സമരചരിത്ര വഴികളെ മറക്കാതിരിക്കാം
text_fields100 വര്‍ഷങ്ങള്‍ക്കിപ്പുറവും ഒരു സത്യഗ്രഹ സമരവും അതുണ്ടാക്കിയ സാമൂഹിക ചലനങ്ങളും അണയാ ജ്വാലയായി, നിത്യപ്രചോദനമായി, ദീപ്ത സ്മരണയായി തുടരുന്നു. വൈക്കം മഹാദേവ ക്ഷേത്ര മതില്‍ക്കെട്ടിനുചുറ്റുമുള്ള പൊതുനിരത്തുകളില്‍ ‘അവര്‍ണ’രെന്ന് മുദ്രകുത്തി, നൂറ്റാണ്ടുകളായി മാറ്റിനിര്‍ത്തപ്പെട്ട സാധാരണക്കാരായ മനുഷ്യര്‍ക്കുവേണ്ടി നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ വിജയകരമായ പരിസമാപ്തിയിലാണ് തീണ്ടൽപലക വലിച്ചെറിയപ്പെട്ടത്.
കോണ്‍ഗ്രസിന്റെ ത്യാഗോജ്ജ്വല സമരചരിത്രത്തിലെ ഏറ്റവും മഹത്തരമായ ഒരേടാണ് വൈക്കം സത്യഗ്രഹം. കോണ്‍ഗ്രസ് നേതൃനിരയിലെ ശക്തനും നിത്യസ്മരണീയനുമായ ടി.കെ. മാധവന്‍ ഗാന്ധിജിയുമായി 1921ല്‍ നടന്ന കൂടിക്കാഴ്ചയാണ് രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങളുടെയാകെ അവകാശപ്പോരാട്ടങ്ങളുടെ ആദ്യ കാല്‍വെപ്പായ വൈക്കം സത്യഗ്രഹ സമരത്തിലേക്ക് നയിച്ചത്.
1923ലെ കാക്കിനാഡ സമ്മേളന ശേഷം അഖിലേന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി കാര്യപരിപാടി തയാറാക്കുകയും പ്രൊവിന്‍ഷ്യല്‍ കോണ്‍ഗ്രസ് കമ്മിറ്റികളോട് അയിത്തോച്ചാടനത്തിനായി പ്രവര്‍ത്തിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
1924 ജനുവരിയില്‍ എറണാകുളത്ത് അയിത്തോച്ചാടന പ്രചാരണ കമ്മിറ്റി രൂപവത്കരിച്ചു. മഹാത്മ ഗാന്ധിയുടെ അനുമതിയോടെ 1924 മാര്‍ച്ച് 30ന് വൈക്കം സത്യഗ്രഹം ആരംഭിച്ചു. ക്ഷേത്രപ്രവേശനമെന്ന വന്‍സാമൂഹിക മുന്നേറ്റത്തിനാണ് വൈക്കത്ത് തുടക്കമായത്. ടി.കെ. മാധവനൊപ്പം കെ. കേളപ്പന്‍, കെ.പി കേശവമേനോന്‍, ബാരിസ്റ്റര്‍ എ.കെ. പിള്ള എന്നിവരും മുന്‍നിരയില്‍ നിന്നു. സി. രാജഗോപാലാചാരി, ആചാര്യ വിനോബ ഭാവെ, പെരിയാർ ഇ.വി രാമസ്വാമി നായ്ക്കര്‍ എന്നീ ദേശീയ നേതാക്കള്‍ വൈക്കത്തെത്തി.
മന്നത്തു പത്മനാഭന്‍ നയിച്ച സവര്‍ണ ജാഥ സമരഗതിക്ക് വന്‍ കുതിപ്പ് പകര്‍ന്നു. സഹനസമരമെന്ന രാഷ്ട്രീയ ആയുധത്തിന്റെ ശക്തിയും ആയിരമായിരം സമരഭടന്മാരുടെ ത്യാഗവും ഒറ്റ ജ്വാലയായി ഉയര്‍ന്നു, അത് നാടാകെ പടര്‍ന്നു. ജാതിവെറിയുടെ ഇരയായ ചിറ്റേടത്തു ശങ്കുപ്പിള്ളയെന്ന ധീര രക്തസാക്ഷിക്ക് ആയിരം പ്രണാമം.
1924ല്‍ സത്യഗ്രഹ സ്ഥലത്ത് ശ്രീനാരായണ ഗുരുദേവനെത്തി. 1925 മാര്‍ച്ചില്‍ മഹാത്മജിയും. ആധുനിക ഭാരതത്തിലെ ഏറ്റവും വലിയ രണ്ടു മഹാത്മാക്കളുടെ ചിന്താവെളിച്ചം മനസ്സുകളിലെ ഇരുട്ടകറ്റി. തീണ്ടല്പലക വലിച്ചറിഞ്ഞ ആ സമര വിജയമാണ് ആധുനിക കേരളത്തെയും ക്ഷേത്ര പ്രവേശനമെന്ന മഹത്തായ തീരുമാനത്തെയും സൃഷ്ടിച്ചതും ഉറപ്പിച്ചതും നിലനിര്‍ത്തിയതും.
ഉജ്ജ്വലമായ ആ പോരാട്ടവീര്യവും സഹനസമര പാരമ്പര്യവും രാജ്യത്തെ വിഴുങ്ങുന്ന സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരായ പോരാട്ടത്തിലും നമുക്ക് കരുത്താകണം. വൈക്കത്തുയര്‍ന്ന തീജ്ജ്വാലയുടെ കെടാത്ത ശതവര്‍ഷത്തെ സാക്ഷിയാക്കി നമുക്ക് പ്രതിജ്ഞ ചെയ്യണം. ഇന്ത്യക്കായി, ജനാധിപത്യത്തിനായി, തുല്യതക്കായി, സ്വാതന്ത്ര്യത്തിനായി, അക്ഷീണം അണുകിട വിട്ടുകൊടുക്കാതെ പോരാടുമെന്ന്. അതാണ് രാജ്യം ഈ അവസരത്തില്‍ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.