ഉറപ്പാണ്, തീരദേശത്തിെൻറ തിരിച്ചടി
text_fieldsകൊടുത്താൽ കൊല്ലത്തും കിട്ടും എന്നാണ്. എന്നാൽ, കൊടുത്തതിനൊക്കെ കണക്കുതീർത്ത് കിട്ടുന്നത് കൊല്ലത്തു മാത്രമോ അതോ, കേരളമൊട്ടാകെ തീരദേശത്തു നിന്നോ എന്നറിയാൻ മേയ് രണ്ടു വരെയേ കാത്തിരിക്കേണ്ടതുള്ളൂ. ഡിസംബറിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലെ തീരദേശ വാർഡുകളായ പൂന്തുറ, വിഴിഞ്ഞം ഹാർബർ, കോട്ടപ്പുറം എന്നിവിടങ്ങളിൽ അതിെൻറയൊരു ട്രയൽ നടന്നിരുന്നു. മൂന്നു മുന്നണികളും പരാജയത്തിെൻറ കയ്പുനീർ കുടിച്ചു. മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളും സ്വതന്ത്ര സ്ഥാനാർഥികളുമായ മേരി ജിപ്സി, എം.നിസാമുദ്ദീൻ, പനിയടിമ എന്നിവർ വിജയിച്ചു. വിഴിഞ്ഞം തുറമുഖം മൂലമുണ്ടായ കടലാക്രമണത്തിൽ വീട് കടലെടുത്തു പോയ മത്സ്യബന്ധനഗ്രാമങ്ങളിലെ വോട്ടർമാർ മുന്നണികൾക്കു മുന്നറിയിപ്പ് കൊടുത്തതു ഈ നിലക്കാണ്. കോവിഡ് വ്യാപനം തുടങ്ങിയ സമയത്തു പൂന്തുറയിലെ മത്സ്യത്തൊഴിലാളികൾെക്കതിരെ സർക്കാറും അനുഭാവികളും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ വെറുപ്പിെൻറ രാഷ്ട്രീയക്കളിയും തിരുവനന്തപുരത്തെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നു. കോവിഡിെൻറ തുടക്കകാലത്ത് സൈന്യം നടത്തിയ കമാൻഡോ റൂട്ട്മാർച്ചിനെ കുറിച്ച് 'പൂന്തുറക്കു തോക്ക് ഒരു സന്ദേശം നൽകും' എന്ന് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ പറഞ്ഞത് തീരദേശത്തു കനത്ത പ്രതിഷേധത്തിനിടയാക്കി. പൂന്തുറയിലെത്തിയ ആരോഗ്യപ്രവർത്തകരുടെ കാറിനകത്തേക്കു മത്സ്യത്തൊഴിലാളികൾ തുപ്പിയെന്ന പ്രചാരണവും അന്നുണ്ടായി. ഇതൊരു നുണപ്രചാരണമാണെന്ന് വ്യക്തമാക്കി മത്സ്യത്തൊഴിലാളികളും രംഗത്തുവന്നതോടെ സംഘർഷം കനത്തു. തിരുവനന്തപുരം ജില്ലയിലെ കോവിഡ് കണക്കുകൾ ഉയർന്നത്, മത്സ്യത്തൊഴിലാളികളായ രോഗികൾ രോഗം കൊണ്ടുനടന്നു കൊടുത്തതു കൊണ്ടാണ് എന്നൊരു പ്രചാരണവും നടന്നു. ഈ ആരോപണങ്ങൾക്കെല്ലാം ശക്തിപകരുന്ന വിധത്തിൽ ബന്ധപ്പെട്ട അധികാരികളും ഉദ്യോഗസ്ഥരും ഭരണകക്ഷി അനുഭാവികളായ സൈബർപോരാളികളും പ്രസ്താവനകളിറക്കി. ഇതെല്ലാം ഡിസംബറിലെ തെരെഞ്ഞെടുപ്പിൽ മുഖ്യധാരാ മുന്നണികളുടെ തോൽവിയുടെ ഘടകങ്ങളായിരുന്നു.
ആഴക്കടൽ ട്രോളർ വിവാദവും ഇടയലേഖനവും
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും തീരദേശവുമായി ഒത്തുതീർപ്പുണ്ടാക്കുന്നതിനുപകരം കൂടുതൽ പ്രക്ഷുബ്ധതയിലേക്ക് സർക്കാർ നീങ്ങി. ആഴക്കടൽ മത്സ്യബന്ധനത്തിനായി ട്രോളറുകൾ ഉണ്ടാക്കാനുള്ള ഇ.എം.സി.സി ധാരണപത്രം സംബന്ധിച്ച വെളിപ്പെടുത്തലുകളെ തുടർന്ന് പ്രതിപക്ഷവും ഭരണപക്ഷവും ബി.ജെ.പിയും മത്സ്യത്തൊഴിലാളി സംഘടനകളും മതനേതാക്കളും പരസ്പരം വാക്കേറ്റം തുടരുകയാണ്. ഇതിനെതിരെ തീരദേശ ഹർത്താലും മത്സ്യത്തൊഴിലാളികൾ സംഘടിപ്പിച്ചു. സർക്കാറിനെ അറിയിക്കാതെ ഐ.എ.എസ് ഉദ്യോഗസ്ഥനായ എൻ. പ്രശാന്ത്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നിർദേശത്തോടെ നടത്തിയ ഗൂഢതന്ത്രമാണ് ധാരണപത്രം ഒപ്പിടൽ എന്നുവരെ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും ആരോപിച്ചു. എന്നാൽ, ഏറ്റവും അവസാനമായി ഒരു മത്സ്യത്തൊഴിലാളി വിവരാവകാശ നിയമമനുസരിച്ച് കൈവശപ്പെടുത്തിയ രേഖ പ്രകാരം, സർക്കാറും ഇ.എം.സി.സി യും നേരിട്ടു നടത്തിയ ധാരണപത്രം ആണെന്നും അതിനായി കെ.എസ്.ഐ.ഡി.സി ഡയറക്ടർ രാജമാണിക്യം ഐ.എ.എസ് സർക്കാർ പ്രതിനിധിയായി ഒപ്പിട്ടെന്നുമാണ് അവസാനം പുറത്തു വന്ന വിവരം. എല്ലാം സർക്കാർ അറിഞ്ഞു തന്നെയാണെന്ന് ഈ രേഖകൾ വ്യക്തമാക്കി. കെ.എസ്.ഐ.എൻ.സി എന്ന കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ വിദേശകമ്പനിയുമായി ധാരണപത്രം ഒപ്പിട്ടെന്നാണ് അന്ന് പി.ആർ.ഡി തന്നെ ഇറക്കിയ വാർത്തക്കുറിപ്പിൽ അവകാശപ്പെട്ടത്. എന്നാൽ, 'വിദേശകമ്പനികളെ അനുവദിക്കില്ലെന്നാണല്ലോ നമ്മുടെ നയം, പിന്നെങ്ങനെയാണ് സർക്കാർ ധാരണപത്രം ഒപ്പിടുകയെന്നാണ് ഫിഷറീസ് മന്ത്രി ആവർത്തിച്ചു മറുചോദ്യം ഉന്നയിക്കുന്നത്. ഇ.എം.സി.സി ഗ്ലോബൽ എന്ന അമേരിക്കൻ കമ്പനി, ധാരണപത്രം ഒപ്പിടും മുമ്പ് ആലുവ ആസ്ഥാനമാക്കി ഇന്ത്യൻ കമ്പനി രജിസ്റ്റർ ചെയ്തത്, ഫിഷറീസ് നയങ്ങളിലെ പഴുതുകൾ മുതലാക്കി മുന്നോട്ടു കൊണ്ടുപോകാൻ തന്നെയല്ലേ എന്നൊരു ചോദ്യം തിരികെ ചോദിച്ചാൽ മന്ത്രിക്ക് കൃത്യം മറുപടിയായി.
സർക്കാർ കടൽ വിറ്റെന്ന് മത്സ്യത്തൊഴിലാളികളും അവരുടെ സംഘടനകളും ഇത്തരം അധികാരികളെ തെരഞ്ഞെടുപ്പിൽ നേരിടണമെന്ന ഇടയലേഖനവുമായി കൊല്ലം ലത്തീൻ രൂപതയും രംഗത്തുവന്നു. 'ബ്ലൂ ഇക്കോണമി' എന്ന പേരിൽ കടലിൽ ധാതുവിഭവങ്ങൾ കണ്ടെത്താനുള്ള ഖനനാനുമതി നൽകിയതിനു കേന്ദ്രത്തിനെതിരെയും ലേഖനത്തിൽ പരാമർശമുണ്ട്. ഇടയലേഖനം ഇറക്കിയത് പ്രതിപക്ഷത്തെ സഹായിക്കാനാണെന്ന് മുഖ്യമന്ത്രിയും രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നു ഫിഷറീസ് മന്ത്രിയും പ്രതികരിച്ചു. ജനാധിപത്യത്തിെൻറ മുഖത്ത് കാർക്കിച്ച് തുപ്പുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെയും മേഴ്സിക്കുട്ടിയമ്മയുടെയും എന്നും ബിഷപ്പിനെതിരായ മോശം പരാമർശത്തിൽ രണ്ടു പേരും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു കൊല്ലം രൂപത അൽമായ കമീഷൻ കഴിഞ്ഞ ദിവസം രംഗത്തുവന്നു.
രണ്ടു ദിവസം മുമ്പ് ആലപ്പുഴ ലത്തീൻ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പിൽ കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിങ്ങിനെ നേരിൽകണ്ട് തീരദേശത്തിെൻറ ആശങ്കകൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കുണ്ടറയിൽ വീഴുമോ, വാഴുമോ?
കുണ്ടറയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയാണ് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. അവിടെ ഇ.എം.സി.സി ഡയറക്ടർ ഷിജുവും സ്ഥാനാർഥിയാണ്. കരാർ റദ്ദാക്കിയതിനു ഷിജു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരെയും ഒരേപോലെ പ്രചാരണത്തിലാണ്. തുടക്കത്തിൽ എൽ.ഡി.എഫിന് ഉറപ്പുള്ള മണ്ഡലമെന്ന് കരുതിയിരുന്ന കുണ്ടറയിൽ ഇപ്പോൾ കാര്യങ്ങൾ പ്രവചനാതീതമാണ്.
ആലപ്പുഴയുടെ ചിത്തം
ഇ.എം.സി.സി കരാറിനെ അനുകൂലിച്ചു വന്ന മത്സ്യത്തൊഴിലാളി നേതാവും ആലപ്പുഴ മണ്ഡലം ഇടതുപക്ഷ സ്ഥാനാർഥിയുമായ പി.പി. ചിത്തരഞ്ജെൻറ നിലയും അൽപം പരുങ്ങലിലാണ്. 'കടലോളം വികസനം, കരയിലൊരു കാവൽ' എന്ന മുദ്യാവാക്യമുയർത്തി അദ്ദേഹം ആലപ്പുഴയിൽ തീരദേശ മുന്നേറ്റ ജാഥ നടത്തിയെങ്കിലും കാര്യങ്ങൾ ശുഭകരമാകാൻ വഴിയില്ല.
ആലപ്പുഴ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പു സമയത്തു ജില്ല സെക്രട്ടേറിയറ്റ് അംഗമായ പി.പി. ചിത്തരഞ്ജനെതിരെ ഒരുകൂട്ടം സി.പി.എം പ്രവർത്തകർ തന്നെ പരസ്യ പ്രകടനം നടത്തിയിരുന്നു.
ലക്ഷങ്ങൾ കോഴവാങ്ങി പ്രസ്ഥാനത്തെ വഞ്ചിച്ചതായാണ് അന്ന് മുദ്രാവാക്യം വിളികൾ ഉയർന്നത്.
ദുരന്തത്തിനിടയിൽ തമാശ പറഞ്ഞ നടൻ
2017 ഡിസംബറിലാണ് ഓഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. അന്ന് കൊല്ലം തീരങ്ങളിൽ സ്ഥലം എൽ.ഡി.എഫ് എം.എൽ.എ മുകേഷ് എത്തിയില്ലെന്ന് ആരോപിച്ച് തീരദേശത്തു വലിയ പ്രതിഷേധം ഉയർന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കൾ ദുരിതകേന്ദ്രങ്ങളിൽ സഹായവുമായി രംഗത്തുണ്ടായിരുന്നെങ്കിലും, പിന്നീട് സ്ഥലത്തു വന്ന മുകേഷ് അസ്ഥാനത്തു പറഞ്ഞ തമാശ സംഘർഷത്തിലെത്തിച്ചു. മത്സ്യത്തൊഴിലാളി സ്ത്രീയുടെ 'എവിടെയായിരുന്നു, ഇവിടെ കണ്ടില്ലല്ലോ' എന്ന ചോദ്യത്തിന് സ്വതഃസിദ്ധ ഭാവത്തിൽ 'നമ്മൾ ഇവിടെത്തന്നെ ഉണ്ടേ, വിദേശത്തൊന്നും പോയിട്ടില്ലേ' എന്ന മറുപടി നൽകിയത് ചർച്ചയുടെ ഗതി തന്നെ മാറ്റി. കാര്യം കൈയാങ്കളിയിലെത്തുമെന്ന ഭയത്താൽ മുതിർന്ന നേതാക്കൾ മുകേഷിനെ ഉടനെ സ്ഥലത്തു നിന്നു മാറ്റുകയായിരുന്നു. മണ്ഡലത്തിൽ വരാത്ത എം.എൽ.എ എന്ന പേരുദോഷം രണ്ടുവർഷത്തെ കഠിനമായ പ്രവർത്തനം കൊണ്ട് മുകേഷ് മറികടന്നിട്ടുണ്ട്. 2016 ലെ തെരഞ്ഞെടുപ്പിൽ 17,611 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ മുകേഷിന് ഇത്തവണയും ജയം തന്നെയാണ് പ്രതീക്ഷ. എന്നാൽ, മത്സ്യത്തൊഴിലാളികൾക്കിടയിൽ സ്വാധീനമുള്ള, കഴിഞ്ഞ അഞ്ചുവർഷവും കൊല്ലം മണ്ഡലത്തിൽ സജീവമായ യു.ഡി.എഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണ കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ബിന്ദുകൃഷ്ണക്കായി പണം കെട്ടിവെച്ചതു മത്സ്യത്തൊഴിലാളികളാണ് എന്നത് കാറ്റിെൻറ ഗതിമാറ്റം സൂചിപ്പിക്കുന്നു.
വിഴിഞ്ഞം തുറമുഖം തകർക്കുന്ന മത്സ്യബന്ധന ഗ്രാമങ്ങൾ
കഴിഞ്ഞ ആഴ്ചയാണ് വലിയതുറ കടൽ പാലത്തിൽ നിന്നു ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി കുറെ മത്സ്യത്തൊഴിലാളി സ്ത്രീകൾ ഒരുമിച്ചു കൂടിയത്. പൊലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അവരെ പിന്തിരിപ്പിച്ചത്. അവരെല്ലാം മാസങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളിലാണ് താമസം. വിഴിഞ്ഞം തുറമുഖ നിർമാണം ആരംഭിച്ച കാലം മുതൽ കടലാക്രമണം ശക്തമായെന്നും വലിയതുറയിലെ നാലു നിരകളിലായി നൂറുകണക്കിന് വീടുകൾ തകർന്നെന്നും അവർ പറയുന്നു. കടലാക്രമണത്തിൽ ശംഖുമുഖം ബീച്ച് നാമാവശേഷമായി. വിഴിഞ്ഞം ഹാർബറിൽനിന്നു മീൻപിടിക്കാൻപോകുന്ന ലക്ഷക്കണക്കായ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ശാന്തമായി കിടന്നിരുന്ന വിഴിഞ്ഞം ഹാർബർ തിരമാലകളുടെ ഗതിമാറ്റം മൂലം മരണക്കെണിയായി മാറി. ഡ്രെഡ്ജിങ് മൂലം കടൽ കലങ്ങുകയും മത്സ്യ ആവാസവ്യസ്ഥ തകിടം മറിയുകയും ചെയ്തു. ഇത്തരത്തിൽ അനേകം മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി. പതിനെട്ടിന ആവശ്യങ്ങളുമായി ഒക്ടോബർ മുഴുവൻ അവർ പോർട്ട് പണി തടഞ്ഞ് സമരം നടത്തി. ഏതാനും ആവശ്യങ്ങൾ നടപ്പാക്കാമെന്ന് ഉറപ്പുനൽകിയാണ് സർക്കാർ ഒരു മാസത്തിനു ശേഷം സമരം ഒത്തുതീർപ്പാക്കിയത്. എങ്കിലും കാര്യങ്ങൾ അത്ര സുഗമമല്ല. പദ്ധതി പ്രദേശം ഉൾപ്പെടുന്ന കോവളം മണ്ഡലത്തിൽ യു.ഡി.എഫിനാണ് മേൽക്കൈ. എങ്കിലും തദ്ദേശ തെരെഞ്ഞെടുപ്പിൽ പല വാർഡുകളിലും യു.ഡി.എഫ് നിലം തൊട്ടില്ല. അദാനിക്ക് സഹായം ചെയ്യുന്ന ആരെയും വോട്ടുചെയ്തു സഹായിക്കില്ലെന്ന നിലപാടുമായി മത്സ്യത്തൊഴിലാളികൾ രംഗത്തുണ്ട്. അങ്ങനെ വന്നാൽ, തുറമുഖകരാർ ഒപ്പിട്ടുകൊടുത്ത യു.ഡി.എഫ്, കരാർ മുന്നോട്ടു കൊണ്ടുപോയ എൽ.ഡി.എഫ്, അദാനിയോട് ഒരു വിരോധവും ഇല്ലാത്ത എൻ.ഡി.എ എന്നിവരിൽ ആർക്ക് വോട്ടു രേഖപ്പെടുത്തുമെന്ന ധാരണ തീരദേശം വ്യക്തമാക്കിയിട്ടില്ല.
കാലാവസ്ഥ മുന്നറിയിപ്പുകളിൽ നഷ്ടമാകുന്ന തൊഴിൽ
ഓഖി ചുഴലിക്കാറ്റ് സമയത്തു കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്ന് സർക്കാറിനെതിരെ ആരോപണം ശക്തമായിരുന്നു. തുടർന്ന് നിരന്തരം കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകിക്കൊണ്ടിരുന്നു. ഇനിയൊരു അപകടമുണ്ടായാൽ സർക്കാറിന് പഴികേൾക്കാതിരിക്കാൻ, അനാവശ്യമായി 'കടലിൽ പോകരുത്' എന്ന മുന്നറിയിപ്പുകൾ ദിനംപ്രതിയെന്നോണം സർക്കാർ പുറപ്പെടുവിക്കുന്നു എന്നും മത്സ്യത്തൊഴിലാളികൾക്ക് പരാതിയുണ്ട്. കടലിൽ ആയിരിക്കെ കൃത്യമായ മുന്നറിയിപ്പുകൾ സമയത്തിന് നൽകാനുള്ള സംവിധാനം, അപകടം ഉണ്ടായാൽ രക്ഷാപ്രവർത്തനം നടത്താനുള്ള മറൈൻ ആംബുലൻസുകൾ, കടൽ പരിജ്ഞാനം ഉള്ള തീരദേശ സേന എന്നിവ ഒരുക്കുന്നതിന് പകരമായാണ് ഈ മുന്നറിയിപ്പുകളെന്നു അവർ കുറ്റപ്പെടുത്തുന്നു. പട്ടിണിയിൽ നിന്നു പട്ടിണിയിലേക്ക് തള്ളിവിടുന്ന പ്രവൃത്തിയാണ് ഇതെന്നും അവർ പറയുന്നു. മറൈൻ ആംബുലൻസുകൾ വന്നതിലും വേഗത്തിൽ കട്ടപ്പുറത്തു കയറി.
ഇന്ധന വില കുതിച്ചുയരുന്ന ഈ കാലത്തു, മത്സ്യത്തൊഴിലാളികൾക്കു മണ്ണെണ്ണയുടെ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയിലേക്കു വഴിവെച്ചതു സംസ്ഥാന സർക്കാറിെൻറ അലംഭാവം മൂലമാണെന്നും പരാതികളുണ്ട്. തിരുവനന്തപുരത്തു തന്നെയുള്ള പെരുമാതുറ മുതലപൊഴിയിൽ അദാനിക്കായി ബീച്ച് വിട്ടുകൊടുത്തത്, മരണപൊഴിയായ പ്രദേശത്തു അപകടം കുറക്കാൻ മണൽ മാറ്റി നിക്ഷേപം നടത്താമെന്ന ഉറപ്പ് ജലരേഖയാക്കിയത്, പൊഴിയുടെ വടക്കു വശത്തുള്ള മത്സ്യബന്ധന ഗ്രാമങ്ങളിൽ കടലാക്രമണം മൂലം വീടുകൾ തകരുന്നത്, തെക്കുവശത്തുള്ള പെരുമാതുറ ബീച്ചിൽ മുൻസർക്കാർ പണം അനുവദിച്ചിട്ടും ടൂറിസം പദ്ധതി നടപ്പാക്കാൻ നടപടി എടുക്കാതിരുന്നത്, അവിടെ വിഴിഞ്ഞം പോർട്ടിനുള്ള പുലിമുട്ട് പണിയാനുള്ള വമ്പൻ കല്ലുകളുടെ സംഭരണ കേന്ദ്രമാക്കാൻ ധാരണപത്രം ഒപ്പിട്ടത് തുടങ്ങിയവയും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
വോട്ടു ബഹിഷ്കരിക്കാൻ ചെല്ലാനം
എറണാകുളം ജില്ലയിൽ ചെല്ലാനത്തെ കടൽകയറ്റം പ്രധാന പ്രചാരണവിഷയമാണ്. ഈ തെരെഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ. കടൽ കയറ്റം മൂലമുള്ള ദുരിതത്തിൽ കഴിയേണ്ടി വരുന്ന ജനത പ്രതിഷേധമെന്നോണം 'ചെല്ലാനം ട്വൻറി 20' എന്ന രാഷ്ട്രീയപാർട്ടി രൂപവത്കരിച്ചിരുന്നു. 'വി ഫോർ കേരളം', 'ട്വൻറി 20' എന്നിവയും രംഗത്തുണ്ട്. തദ്ദേശതെരെഞ്ഞെടുപ്പിൽ യു.ഡി.എഫിന് വമ്പൻ തിരിച്ചടി ഉണ്ടായ പ്രദേശമാണ്. നിയമസഭ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് ഏറെ വിയർപ്പൊഴുക്കേണ്ടി വരും. പ്രതിഷേധം മുതലെടുക്കാൻ ബി.ജെ.പി സ്ഥാനാർഥി കടലിലിറങ്ങി ചെല്ലാനം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 2011 ൽ യു.ഡി.എഫ് ഭരിച്ച മണ്ഡലം, യു.ഡി.എഫ് വിമതൻ കുറെ വോട്ടുകൾ പിടിച്ചതോടെയാണ് 2016 ൽ എൽ.ഡി.എഫിെൻറ വിജയം അനായാസമാക്കിയത്. ഇത്തവണ എൽ.ഡി.എഫിെൻറ സ്ഥാനാർഥിയായി നിലവിലെ എം.എൽ.എ കെ.ജെ. മാക്സിയും യു.ഡി.എഫ് സ്ഥാനാർഥിയായി മുൻ മേയർ ടോണി ചമ്മിണിയും മത്സരിക്കുന്നു. ആരെയും ചെല്ലാനത്തുകാർക്കു വിശ്വാസമില്ല എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.