Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅൺ എയ്ഡഡ് സ്​കൂളിനെ...

അൺ എയ്ഡഡ് സ്​കൂളിനെ വെട്ടു​േമ്പാൾ മുറിവേൽക്കുന്നത്​ വിദ്യാർഥികൾക്കാണ്​

text_fields
bookmark_border
unaided school students
cancel

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ അൺ എയ്ഡഡ് സ്ഥാപനങ്ങൾ ചെയ്​തുകൊണ്ടിരിക്കുന്ന സംഭാവന എടുത്തു പറഞ്ഞ വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് സന്തോഷം പകരുന്നതാണ്. സംസ്ഥാനത്ത് മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന നിരവധി അൺ എയ്ഡഡ് സ്ഥാപനങ്ങൾ ഉണ്ട് എന്നു മന്ത്രി പറയുന്നു. അവക്ക്​ മങ്ങലേൽപിക്കുന്ന പ്രവർത്തനങ്ങളുമായി ചില അൺ എയ്ഡഡ് മാനേജ്മെൻറുകൾ മുന്നോട്ടു പോകുന്നുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യമെന്തെന്ന് മനസ്സിലാക്കിവേണം അവ പ്രവർത്തിക്കാനെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചിട്ടിട്ടുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ മേഖലയുടെ പങ്ക് തിരിച്ചറിഞ്ഞ് എല്ലാ സർക്കാറുകളും നിബന്ധനകൾക്ക് വിധേയമായി സ്ഥാപനങ്ങൾ അനുവദിക്കാറുണ്ട്. പക്ഷേ, ഈ സ്ഥാപനങ്ങളെ ശ്വാസം മുട്ടിക്കുന്ന നിർദേശങ്ങളും നടപടിക്രമങ്ങളുമായി മുന്നോട്ടുനീങ്ങുന്ന ഒരു ഉദ്യോഗസ്ഥ അമിതാധികാര പ്രയോഗം കൂടി ഇവിടെ നടക്കുന്നുണ്ട് എന്നതാണ് പ്രശ്നം.

കച്ചവടമല്ലിത്​ സാമൂഹിക ദൗത്യം

പ്രവർത്തനത്തിനായി സർക്കാറിൽനിന്ന് ചില്ലിക്കാശുപോലും ലഭിക്കാത്തതിനാൽ പൂർണ സൗജന്യം നൽകാൻ അൺ എയ്ഡഡ് സ്​കൂളുകൾക്ക് ആവുന്നില്ല എന്നതു നേരാണ്. ആവർത്തനച്ചെലവുകൾക്ക് വേണ്ട ഫീസ് ഈടാക്കാമെന്ന നിരവധി കോടതി വിധികളിലൂടെ സ്ഥിരപ്പെടുത്തിയ ചട്ടക്കൂടുകളുടെ പരിധിക്കുള്ളിലാണ് ഇവ പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ ശമ്പളംപോലും കൊടുക്കാൻ തികയുന്ന ഫീസ് ഘടന വളരെ അപൂർവം സ്​കൂളുകളിൽ മാത്രമാണ് കോവിഡ് പൂർവകാലത്തുപോലും ഉണ്ടായിട്ടുള്ളൂ.

തങ്ങൾക്ക് ലഭിക്കാതെപോയ ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം മക്കൾക്കെങ്കിലും ലഭിക്കണമെന്ന്​ ആഗ്രഹിക്കുന്ന സാമ്പത്തികമായി ഇടത്തരമോ താഴേത്തട്ടിലോ ഉള്ള രക്ഷിതാക്കളാണ്​ കുട്ടികളെ അവിടെ ചേർക്കുന്നത്​. സന്നദ്ധസംഘടനകളും പള്ളികളും നടത്തുന്ന സ്​കൂളുകളിൽ പൂർണ സൗജന്യം വരെയെത്തുന്ന ഫീസിളവുകൾ നൽകപ്പെടുന്നുണ്ട്. സർക്കാറിൽനിന്ന് ശമ്പളം പറ്റുമ്പോൾതന്നെ നിയമനത്തിന് ലക്ഷങ്ങൾ വാങ്ങുന്ന എയ്ഡഡ് സ്ഥാപനങ്ങൾ അകത്തും കുട്ടികളിൽ നിന്ന് രസീത്​ കൊടുത്ത് ഫീസ് വാങ്ങുന്ന അൺ എയ്ഡഡ് സ്​കൂളുകൾ പുറത്തുമാകുന്ന കൗതുകകരമായ ഒരു പൊതുമേഖലാ നിർവചനമാണല്ലോ നമുക്കുള്ളത്. അതു മാറ്റി എല്ലാവർക്കും വിദ്യാഭ്യാസം എന്ന ദൗത്യത്തിന് പൂരകമായി പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ കൂടി പൊതു സേവനമായി കാണേണ്ടതുണ്ട്.

പോരായ്​മകൾ അവിടെയുമുണ്ട്​

ഇംഗ്ലീഷ് മീഡിയമെന്ന ആഗ്രഹത്തോടൊപ്പം സർക്കാർ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥത കൂടിയായിരുന്നു തൊണ്ണൂറുകളിൽ രക്ഷിതാക്കളെ സ്വകാര്യ സ്​കൂളുകളിലേക്കെത്തിച്ചിരുന്നത്. ഇപ്പോൾ സൗകര്യങ്ങളിലും പരിശീലനത്തുടർച്ചയുള്ള അധ്യാപകരുടെ ലഭ്യതയിലും സർക്കാർ സ്​കൂളുകൾ മുന്നോട്ടുപോയിട്ടുണ്ട്. പക്ഷേ, ഭൗതിക സൗകര്യങ്ങൾക്കപ്പുറത്ത് ഉള്ളടക്കത്തിന്റെയും ലക്ഷ്യനിർവഹണത്തി​ന്‍റെയും കാര്യത്തിൽ ഈ സ്​കൂളുകൾ ഒരുപാട് കാതങ്ങൾ ഇനിയും പോവാനുണ്ട് എന്നാണ് കൊറോണക്കാലം പറഞ്ഞുതരുന്നത്​. വൻ പ്രചാരണത്തോടെ ആരംഭിച്ച വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ മലയാളം മീഡിയം വിദ്യാർഥികൾക്കുള്ളതായിരുന്നു. തുടക്കത്തിലെ ഹൈപ്പുകൾക്കപ്പുറത്ത് പഠനപ്രവർത്തനങ്ങളൊന്നും കാര്യമായി നടക്കാത്ത 'സീറോ ഇയർ' ആയാണ് സർക്കാർ എയ്ഡഡ് മേഖലയിലെ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും കഴിഞ്ഞ വർഷം അനുഭവപ്പെട്ടത്. കഴിവുറ്റ അധ്യാപകരുടെ ഒരു പടതന്നെയുണ്ടായിട്ടും 2020-21 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ് ഓൺ ലൈനിൽ കൊടുക്കാൻ കഴിയാഞ്ഞത് വലിയ പോരായ്​മ തന്നെ. കേരളത്തിൽ ഈ വർഷം എസ്​.എസ്​.എൽ.സി പരീക്ഷ എഴുതിവരിൽ 51.4 ശതമാനം ഇംഗ്ലീഷ് മീഡിയം വിദ്യാർഥികളാണ് എന്നിരിക്കെയാണ് ഈ അവസ്ഥ.

തൊഴിൽമേഖലയെ അവഗണിക്കരുത്​

വിദ്യാഭ്യാസം നൽകുന്നതിനപ്പുറം പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന ഒന്നുകൂടിയാണ് അൺ എയ്ഡഡ് മേഖല. കോവിഡ് കാലത്ത് കുട്ടികളുടെ ഫീസ് കുറച്ചുകൊടുത്ത സ്​കൂളുക​െളാക്കെയും ജീവനക്കാരുടെ തുച്ഛ ശമ്പളത്തിൽ കുറവുവരുത്തിയാണ് അതു ചെയ്തത്. നിശ്ചയിച്ച അയ്യായിരം ആറായിരം പോലും കൊടുക്കാൻ കഴിയാതെ ജീവനക്കാരെ പിരിച്ചുവിടാനോ അവധിയെടുപ്പിക്കാനോ നിർബന്ധിതരായ സ്​കൂളുകളുണ്ട്. ഇതിനിടയിലാണ് കുറച്ചു കൊടുത്ത ഫീസ് പിരിക്കുന്നതു പോലും ക്രൂരതയായി ചിത്രീകരിച്ചുകൊണ്ട് മാധ്യമ പ്രചാരണം നടക്കുന്നത്. വിദ്യാർഥികളിൽനിന്ന് ഫീസ് വാങ്ങുന്നതിന്റെ പേരിലും അധ്യാപകർക്ക് ശമ്പളം കൊടുക്കാത്തതിന്റെ പേരിലും ഒരേസമയം വിമർശിക്കപ്പെടുന്ന വൈരുധ്യത്തിന്റെ നടുവിലാണ് സ്വകാര്യ സ്​കൂൾ നടത്തിപ്പുകാരുള്ളത്. ക്ലാസുകൾ പഴയ അവസ്ഥയിലേക്ക് മാറുംവരെ സ്വകാര്യ സ്​കൂൾ അധ്യാപകർക്ക് മാസം തോറും 2000 രൂപയും 20 കിലോ ധാന്യവും പ്രഖ്യാപിച്ച തെലങ്കാന സർക്കാർ പദ്ധതി മാതൃകയാക്കി ഒരു സാമൂഹിക സുരക്ഷാ പദ്ധതി കേരളത്തിലും ആവിഷ്കരിക്കേണ്ടതുണ്ട്.

ആളെപ്പിടിക്കാൻ കുറുക്കുവിദ്യകൾ

ഗവൺമെൻറ്​ എയ്ഡഡ് മേഖലയിലെ വിദ്യാഭ്യാസത്തിന് സർക്കാർ വൻ പ്രോത്സാഹനവും പ്രചാരവും നൽകുന്നുണ്ട്. എന്നിട്ടും പഠനത്തുടർച്ച ഉറപ്പുവരുത്താനും ഇംഗ്ലീഷ് മീഡിയം ഉളളടക്കങ്ങൾക്കും നല്ലത് സ്വകാര്യ സ്​കൂളുകളാണ് എന്നതിനാൽ സ്വകാര്യ സ്​കൂളുകളിലേക്ക്​ കുട്ടികൾ ആകർഷിക്കപ്പെടുന്നുണ്ട്. ഇതു തടയാൻ വളഞ്ഞ വഴി സ്വീകരിക്കുകയാണ് ട്രേഡ് യൂനിയൻ - ഉദ്യോഗസ്ഥ ലോബി. അടുത്തിറങ്ങിയ രണ്ട് സർക്കാർ ഉത്തരവുകളുടെ മറവിലാണ് അംഗീകാരമുള്ള സ്വകാര്യ സ്​കൂളുകളെ ഞെരുക്കാൻ ശ്രമിക്കുന്നത്. അംഗീകാരമില്ലാത്ത സ്​കൂളുകളിൽ പഠിച്ചിരുന്ന കുട്ടികളുടെ തുടർ പഠനം ഉറപ്പാക്കാൻ ടി.സിയില്ലാതെ തന്നെ അവർക്ക് അംഗീകാരമുള്ള സ്​കൂളുകളിൽ പ്രവേശനം നൽകാനുള്ള 2021 ജൂൺ 8 ന്റെ ഉത്തരവാണ് ഒന്ന്. ഇതിന് നിയമബലം നൽകുന്ന രീതിയിൽ ജൂൺ 11 ന് ഒരു ഉത്തരവ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പല അൺ എയ്ഡഡ് വിദ്യാലയങ്ങളിൽനിന്ന്​ പൊതുവിദ്യാലയങ്ങളിലേക്കു വരുന്ന കുട്ടികൾക്ക് ടി.സി ലഭിക്കാൻ പ്രയാസം ഉണ്ടാകുന്നുവെങ്കിൽ കുട്ടിയുടെ യു.ഐ.ഡി പുതിയ സ്​കൂളിൽ ഉൾപ്പെടുത്താനായി ബന്ധപ്പെട്ട പ്രഥമാധ്യാപകൻ വിദ്യാഭ്യാസ ഓഫിസർക്ക് അപേക്ഷ നൽകാനാണ് ഉത്തരവ്.

ആവശ്യപ്പെടുന്ന ഒരു കുട്ടിക്കും ടി.സി നിഷേധിക്കാൻ ഒരു സ്​കൂളിനും അവകാശമില്ലെന്നിരിക്കെ അങ്ങനെയാരെങ്കിലും ചെയ്യുന്നെങ്കിൽ അവർക്കെതിരിൽ നടപടി എടുക്കുകയാണ് വേണ്ടത്. അതിനു പകരം എന്തിനാണ് ഈ പിൻവാതിൽ പരിപാടി?

ഫീസ് അടക്കാൻ തയാറായി കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നവരാണ് അൺ എയ്ഡഡ് സ്​കൂളുകളിലെ രക്ഷിതാക്കൾ. ടി.സി ആവശ്യപ്പെടുമ്പോൾ കുട്ടികളെ കഴിഞ്ഞ വർഷം പഠിപ്പിച്ച അധ്യാപകർക്ക് ശമ്പളം നൽകാനായി ഫീസ് കുടിശ്ശിക തീർക്കാൻ സ്വാഭാവികമായും ആവശ്യപ്പെടും. മിക്ക രക്ഷിതാക്കളും സ്​കൂളുകളിൽ ഫീസ് അടക്കുന്നുമുണ്ട്. നിലനിൽപുതന്നെ പ്രതിസന്ധിയിലായ അൺ എയ്ഡഡ് സ്​കൂളുകൾക്ക് കോവിഡ് കാലത്ത് കുറച്ചുകൊടുത്ത ഫീസെങ്കിലും പിരിച്ചെടുക്കാനുള്ള അവസാന കച്ചിത്തുരുമ്പാണ് ടി.സി. ആ തടസ്സവും മാറ്റി കൈറ്റ് ഓഫിസ് വഴി എല്ലാവരുടെയും യു.ഐ.ഡി, ടി.സിയില്ലെങ്കിലും മാറ്റിക്കൊടുക്കുമെന്നു പറയുന്നത് വ്യവസ്ഥകളോടുള്ള വെല്ലുവിളിയാണ്, അതിന് സർക്കാർ കൂട്ടുനിന്നു കൂടാ.

ഇനി, കൈറ്റ് ഓഫിസ് വഴി യു.ഐ.ഡി മാറ്റിക്കൊടുക്കുമെങ്കിൽ അത് അൺ എയ്ഡഡ് സ്​കൂളുകളിൽനിന്ന് വരുന്ന ടി.സികൾക്ക് മാത്രം പരിമിതപ്പെടുത്തുന്നത് എന്തിനാണ്. ടി.സി വാങ്ങാൻ വരുന്ന കുട്ടികളെ നിരുത്സാഹപ്പെടുത്തുന്ന പ്രവണത, കൂടുതലായുള്ളവയാണ് സർക്കാർ നൽകുന്ന ശമ്പളത്തിന്റെ മറവിൽ കോടികൾ നേടുന്ന എയ്ഡഡ് സ്​കൂളുകൾ. അതിനാൽ, ഇപ്രകാരമൊരു നിയമമുണ്ടെങ്കിൽ ഏത് സ്​കൂളിൽനിന്നും മാറുന്ന കുട്ടികൾക്കും ഇതു ബാധകമാക്കണം.

'സമ്പൂർണ പോർട്ടൽ' വഴി ഓൺലൈനിൽ ടി.സിക്ക്​ അപേക്ഷിക്കാനുള്ള സൗകര്യം കോവിഡ് കാലത്ത് ഉപകാരപ്രദമായിരുന്നു. അവിടെയുമുണ്ട് ഈ വിവേചനം. അൺ എയ്ഡഡിലേക്ക് ഓൺലൈൻ വഴി ടി.സി ക്ക് അപേക്ഷിക്കാനാവില്ല. കാരണം, പ്രവേശനം തേടുന്ന സ്​കൂളുകളുടെ ഫീൽഡിൽ സർക്കാർ എയ്ഡഡ് സ്​കൂളുകളുടെ പേരുകൾ മാത്രം വരുന്ന രീതിയിലാണ് ആ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. സ്​കൂളിൽ നേരിട്ടു ചെന്നാൽ മാത്രമേ ഈ കോവിഡ് കാലത്ത് അൺ എയ്ഡഡിലേക്ക്​ ടി.സി കിട്ടൂവെന്നു വരുന്നത് ക്രൂരതയും തികഞ്ഞ വിവേചനവുമാണ്. ഇത് അവസാനിപ്പിക്കണം.

ചുരുക്കമിതാണ്, വിദ്യാഭ്യാസ രംഗത്ത് സ്വകാര്യമേഖല വഹിച്ച പങ്കിനെ അംഗീകരിക്കുന്ന മന്ത്രിയിൽനിന്ന് അതിനനുസൃതമായ തുറന്ന സമീപനം കൂടി കേരള സമൂഹം പ്രതീക്ഷിക്കുന്നുണ്ട്. സർക്കാറിന്റെ ഭാരം കുറക്കുന്ന സ്വകാര്യ സ്​കൂളുകളെ ചേർത്തുപിടിച്ചു മാത്രമേ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നമുക്ക് നേടാനാവൂ. പ്രവേശനത്തിൽ തുടങ്ങി ടെക്​സ്​റ്റ്​ ബുക്ക് ലഭ്യത, പരിശീലന പരിപാടികളിലെ അവസരം തുടങ്ങി നിരവധി കാര്യങ്ങളിൽ മുൻവിധിയാർന്ന വിവേചനത്തിന് സ്വകാര്യസ്​കൂളുകൾ ഇരയാകുന്നുണ്ട്. ഇതിന്റെ ദോഷഫലമനുഭവിക്കുന്നത് നിഷ്​കളങ്കരായ വിദ്യാർഥികളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school studentsunaided school
News Summary - Students get hurt when they hit an unaided school
Next Story