പ്രവാസിയുടെ ആത്മഹത്യ ഉയർത്തുന്ന ചോദ്യങ്ങൾ
text_fieldsലോക കേരളസഭ എന്ന ആശയവും അതിെൻറ ആവിഷ്കാര രീതികളും പ്രവാസികൾക്ക് പ്രതീക്ഷകൾക്ക് വക നൽകിയിട്ടുണ്ട്. നിലവിൽ പ്രവാസിസമൂഹം അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി എന്ന അർഥത്തിലല്ലെങ്കിലും പ്രയാസങ്ങൾ ഇറക്കിവെക്കാൻ ഒരിടം കിട്ടി എന്ന അർഥത്തിൽ കൂടിയാണത്. അവിടെ മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ സമുന്നത നേതാക്കൾ മലയാളിയുടെ പ്രവാസത്തിെൻറ ചരിത്രത്തിലേക്ക് ഇറങ്ങിനടന്ന് വല്ലാതെ വിയർത്തിട്ടുണ്ട്. കേരളത്തെ അകം പുറം തിരിച്ച് അവിടെ ഉണ്ടായ സാമൂഹിക മാറ്റങ്ങളുടെ കാരണം തേടിയപ്പോൾ പ്രവാസത്തെ തള്ളിപ്പറയാൻ അവർക്ക് കഴിഞ്ഞില്ല. കേരളത്തിെൻറ ഭൗതിക ജീവിത സൗകര്യങ്ങളെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ച പ്രവാസികൾ നിലവിൽ അവരുടെ തൊഴിൽ രാജ്യങ്ങളിൽ പ്രതിസന്ധികൾ നേരിടുന്നുണ്ട് എന്ന് ലോക കേരളസഭ അംഗീകരിച്ചിട്ടുണ്ട്. ഈ യാഥാർഥ്യത്തെ ഉൾക്കൊണ്ടായിരിക്കും ഇനി അങ്ങോട്ട് സർക്കാറിെൻറ നിലപാടുകൾ എന്ന് ഓരോ പ്രവാസിയും കരുതി. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികൾക്ക് അത് നൽകിയ ആത്മബലം ചെറുതായിരുന്നില്ല. എന്നാൽ, അത്തരം ധാരണകൾ ശരിയല്ല എന്ന് തെളിയിക്കാൻ അറുപത്തിനാല് വയസ്സായ ഒരു പ്രവാസിക്ക് ആത്മഹത്യ ചെയ്ത് കാണിക്കേണ്ടിവന്നു.
മലയാളികളുടെ മനോഭാവം
നാലു പതിറ്റാണ്ടിെൻറ പ്രവാസ ജീവിതത്തിെൻറ അനുഭവവുമായാണ് സുഗതൻ എന്ന പ്രവാസി പുനലൂരിൽ ആത്മഹത്യ ചെയ്തത്. പ്രത്യക്ഷത്തിൽ തനിക്കുനേരെ ഉയർന്ന പ്രതിരോധങ്ങളിൽ മനംനൊന്തോ, മാനസിക തകർച്ചകൊണ്ടോ സംഭവിച്ചതാണ് ഈ ആത്മഹത്യ എന്ന് അകം കേരളത്തിനും പുറം കേരളത്തിനും തോന്നാം. സത്യത്തിൽ അതിനപ്പുറത്താണ് സുഗതെൻറ ആത്മഹത്യ ഉയർത്തുന്ന ചോദ്യങ്ങൾ. അതിൽ അടങ്ങിയിരിക്കുന്നത് കേവലം രാഷ്ട്രീയ പാർട്ടിയുടെ പരിസ്ഥിതി സ്നേഹമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർ കരുതില്ല. അതിനപ്പുറമാണത്. അത് ബോധ്യപ്പെടാൻ പ്രവാസികളോടുള്ള കേരളീയെൻറ സമീപനവും അതിലെ രാഷ്ട്രീയവും പരിശോധിക്കേണ്ടതായിട്ടുണ്ട്. ആ പരിശോധനയെക്കാൾ പ്രാധാന്യം സുഗതൻ പുനലൂരിലേക്ക് മടങ്ങാൻ ഉണ്ടായ കാരണങ്ങളെ ബോധ്യപ്പെടലാണ്.
കേരള ലോകസഭയിൽ പറഞ്ഞതുപോലെ ഗൾഫിലെ തൊഴിൽ സാഹചര്യങ്ങൾ അനുദിനം മാറുകയാണ്. സ്വദേശിവത്കരണം 2011ൽ പറഞ്ഞതുപോലെ വെറും പറച്ചിൽ അല്ല. 2017ൽ ഏറ്റവും വലിയ വിദേശ ജനസാന്ദ്രതയുള്ള സൗദി അറേബ്യയിൽ സ്വദേശിവത്കരണത്തിെൻറ പ്രയോഗങ്ങൾ വിജയകരമായി നടപ്പാക്കിക്കഴിഞ്ഞു. അത് തുടർന്നുകൊണ്ടിരിക്കുകയുമാണ്. ഇതര ഗൾഫ് രാജ്യങ്ങൾക്ക് സൗദിയിലെ സ്വദേശിവത്കരണ മാതൃകകൾ നൽകിയ ആത്മധൈര്യം ചെറുതല്ല. സൗദി കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ സ്വദേശിവത്കരണം നടക്കുന്നത് ഒമാനിലാണ്. പഴുതടച്ച രീതിയിലാണ് ഒമാനിൽ സ്വദേശിവത്കരണത്തിെൻറ രീതികൾ. വിദേശ തൊഴിലാളികളെ നിയമിക്കണമെങ്കിൽ അതാത് വർഷത്തെ സ്വദേശിവത്കരണ പദ്ധതികൾ സമർപ്പിക്കണമെന്ന് കമ്പനികൾക്ക് മാനവവിഭവ മന്ത്രാലയം അറിയിപ്പ് നൽകി കഴിഞ്ഞു. ജൂൺ അവസാനത്തോടെ 25000 ഒമാനി പൗരന്മാരെ സ്വകാര്യ മേഖലയിൽ നിയമിക്കാനുള്ള ശ്രമം അതിവേഗത്തിൽ നടക്കുകയാണ്. ഇങ്ങനെ സ്വദേശികൾക്ക് ഇരിക്കാൻ വേണ്ടി എഴുന്നേറ്റ് കൊടുക്കുന്ന വിദേശികളിൽ അധികം പേർ ഇന്ത്യക്കാരാണ്. അവരിൽ കൂടുതൽ മലയാളികളും.
ഒമാനിലെ പതിനൊന്ന് ഗവർണറേറ്റുകളിൽ എട്ടിലും വിദേശികളുടെ എണ്ണത്തിൽ 0.08 ശതമാനത്തിെൻറ കുറവ് ഉണ്ടായതായി ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിെൻറ കണക്ക് പറയുന്നു. ഈ കാലയളവിൽ 9808 വിദേശികൾ രാജ്യം വിട്ടു. സൗദിയിൽനിന്ന് 2017ൽ അഞ്ചര ലക്ഷം പേർ രാജ്യം വിട്ടതായി പാസ്പോർട്ട് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. സ്വദേശിവത്കരണത്തിെൻറ ഭാഗമായുള്ള ഈ മടക്കങ്ങൾ ഇനിയും കൂടുമെന്നാണ് സൗദി ഫ്രാൻസ് ബാങ്ക് നടത്തിയ പഠനം പറയുന്നത്. ഇതിന് പ്രധാന കാരണമായി പറയുന്നത് വിദേശ ജോലിക്കാർക്കും ആശ്രിതർക്കും ഏർപ്പെടുത്തിയ ലെവിയാണ്. ഈ രീതികൾ വൈകാതെ ജി.സി.സി.യിലെ എല്ലാ രാജ്യങ്ങളേയും ബാധിക്കാൻ പോവുകയാണ്. പൊതുമേഖല വിദേശിമുക്തമാക്കിയില്ലെങ്കിൽ മന്ത്രിമാരെ കുറ്റവിചാരണ ചെയ്യുമെന്ന് കുവൈത്ത് പ്രഖ്യാപിച്ചത് ഒരു ആഴ്ച മുമ്പാണ് . ഇത്തരം സാഹചര്യങ്ങളെ പരമാവധി അതിജീവിച്ച് അവസാനഘട്ടത്തിലാണ് ഓരോ പ്രവാസിയും സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നത്. അതിൽ ചിലർക്ക് മുമ്പിൽ ഭാവി പൂർണമായും ശൂന്യമാണ്. ചിലർ ദീർഘകാലം ചെയ്ത ജോലി നാട്ടിൽ ചെയ്യാനുള്ള ശ്രമം നടത്തുന്നു. സുഗതൻ നടത്തിയത് മസ്കത്തിൽ താനും കുടുംബവും നടത്തിയ വർക്ക് ഷോപ്പ് സ്വന്തം നാടായ പുനലൂരിൽ നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോവുക എന്നതാണ്. ഭാര്യയും രണ്ടു മക്കളും ഒപ്പമുള്ള നാല് പതിറ്റാണ്ടിെൻറ പ്രവാസത്തിന് നാട്ടിൽ തുടർച്ചയുണ്ടാക്കുക. അതിന് താൻ ശീലിച്ച പണിതന്നെ തെരഞ്ഞെടുത്തതിനെ ആദ്യം കൈ നീട്ടി സ്വീകരിക്കേണ്ടത് അകം കേരളം തന്നെയായിരുന്നു. പക്ഷേ, അങ്ങനെ സംഭവിച്ചില്ല. മൂന്ന് പതിറ്റാണ്ടിനുമുമ്പ് മോഹൻലാൽ ഗൾഫുകാരനെ പ്രതിനിധാനംചെയ്ത് അഭിനയിച്ച വരവേൽപ് എന്ന സിനിമയിലെ അതേ അവസ്ഥയിൽതന്നെയാണ് അകം കേരളം ഇന്നും. അതിനെ അന്നും ഇന്നും നിയന്ത്രിക്കുന്നത് അധികാര രാഷ്ട്രീയം തന്നെ എന്നിടത്താണ്വിഷയത്തിെൻറ ഗൗരവം.
വരവേൽപ് സിൻഡ്രോം
വരവേൽപിൽ ഗൾഫുകാരൻ ബുർഷയാണ്. അവൻ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി പ്രതിനായകനും തൊഴിലാളി സംഘടനാ നേതാവുമായ അന്തരിച്ച നടൻ മുരളി പറയുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിന് ശേഷം പുനലൂരിലെ സി.പി.ഐ അനുഭാവികൾക്ക് ഒരു ഗൾഫുകാരൻ അനഭിമതനാകുന്നത് വയൽ നികത്തി ചെറുകിട വ്യവസായം തുടങ്ങുന്നതു കൊണ്ടാണ്. ഇത് പ്രത്യക്ഷത്തിലെ കാരണമാണ്. മരണപ്പെട്ട സുഗതെൻറ പുത്രന്മാർ പറയുന്നത് ശരിയാണെങ്കിൽ പിന്നിൽ പ്രവർത്തിച്ച ഘടകം പണം തന്നെയാണ്. വലിയ തുക ഒത്തുതീർപ്പിനായി നൽകി എന്നുപോലും പറയപ്പെടുന്നു. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് നൽകുന്ന സന്ദേശം തികച്ചും ജീർണിച്ച് അധികാര രാഷ്ട്രീയത്തിെൻറ വൃത്തികെട്ട സമകാലീനാവസ്ഥ എന്താണ് എന്നാണ്. കാരണം, ഇതേ രാഷ്ട്രീയക്കാർ വാർഡ് തലം മുതൽ അഖിലേന്ത്യ സമ്മേളനത്തിനുവരെ ഫണ്ട് കണ്ടെത്തുന്ന പ്രധാന സ്രോതസ്സ് പ്രവാസികളാണ്. മാസത്തിൽ രണ്ടും മൂന്നും തവണ ഗൾഫിലെത്തുന്ന രാഷ്ട്രീയക്കാർക്ക് പ്രവാസികളുടെ ജീവിതാവസ്ഥ അറിയില്ല എന്ന് പറയുന്നതിലും അർഥമില്ല. എന്നിട്ടും എന്തുകൊണ്ട് പ്രവാസികളോടുള്ള സമീപനത്തിൽ മാറ്റം വരുന്നില്ല?
അതിന് കാരണമായ ഘടകങ്ങളിൽ ന്യൂനപക്ഷത്തിൽ ന്യൂനപക്ഷം വരുന്ന സവർണ പ്രവാസികളുടെ രാഷ്ട്രീയബന്ധമാണ്. അവർക്ക് ഒരു തടസ്സവും പ്രതിരോധവും ഇല്ലാതെ നാട്ടിൽ സ്വശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും, വയൽ നികുതി ആഡംബര റിസോർട്ടുകളും, വൻകിട വ്യാപാര സ്ഥാപനങ്ങളും അനായാസം തുടങ്ങാം. അതിൽ പലപ്പോഴും രാഷ്ട്രീയക്കാരും കൂട്ട് കച്ചവടക്കാരായിരിക്കും. പക്ഷേ, സുഗുണൻമാർ ആരംഭിക്കുന്നത് പ്രവാസം സമ്മാനിച്ച തിരസ്കരണത്തിൽ ജീവിതം നിലനിർത്താനുള്ള ചെറുകിട സ്ഥാപനങ്ങളാണ്. അവിടെ വൻകിട ഇടപാടുകൾ ഇല്ല. അത്തരക്കാരിൽനിന്നും പരമാവധി പണം കൈവശപ്പെടുത്തുക മാത്രമാണ് ഏക വഴി. അതിന് വഴിപ്പെട്ടില്ലെങ്കിൽ വരവേൽപിലെ ബസ് കുത്തിപ്പൊട്ടിച്ചതു പോലെ അവർ വർക്ക് ഷോപ്പിനുവേണ്ടി തിരഞ്ഞെടുത്ത മണ്ണിൽ കൊടിക്കുത്തും.ചെറിയ കോഴിഫാം തുടങ്ങിയാൽ പരിസരവാസികളെെക്കാണ്ട് പ്രതിരോധം തീർക്കും. അതിന് പിന്നിൽ മതത്തിെൻറയോ ജാതിയുടെയോ കൊടി കാണില്ല. പകരം വരുന്നത് വിപ്ലവത്തിെൻറ കൊടിയാണ്. വെറും വിപ്ലവം അല്ല യുവ വിപ്ലവം. അതിനു മുമ്പിൽ ഒരു പ്രവാസി ആത്മഹത്യ ചെയ്തപ്പോൾ അയാൾ ചില ചോദ്യങ്ങൾ അകം കേരളത്തോട് ചോദിച്ചിട്ടുണ്ട്.
സമീപ ഭാവിയിൽ കേരളത്തിലേക്ക് മടക്കയാത്രക്ക് ഒരുങ്ങുന്നത് നൂറും ഇരുന്നൂറും പ്രവാസികൾ അല്ല. ആയിരക്കണക്കിന് കുടുംബങ്ങൾതന്നെ തിരിച്ചെത്തും. ഇന്നലെവരെ അവരുടെ പണം കൊണ്ട് ആഘോഷം നടത്തിയ അകം കേരളം അവരുടെ തൊഴിൽ പുനരധിവാസത്തോട് എടുക്കുന്ന സമീപനം എന്തായിരിക്കും? ഒന്നിച്ചുള്ള മടക്കങ്ങൾ മടങ്ങിയെത്തിയ പ്രവാസികളെമാത്രമാണ് ബാധിക്കുക എന്നത് മൂഢധാരണയാണ്. മടങ്ങിയെത്തിയവർക്ക് പട്ടിണികിടക്കാതെ ജീവിക്കണ്ടെ? അടിസ്ഥാന തൊഴിൽമേഖലയിലാണ് സ്വദേശിവത്കരണം അതിവേഗത്തിൽ നടക്കുന്നത്. അവിടെയാണ് അവർ പ്രവാസികൾ പതിനാറു മണിക്കൂർവരെ ജോലി ചെയ്തത്. അത്തരക്കാരിൽ 60 ശതമാനത്തിനുപോലും ഇന്നും ബാങ്ക് അക്കൗണ്ട് ഇല്ല.അവരാണ് സ്വന്തം മണ്ണിൽ ജീവിക്കാൻ ഒരു പന്തൽ കെട്ടുന്നത്. അവിടെയാണ് രാഷ്ട്രീയമായി പ്രബുദ്ധത നേടിയ വിപ്ലവ പാർട്ടികൾ പ്രതിരോധം തീർക്കുന്നത്. തൊട്ടപ്പുറത്ത് മൂന്നാറിലും. വാഗമണ്ണിലും രാഷ്ട്രീയക്കാർ നിർലജ്ജം കൈയടക്കിയ മണ്ണിൽ കൊടികുത്താൻ ധൈര്യമില്ലാത്തവർ. ഇതൊക്കെ എത്രയോ കാലമായി പുറം കേരളം കാണുന്നുണ്ട്. അതൊക്കെ അറിഞ്ഞ് അതേ കേരളത്തിൽ എത്തുന്ന പ്രവാസികളോട് രാഷ്ട്രീയ പാർട്ടികളുടെ സമീപനം ഉടനെ മാറണം. സുഗതെൻറ ആത്മഹത്യ അകം കേരളത്തെ ഞെട്ടിച്ചില്ല. ഞെട്ടിയത് ആ കുടുംബം മാത്രമാണ്. പക്ഷേ, പുറം കേരളം ഞെട്ടി. മടക്കയാത്രക്ക് ഒരുങ്ങിനിൽക്കുന്ന പ്രവാസികളെ സുഗതെൻറ ദുർവിധി ഭയപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ചും പ്രതിരോധം തീർത്തത് സമൂഹവിരോധികൾ അല്ല എന്നതുകൊണ്ടുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.