ഇനി ചരിത്രം വിധിക്കട്ടെ
text_fieldsചീഫ് ജസ്റ്റിസ് എന്ന നിലയിൽ എന്റെ കാലാവധി അവസാനിക്കാനിരിക്കെ, എന്റെ മനസ്സ് ഒരേസമയം ഭാവിയെക്കുറിച്ചും ഭൂതകാലത്തെക്കുറിച്ചുമുള്ള ഭയത്തിലും ഉത്കണ്ഠയിലും മുഴുകിയിരിക്കുന്നു. ചില ചോദ്യങ്ങൾ എന്നെ വല്ലാതെ അലട്ടുന്നുണ്ട്: എന്റെ പ്രവർത്തനകാലത്തെ ചരിത്രം എങ്ങനെയാകും വിലയിരുത്തുക? ഞാൻ ചെയ്യാൻ ഉദ്ദേശിച്ച കാര്യങ്ങളെല്ലാം ഫലപ്രാപ്തിയിലെത്തിയോ? വ്യതിരിക്തമായി എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നോ? ഭാവിതലമുറയിലെ ന്യായാധിപർക്കും നിയമ വിദഗ്ധർക്കുമായി ഞാൻ ബാക്കിവെച്ച ലെഗസി എന്തായിരിക്കും? ഈ ചോദ്യങ്ങൾക്കൊന്നും എനിക്ക് കൃത്യമായ ഉത്തരങ്ങളില്ല. പക്ഷേ, ഒരു കാര്യം എനിക്ക് തീർത്തുപറയാൻ സാധിക്കും. കഴിഞ്ഞ രണ്ടു വർഷവും അതിരാവിലെ ഞാൻ എണീക്കുന്നത് തികഞ്ഞ ആത്മാർഥതയോടെ ജോലിനിർവഹിക്കണമെന്ന ഉദ്ദേശ്യത്തിലൂടെയായിരുന്നു; രാത്രി കിടക്കുന്നത്, ആ ദിവസം രാജ്യത്തിനായി എന്തെങ്കിലും ചെയ്തുവെന്ന ആത്മസംതൃപ്തിയോടെയും’’ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
ജനാധിപത്യത്തിന്റെ മൂന്നാം തൂണാണ് ജുഡീഷ്യറി. ‘നിയമത്തെ താഴെവീഴാതെ, ഉടയാതെ, കളങ്കപ്പെടുത്താതെ മുറുകെ പിടിക്കുന്ന സംവിധാന’മെന്നാണ് അതിന്റെ നിർവചനം. മറ്റു തൂണുകൾ തുരുമ്പിച്ച് താഴെ വീഴാതെ നോക്കാനുള്ള ഉത്തരവാദിത്തംകൂടിയുള്ള ഭരണഘടന സ്ഥാപനമാണത്.
എന്നാൽ, നിയമനിർമാണം നടത്തുന്ന ലെജിസ് ലേച്ചറിനെയും നിയമം നടപ്പാക്കുന്ന എക്സിക്യൂട്ടിവിനെയും നേർവഴിക്ക് നടത്താനും ആവശ്യമെങ്കിൽ നിയന്ത്രിക്കാനുമൊക്കെ അധികാരമുള്ള ജുഡീഷ്യറി ഹിന്ദുത്വയുടെ പുതിയ കാലത്ത് സ്വന്തം നിലയിൽതന്നെ കുത്തഴിഞ്ഞിരിക്കുന്നുവെന്ന് വിളിച്ചുപറഞ്ഞത് ജസ്റ്റിസ് ചെലമേശ്വറിനെപ്പോലുള്ളവരായിരുന്നു. ഭരണത്തിന്റെ സർവമേഖലകളിലും ഏകാധിപത്യത്തിന്റെ കരിനിഴൽവീണ സമയത്താണ് അൽപമെങ്കിലും വഴിമാറി സഞ്ചരിക്കുന്നൊരാൾ ജുഡീഷ്യറിയുടെ തലപ്പത്ത് വന്നത് -ജസ്റ്റിസ് ചന്ദ്രചൂഡ്.
നിലപാടുകളിലെ കാർക്കശ്യവും വിധിപ്രസ്താവങ്ങളിൽ തെളിഞ്ഞ ഭരണഘടനമൂല്യങ്ങളോടുള്ള പ്രതിബദ്ധതയുമൊക്കെയാണ് ഡി.വൈ.സിയെ ശ്രദ്ധേയനാക്കിത്. അതുകൊണ്ടുതന്നെ, ഇന്ത്യയുടെ 50ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചുമതലയേൽക്കുമ്പോൾ രാജ്യത്തിനും ജനതക്കും പ്രതീക്ഷതന്നെയായിരുന്നു. പദവിയിൽ രണ്ടുവർഷം പൂർത്തിയാക്കിയ അദ്ദേഹം അടുത്തയാഴ്ച വിരമിക്കുകയാണ്. രാജ്യത്തെ നീതിന്യായ ചരിത്രത്തിൽ അവിസ്മരണീയമായ പല മുഹൂർത്തങ്ങളും സമ്മാനിച്ച ന്യായാധിപൻ എന്ന ഖ്യാതിയുള്ള ജസ്റ്റിസ് ചന്ദ്രചൂഡിനെ, അദ്ദേഹംതന്നെ ആശങ്കപ്പെട്ടതുപോലെ, ചരിത്രം എങ്ങനെയായിരിക്കും വിലയിരുത്തുക?
പിതാവും പുത്രനും
നിയമവൃത്തങ്ങളിൽ ‘ഡി.വൈ.സി’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പൂർണനാമധേയം ധനഞ്ജയ വൈ. ചന്ദ്രചൂഡ് എന്നാണ്. 1959 നവംബർ 11ന് ബോംബെയിൽ ജനനം. ബോംബെയിലും ഡൽഹിയിലുമായി പ്രാഥമിക വിദ്യാഭ്യാസം. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് ബിരുദം. അതിനുശേഷം ഡൽഹി സർവകലാശാലയിൽനിന്ന് നിയമ ബിരുദം. 1983ൽ, ഹാർവഡിൽനിന്നും നിയമപഠനത്തിൽ ബിരുദാനന്തര ബിരുദം. അക്കാലത്ത് ഇൻലാക്സ് സ്കോളർഷിപ് ലഭിച്ചു. അവിടെനിന്നുതന്നെ ഗവേഷണ ബിരുദവും നേടിയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. സുപ്രീംകോടതിയിലും ബോംബെ ഹൈകോടതിയിലും പ്രാക്ടീസ് ചെയ്താണ് അഭിഭാഷകവൃത്തി ആരംഭിച്ചത്.
1998ൽ, വാജ്പേയി ഭരണകാലത്ത് കേന്ദ്ര സർക്കാറിന്റെ അഡീഷനൽ സോളിസിറ്റർ ജനറലായിരുന്നു. 2000 മുതൽ 2013 വരെ ബോംബെ ഹൈകോടതി ജഡ്ജി. അതുകഴിഞ്ഞ് മൂന്നുവർഷം അലഹബാദ് ഹൈകോടതി ചീഫ് ജസ്റ്റിസ്. 2016ൽ സുപ്രീംകോടതി ജഡ്ജിയായി. 2022ൽ ചീഫ് ജസ്റ്റിസും. ആദ്യ ഭാര്യ രശ്മി 2007ൽ മരണപ്പെട്ടു. ഇവർക്ക് രണ്ട് ആൺ മക്കൾ. മുൻ ബ്രിട്ടീഷ് കൗൺസിൽ ഉദ്യോഗസ്ഥ കൽപന ദാസാണ് ജീവിത പങ്കാളി. ദമ്പതികൾ രണ്ട് കുട്ടികളെ ദത്തെടുത്ത് വളർത്തുന്നുണ്ട്.
രാഷ്ട്രീയത്തെപ്പോലെ ജുഡീഷ്യറിയിൽ പാരമ്പര്യത്തിന് വലിയ മാറ്റൊന്നുമില്ലെങ്കിലും ചന്ദ്രചൂഡിന് അവകാശപ്പെടാൻ വലിയൊരു പാരമ്പര്യവുമുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിൽ ഏറ്റവും കാലമിരുന്ന വൈ.വി. ചന്ദ്രചൂഡിന്റെ മകൻ കൂടിയാണ് ഡി.വൈ.സി. ഇങ്ങനെ പിതാവും പുത്രനും ഈ പദവിയിലിരിക്കുന്നതും രാജ്യത്ത് ആദ്യം.
മറ്റൊരു കൗതുകം കൂടിയുണ്ട് ഇതിൽ. അടിയന്തരാവസ്ഥക്കാലത്ത് സ്വന്തം പിതാവ് ജബൽപുർ ജഡ്ജിയായിരിക്കെ ഇന്ദിര ഗാന്ധിയുടെ നയങ്ങൾക്കനുസൃതമായി പുറപ്പെടുവിച്ച വിഖ്യാതമായ ഹേബിയസ് കോർപസ് വിധി ഡി.വൈ.സി ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി തള്ളിക്കളഞ്ഞിട്ടുണ്ട്. 2019ൽ സുപ്രീംകോടതി ജഡ്ജിയായിരിക്കെയായിരുന്നു അത്.
‘‘വിധിപ്രസ്താവത്തിന്റെ സത്തയെന്ന് പറയുന്നത് അനുകമ്പയാണ്, ജഡ്ജ്മെന്റിൽനിന്ന് നിങ്ങൾ അനുകമ്പ എന്ന ഘടകം എടുത്തുമാറ്റുന്നതോടെ അത് കേവലമൊരു തൊണ്ടായി അവശേഷിക്കുന്നു’’- സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റപ്പോൾ പറഞ്ഞ വാക്കുകളാണിത്. ഈ ‘നീതി രാഷ്ട്രീയ’ത്തിലൂന്നി പുറപ്പെടുവിച്ച വിധികൾ നിരവധിയാണ്.
പക്ഷേ, അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമിയിൽ ക്ഷേത്ര നിർമാണത്തിന് അനുമതി നൽകുമ്പോൾ ജുഡീഷ്യറിയിലെ വിപ്ലവകാരി അപ്രത്യക്ഷനായി. അതിനെക്കുറിച്ച് അടുത്തകാലത്ത് പറഞ്ഞതാകട്ടെ വിചിത്രമായ കാര്യങ്ങളും. വിധിയുടെ തലേന്നാൾ, മികച്ചൊരു പരിഹാരത്തിനായി ദൈവത്തോട് പ്രാർഥിച്ചുവെന്നായിരുന്നു ആ പ്രസ്താവന.
ഗണേശോത്സവ പൂജക്ക് ചന്ദ്രചൂഡിനെ പ്രധാനമന്ത്രി മോദി സന്ദർശിച്ചതും അടുത്തിടെ വിവാദമായി. ഈ സന്ദർശനത്തിൽ, ചന്ദ്രചൂഡിന്റെ ഭാവിയെക്കുറിച്ചുള്ള സൂചനകളുള്ളതായി സംശയിക്കുന്നവരുമുണ്ട്. എന്നാൽ, ഇതിലൊന്നും കൃത്യമായ മറുപടി പറയാൻ ചീഫ് ജസ്റ്റിസ് തയാറായിട്ടുമില്ല.
പ്രധാന വിധിന്യായങ്ങൾ
ഇലക്ടറൽ ബോണ്ട് വിധി -2024 ഫെബ്രുവരി 15
ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കുള്ള ധനസഹായ മാർഗമായിരുന്നു ഇലക്ടറൽ ബോണ്ട് അഥവ തെരഞ്ഞെടുപ്പ് ബോണ്ട്. 2017ലെ കേന്ദ്ര ബജറ്റിൽ ധനകാര്യ ബില്ലിലാണ് അജ്ഞാത ഇലക്ടറൽ ബോണ്ട് പദ്ധതി അവതരിപ്പിച്ചത്. രാഷ്ട്രീയപാർട്ടികൾക്ക് സുതാര്യമായ മാർഗത്തിലൂടെ ധനം സമ്പാദിക്കാനുള്ള മാർഗമെന്ന നിലയിൽ ആവിഷ്കരിക്കപ്പെട്ട ബോണ്ട് സമ്പ്രദായം, ഭരണപക്ഷ രാഷ്ട്രീയപാർട്ടികൾക്ക് വൻ അഴിമതി നടത്താനുള്ള അരങ്ങൊരുക്കിയതോടെയാണ് വിഷയത്തിൽ സുപ്രീംകോടതി ഇടപെടലുണ്ടായത്.
ബോണ്ട് സമ്പ്രദായം ഭരണഘടനാവിരുദ്ധമെന്ന് വിലയിരുത്തി റദ്ദാക്കിയ ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ച്, നേരത്തേ ബോണ്ടിനായി ഒഴിവാക്കിയ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകൾ പുനഃസ്ഥാപിക്കുകയും ചെയ്തു. ചന്ദ്രചൂഡിന്റെ കരിയറിലെ ഏറ്റവും സുപ്രധാന വിധിയായി ഇത് കണക്കാക്കുന്നു.
മീഡിയവൺ നിരോധനം -2023 ഏപ്രിൽ അഞ്ച്
മാധ്യമ സ്വാതന്ത്ര്യ ചരിത്രത്തിൽതന്നെ ഏറെ പ്രധാനപ്പെട്ട വിധി പ്രസ്താവമായിട്ടാണ് മീഡിയവൺ നിരോധനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വിലയിരുത്തപ്പെടുന്നത്. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സർക്കാർ മീഡിയവണിന് ഏർപ്പെടുത്തിയ നിരോധനം എടുത്തുകളഞ്ഞത്. 2022 മാർച്ചിലായിരുന്നു കേന്ദ്രം മീഡിയവണിന്റെ ലൈസൻസ് പുതുക്കാൻ വിസമ്മതിച്ചത്. തുടർന്ന് ഹൈകോടതിയും നിരോധനം ശരിവെച്ചതോടെ വിഷയം സുപ്രീംകോടതിയിലെത്തി.
എന്നാൽ, ഹൈകോടതിയുടെയും കേന്ദ്രസർക്കാറിന്റെയും സർവ നീക്കങ്ങളെയും തള്ളിയാണ് പരമോന്നത നീതിപീഠം നിരോധനം എടുത്തുകളഞ്ഞത്. സർക്കാർ നയങ്ങൾക്കെതിരായ ചാനലിന്റെ വിമർശനങ്ങളെ ‘വ്യവസ്ഥക്കെതിര്’ എന്ന് മുദ്രകുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രയോഗങ്ങളിലൂടെ മാധ്യമങ്ങൾ സർക്കാർ നയങ്ങൾക്കനുസൃതമായി പ്രവർത്തിക്കണമെന്ന തെറ്റായ സന്ദേശം നൽകുന്നുവെന്നും വിധിന്യായത്തിൽ പറയുന്നു.
ആവിഷ്കാര സ്വാതന്ത്ര്യത്തിനായി -2019 മാർച്ച് 15
2019 ഫെബ്രുവരി 10നാണ് അനിക് ദത്തയുടെ ‘ഭോബിഷ്യോട്ടർ ബൂട്ട്’ എന്ന ബംഗാളി ആക്ഷേപ ഹാസ്യ സിനിമ റിലീസായത്. മമതയടക്കമുള്ള രാഷ്ട്രീയക്കാരെ ട്രോളിയ ആ ചിത്രത്തിന് തൃണമൂൽ സർക്കാർ പൂട്ടിട്ടു. തുടർന്നാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്.
സിനിമ വിലക്കിയ നടപടിക്ക് മമത സർക്കാറിന് പിഴയിട്ട ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച്, പ്രദർശനം തടസ്സപ്പെടുത്തിയ വകയിൽ സിനിമ കമ്പനിക്ക് നഷ്ടമായ തുക തിരിച്ചുനൽകാനും ഉത്തരവിട്ടു. ആ വിധിന്യായത്തിൽ ചന്ദ്രചൂഡ് ഇങ്ങനെ കുറിച്ചു: പൊതുബോധത്തെ പേടിച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വായ് മൂടിക്കെട്ടാനാവില്ല.
ശബരിമല യുവതി പ്രവേശനം -2018 സെപ്റ്റംബർ 28
ശബരിമലയിൽ യുവതികൾക്കുണ്ടായിരുന്നു പ്രവേശന വിലക്ക് നീക്കി. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ‘ശുദ്ധി’യുടെയും മറ്റും പേരിൽ വിലക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനം മാത്രമല്ല, തൊട്ടുകൂടായ്മ കൂടിയാണെന്ന് വിധിന്യായത്തിൽ വ്യക്തമായി ചന്ദ്രചൂഡ് വ്യക്തമാക്കി.
പിന്നീട്, വിധി പുനഃപരിശോധിക്കാൻ വിപുല ഭരണഘടന ബെഞ്ചിന് വിട്ടപ്പോൾ ആ വിധിയോട് ബെഞ്ചിലിരുന്നുതന്നെ അദ്ദേഹം വിയോജിച്ചു.
സ്വകാര്യത മൗലികാവകാശം -2017 ആഗസ്റ്റ് 24
വ്യക്തിയുടെ സ്വകാര്യത മൗലികാവകാശമായി പ്രഖ്യാപിച്ചുള്ള സുപ്രീംകോടതി വിധിയായിരുന്നു ഇത്. കർണാടക മുൻ ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് പുട്ടുസ്വാമി സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റിസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ഒമ്പതംഗ ബെഞ്ച് ഐകകണ്ഠ്യേന വിധി പ്രഖ്യാപിച്ചത്.
ഭരണഘടനയിലെ 14, 19, 21 വകുപ്പുകൾ പ്രകാരം സ്വകാര്യത ഒരു മൗലിക അവകാശമാണെന്ന് മുമ്പുണ്ടായിരുന്ന വിധികൾ തിരുത്തി ബെഞ്ച് ചരിത്ര വിധി പുറപ്പെടുവിച്ചു. ആ വിധിന്യായത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് ഇങ്ങനെ എഴുതി: ‘‘വ്യക്തിത്വത്തിന്റെയും അന്തസ്സിന്റെയും അടിസ്ഥാനമാണ് സ്വകാര്യത; സ്വകാര്യതയില്ലാതെ ആത്മാഭിമാനവുമില്ല.’’
സ്വവർഗ ബന്ധം കുറ്റകൃത്യമോ? -2018 സെപ്റ്റംബർ ആറ്
സ്വവർഗ ബന്ധം കുറ്റകൃത്യമാക്കുന്നതാണ് ഭരണഘടനയിലെ 377ാം വകുപ്പ്. സ്വകാര്യത മൗലികാവകാശമാക്കുന്ന വിധിയിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെയും എൽ.ജി.ബി.ടി കമ്യൂണിറ്റിയുടെയും സ്വകാര്യതയെക്കുറിച്ച് ചില പരാമർശങ്ങൾ ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയിരുന്നു. 2013ൽ, ഡൽഹി ഹൈകോടതി വിധി തള്ളി 377ാം വകുപ്പ് ക്രിമിനൽ കുറ്റംതന്നെയെന്ന് വിധിച്ച സുപ്രീംകോടതിയെ വിധിയോട് ചന്ദ്രചൂഡ് വിയോജിക്കുകയും ചെയ്തു.
ഇതിന്റെ തുടർച്ചയിലാണ് നവ്തേജ് സിങ് എന്നയാൾ സമർപ്പിച്ച ഹരജിയിൽ 377ാം വകുപ്പ് ഭരണഘടന വിരുദ്ധമെന്ന് നിരീക്ഷിച്ച് ചന്ദ്രചൂഡ് അടങ്ങുന്ന അഞ്ചംഗ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. അതോടെ, 158 വർഷം പഴക്കമുള്ള സ്വവർഗ ബന്ധം കുറ്റകൃത്യമാക്കുന്ന വകുപ്പ് ഇല്ലാതായി. പരസ്പര സമ്മതത്തോടെയുള്ള സ്വവർഗ ബന്ധം നിയമവിധേയമാവുകയും ചെയ്തു.
ഹാദിയ കേസ് -2018 മാർച്ച് എട്ട്
കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ ഹാദിയ കേസിലെ ചന്ദ്രചൂഡിന്റെ വിധിന്യായവും ചരിത്രപരമാണ്. ഷെഫിൻ ജഹാനുമായുള്ള വിവാഹം സാധൂകരിക്കുക മാത്രമല്ല, ലവ് ജിഹാദ് ആരോപണം തള്ളി ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള വ്യക്തികളുടെ തിരഞ്ഞെടുപ്പിനെ അദ്ദേഹം പിന്തുണക്കുകയും ചെയ്തു.
മറ്റു വിധികൾ
അസമിൽ 1966 ജനുവരി ഒന്ന് മുതൽ 1971 മാർച്ച് 25 വരെയുള്ള കുടിയേറ്റം അംഗീകരിച്ചുള്ള വിധിയാണ് ചന്ദ്രചൂഡ് പുറപ്പെടുവിച്ച അവസാന ഇടപെടലുകളിൽ പ്രധാനപ്പെട്ടത്. പൗരത്വ നിയമത്തിന്റെ ആറ് എ വകുപ്പിന്റെ ഭരണഘടനാ സാധുത അഞ്ചംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പടെയുള്ള നാല് ജഡ്ജിമാർ ശരിവെച്ചതോടെ 1971 വരെ അസമിലെത്തിയവരെ പൗരന്മാരായി പരിഗണിക്കാമെന്നായി. നീറ്റ് യു.ജി പരീക്ഷ ചോദ്യങ്ങൾ ചോർന്ന സാഹചര്യത്തിൽ പുനഃപരീക്ഷ വേണമെന്ന ഹരജി തള്ളിയ ഉത്തരവാണ് മറ്റൊന്ന്. അദാനി-ഹിൻഡൻ ബെർഗ് വിവാദത്തിൽ പ്രത്യേക അന്വേഷണം വേണമെന്ന ഹരജിയും ചന്ദ്രചൂഡ് തള്ളി.
മണിപ്പൂർ കലാപത്തിൽ ശക്തമായ ഇടപെടൽ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ ഭാഗത്തുനിന്നുണ്ടായി. മണിപ്പൂരിൽ ഗോത്രവർഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ വിഡിയോ പ്രചരിച്ചപ്പോഴാണ് വിഷയത്തിൽ അന്വേഷണത്തിനായി ജഡ്ജിമാരടങ്ങുന്ന പ്രത്യേക സംഘത്തെ നിയമിച്ചത്. അവിവാഹിതകളുടെ ഗർഭഛിദ്രത്തിന് അനുമതി നൽകിയ വിധിയും ചരിത്രപരമാണ്. 24 ആഴ്ചവരെയുള്ള ഗർഭം അലസിപ്പിക്കാമെന്നായിരുന്നു വിധി.
ഈ വിധിയിലാണ് ഭർതൃബലാത്സംഗം കുറ്റകൃത്യമാണെന്ന പരാമർശം അദ്ദേഹം നടത്തിയത്. സ്വവർഗരതി ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി ജഡ്ജിയായിരിക്കെ വിധിച്ച അദ്ദേഹം പക്ഷേ, സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകാൻ തയാറായില്ല. 2023ൽ, ഇതുസംബന്ധിച്ച അപ്പീൽ അദ്ദേഹം തള്ളി. ജോലി സ്ഥലത്ത് സ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന വിധി പ്രസ്താവവും ശ്രദ്ധേയമാണ്.
അയോധ്യയും ആധാറും പിന്നെ കശ്മീരും
ഭരണഘടനാമൂല്യങ്ങളിൽ അടിയുറച്ചുള്ളതായിരുന്നു ചന്ദ്രചൂഡിന്റെ വിധിന്യായങ്ങളെന്ന് പൊതുവിൽ വിലയിരുത്താമെങ്കിലും ചില സന്ദർഭങ്ങളിലെങ്കിലും അപവാദങ്ങൾ ദൃശ്യമായിട്ടുണ്ട്. അതിലൊന്നാണ് അയോധ്യകേസിലെ വിധി. അയോധ്യയിൽ ബാബരി പള്ളി നിലനിന്നിരുന്ന 2.77 ഏക്കർ സ്ഥലം രാമക്ഷേത്ര നിർമാണത്തിന് വിട്ടുനൽകണമെന്ന സുപ്രീംകോടതി വിധി പുറപ്പെടുവിക്കുമ്പോൾ ബെഞ്ചിൽ ചന്ദ്രചൂഡുമുണ്ടായിരുന്നു.
2019 നവംബർ ഒമ്പതിനായിരുന്നു അത്. പൊതുബോധത്തിനൊപ്പം നിലയുറപ്പിക്കലല്ല, മറിച്ച് ഭരണഘടനാമൂല്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് വേണ്ടതെന്ന് പല വിധിന്യായങ്ങളിലും കുറിച്ച ചന്ദ്രചൂഡും വിധിയോട് വിയോജിപ്പ് പ്രകടിപ്പിച്ചില്ല. എന്തുകൊണ്ട് അങ്ങനെയൊരു നിലപാട് സ്വീകരിച്ചുവെന്ന് ഇപ്പോഴും അവ്യക്തം.
അതേസമയം, ആധാർ നിയമം പണബില്ലായി പാസാക്കിയ സർക്കാർ നടപടിയെ മറ്റു നാല് ജഡ്ജിമാർ പിന്തുണച്ചപ്പോൾ ചന്ദ്രചൂഡ് അതിനെ ഭരണഘടന വിരുദ്ധം എന്നുതന്നെ വിശേഷിപ്പിച്ചു. ഭീമ കൊറേഗാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ജാമ്യം പരിഗണിച്ചപ്പോഴും കൂടെയുള്ളവർ മറുപക്ഷത്തായിരുന്നു. അവിടെയും അദ്ദേഹം ഭിന്നവിധി പുറപ്പെടുവിച്ച് കലഹിച്ചു. ഈ കലഹമെന്തേ ബാബരി വിഷയത്തിൽ കാണാതെ പോയതെന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ല.
പടിയിറങ്ങുംമുമ്പ്
അടുത്ത ദിവസങ്ങളിൽ രണ്ട് സുപ്രധാന വിഷയങ്ങളിൽകുടി അദ്ദേഹം വിധി പറഞ്ഞേക്കും. മദ്റസകളുടെ നിയമസാധുത സംബന്ധിച്ച് യു.പി സർക്കാറിന്റെ ഹരജിയാണ് അതിലൊന്ന്. അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച അന്തിമ വിധി പ്രസ്താവവും നിർവഹിക്കുക ചന്ദ്രചൂഡ് ആയിരിക്കും.
കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം കേന്ദ്രസർക്കാർ റദ്ദാക്കിയത് 2019 ആഗസ്റ്റ് അഞ്ചിനാണ്. നാല് വർഷങ്ങൾക്കുശേഷം, വിഷയം പരിശോധിച്ച ജസ്റ്റിസ് ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചും ഇത് ശരിവെച്ചു. 370ാം വകുപ്പ് താൽക്കാലികമെന്ന് ബെഞ്ചും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.