Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആത്മഹത്യയല്ല,...

ആത്മഹത്യയല്ല, ചെറുത്തുനിൽപാണ്​ പരിഹാരം

text_fields
bookmark_border
ആത്മഹത്യയല്ല, ചെറുത്തുനിൽപാണ്​ പരിഹാരം
cancel

38 വയസ്സുള്ള വനിത ബാങ്ക് മാനേജർ സ്വന്തം ഓഫിസിനകത്ത്, രാവിലെ എട്ടുമണിക്കുവന്ന് ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലുണ്ടാക്കുന്നതാണ്. രണ്ടുവർഷം മുമ്പ് അവരുടെ ഭർത്താവ് ഹൃദയാഘാതത്താൽ മരിച്ചിരുന്നു. പന്ത്രണ്ടുകാരി മകളെയും എട്ടുവയസ്സുള്ള മകനെയും അനാഥമാക്കിയാണ് അവർ ആത്മഹത്യയിൽ അഭയം കണ്ടത്. മരണകാരണമായി, ബാങ്ക് ജീവിതത്തിലെ പരാജയവും പൂർത്തീകരിക്കാൻ കഴിയാതിരുന്ന രണ്ട് വായ്പകളെ കുറിച്ചുള്ള ഉത്​കണ്ഠയും ആത്മഹത്യാകുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്. രണ്ടു പിഞ്ചുകുഞ്ഞുങ്ങളോടുള്ള സ്നേഹത്തേക്കാൾ വലുതായി, ബാങ്ക് ജോലി നിർവഹണവും വായ്പാകാര്യങ്ങളും അവസാനനിമിഷത്തിലും അവരെ വേട്ടയാടി.

ബാങ്കിങ്ങി​െൻറ ഉള്ളടക്കത്തിലും ഘടനയിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ ബാങ്കുജീവനക്കാരുടെ ചിന്തകളിലും മനോഗതികളിലും ഉണ്ടാക്കുന്ന ഭാവഭേദങ്ങളെ വലിയൊരു സാമൂഹികപ്രശ്നമായി വിലയിരുത്തേണ്ടതുണ്ട്. നാലുമാസം മുമ്പ് ഗുരുവായൂരിലെ ഒരു ബാങ്ക് ശാഖയിലും അതിനുമുമ്പ് പാലക്കാട്ടെ ഒരു സ്വകാര്യ ബാങ്കിലും സമാന ആത്മഹത്യകൾ നടന്നു. 2014 ജൂലൈ രണ്ടിന് 52 വയസ്സുള്ള ഒരു ചീഫ് മാനേജർ സോണൽ തലത്തിലെ മാനേജർമാരുടെ റിവ്യൂ യോഗം കഴിഞ്ഞയുടൻ, മാനസിക പീഡനം സഹിക്കവയ്യാതെ തീവണ്ടിക്കു മുന്നിൽ ചാടി ആത്മഹത്യ ചെയ്​തു.

നവലിബറൽ ബാങ്കിങ്​ നയങ്ങൾ, കടുത്ത സാമ്പത്തിക പ്രതിസന്ധി, കോവിഡ് മഹാമാരി, കമ്പോള മാന്ദ്യത്തി​െൻറ പ്രശ്നങ്ങൾ, ജനങ്ങളുടെ വാങ്ങൽശേഷിയിൽ വന്ന കുറവ്, കിട്ടാക്കടം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് എന്നിവയൊക്കെയാണ് ബാങ്ക്ശാഖയിലെ ബിസിനസ് ഉയർച്ചതാഴ്ചകളുടെ മൂലകാരണം. എന്നാൽ, അത്തരം സാമൂഹിക ചിന്തകളൊന്നുമില്ലാത്തതിനാൽ, പലരും സ്വന്തം ശാഖയിലെ കുറവുകളെ ആത്മനിഷ്ഠ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തി സ്വന്തം ജീവിതവിധിയായി പ്രഖ്യാപിക്കുന്നതാണ് കാണാൻ കഴിയുന്നത്. എന്നാൽ, തീവ്രമായി നടപ്പാക്കിയ ബാങ്കിങ്​ പരിഷ്കരണങ്ങളിലൂടെ ശാഖകളിൽ രൂപപ്പെട്ടുവന്നിരിക്കുന്ന സിലബസ് വ്യതിയാനവും ബാങ്ക് ജീവനക്കാരിൽ ഉടലെടുത്ത മുൻഗണന വിധികളെയും സഗൗരവം പരിശോധിക്കേണ്ടതുണ്ട്.

ബാങ്കിങ്​ രംഗം അടിമുടി മാറി

ഇടപാടുകാരെ രാജാവിന് തുല്യമായി പരിഗണിക്കണമെന്നും കസ്​റ്റമേഴ്സ് ആണ് നിലനിൽപി​െൻറ മുഖ്യ ഉപാധിയെന്നുമുള്ള ഗാന്ധിവചനങ്ങൾ ഇപ്പോഴും ശാഖകളിൽ തൂങ്ങിക്കിടക്കുന്നുണ്ട്. എന്നാൽ സാമാന്യ ജനതാൽപര്യങ്ങളെ പിന്തള്ളി, കഴുത്തറപ്പൻ ലാഭചിന്തകളിലേക്ക് ഇന്ത്യൻ ബാങ്കിങ്​ വ്യവസായത്തെ ബോധപൂർവം നീക്കിയതി​െൻറ കാഴ്ചകളാണ് സകലയിടത്തും കാണാൻ കഴിയുക. ബാങ്കുകളിലെ തൊഴിൽശക്തിയുടെ ചേരുവയും സ്വഭാവവും മൗലികമായി മാറ്റിക്കൊണ്ടു മാത്രമേ ലാഭമാത്ര സിദ്ധാന്തം നടപ്പാക്കാനാവൂവെന്ന് അധികാരികൾ മനസ്സിലാക്കിയിരുന്നു. അങ്ങനെയാണ് ആത്മാഭിമാനമുള്ള സർഗാത്മക തൊഴിൽസംസ്കാരത്തിനു പകരം, അടിമകളായ വിധേയരായ തൊഴിലാളികളെ പ്രതിഷ്ഠിച്ചത്. ബാങ്കുകളിലെ താൽക്കാലിക തൊഴിലാളികളുടെ എണ്ണം വൻതോതിൽ ഉയരാനിടവന്നത് യാദൃച്ഛികമല്ല എന്നർഥം. ജോലിസമയ കാര്യത്തിൽ ഒരു പരിധിയുമില്ലാത്ത ബാങ്ക് ഓഫിസർമാരുടെ എണ്ണം വർധിപ്പിക്കുക എന്നതായിരുന്നു മറ്റൊരു അടവ്.

അങ്ങനെയാണ്, സാർ, സാർ വിളികൾ മാത്രം പറയാൻ പരിശീലിപ്പിച്ച, അനുസരണയും റാൻമൂളലും ദിനചര്യയാക്കിയ, എല്ലാ അധാർമിക ജോലികളും ചെയ്യിപ്പിക്കാൻ കഴിയുന്ന ഓഫിസർ വിഭാഗത്തെയും താൽക്കാലിക തൊഴിലാളികളെയും ബാങ്കുകളിൽ വൻതോതിൽ വിന്യസിച്ചത്. മുട്ടിലിഴയാൻ വിധിക്കപ്പെട്ട വിഭാഗമായി മാറ്റിയ ഇവരെ ചക്കിലിട്ടുകറക്കി വേട്ടയാടുന്ന രീതി ബാങ്കുകളിൽ കലശലായി. സ്വന്തം വിധിയെന്ന് കരുതി ഗതികേടിന് വിധേയപ്പെട്ടു കഴിയുന്ന ഇവർ നിരാശയുടെയും അന്തർ മുഖത്വത്തി​െൻറയും തുരുത്തുകളിൽ കുടുങ്ങിക്കഴിയുകയാണ്. കുളിമുറിയിൽ കയറി കരഞ്ഞും വാട്സ്ആപ് ഗ്രൂപ്പിൽ കലഹിച്ച് സമാശ്വാസം കണ്ടെത്തിയുമാണ് പലരും കാലം കഴിക്കുന്നത്.

അടിസ്ഥാനപരമായ പ്രശ്നം, ബാങ്കുകളിലെ വർധിച്ച ബിസിനസിന്​ അനുസരിച്ചും ശാഖാവർധനവിന് ആനുപാതികമായും ജീവനക്കാരെ നിയമിക്കുന്നില്ല എന്നതാണ്. വ്യാപകമായി റിട്ടയർമെൻറ് നടക്കുന്ന കാലമായിട്ടും അത്തരം ഒഴിവുകളിൽ നാലിലൊന്ന് നിയമനം പോലും നടത്തുന്നില്ല. ഉള്ള ജീവനക്കാരെ വലിച്ചുനീട്ടിയും അടിച്ചുപരത്തിയും ബാങ്കുടമകൾ നടത്തുന്ന കൊടിയ ചൂഷണം മൂലം, സേഫ്റ്റി വാൽവില്ലാത്ത പ്രഷർ കുക്കറി​െൻറ അവസ്ഥയിലേക്ക് ബാങ്ക്ശാഖകൾ മാറ്റപ്പെടുന്നു. തന്മൂലം പതുക്കെ പതുക്കെ വിഷാദരോഗികളാകുന്ന ഇവർ കുടുംബം, ബന്ധുമിത്രാദികൾ, സമൂഹം എന്നിവയിൽ നിന്നു ഉൾവലിയാൻ തുടങ്ങുന്നു. കൂട്ടായ്മകളിൽ പങ്കാളികളായി പ്രതിരോധങ്ങൾ തീർക്കുന്നതിനുപകരം ലഹരിവസ്തുക്കൾ, അരാജക ചിന്ത, വി.ആർ.എസ്, ആത്മഹത്യ എന്നിവയെയാണ് ഇക്കൂട്ടർ ബഹിർഗമന രക്ഷാകവചമായി കാണുന്നത്.

യഥാർഥ വില്ലനെ തിരിച്ചറിയുക

ത​േൻറതല്ലാത്ത കാരണങ്ങളാൽ നിഷ്കളങ്കരായ നാലുലക്ഷം കർഷകർക്ക് സ്വന്തം പണിയിടത്തെ ചൊല്ലി ഇന്ത്യയിൽ ആത്മഹത്യ ചെയ്യേണ്ടിവന്ന ദുരന്തം, അതി​െൻറ സമഗ്രതയോടെ രാജ്യം ചർച്ച ചെയ്തിട്ടില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഓരോ ഇന്ത്യൻ പൗരനും തേങ്ങലോടെ വിലയിരുത്തേണ്ട സംഭവമാണിത്. അതിദാരുണമായ ഇത്തരം സംഭവങ്ങളുണ്ടായിട്ടും കർഷകരെ മണ്ണിൽനിന്നു പറിച്ചെറിയാനും കാർഷിക മേഖലയെ കമ്പോള ശക്തികൾക്ക് കൈമാറാനും നിയമങ്ങൾ നിർമിക്കുകയാണുണ്ടായത്. എന്നാൽ, മരിക്കാൻ മനസ്സില്ലെന്ന തിരിച്ചറിവിൽനിന്നാണ് കർഷകർ പ്രക്ഷോഭത്തിലേക്ക് തിരിച്ചത്​. 1991 മുതൽ രാജ്യത്ത് നടപ്പാക്കിവരുന്ന നവലിബറൽ നയങ്ങളുടെ ഭാഗമായി കേന്ദ്രസർക്കാർ നടപ്പാക്കിയ പരിഷ്കരണങ്ങളുടെ പ്രത്യാഘാതങ്ങളാണ് കാർഷിക മേഖല അനുഭവിക്കുന്ന വിളത്തകർച്ചയും വിലത്തകർച്ചയും. രാജ്യത്തി​െൻറ ഇതര വികസന തുറകളിലും സമാന പരിഷ്കരണങ്ങൾ നടത്തിയ കാഴ്ചകൾ ധാരാളമായി കാണാം. ബാങ്കിങ്​ മേഖലയിലെ കേന്ദ്രസർക്കാർ നയം, റിസർവ് ബാങ്കിലൂടെ, ബാങ്ക് തലവന്മാർ മുഖാന്തരം സോണൽ മാനേജർ വഴി ബാങ്ക് ശാഖകളിൽ എത്തുന്നതാണ്​ ബാങ്ക് ശാഖകളിലെ പ്രഷർ കുക്കർ ജീവിതമായി പരിണമിക്കുന്നത്. ബാങ്ക്ശാഖകളിൽ എത്തുന്ന ഇടപാടുകാർക്ക് നിരാശയും അസംതൃപ്തിയും ഉണ്ടാകുന്നതും ഈ നയങ്ങളുടെ ഭാഗമായിട്ടാണ്.

ഈ നയവൈകൃതത്തെ തുടർന്നാണ് അഞ്ച് പതിറ്റാണ്ട് പിന്നിട്ട ദേശസാത്​കൃത ഇന്ത്യൻ ബാങ്കിങ്​, 2015-16 മുതൽ തുടർച്ചയായി നഷ്​ടത്തിലേക്ക് കൂപ്പുകുത്താനിടയായത്​. കണ്ണുതുറന്ന്, ചുറ്റുപാടും നടക്കുന്ന കാര്യങ്ങളെ സമഗ്രതയോടെ നോക്കിക്കാണേണ്ട സമയമാണിത്. ബാങ്കിനകത്തെ കുടിലതകൾക്കെതിരെ സ്പാർട്ടക്കസുമാരുടെ ഗർജനം ഉയരേണ്ട മുഹൂർത്തമാണിത്. ലോകത്തുതന്നെ പ്രശസ്തിയാർജിച്ച ഇന്ത്യൻ ബാങ്കിങ്​ സംവിധാനത്തി​െൻറ കരുത്തും അനന്ത സാധ്യതകളും, വന്നുചേർന്നിരിക്കുന്ന അപകടങ്ങളും മഹത്തായ ഒരു പാഠ്യവിഷയമാക്കി സമൂഹത്തെ ബോധവത്​കരിക്കാനുള്ള പദ്ധതി അനിവാര്യമായിരിക്കുന്നു. കോർപറേറ്റുകൾക്കുവേണ്ടി ഈ അനന്യസംവിധാനത്തെ, ബാങ്ക് ലയനങ്ങളിലൂടെയും സ്വകാര്യവത്​കരണത്തിലൂടെയും ബലികൊടുക്കുന്ന നീക്കത്തിനെതിരെ ശക്തമായ ഒരു ബഹുജന പ്രസ്ഥാനത്തി​െൻറ മുന്നേറ്റമാണ് ഇന്നത്തെ അടിയന്തരാവശ്യം.

(ബാങ്ക്​ എ​ംപ്ലോയീസ്​ ഫെഡറേഷൻ ഒാഫ്​ ഇന്ത്യ സംസ്​ഥാന പ്രസിഡൻറാണ്​ ലേഖകൻ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BankingIndian Banks
News Summary - suicide of banking employees
Next Story