Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവനംമന്ത്രിക്ക് കസേര...

വനംമന്ത്രിക്ക് കസേര നിലനിർത്തണം, കുടിയേറ്റ കർഷകർക്ക്​ ജീവനും; വനത്തിലും വനംവകുപ്പിലും അതിജീവനപോരാട്ടം

text_fields
bookmark_border
forest 98798
cancel

കേരളത്തിന്‍റെ കാടുകളിൽ കനത്ത പോരാട്ടം നടക്കുകയാണ്​. കാടുഭരിക്കുന്ന മന്ത്രിക്ക്​ സ്ഥാനംപോകുമോയെന്ന ഭീതി. കാടോരത്തു ജീവിക്കുന്ന കർഷകർക്ക്​ ജീവൻ പോകുമെന്ന ഭീഷണി. കസേരയിലിരിക്കുന്ന മ​ന്ത്രിക്ക്​ ഇറങ്ങിപ്പോകാൻ മനസില്ല. കാടിറങ്ങിയ കാട്ടുപോത്തിനും കാട്ടാനക്കും കാടുകയറിയ കൈയ്യേറ്റക്കാർക്കും തിരിച്ചുപോകാൻ പ്ലാനില്ല. രാവിലെ കൃഷിക്കിറങ്ങിയാൽ വൈകീട്ട്​ വീട്ടിലെത്തുമെന്ന്​ കൃഷിക്കാരനു ഉറപ്പില്ല. ചുരുക്കത്തിൽ യുദ്ധകാലത്തെ രാജ്യാതിർത്തിയെക്കാൾ കഷ്ടമാണ്​ നമ്മുടെ കൊച്ചുസംസ്ഥാനത്തെ കാട്ടതിരുകൾ.

വനംവകുപ്പിലെ സുപ്രധാന തീരുമാനങ്ങളെടുക്കാനുള്ള ഫയലുകൾ ഐ.എഫ്.എസ് ഉദ്യോഗസ്​ഥർ മാസങ്ങളോളം താമസിപ്പിക്കാൻ തുടങ്ങിയതോടെ വനം മന്ത്രി ചീഫ് സെക്രട്ടറിയെ സമീപിച്ച്​ പരാതി പറയേണ്ട​ സ്ഥിതി വരെയെത്തി. വനംമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് അംഗീകരിച്ച തീരുമാനങ്ങൾ പോലും നടപ്പിലാക്കാതെ വരുന്ന നിലവിലെ സാഹചര്യത്തിൽ വനംമന്ത്രിക്ക്​ കാടുകയറുന്നതാണ്​ ഭേദം.

പശ്ചിമ ഘട്ടത്തിൽ ഇടതുമുന്നണിക്കെതിരെ ജനരോഷം ആളിക്കത്തിക്കൊണ്ടിരിക്കുന്ന നിർദ്ദിഷ്​ട സംസ്​ഥാന വനനിയമ ഭേദഗതി 2024 ബില്ലിന് പിന്നിൽ സീനിയർ ഐ.എഫ്.എസ് ഉദ്യോഗസ്​ഥനാണെന്ന് ആരോപണമുണ്ട്​. ഇടുക്കിയിൽ സി.എച്ച്.ആർ ഭൂമിയിലെ പട്ടയം നൽകൽ 2024 ഒക്ടോബർ നാലിനു സ്റ്റേ ചെയ്ത നടപടിക്ക് പിന്നിലും ഇദ്ദേഹത്തിന് സ്വാധീനമുണ്ട്. കറതീർന്ന കർഷക പാർട്ടിയായി പരിലസിക്കുന്ന കേരളാ കോൺഗ്രസ്​ എം ഭരണമുന്നണിയിലായിട്ടും അതിന്‍റെ ചെയർമാൻ ജോസ്​ കെ. മാണിക്കു വനംവകുപ്പിലെ ഐ.എഫ്.എസ് ഉദ്യോഗസ്ഥർക്കെതിരെ പരസ്യ നിലപാടെടുക്കേണ്ടിവന്നത്​ കുടിയേറ്റ ജനതയുടെ സമ്മർദം മൂലമാണ്.

കാടിനേക്കാൾ വേഗം വളരുന്ന വനംവകുപ്പ്​

തിരുവിതാംകൂറും കൊച്ചിയും ഒന്നിച്ച 1949 ആഗസ്റ്റ്​ ഒന്നിനു സംസ്ഥാന വനംവകുപ്പിന് എട്ട് വനം ഡിവിഷനുകളാണുണ്ടായിരുന്നത്. തിരുവനന്തപുരം, ചെങ്കോട്ട (ഇപ്പോൾ തമിഴ്നാട്ടിൽ), കോന്നി, കോട്ടയം, മലയാറ്റൂർ, ചാലക്കുടി, തൃശ്ശൂർ. 1950ൽ ഈ എട്ട് ഡിവിഷനുകളെ കൊല്ലത്തും തൃശ്ശൂരിലും രണ്ട് ടെറിട്ടോറിയൽ ഡിവിഷനുകളുടെ കീഴിലാക്കി. മലബാർ കേരളത്തിന്റെ ഭാഗമായപ്പോൾ മലബാറിലെ വനം കൂടി വനംവകുപ്പിന്റെ പക്കലെത്തി. ഇതോടെ കൊല്ലം, ചാലക്കുടി, കോഴിക്കോട് എന്നിങ്ങനെ മൂന്നു ടെറിട്ടോറിയൽ സർക്കിളുകളായി. 1958 ജൂൺ 27 ലെ ജി.ഒ. (എം.എസ്​.) നം. 683/കൃഷി–വനം എ ഉത്തരവിലൂടെ അന്നുവരെയുണ്ടായിരുന്ന വനാതിർത്തികളും വനം മാപ്പും മറ്റ് വിശദാംശങ്ങളും നോട്ടിഫൈ ചെയ്തു. 1958ലെ സംസ്​ഥാനത്തെ വനത്തിന്റെ വിശദാംശങ്ങൾ ഈ സർക്കാർ ഉത്തരവിലുണ്ട്. പിന്നീട് കൂടുതൽ ഉദ്യോഗസ്​ഥരെ കുടിയിരുത്താൻ വനംവകുപ്പ് വലിയ തോതിൽ വളർന്നു.

കേരളത്തിലെ 7249 വനം ജീവനക്കാരെ തന്നെ 101 വിഭാഗങ്ങളായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഇതിൽ ഐ.എഫ്.എസ്​ എന്ന അഖിലേന്ത്യാ വിഭാഗത്തിൽ അഞ്ചു പി.സി.എഫ് (പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്), ആറ്​ എ.പി.സി.സി.എഫ് (അഡീഷണൽ (പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്), 11 സി.സി.എഫ് (ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്), 13 സി.എഫ് (കണസർവേറ്റർ ഓഫ് ഫോറസ്റ്റ്), 35 ഡി.സി.എഫ് (ഐ.എഫ്.എസ്​. കേഡറിലുള്ള ഡപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്) എന്നിവരടക്കം 70 പേർ ജോലി ചെയ്യുന്നു. അതിൽ 50 പേർ അഖിലേന്ത്യാ സർവിസ്​ ഉദ്യോഗസ്​ഥരാണ്. സംസ്​ഥാനതല വനവിസ്​തൃതി പരിശോധിച്ചാൽ ഏറ്റവും കൂടുതൽ അഖിലേന്ത്യാ ഉദ്യോഗസ്​ഥർ പണിയെടുക്കുന്നത് കേരളത്തിലാണ്.

സാമൂഹിക വനവത്​ക്കരണ വിഭാഗം വനംവകുപ്പിലെ ഏറ്റവും വലിയ അഴിമതി വിഭാഗം?

കേരളത്തിന്‍റെ മണ്ണിൽ വനംവകുപ്പിനേക്കാൾ വനാവരണം സൃഷ്​ടിക്കുന്നത്​ കർഷകരാണ്​. സംസ്ഥാനത്തിന്‍റെ ആകെ ഭൂവിസ്​തൃതിയുടെ 54.7 ശതമാനം മരങ്ങളുണ്ട്​. മരം വെച്ചുപിടിപ്പിക്കുന്നതിന് സ്ഥാപിച്ച സാമൂഹിക വനവത്​ക്കരണ വിഭാഗം ആണ് വനംവകുപ്പിലെ ഏറ്റവും വലിയ അഴിമതി വിഭാഗമായി അറിയപ്പെടുന്നത്​. മൂന്നു സർക്കിൾ ഓഫിസുകൾ, 17 ഡിവിഷനുകൾ, 32 റേഞ്ചുകൾ എന്നിങ്ങനെ ഒരു ഭീമാകാരമായ സംവിധാനമാണിത്​. മൂന്ന് ഐ.എഫ്.എസുകാരാണ് കൊല്ലത്തും എറണാകുളത്തും കോഴിക്കോട്ടുമിരുന്ന് സാമൂഹിക വനവത്കരണത്തെ നയിക്കുന്നത്.

കഴിഞ്ഞ 10 വർഷം സാമൂഹിക വനവത്കരണവിഭാഗം നട്ട മരങ്ങളിൽ എത്രയെണ്ണം ഇന്നും വളരുന്നു എന്നതിന്റെ കണക്കെടുക്കണം, പദ്ധതിയെക്കുറിച്ച്​ ഉന്നതതല വിജിലൻസ്​ അന്വേഷണം നടത്തണം, സാമൂഹ്യ വനവത്കരണ വിഭാഗത്തിലെ ജീവനക്കാരെ മൊത്തത്തിൽ വന്യജീവി നിയന്ത്രണ വിഭാഗത്തിലേക്ക് നീക്കണം, സാമൂഹിക വനവത്കരണ ഫണ്ട് പഞ്ചായത്തുകൾക്ക് കൈമാറി മരം നടീൽ തദ്ദേശസ്വയംഭരണ ഉത്തരവാദിത്വമാക്കണം, നിലവിലെ മരപരിപാലന നിയമങ്ങൾ സമൂലം പരിഷ്കരിക്കണം, മരപരിപാലനത്തിൽ മരങ്ങൾ നട്ടുവളർത്തുന്ന കർഷകർക്കും പഞ്ചായത്തുതല പ്രതിനിധികൾക്കുമായിരിക്കണം നിയന്ത്രണം എന്നൊക്കെ കർഷകസംഘടനകളുടെ ഭാഗത്തുനിന്നു കാലകാലങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും വനരോദനമായി അവസാനിക്കുകയാണു പതിവ്.

2021 വരെ 12 ഘട്ടങ്ങളിലായി 8.3 കോടി മരതൈകൾ സാമൂഹിക വനവൽക്കരണ വകുപ്പ് കേരളത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ എത്രയെണ്ണം മരമായി എന്ന കണക്കില്ല. എന്നാൽ, കർഷകർക്ക് മരങ്ങൾ നടുന്നതിനായി സാമ്പത്തിക പിന്തുണ നൽകുന്ന വനംവകുപ്പിന്റെ പദ്ധതിയിൽ മിനിമം 50 മരങ്ങൾ നടുന്ന കർഷകർക്ക് മരം ഒന്നിന് 50 രൂപ വീതം സഹായം നൽകും. 200 മരങ്ങൾ വരെ 50 രൂപ മരമൊന്നിന് കിട്ടും. 201–400 മരങ്ങളാണെങ്കിൽ മരമൊന്നിന് 40 രൂപയും 401–625 മരങ്ങൾക്ക് മരമൊന്നിന് 30 രൂപയും കർഷകർക്ക് നൽകുന്നതാണ് പദ്ധതി. പക്ഷേ, ഇത് നടപ്പാക്കാൻ വനം വകുപ്പിന് വലിയ താല്പര്യമില്ല. കാരണം അവിടെ അഴിമതിക്ക്​ വലിയ സാധ്യതയില്ല. സാമൂഹിക വനവത്കരണ വിഭാഗം അടച്ചു പൂട്ടി ഈ പദ്ധതി പൂർണമായി പഞ്ചായത്തുകളെ ഏൽപിക്കണമെന്നാണ് കർഷകരുടെ പ്രധാന ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forestforest department
News Summary - Struggle for survival in forest and forest department
Next Story