത്രപ്രവർത്തനത്തിനും ചാരക്കേസിനും ഒരേ പ്രായം. ഒരു ഇംഗ്ലീഷ് പത്രത്തിെൻറ തിരുവനന്തപുരം ബ്യൂറോയിൽ ഇേൻറൺ ആയിരിക്കുേമ്പാഴാണ് കേസിെൻറ തുടക്കം. അന്ന് നമ്പി നാരായണനെയും മാലി വനിതകളായ മറിയം റഷീദയെയും ഫൗസിയ ഹസനെയും വഞ്ചിയൂർ കോടതിയിൽ ഹാജരാക്കുേമ്പാൾ മാധ്യമപ്രവർത്തകരുടെ ഇടയിൽ ഞാനും ഉണ്ടായിരുന്നു. കേസിെൻറ വിശദാംശങ്ങൾ അറിയാതെ പകച്ചുനിന്ന് ആലോചിച്ചിട്ടുണ്ട്: ഇത് സത്യമോ?
മാലി വനിതകൾ മുഖംമറച്ച്, ആക്ഷേപങ്ങൾ കാതിൽ വാങ്ങി പൊലീസ് വാനിൽ കയറുേമ്പാൾ, മുഖം മറയ്ക്കാതെ, വെളുത്തു നനുത്ത താടിയും തിളങ്ങുന്ന കണ്ണുകളുമായി നമ്പി നാരായണൻ എപ്പോഴോ എന്നെ നോക്കിയിട്ടുണ്ടാവണം. മനസ്സിൽ പറഞ്ഞിട്ടുണ്ടാവണം; ഇയാൾ എെൻറ കഥയെഴുതും.
2013. സുപ്രീംകോടതിയും സി.ബി.െഎയും ചാരക്കേസുകളുടെ ചരമക്കുറിപ്പ് എഴുതി വർഷങ്ങൾ കഴിഞ്ഞിട്ടും നമ്പി നാരായണൻ യുദ്ധം തുടങ്ങുകയായിരുന്നു. തന്നെ ആരുടെയൊക്കെയോ ക്രൂരവിനോദത്തിന് ഇരയാക്കിയവരെ നിയമത്തിെൻറ കുരിശിൽ തറക്കാൻ.
ആന്ധ്രയിലും തമിഴ്നാട്ടിലും രാഷ്ട്രീയം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ കാത്തുസൂക്ഷിച്ച ബഹിരാകാശ ശാസ്ത്രത്തോടുള്ള എെൻറ കൗതുകം 1999ൽ ചെന്നൈയിൽ കുടിയേറിയതു മുതൽ പൂവണിയുകയായിരുന്നു. ശ്രീഹരികോട്ടയിൽനിന്ന് റോക്കറ്റുകൾ തീ തുപ്പി ഉയരുേമ്പാൾ ആ റോക്കറ്റിെൻറ രണ്ടാംസ്റ്റേജിലുള്ള ‘വികാസ്’ എൻജിെൻറ പിതാവായ നമ്പി നാരായണെൻറ മുഖം ആ പുകപടലങ്ങളിൽ ഞാൻ കണ്ടിട്ടുണ്ടാവണം.
2013ൽ എപ്പോഴോ അവധിക്കു തിരുവനന്തപുരത്ത് പോകുേമ്പാൾ നമ്പി നാരായണനെ വീട്ടിൽ പോയി കണ്ടു. ചർച്ച ഇന്ത്യ അപ്പോഴേക്കും വിക്ഷേപിച്ചു കഴിഞ്ഞ ഇരുപതിലേറെ പി.എസ്.എൽ.വി റോക്കറ്റിനെ പറ്റിയും ഇനി ഇറക്കാനിരിക്കുന്ന പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചും. ജി.എസ്.എൽ.വിയെ പറ്റിയും ഇന്ത്യക്ക് അപ്പോഴും സ്വായത്തമാക്കാൻ ദുഷ്കരമായിരുന്ന ക്രേയാജനിക് എൻജിനെപ്പറ്റിയും സംസാരിക്കുന്നതിനിടയിൽ അദ്ദേഹം ചില ചിന്തയിലാണ്ടു, എന്നിട്ടു പറഞ്ഞു: ‘ചാരക്കേസ് നഷ്ടപ്പെടുത്തിയത് എെൻറ ജീവതം മാത്രമല്ല, ഇന്ത്യയുടെ -വിക്രം സാരാഭായ് സ്വപ്നംകണ്ട ഇന്ത്യയുടെ -പത്തുപതിനഞ്ചു വർഷങ്ങളാണ്... ഇല്ലെങ്കിൽ നമ്മൾ എന്നേ ക്രയോജനിക് സാേങ്കതികവിദ്യ സ്വന്തമാക്കിയേനെ.’ വീണ്ടും െഎ.എസ്.ആർ.ഒയുടെ പ്രയത്നങ്ങളെ പുകഴ്ത്തുേമ്പാൾ ആ 72കാരെൻറ കണ്ണുകളിൽ തിളക്കം. രണ്ടുമണിക്കൂർ അങ്ങനെ. യാത്രപറഞ്ഞ് പടിയിറങ്ങുേമ്പാൾ പിന്നിൽനിന്നും വിളിച്ചു ‘എെൻറ കഥ എഴുതാമോ?
എെൻറ അച്ഛെൻറ പ്രായമാണ് നമ്പി നാരായണന്. നമ്മൾ ഒരേ നഗരത്തിൽ ജീവിച്ചിരുന്നു -ഞാൻ 1995ൽ ഹൈദരാബാദിന് തീവണ്ടി കയറുംവരെ. പക്ഷേ, ഇന്നാദ്യമായാണ് തമ്മിൽ കണ്ട് സംസാരിക്കുന്നത്.
‘എന്നെ കൊണ്ടാവുമോ എന്നറിയില്ല.’
‘ശ്രമിച്ചുകൂടേ?’
‘ആവാം.’
ചെന്നൈ ന്യൂസ് റൂമിൽ തിരിച്ചെത്തിയ ഞാൻ നിയോഗം മറന്നു. പലതവണ തമ്മിൽ ഫോണിൽ സംസാരിച്ചെങ്കിലും ഞാൻ എഴുതി തുടങ്ങിയില്ല. മാസങ്ങൾക്കുശേഷം 2014 പുതുവർഷം ആഘോഷിക്കാൻ കുടുംബവും കൂട്ടുകാരുമായി ഗോവയിൽ ഇരിക്കുേമ്പാൾ കോൾ വന്നു.
‘ ഹേയ്, അരുൺ കാൻ യൂ റൈറ്റ് ഇറ്റ്? യുഹാവ് ടുടെൽ മി നൗ ’- നമ്പി നാരായണൻ കുപിതനായിരുന്നു.
ഫോൺ അടക്കിപ്പിടിച്ച്, അടുത്തിരുന്ന സുഹൃത്തിനോട് കാര്യം പറഞ്ഞു. അവൻ തലകുലുക്കി.
‘െഎ വിൽ ഡു ഇറ്റ്’ -ഞാൻ വാക്കുകൊടുത്തു.
ആഘോഷപ്പിറ്റേന്ന് ലഹരി ഇറങ്ങിയപ്പോൾ യാഥാർഥ്യം തെളിഞ്ഞു: ആത്മകഥയാണ്. ഞാൻ നമ്പിയാവണം.
തന്മയീഭാവം വരണം. പറ്റുമോ?
വീണ്ടും മാസങ്ങൾക്കുശേഷമാണ് അദ്ദേഹത്തെ കണ്ടത്. ‘ഒരു അധ്യായം എഴുതി നോക്കാം’- ഞാൻ പറഞ്ഞു. ‘എനിക്ക് നിങ്ങളായി എഴുതാൻ കഴിഞ്ഞില്ലെങ്കിൽ ഉപേക്ഷിക്കാം’- സമ്മതിച്ചു.
ആമുഖം എഴുതി പൂർത്തിയാക്കിയപ്പോൾ എനിക്ക് ധൈര്യം.
അയച്ചുകൊടുത്തു.
‘കൊള്ളാം, തുടരാമോ?’
തുടർന്നു.
പത്രപ്രവർത്തനത്തിൽനിന്ന് രണ്ടോ മൂന്നോ മാസത്തിലൊരിക്കൽ 15 ദിവസം അവധിയെടുത്ത് തിരുവനന്തപുരത്ത് നമ്പി നാരായണെൻറ വീട്ടിൽ. പലപ്പോഴും അദ്ദേഹം െചന്നൈയിലേക്കും പറന്നു. രാവിലെ മുതൽ ഉച്ചവരെ അദ്ദേഹം കഥ പറയും. രാത്രി വരെ ഞാൻ എഴുതും. ചിലപ്പോൾ പത്തിരുപത് മിനിറ്റ് നിർത്താതെ കഥ പറഞ്ഞിട്ട് നമ്പി ചോദിക്കും: ‘സംശയം ഒന്നുമില്ലേ?’
ആയിരം സംശയങ്ങൾ അക്കമിട്ടു തീർത്തു തന്നു.
അഞ്ചു പതിറ്റാണ്ടിൻറ െഎ.എസ്.ആർ.ഒ കഥകൾ വള്ളിപുള്ളി വിടാതെ നമ്പിയുടെ നാവിൽനിന്ന് ചുരുളഴിയുേമ്പാൾ ചിലപ്പോഴൊക്കെ ഞാൻ ചിന്തിച്ചു: ‘എന്തിനാണ് ഇദ്ദേഹത്തിന് എന്നെപ്പോലെ ഒരു സഹായി?’
‘വ്യാസെൻറ ഗണപതിയാണോ ഞാൻ?’ ഒരിക്കൽ ഞാൻ ചോദിച്ചു: ‘അതോ ഗൂഗ്ൾ പറയുന്നതുപോലെ എഴുത്തുപകരണമോ?’
നമ്പി ചിരിച്ചു: ‘ ഗൂഗ്ൾ വേണ്ട, ഗണപതി മതി.’
‘അതിനുകാരണമുണ്ട്’ -നമ്പി തുടർന്നു: ‘ചാല കേമ്പാളത്തിലെ പലവ്യഞ്ജനക്കടക്കാരൻ ഗണപതി പിള്ളയാണ് ഒരു തരത്തിൽ പറഞ്ഞാൽ എന്നെ ബഹിരാകാശ ശാസ്ത്രജ്ഞനാക്കിയത്’. ഉപകഥ ഇങ്ങനെ: പലവ്യജ്ഞനം പൊതിഞ്ഞുവന്ന പത്രക്കടലാസ് വലിച്ചെറിയാൻ ഒരുങ്ങുേമ്പാൾ അതിൽകണ്ട ഒരു പരസ്യം: ‘തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ ഇൻവൈറ്റ്സ് ആപ്ലിക്കേഷൻസ് ടു ദ പോസ്റ്റ് ഒാഫ് ടെക്നിക്കൽ അസിസ്റ്റൻറ്(ഡിസൈൻ). ക്വാളിഫിക്കേഷൻ: ഡിഗ്രി ഇൻ മെക്കാനിക്കൽ എൻജിനീയറിങ് വിത്ത് ഫസ്റ്റ് ക്ലാസ്. എ.പി.ജെ. അബ്ദുൽ കലാം അടങ്ങുന്ന ഇൻറർവ്യൂ ബോർഡ് നമ്പി നാരായണനെ തിരഞ്ഞെടുത്തു.
‘ആ കടലാസു തുണ്ട് എെൻറ കൈയിൽ വന്ന ദിവസം സെപ്റ്റംബർ 4, 1966. എട്ടു ദിവസത്തിനുശേഷം സെപ്റ്റംബർ 12ാം തീയതി 650 രൂപ ശമ്പളത്തിന് ഞാൻ സാരാഭായിയുടെ സ്വപ്നം പങ്കുവെക്കാൻ തുടങ്ങി.’ -നമ്പി പറയുേമ്പാൾ ആ ഒാർമശക്തിക്കു മുന്നിൽ പ്രണമിച്ചു.
ആത്മകഥ രണ്ടു പുസ്തകങ്ങളായായിരുന്നു അദ്ദേഹത്തിെൻറ മനസ്സിൽ -ഇംഗ്ലീഷിലും മലയാളത്തിലും ഒാരോന്ന്. ഞാൻ ഇംഗ്ലീഷിൽ എഴുതുേമ്പാൾ സമാന്തരമായി മലയാളത്തിൽ മാധ്യമപ്രവർത്തകനും പിന്നീട് സിനിമ സംവിധായകനുമായ ജി. പ്രജേഷ് സെൻ പണിപ്പുരയിൽ. ഭാഷയുടെ കരുത്തും വൈകാരികതയും വിവർത്തനത്തിൽ നഷ്ടപ്പെടരുത് എന്നതായിരുന്നു ഉദ്ദേശ്യം.
പ്രജേഷും ഞാനും നമ്പി നാരായണനൊപ്പം മാസങ്ങൾ ചെലവഴിച്ചു, ഒരുമിച്ച് യാത്ര ചെയ്തു. എങ്കിലും എഴുതി കഴിയുന്നതുവരെ ഞങ്ങൾ പരസ്പരം കുറിപ്പുകൾ പങ്കുവെച്ചില്ല. ഒടുവിൽ രണ്ടു പുസ്തകങ്ങളും പുറത്തുവന്നപ്പോൾ സാദൃശ്യങ്ങൾ യാദൃച്ഛികമായിരുന്നില്ല -നാലു വർഷത്തോളം പ്രജേഷും ഞാനും നമ്പി നാരായണനായി മാറിയിരുന്നു, എഴുതുന്ന വേളകളിലെങ്കിലും.
ഞങ്ങൾ മൂന്നുപേരും ഒരുമിച്ച് നടത്തിയ നിരവധി യാത്രകളിൽ മറക്കാനാവാത്തത് 2014 ഒക്ടോബറിൽ സന്ദർശിച്ച ഫ്രാൻസിലെ വെർണോൺ. 1975 മുതൽ 1980 വരെ നമ്പി നാരായണെൻറ നേതൃത്വത്തിൽ അമ്പതോളം െഎ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ ഫ്രഞ്ച് ശാസ്ത്രജ്ഞരുമായി ചേർന്ന് വികാസ്-വൈകിങ് എന്ന ലിക്വിഡ് പ്രൊപൽഷൻ എൻജിൻ വികസിപ്പിെച്ചടുത്തത് ഇവിടെയാണ്.
നാൽപതുവർഷം പഴക്കമുള്ള ഒാർമകൾ നുണഞ്ഞ് നമ്പി നാരായണൻ വെർണോണിലെ റോക്കറ്റ് ലാബിൽനിന്നിറങ്ങുേമ്പാൾ അവിടെ അങ്കണത്തിൽ ഫ്രഞ്ച് പതാകയോടൊപ്പം ഇന്ത്യയുടെ ദേശീയ പതാകയും പാറിപ്പറന്നിരുന്നു. കാര്യം ചോദിച്ചപ്പോൾ ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു: ‘ ടുഡെ വി ഹാവ് എ റിനൗൺഡ് ഇന്ത്യൻ സയൻറിസ്റ്റ് ഏസ് അവർ ഗെസ്റ്റ്, ഹിസ് നെയിം ഇൗസ് നമ്പി നാരായണൻ.
പുസ്തകം 1994ൽ എത്തിനിൽക്കുേമ്പാൾ എഴുതാനിരുന്നത് പ്രധാനമായും രണ്ടു കാര്യങ്ങൾ. ഒന്ന്, ഇന്ത്യയുടെ പി.എസ്.എൽ.വി വിജയം; രണ്ട്, നമ്പി നാരായണെൻറ അറസ്റ്റ്.
പുസ്തകത്തിന് പേരിട്ടു: റെഡി ടു ഫയർ.
പകലുകളും രാത്രികളും നമ്പി നാരായണെൻറ വീട്ടിലിരുന്ന് സംസാരിക്കുേമ്പാൾ ഞാനറിഞ്ഞ ഒരു നൊമ്പരം അദ്ദേഹത്തിെൻറ ഭാര്യയുടെയും കൂടിയായിരുന്നു -അടുക്കളയിലും പൂജാമുറിയിലുമായി നിശ്ശബ്ദമായി സ്വയം ഹോമിച്ച മീന എന്ന ആ അമ്മയുടെ കഥ മറ്റാരെങ്കിലും എഴുതിയേക്കും. എഴുതി പൂർത്തിയാക്കിയപ്പോൾ ആ അമ്മ എനിക്കൊരു ദിവസം തന്നത് കൊഴുക്കട്ട. ഗണപതിക്കു വേറെന്തു കൊടുക്കാൻ!
•••
ഇൗ സെപ്റ്റംബർ 14ാം തീയതി വന്ന സുപ്രീംകോടതി വിധി 24 വർഷത്തെ ഒരു ധർമയുദ്ധത്തിെൻറ പര്യവസാനമല്ല -ആരൊക്കെയാണ്, എന്തിനുവേണ്ടിയായിരുന്നു രണ്ടു ശാസ്ത്രജ്ഞന്മാരുടെയും മറ്റു അഞ്ചുപേരുടെയും ജീവിതവും ഒരു രാജ്യത്തിെൻറ സ്വപ്നസാക്ഷാത്കാരത്തെയും മുറിപ്പെടുത്തിയതെന്ന അന്വേഷണത്തിെൻറ തുടക്കമാവെട്ട അത്. ആ ഗൂഢാലോചനക്ക് കൂട്ടുനിന്നവരും നമ്പി നാരായണെൻറ നെഞ്ചിൽ മുഷ്ടിയമർത്തിയവരും ഒാർക്കാൻ ഒരു മുത്തശ്ശിക്കഥ: അറബിക്കടൽ കരയിൽ ഒരു മാടൻ ഉയർന്നിട്ടുണ്ട്. അടിച്ചിടും.
(ടൈംസ് ഒാഫ് ഇന്ത്യ ചെന്നൈ െറസിഡൻറ് എഡിറ്ററായ ലേഖകൻ ‘റെഡി ടു ഫയർ’ എന്ന കൃതിയുടെ കർത്താവാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.