വോട്ടമർത്തുക, വിദ്വേഷ ശക്തികൾക്കെതിരെ
text_fieldsവിലമതിക്കാനാവാത്ത നിങ്ങളുടെ വോട്ടുകൾ ഇന്ത്യൻ ഭരണഘടനയെയും അതു മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെയും മുറുകെപിടിക്കുമെന്ന് പ്രതിജ്ഞ ചെയ്ത മതനിരപേക്ഷ പാർട്ടിക്കാവണം
കേരള ജനതക്ക് ഇന്ന് വോട്ടിങ് ദിനമാണ്. വേനൽചൂട് കടുത്തുനിൽക്കുന്ന ദിവസമായതിനാൽ, വോട്ടവകാശമുള്ള ഓരോ വ്യക്തികളും രാവിലെതന്നെ പോളിങ് ബൂത്തുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സ്നേഹപൂർവം ഓർമപ്പെടുത്തട്ടെ. അത് നിങ്ങളുടെ ഭരണഘടനാവകാശം മാത്രമല്ല, പവിത്രമായ കടമ കൂടിയാണ്.
വിലമതിക്കാനാവാത്ത നിങ്ങളുടെ വോട്ടുകൾ ഇന്ത്യൻ ഭരണഘടനയെയും അതു മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെയും മുറുകെപിടിക്കുമെന്ന് പ്രതിജ്ഞ ചെയ്ത മതനിരപേക്ഷ പാർട്ടിക്കാവണം. ഈ രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സ്വാതന്ത്ര്യവും അവകാശങ്ങളും ന്യൂനപക്ഷ സമൂഹങ്ങളുടെ പരിരക്ഷയും പൂർണമായി സംരക്ഷിക്കപ്പെടണം.
നമ്മെ വിഘടിപ്പിക്കുകയും മതത്തിന്റെ പേരിൽ തമ്മിൽ തല്ലിക്കുകയും മുസ്ലിംകളും ക്രൈസ്തവരും ഉൾപ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങളെ താറടിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ശക്തികളുടെ വശീകരണ തന്ത്രങ്ങൾ തിരിച്ചറിഞ്ഞ് അകലം പാലിക്കാനും നാം ജാഗ്രത പുലർത്തണം.
ഏപ്രിൽ 26 ഇന്ത്യ കണ്ട മഹാനായ ഒരു മനുഷ്യസ്നേഹിയുടെ ജന്മദിനംകൂടിയാണ്. പാവപ്പെട്ടവരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദിച്ചതിന്റെ പേരിൽ കള്ളക്കേസിൽ കുരുക്കി കൽത്തുറുങ്കിലടച്ച, ചികിത്സയും വെള്ളം കുടിക്കാനൊരു സ്ട്രോപോലും നിഷേധിച്ച് അവർ കൊലപ്പെടുത്തിയ ഫാദർ സ്റ്റാൻ സ്വാമിയുടെ ജന്മദിനം. സ്റ്റാൻ സ്വാമിയെപ്പോലുള്ള മഹദ് ജീവിതങ്ങൾ നിലകൊണ്ട മൂല്യങ്ങളെ വീണ്ടെടുക്കാനുള്ള അവസരമായി ഈ വോട്ടെടുപ്പിനെ നാം കാണണം.
ചെർണോബിൽ ആണവദുരന്തത്തിന്റെ വാർഷികദിനംകൂടിയാണിന്ന്. രാജ്യത്തിന്റെ ഖജനാവിലെ സമ്പത്ത് ജനതയുടെ ആരോഗ്യപരിപാലനത്തിനും വിദ്യാഭ്യാസത്തിനും പശ്ചാത്തല വികസന സൗകര്യത്തിനും വിനിയോഗിക്കുന്നതിനുപകരം ആണവായുധങ്ങളും പടക്കോപ്പുകളും വാങ്ങിക്കൂട്ടുന്ന യുദ്ധവെറി ആഗോളതലത്തിൽ ഒരു പകർച്ചവ്യാധിപോലെ പടരുകയാണ്.
യുദ്ധാന്തരീക്ഷം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന, ആ കോലാഹലത്തിന്റെ മറവിൽ വിലക്കയറ്റവും തൊഴിലില്ലായ്മയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമെല്ലാം മൂടിവെക്കുന്ന വ്യാജജാലം നമ്മൾ പലവുരു കണ്ടതാണ്.
രാജ്യത്തിന്റെ പരമാധികാരം അടിയറവെക്കാതെ സംരക്ഷിക്കുകയും സമാധാനത്തിന് പ്രഥമ പരിഗണന നൽകുകയും ചെയ്യുന്ന ഒരു ഭരണകൂടമാണ് നമുക്കാവശ്യം. ഫാഷിസ്റ്റുകളെയും വർഗീയ അതിക്രമകാരികളെയും ഏകാധിപത്യശക്തികളെയും അധികാരത്തിൽനിന്ന് അകറ്റിനിർത്തുന്നതിനാവണം നമ്മുടെ ഓരോ വോട്ടും.
മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ ശ്വാസഗതി വീണ്ടെടുക്കണം, അതു സംരക്ഷിക്കപ്പെടണം, വൈവിധ്യങ്ങളും സൗഹാർദവുമുള്ള ഇന്ത്യ എന്നും തലയുയർത്തി നിൽക്കണം എന്ന് മനസ്സിലുറപ്പിച്ച് വേണം ഓരോരുത്തരും വോട്ടുയന്ത്രത്തിൽ വിരലമർത്താൻ. സ്വാതന്ത്ര്യസമര സേനാനികളും ജനാധിപത്യ നായകരും ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവർത്തകരും വിഭാവനം ചെയ്ത മനോഹരമായ ഇന്ത്യ സാധ്യമാവട്ടെ, സഫലമാവട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.