ഇത് സൈന്യത്തിനുനേരെയുള്ള സര്‍ക്കാറിന്‍െറ മിന്നലാക്രമണം
text_fieldsയോഗ്യരായ ജനറല്‍മാരെ തഴഞ്ഞ് ബിപിന്‍ റാവത്തിനെ കരസേന മേധാവിയായി തെരഞ്ഞെടുക്കുക വഴി എന്‍.ഡി.എ സര്‍ക്കാര്‍ ഇന്ത്യന്‍ സേനക്കുനേരെ നടത്തിയത് ഒന്നാന്തരം സര്‍ജിക്കല്‍ ആക്രമണം തന്നെ. സീനിയോറിറ്റി മറികടന്നുള്ള ഇത്തരമൊരു നീക്കം ഇതിനുമുമ്പ് നടന്നത് ഒരുതവണ മാത്രം. ഇന്ദിര ഗാന്ധിയുടെ ഭരണകാലത്തായിരുന്നു അത്. സീനിയര്‍ കമാന്‍ഡര്‍ ഓഫ് ജനറല്‍ സിന്‍ഹയെ തഴഞ്ഞ് എ.എസ്. വൈദ്യയെ കരസേന മേധാവിയായി നിയമിച്ച ഇന്ദിരയുടെ നടപടി അന്ന് വിവാദങ്ങള്‍ക്ക് തിരികൊളുത്തി. ആ വിവേകരാഹിത്യത്തിന് രാഷ്ട്രം വന്‍വില നല്‍കേണ്ടിയും വന്നു. സിക്ക് തീവ്രവാദിവേട്ടയുടെ ഭാഗമായി അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ബ്ളൂസ്റ്റാര്‍ ഓപറേഷന്‍ സംഘടിപ്പിച്ചത് ആ ഘട്ടത്തിലായിരുന്നു. ‘സുവര്‍ണക്ഷേത്രം പോലെ മതപരമായി പ്രാധാന്യമുള്ള കേന്ദ്രങ്ങളില്‍ സൈന്യം പ്രവേശിക്കുന്നത് പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കാനുള്ള മന$ശക്തി ജനറല്‍ വൈദ്യക്ക് ഉണ്ടായിരുന്നില്ല.
എന്നാല്‍, കരുത്തുറ്റ വ്യക്തിത്വത്തിന്‍െറ ഉടമയായിരുന്നു ജനറല്‍ സിന്‍ഹ. അതുകൊണ്ടുതന്നെ അദ്ദേഹം തഴയപ്പെട്ടു. ബ്ളൂസ്റ്റാര്‍ ഓപറേഷന്‍ വേളയില്‍ സുവര്‍ണക്ഷേത്രത്തില്‍ കടന്ന സൈന്യം ക്ഷേത്രം അശുദ്ധമാക്കിയതായി സിക്കുകാര്‍ക്ക് ബോധ്യപ്പെട്ടു. അവരുടെ അമര്‍ഷം പിന്നീട് ഇന്ദിര ഗാന്ധിയുടെയും സൈനിക മേധാവിയുടെയും വധത്തിലാണ് കലാശിച്ചത്. അതേസമയം തഴയപ്പെട്ട സിന്‍ഹക്കുപിന്നില്‍ സംഘ്പരിവാര്‍ ഉറച്ചുനിന്നു. ബി.ജെ.പി അദ്ദേഹത്തെ രാജ്യസഭാംഗമാക്കി. പിന്നീട് ഗവര്‍ണറായും ഉയര്‍ത്തപ്പെട്ടു. ചരിത്രകാരന്‍ കൂടിയായ സിന്‍ഹയുടെ മരണം ശ്രദ്ധേയമായ ഒരധ്യായത്തിന്‍െറ അന്ത്യംകൂടിയായിരുന്നു.
സീനിയോറിറ്റി മറികടന്നുള്ള ഇന്ദിര ഗാന്ധിയുടെ അതേ വീഴ്ച എന്‍.ഡി.എ സര്‍ക്കാറും ആവര്‍ത്തിക്കുന്നു എന്നതാണ് കൗതുകകരമായ പുതിയകാര്യം. നിര്‍ഭാഗ്യവശാല്‍ പാകിസ്താനിലെ നവാസ് ശരീഫിന്‍െറ രീതിയാണ് എന്‍.ഡി.എ അനുകരിച്ചിരിക്കുന്നത്. വ്യവസ്ഥാപിത കീഴ്വഴക്കങ്ങള്‍ ലംഘിച്ച നടപടികള്‍. തഴയപ്പെട്ട ജനറല്‍മാരോടൊപ്പം വര്‍ഷങ്ങളോളം സേവനം ചെയ്ത വ്യക്തിയാണ് ഞാന്‍. ഞങ്ങള്‍ ഒരുമിച്ച് ഏക മനസ്സോടെയാണ് വളര്‍ന്നത്. പ്രഫഷണലായി അത്യധികം കഴിവും യോഗ്യതയുമുള്ളവരാണവര്‍. പി.എം. ഹാരിസിലും പ്രവീണ്‍ ബക്ഷിയിലും ഒരു കുറവും ഞാന്‍ കാണുകയുണ്ടായില്ല. ഏതോ കുത്സിത ബുദ്ധിജീവികളാണ് പ്രധാനമന്ത്രിക്ക് ഉപദേശം നല്‍കുന്നതെന്ന് വ്യക്തം. അവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് വസിക്കുന്നത്. ധന-പ്രതിരോധമന്ത്രിമാരും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ഇന്ത്യന്‍ പ്രധാനമന്ത്രിയെ പൊലീസ് സേനയെക്കാള്‍ തരംതാഴ്ത്തിക്കൊണ്ടിരിക്കുന്നു. നെഹ്റുവിനെപ്പോലെ അയല്‍രാജ്യവുമായി യുദ്ധം ഉണ്ടാകില്ളെന്ന തെറ്റായ വിശ്വാസത്തില്‍ മോദി അകപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ പ്രതിരോധ സന്നാഹങ്ങള്‍ ഒരു സന്ദര്‍ഭത്തില്‍ നെഹ്റു ചൈനീസ് നേതാവ് ചൗ എന്‍ലായിക്കും സംഘത്തിനും വിശദമായി കാണിക്കുകയുണ്ടായി.
ഇന്ത്യന്‍ യുദ്ധോപകരണങ്ങളുടെ ദൗര്‍ബല്യങ്ങള്‍ സൂക്ഷ്മമായി ഗ്രഹിക്കാന്‍ ഇത് സൃഗാലബുദ്ധിയായ ചൗ എന്‍ലായിക്ക് അവസരം നല്‍കി. ഫലമോ 1959ല്‍ തിബത്ത് വെട്ടിപ്പിടിച്ച് ചൈന സ്വന്തമാക്കി. 1962ല്‍ ഇന്ത്യക്ക് ചൈന ഒരു പ്രഹരം കൂടി നല്‍കി. ജവഹര്‍ലാല്‍ നെഹ്റു ഹൃദയാഘാതത്താല്‍ നടുങ്ങി. അദ്ദേഹത്തിന് പിന്നീട് രോഗമുക്തി ഉണ്ടായില്ല. ഇന്ത്യന്‍ സേനയെ നരേന്ദ്ര മോദിയും പുച്ഛത്തോടെയാണ് വീക്ഷിക്കുന്നത്. ഗുജറാത്തിലെ സേവനകാലത്ത് എനിക്ക് അക്കാര്യം നേരിട്ടുതന്നെ ബോധ്യപ്പെട്ടിരുന്നു. നെഹ്റുവിന്‍െറ ചരിത്രത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ മോദി തയാറല്ല.
ധനമന്ത്രി ജെയ്റ്റ്ലിയെയും പ്രതിരോധമന്ത്രി പരീകറെയും സുരക്ഷാന്വേഷണ വിഭാഗമായ എന്‍.എസ്.എയെയും വേണ്ടത്ര കരുതലോടെ കൈകാര്യം ചെയ്യാന്‍ മോദി തയാറാകാത്തപക്ഷം ദുരന്തത്തിലേക്കാകും രാഷ്ട്രത്തിന്‍െറ പതനം. രണ്ട് ജില്ലകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഗോവയുടെ മുഖ്യമന്ത്രി ആയിരുന്നു പരീകര്‍. രാജ്യത്തിന്‍െറ സര്‍വ പ്രതിരോധ പ്രശ്നങ്ങള്‍ക്കും തന്‍െറ കൈവശം ഒറ്റമൂലി ഉണ്ടെന്ന നാട്യത്തോടെയാണ് പ്രശ്നങ്ങളെ സമീപിക്കുന്നത്. വാസ്തവത്തില്‍ സുരക്ഷാകാര്യങ്ങളില്‍ ഒട്ടും അനുഭവസമ്പത്തില്ലാത്ത നേതാവാണ് അദ്ദേഹം. സൈനികരെ പുച്ഛത്തോടെ വീക്ഷിക്കുന്ന അദ്ദേഹത്തിന് സൈനികരില്‍നിന്ന് വേണ്ടത്ര ആദരവ് ലഭിക്കുമോ?
മിന്നുന്ന വേഷഭൂഷകളോടെ വിദേശ പര്യടനങ്ങള്‍ നടത്തുന്ന ഇദ്ദേഹം ഇന്ത്യയിലെ സൈനിക പരേഡുകളില്‍ സാധാരണ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു! സുപ്രധാന സൈനിക പദവികളില്‍ സ്വജനപക്ഷപാതപ്രകാരം ഓഫിസര്‍മാരെ തിരുകിക്കയറ്റുന്നു. ഇത് സൈനികനിരയില്‍ അത്യധികം മോഹഭംഗങ്ങള്‍ക്ക് വഴിയൊരുക്കാതിരിക്കില്ല.
സൈനികരുടെ ആത്മവീര്യം നശിപ്പിക്കുന്ന നടപടികളും പല ഓഫിസര്‍മാരും കൈക്കൊണ്ടുവരുന്നു. ഗോവയിലും മഹാരാഷ്ട്രയിലും പ്രതിരോധമന്ത്രിക്ക് ഭൂമി സംഘടിപ്പിക്കാന്‍ പരിശ്രമിച്ചതിന്‍െറ പേരിലാകാം റാവത്ത് വൈസ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി ഉയര്‍ത്തപ്പെട്ടത്. സുരക്ഷാ ഉപദേഷ്ടാവ് ഡോവലിന്‍െറ നാട്ടുകാരനും അദ്ദേഹത്തിന്‍െറ വഹാഡി വംശക്കാരനുമാണ് റാവത്ത് എന്ന പരിഗണനയും ഇക്കാര്യത്തില്‍ ലഭിച്ചിരിക്കാം. പുതുതായി രൂപം കൊള്ളുന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി പ്രവീണ്‍ ബക്ഷിയെ നിയമിക്കുമെന്നാണ് സൂചനകള്‍. എന്നാല്‍ ആ നിയമനം എന്തുകൊണ്ട് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെടുന്നില്ല. പി.എം. ഹാരിസ് എന്ന രണ്ടാം സീനിയര്‍ ഓഫിസറെ തഴയുക എന്ന സൂത്രമാണ് ഇതിനുപിന്നിലെ ലക്ഷ്യം.
മുതിര്‍ന്ന മുസ്ലിം ഓഫിസറായ പി.എം. ഹാരിസ് കരസേന നേതൃപദവിയിലേക്കുള്ള നിയമനവേളയില്‍ തഴയപ്പെട്ടതിലൂടെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം എന്താണ്? രാജ്യത്തിന്‍െറ മതേതര കീഴ്വഴക്കം അവസാനിക്കുന്നു എന്നാകുമോ? ഇന്ത്യയില്‍ രണ്ട് മുസ്ലിം രാഷ്ട്രപതിമാര്‍ക്ക് നാം ഭരണാവസരം നല്‍കുകയുണ്ടായി. യോഗ്യനായ ഒരു മുസ്ലിം വ്യക്തിയെ കരസേനപദവിയില്‍ അവരോധിച്ചുകൊണ്ട് ഇന്ത്യന്‍ സേന മതേതരത്വത്തിന്‍െറ യഥാര്‍ഥ പ്രതീകമാണെന്ന ശക്തമായൊരു സന്ദേശം നല്‍കാന്‍ സര്‍ക്കാര്‍ എന്തിന് മടികാണിക്കുന്നു?
(റിട്ട. ലഫ്റ്റനന്‍റ് ജനറലായ ലേഖകന്‍. സിറിയയിലെ ജൂലാന്‍ കുന്നുകളില്‍ യു.എന്‍ സമാധാനസേനാ നായകനായിരുന്നു)
കടപ്പാട്: jknewspoint.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.