കച്ചവടക്കാർക്ക് കഷ്ടപ്പാട്; കയറ്റുമതിക്കാർക്ക് നല്ല കാലം
text_fieldsകന്നുകാലി അറവ് നിയമങ്ങൾക്കു പുറമെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം, വാഹന മലിനീകരണവുമായി ബന്ധപ്പെട്ട നിയമം തുടങ്ങി ഒരുപറ്റം നിയമങ്ങൾ അറവുകാർക്കും വ്യാപാരികൾക്കുമെതിരെ പ്രയോഗിക്കപ്പെടുന്നു. ഇത് യു.പിയിലേതുപോലെ മഹാരാഷ്ട്രയിലും അറവ് ദുഷ്കരമാക്കുന്നു.
വീടുകളിലോ, കടകളിലോ സ്വകാര്യ ഇടങ്ങളിലോ ആടുകളെയും ചെമ്മരിയാടുകളെയും അറുക്കുന്നത് ബോംബെ ഹൈകോടതി തടഞ്ഞ ശേഷം മുംബൈയുടെ കിഴക്കെ ഭാഗത്ത് അവശേഷിക്കുന്ന ഏക അംഗീകൃത അറവുശാലയിലെ കാര്യം നോക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ അറവുശാലകളിലൊന്നാണ് ദിയോനാറിലേത്.
എട്ടു മണിക്കൂറിനുള്ളിൽ 300 മൃഗങ്ങളെ മാത്രം അറുക്കാനാണ് ഇവിടെ അനുമതി. ഇതുവഴിയുള്ള മാംസലഭ്യത തീർത്തും അപര്യാപ്തമാണ്. ഇത് കരിഞ്ചന്തയുടെ വളർച്ചക്ക് കാരണമാവുന്നു.
കോവിഡ് മഹാമാരിക്കാലത്ത് അടച്ചുപൂട്ടിയ അറവുശാല പിന്നീട് ഭാഗികമായി മാത്രമാണ് തുറന്നത്. ഇതും കച്ചവടക്കാർക്ക് വലിയ നഷ്ടം വരുത്തി. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന സ്ഥാനത്ത് രാവിലെ 11 മുതൽ രാത്രി ഏഴുവരെ മാത്രമാക്കി. ഈ സമയക്രമം കച്ചവടത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് ബോംബെ മട്ടൺ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാനവാസ് താനാവാല പറയുന്നു. പകരം അർധരാത്രി മുതൽ പുലർച്ച അഞ്ചു വരെ സമയം നൽകണമെന്നായിരുന്നു ആവശ്യം.
ഞങ്ങൾ പഠനം നടത്തുന്ന സമയത്ത് ദിയോനാർ അറവുശാലയിൽ മുംബൈയിലെ പ്രാദേശിക വ്യാപാരികൾക്ക് മാത്രമായിരുന്നു അനുമതി. അവർ വാഹനങ്ങളിൽ ലോക്കൽ രജിസ്ട്രേഷൻ പ്രദർശിപ്പിക്കണമായിരുന്നു. 80 ശതമാനത്തോളം വ്യാപാരികളും ഇതുമൂലം അയോഗ്യരായി.
ഈ അറവുശാലയിൽ ജോലിചെയ്യുന്ന മുനിയപ്പക്ക് അറുക്കുന്ന മൃഗങ്ങളുടെ എണ്ണത്തിനനുസരിച്ച് കൂലി ലഭിച്ചിരുന്നു. 2015ൽ കാളകളെ അറുക്കുന്നതിന് നിരോധം വന്നതിൽപിന്നെ പ്രതിമാസ വരുമാനത്തിൽ ഇരുപതിനായിരം രൂപയുടെ കുറവാണ് അദ്ദേഹത്തിന് സംഭവിച്ചത്. രണ്ടായിരത്തോളം കാലിക്കച്ചവടക്കാർക്ക് ദിയോനാറിൽ മാത്രം ജോലി നഷ്ടമായി.
കാളകളെ അറുക്കുന്നത് നിരോധിക്കുന്നതിന് മുമ്പ് പ്രതിദിനം 1500 കാലികളെ ഇവിടെ മാത്രം അറുത്തിരുന്നു. എന്നാൽ, നിരോധനവും കോവിഡ് അടച്ചുപൂട്ടലും കഴിഞ്ഞതോടെ ഇത് 150നും 200നും ഇടയിലായി ചുരുങ്ങി. 2020 ജൂലൈ മുതൽ എട്ടു മണിക്കൂർ പ്രവർത്തനാനുമതി നൽകിയതോടെ അറുക്കുന്ന കാലികളുടെ എണ്ണം 300നും 400നും ഇടയിലായി.
യു.പിയിൽനിന്ന് കുടിയേറിയ ഇറച്ചി വ്യാപാരികളിലൊരാൾ പറഞ്ഞത് നേരത്തെ ഇവിടെ 2,200ലേറെ തൊഴിലാളികൾ ജോലി ചെയ്തിരുന്നുവെന്നാണ്, ഭൂരിഭാഗവും പാർശ്വവത്കൃത മുസ്ലിം വിഭാഗങ്ങളിൽനിന്നുള്ളവർ. രാജ്യമൊട്ടുക്ക് ഹിന്ദു ദേശീയത ഉയർത്തിവിട്ട് ബാബരി മസ്ജിദ് ധ്വംസനത്തിൽകൊണ്ടെത്തിച്ച ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയുടെ തൊണ്ണൂറുകളിലെ രഥയാത്രക്കുശേഷം തങ്ങളുടെ തൊഴിൽ സ്വാതന്ത്ര്യത്തിനുമേൽ കൈയേറ്റം ആരംഭിച്ചതായി അദ്ദേഹം പറയുന്നു.
ഞങ്ങൾ കൊണ്ടുപോകുന്ന മൃഗങ്ങളെ അറുക്കാനുള്ളതല്ലെന്ന് പൊലീസ് ഞങ്ങളെക്കൊണ്ട് സത്യം ചെയ്യിക്കുമായിരുന്നു. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ഭരിച്ച 2004-14 കാലത്ത് ഇതിനൊരു കുറവുണ്ടായിരുന്നു. ഒരു കാലത്ത് ഇറച്ചി വ്യാപാരികളിൽ പലരും ലക്ഷാധിപതികളായിരുന്നു. എന്നാലിന്ന് പലരും 80,000 രൂപയുടെ കടബാധ്യതപോലും തിരിച്ചടക്കാൻ കഷ്ടപ്പെടുന്നു.
ദിയോനാറിലേക്ക് കന്നുകാലികളെ കൊണ്ടുവരുന്ന ഒരു ഡ്രൈവർ പറഞ്ഞത് മഹാരാഷ്ട്രയിൽ ബി.ജെ.പി നേതൃത്വത്തിലെ സർക്കാർ ഭരിക്കുന്ന ഘട്ടങ്ങളിലെല്ലാം വഴിമധ്യേ വല്ലാത്ത റിസ്ക് അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട് എന്നാണ്. പ്രതിമാസ വരുമാനത്തിൽ 40,000 രൂപയുടെ കുറവും അദ്ദേഹത്തിനുണ്ട്.
വിദേശ കച്ചവടത്തിന് ഭരണകൂട സമ്മതം
മഹാരാഷ്ട്രയിലെ ചെറുകിട ബീഫ് വിൽപനക്കാരുമായി നടത്തിയ സംഭാഷണങ്ങളിൽനിന്ന് വെളിപ്പെട്ട ഒരു കാര്യം മാംസ കയറ്റുമതിയിലെ വർധനയാണ്. പ്രാദേശികതലത്തിൽ മാട്ടിറച്ചി വിൽക്കാൻ മുസ്ലിം വ്യാപാരികൾ പാടുപെടുമ്പോൾ, ഹിന്ദു വ്യാപാരികൾ പങ്കാളികളുള്ള പ്രമുഖ കയറ്റുമതി കമ്പനികൾ വിദേശ രാജ്യങ്ങളിലേക്ക് മുമ്പത്തേക്കാൾ വലിയ വിതരണ കരാറുകളാണ് നേടിയെടുക്കുന്നത്.
കന്നുകാലി-മാംസ വിതരണക്കാർ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫൂഡ് പ്രൊഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റിയുടെ (എ.പി.ഇ.ഡി.എ) ചട്ടങ്ങൾ പ്രകാരം രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയുള്ളതിനാൽ വൻകിട കയറ്റുമതി കമ്പനികൾ ലൈസൻസില്ലാത്ത പ്രാദേശിക വിതരണക്കാരിൽനിന്ന് മാംസം ശേഖരിക്കാറുമില്ല.
ഞങ്ങൾ സംസാരിച്ച എല്ലാവരും അവകാശപ്പെടുന്നത് മുമ്പത്തെ അപേക്ഷിച്ച് മഹാരാഷ്ട്രയിലെ മുസ്ലിംകൾക്കിടയിൽ മാംസ വിൽപനയും ഉപഭോഗവും കുറഞ്ഞുവെന്നാണ്. പ്രതിദിനം മുന്നൂറു കിലോ മാംസം വിറ്റിരുന്ന സ്ഥാനത്ത് 70 കിലോ ആയി കുറഞ്ഞു എന്നാണ് ഒരു കച്ചവടക്കാരൻ പറഞ്ഞത്. മറ്റൊരു കച്ചവടക്കാരൻ അവകാശപ്പെട്ടത് വരുമാനത്തിൽ 60 ശതമാനത്തോളം കുറവ് സംഭവിച്ചുവെന്നാണ്.
വിരോധാഭാസമെന്നു പറയട്ടെ, നിരോധനത്തിനു ശേഷം പോത്തുകളെ അറുക്കുന്നത് വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട 2020-21 കാലത്തൊഴികെ ദിയോനാർ അറവുശാലയിൽ കന്നുകാലി അറവിൽ സ്ഥിരമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-2017 കാലത്തെ അപേക്ഷിച്ച് 41 ശതമാനം അധികമാണ് 2019-2020ൽ നടന്ന അറവ്. കന്നുകാലികളെ അറുക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയ 2014-2015 കാലത്ത് 6,13,134 എരുമകളെയാണ് അറുത്തിരുന്നതെങ്കിൽ 2018ൽ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച കണക്കുകൾ പ്രകാരം 9,61,516 എണ്ണത്തെ അറുത്തിരിക്കുന്നു.
ബീഫിന്റെ പ്രാദേശിക ഉപഭോഗവും വിൽപനയും വർധിച്ചിട്ടില്ല എന്നുണ്ടെങ്കിൽ, അറവുശാലകളിൽനിന്ന് പുറത്തുവരുന്ന മാംസം വലിയ തോതിൽ ഭരണകൂട പിന്തുണയുള്ള കയറ്റുമതിക്കാണ് പോകുന്നതെന്ന് വ്യക്തമാണ്. എ.പി.ഇ.ഡി.എയിൽനിന്നുള്ള വിവരങ്ങൾ പ്രകാരം, 2022-2023ലെ കണക്കനുസരിച്ച്, ബീഫ് (എരുമ മാംസം) കയറ്റുമതിയിൽ ലോകത്തിൽ നാലാം സ്ഥാനമാണ് ഇന്ത്യക്ക്. ലോകത്തിലെ എരുമ മാംസം ഉൽപാദനത്തിന്റെ 43 ശതമാനവും ഇവിടെ നിന്നാണ്.
വാണിജ്യ-വ്യവസായ മന്ത്രാലയത്തിൽനിന്നുള്ള ഡേറ്റ പ്രകാരം മഹാരാഷ്ട്രയിൽനിന്നുള്ള ബീഫ് കയറ്റുമതിയിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും ഉത്തർപ്രദേശ് കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവുമധികം കയറ്റുമതി അവിടെ നിന്നുതന്നെയാണ്.
വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ 2021ലെ ഡേറ്റ അനുസരിച്ച്, നിയന്ത്രണങ്ങൾക്കിടയിലും യു.പിയിൽ, 2012 മുതൽ 2022 വരെയുള്ള കാലയളവിൽ കയറ്റുമതി വരുമാനം 9.08 ശതമാനം വർധിച്ചു. ബി.ജെ.പി ഇതര സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ 2012നും 2022നും ഇടയിൽ ബീഫ് കയറ്റുമതി വഴിയുള്ള സംയുക്ത വാർഷിക വളർച്ചനിരക്ക് 16 ശതമാനം, 39.9 ശതമാനം, 67.45 ശതമാനം എന്നിങ്ങനെയാണ്.
(നാളെ: തുകൽ വ്യാപാര മേഖലയിൽ സംഭവിച്ചത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.