വികസനപദ്ധതികളിൽ വിജയകരമായ കുതിപ്പ്
text_fieldsപശ്ചാത്തല സൗകര്യ വികസനമേഖലയിൽ കേരളം സുപ്രധാന കാൽവെപ്പ് കൂടി നടത്തിയിരിക്കുന്നു. പഴയ ദേശീയപാത 17 (ഇപ്പോൾ 66) കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം കഴക്കൂട്ടം വരെ ആറുവരിപ്പാതയാക്കുന്നതിെൻറ നിർമാണോദ്ഘാടനം നടന്നുകഴിഞ്ഞു. 2024 ഓടെ ഈ പ്രവൃത്തി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും വികസിതകേരളം കെട്ടിപ്പടുക്കുമെന്ന ഇടതുപക്ഷത്തിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനമാണ് പ്രയോഗവത്കരിച്ചത്.
വികസനത്തിന് പല വ്യാഖ്യാനങ്ങളുണ്ട്. വികസനത്തിെൻറ പേരിൽ കോർപറേറ്റുകളുടെ വളർച്ച നടപ്പാക്കുന്ന കേന്ദ്ര ബി.ജെ.പി സർക്കാറിെൻറ നയത്തിൽനിന്ന് വ്യത്യസ്തമാണ് ഇടതുപക്ഷനയങ്ങൾ. അതിെൻറ ഉത്തമമാതൃക കൂടിയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ. സാധാരണജനങ്ങളുടെ സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ അഭിവൃദ്ധിയാണ് യഥാർഥവികസനം. കോവിഡ്കാലത്തും അത്തരം സമീപനമാണ് ഇടതുസർക്കാർ നടപ്പാക്കുന്നത്. വരുമാനത്തകർച്ച നേരിടുന്ന സാധാരണക്കാർക്ക് സൗജന്യ റേഷനും പലവ്യഞ്ജന കിറ്റും ധനസഹായവും നൽകുന്ന നടപടികൾ ഇതിെൻറ ഭാഗമാണ്. അതോടൊപ്പം പശ്ചാത്തല സൗകര്യ വികസനവും പ്രധാനമാണ്.
ദേശീയപാത വികസനത്തിൽ കേരള സർക്കാർ കൈക്കൊണ്ട ഇച്ഛാശക്തി ആരാലും അഭിനന്ദിക്കപ്പെടണം. ജനസാന്ദ്രതയുള്ള കേരളത്തിൽ മറ്റു സംസ്ഥാനങ്ങളുടേതുപോലെ 60 മീറ്റർ വീതിയുള്ള ദേശീയപാത പ്രായോഗികമല്ല. അതിനാൽ യു.ഡി.എഫ് ഭരണകാലത്ത് മുഖ്യധാര രാഷ്ട്രീയപാർട്ടികൾ അത് 45 മീറ്റർ മതിയെന്ന് സമവായത്തിൽ എത്തി. അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷവും ഈ നിർദേശമാണ് മുന്നോട്ടുവെച്ചത്.
ഇങ്ങനെ സമവായത്തിലെത്തിയ കാര്യംപോലും നടപ്പാക്കാൻ യു.ഡി.എഫ് സർക്കാർ തയാറായില്ല. ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിനുളള നടപടികൾ തടസ്സപ്പെടുത്താൻ ചില സംഘടനകൾ മുന്നോട്ടുവന്നപ്പോൾ അത് ജനവികാരമായിക്കണ്ട് തുടർനടപടികൾ നിർത്തിവെക്കുകയാണ് ഉണ്ടായത്. ഇപ്പോൾ തുടക്കംകുറിക്കുന്നത് 526 കിലോമീറ്ററിൽ 13 ഭാഗങ്ങളായി ആറുവരിപ്പാതയാക്കലാണ്. സംസ്ഥാനത്തിെൻറ ചരിത്രത്തിൽ ആദ്യമായി ആറുവരിപ്പാത യാഥാർഥ്യമാകാൻ പോകുന്നു.
നാട്ടിൻപുറത്തെ ചെറിയ റോഡുകൾക്കു പോലും സ്ഥലം നൽകുന്നതിന് ഭൂവുടമകളിൽ ചിലർക്ക് എതിർപ്പ് ഉണ്ടാകാറുണ്ട്. അത് ദേശീയപാതയോരത്താകുമ്പോൾ പതിന്മടങ്ങായിരിക്കും എതിർപ്പ്. ഇവിടെ ന്യായമായ നഷ്ടപരിഹാരം നൽകി ഭൂവുടമകളെ സഹായിക്കുകയാണ് ചെയ്യേണ്ടത്. ദേശീയപാതയോരത്തെ സ്ഥലമേെറ്റടുക്കുന്നതിെൻറ ഭാഗമായും അത്തരമൊരു നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. മറ്റു സംസ്ഥാനങ്ങളേക്കാൾ പതിന്മടങ്ങാണ് കേരളത്തിലെ നഷ്ടപരിഹാരത്തുക. ഇത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ ദേശീയപാത വികസനത്തിന് അനുമതി നൽകാതിരുന്നത്.
മുഖ്യമന്ത്രി ഇടപെട്ടതിനെ തുടർന്ന് ദേശീയപാതക്ക് പര്യാപ്തമായ സ്ഥലം ഏറ്റെടുക്കുന്നതിന് ചെലവ് വരുന്ന 21,000 കോടി രൂപയുടെ 25 ശതമാനം സംസ്ഥാനസർക്കാർ വഹിക്കണമെന്ന നിർദേശമാണ് കേന്ദ്രം മുന്നോട്ടുവെച്ചത്. മറ്റൊരു സംസ്ഥാനത്തോടും കേന്ദ്രം ഇങ്ങനെ ആവശ്യപ്പെട്ടിരുന്നില്ല. എന്നിട്ടും, സംസ്ഥാനത്തിെൻറ ഭാവിവികസനം പ്രധാനമെന്ന് കണക്കാക്കി 5200 കോടി രൂപ ഈയിനത്തിൽ സംസ്ഥാനസർക്കാർ നൽകുമെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ധാരണപത്രത്തിൽ ഒപ്പിട്ടത്.
ഭൂമി ഏറ്റെടുക്കലിെൻറ ഈ ചെലവ് വഹിക്കാമെന്ന് സംസ്ഥാനം രണ്ടുമാസം മുമ്പ് അറിയിച്ചിട്ടും കേന്ദ്ര ഗതാഗതമന്ത്രാലയം അലംഭാവം കാട്ടി. ഒടുവിൽ പിണറായി വിജയൻ, നിതിൻ ഗഡ്കരിയെ കണ്ട് പരാതി പറഞ്ഞപ്പോൾ നക്സലൈറ്റായി രാഷ്ട്രീയജീവിതം തുടങ്ങിയ തന്നെ, വീണ്ടും അതേ നിലപാടിലേക്ക് കൊണ്ടുപോകരുതെന്ന് ഉദ്യോഗസ്ഥർക്ക് ഗഡ്കരി താക്കീത് നൽകിയതായും വാർത്തവന്നു.
എന്നാൽ, ദേശീയപാത അലൈൻമെൻറ് പരസ്യപ്പെട്ടപ്പോൾ ദേശീയപാതയോരത്ത് ചിലരുടെ സമരങ്ങൾ പ്രത്യക്ഷപ്പെട്ടു. അതിൽ ദേശീയ ശ്രദ്ധയാകർഷിച്ച ഒരു സമരമായിരുന്നു കീഴാറ്റൂരിലേത്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ബൈപാസ് കടന്നുപോകുന്ന കീഴാറ്റൂർ വയലാണ് സമരകേന്ദ്രമായത്. സമരം നടത്തിയവർ സ്വയം വിശേഷിപ്പിച്ചത് 'വയൽക്കിളികൾ' എന്നും. അവിടെ നടന്ന കോപ്രായങ്ങളിൽ ആരെല്ലാം അണിനിരന്നു എന്നതും ശ്രദ്ധിക്കപ്പെട്ടു. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മുതൽ വെൽഫെയർ പാർട്ടിയും മാവോയിസ്റ്റുകളുംവരെ അവിടെ ഒത്തുചേർന്നു. ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറി രാഹുൽ സിൻഹ പശ്ചിമബംഗാളിലെ നന്തിഗ്രാമിലെ മണ്ണുമായാണെത്തിയത്. കേരളത്തിലെ ഒരു പ്രമുഖ പത്രം 'നന്തിഗ്രാമിലെ മണ്ണ് കീഴാറ്റൂരിൽ വീഴുമ്പോൾ' എന്ന തലക്കെട്ടിൽ അവലോകനമെഴുതി.
മറ്റൊരു പത്രം 'കേരളത്തിൽ നന്തിഗ്രാം ആവർത്തിക്കും' എന്ന് തലക്കെട്ടു നൽകി. ബി.ജെ.പി സംസ്ഥാന പ്രസിഡൻറായിരുന്ന പി.എസ്. ശ്രീധരൻപിളള 2018 സെപ്റ്റംബർ 14 ന് കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിൽ സ്ഥലമേറ്റടുക്കൽ നടപടി നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. കോൺഗ്രസിനും മുസ്ലിംലീഗിനും നേരിട്ട് 'വയൽക്കിളികൾ'ക്കൊപ്പം എത്താനായില്ല. കാരണം, തളിപ്പറമ്പ് പട്ടണത്തിലൂടെ റോഡ് വികസനം നടത്തണമെന്ന വയൽക്കിളികളുടെ ആവശ്യത്തോടൊപ്പം നിന്നാൽ വ്യാപാരികളുടെ ശക്തമായ എതിർപ്പ് ഉയരും എന്ന് ഭയപ്പെട്ടാണ് ഇടതുസർക്കാറിനെതിരായി കൈയിൽ കിട്ടാവുന്ന വടി ഏതും ഉപയോഗിക്കണമെന്ന ചിന്തയിൽനിന്ന് കോൺഗ്രസും ലീഗും പിന്തിരിഞ്ഞത്.
എന്നാൽ, ആലപ്പുഴ ബൈപാസിന് വയലിലൂടെ സ്ഥലം ഏറ്റെടുത്തപ്പോൾ അനുകൂലിച്ച സുധീരനാണ് അവിടെ എതിർപ്പ് ഉയർത്തിയത്. സി.ആർ. നീലകണ്ഠൻ അടക്കം കടുത്ത ഇടതുവിരുദ്ധന്മാരാകെ കീഴാറ്റൂരിൽ ഒഴുകിയെത്തി പാളത്തൊപ്പിയണിഞ്ഞ് വാർത്തകളിൽ നിറഞ്ഞു. പക്ഷേ, മതിയായ നഷ്ടപരിഹാരത്തുക ലഭിച്ചപ്പോൾ ഉടമകൾ ഭൂമി വിട്ടുനൽകാൻ തയാറായി. ഭൂമി ഏറ്റെടുക്കൽ നടപടി അവിടെയും പൂർത്തിയായി.
പിണറായി വിജയൻ അധികാരം ഏറ്റെടുത്തതിനെ തുടർന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രൻ 2016 മേയ് 31ന് ഫേസ് ബുക്കിലൂടെ ഉന്നയിച്ച ഒരു ചോദ്യം ബി.ജെ.പിയെത്തന്നെ തിരിഞ്ഞുകുത്തുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയത്തിനുപിന്നിൽ മുസ്ലിം പൊളിറ്റിക്സിെൻറ സ്വാധീനം ചെറുതല്ല. അവരെ പിണക്കി ദേശീയപാത വികസനവും ഗെയിൽ വാതക പൈപ്പ്ലൈൻ പൂർത്തീകരണവും നടപ്പാക്കാനാകുമോ? ഇങ്ങനെ വികസനകാര്യങ്ങളിൽ പോലും വർഗീയത പരത്താൻ ശ്രമിച്ച ബി.ജെ.പിക്ക് ഇപ്പോൾ എന്തുണ്ട് പറയാൻ? ആരെയും പിണക്കാതെയും സംഘർഷമുണ്ടാക്കാതെയും സ്ഥലമേറ്റടുക്കൽ പൂർത്തീകരിച്ചു.
ഹിന്ദു ജനവിഭാഗങ്ങളിൽ ഭൂരിപക്ഷത്തിെൻറ പിന്തുണയില്ലാത്ത ഹിന്ദുത്വരാഷ്ട്രീയക്കാരും ഇസ്ലാമിക മതവിശ്വാസികളിൽ ന്യൂനപക്ഷത്തിെൻറ പ്രാതിനിധ്യം മാത്രമുള്ള ഇസ്ലാമിസ്റ്റുകളും കൈകോർക്കുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. വിശുദ്ധ ഖുർആനെ ലക്ഷ്യംവെച്ച് സംഘ്പരിവാർ നടത്തുന്ന പ്രചാരണപ്രക്ഷോഭങ്ങളിലും അന്ധമായ ഇടതുവിരോധം വെച്ച് നടത്തുന്ന തെരുവുകലാപങ്ങളിലും ബി.ജെ.പി നേതാവ് വിശേഷിപ്പിക്കുന്ന മുസ്ലിം രാഷ്ട്രീയക്കാരും അറിഞ്ഞോ അറിയാതെയോ പങ്കെടുക്കുന്നുണ്ട്.
ദേശീയപാത വികസനവും ഗെയിൽ വാതക പൈപ്പ് ലൈനും യാഥാർഥ്യമാവുകയാണ്. നാടിെൻറ ഭാവിവികസനമാണ് ഉത്തരവാദപ്പെട്ട എല്ലാ പ്രസ്ഥാനങ്ങളും ലക്ഷ്യംവെക്കേണ്ടത്. അവിടെ ഏതാനും ചിലരുടെ വ്യക്തിപരമായ താൽപര്യങ്ങൾക്കുപരി നാടിെൻറ പൊതുവായ താൽപര്യമാണ് പ്രഥമ പരിഗണനയായി വരേണ്ടത്. അതുകൊണ്ട് കേരള വികസനത്തിനുള്ള ഒാരോ പദ്ധതിയും വിജയകരമായി കുതിക്കുമ്പോൾ, അതിനെയെല്ലാം തുരങ്കം വെക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ പ്രവർത്തിച്ചവർ ആത്മപരിശോധന നടത്തേണ്ടതുണ്ട്. അതിന് തയാറാവുന്നില്ലെങ്കിൽ അത്തരക്കാർ പൊതുസമൂഹത്തിൽനിന്ന് ഒറ്റപ്പെടുകയാണ് ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.