ആഭ്യന്തരമായ മിന്നലാക്രമണങ്ങള്‍
text_fieldsഅതിര്‍ത്തി തുളച്ച് കടന്നുപോയ വെടിയുണ്ടകള്‍ രാജ്യത്തിന്‍െറ അഭിമാന ജ്വരമായി നില്‍ക്കുന്ന കാലമാണ്. രാജ്യത്തിനുള്ളില്‍ പൊട്ടുന്ന വെടിയുണ്ടകളുടെ കാര്യം ഈ ദേശാഭിമാനത്തില്‍ മറഞ്ഞുകിടക്കുന്നു. കശ്മീരിലെ സംഘര്‍ഷം മാറ്റാന്‍ നൂറാം ദിനത്തിലും പോംവഴി തെളിയുന്നില്ല. പരിഹാരനിര്‍ദേശങ്ങളോട് സര്‍ക്കാറും വിമതരും പുറംതിരിഞ്ഞു നില്‍ക്കുന്നു. അടിച്ചമര്‍ത്തലാണ് പരിഹാരമെന്ന് ഭരണകൂടം തീര്‍ച്ചപ്പെടുത്തുമ്പോള്‍, ഏറ്റുമുട്ടലും പെല്ലറ്റ് പ്രയോഗവും അതുവഴിയുള്ള മരണങ്ങളും ആവര്‍ത്തിക്കുകയും ഭീതിദമായൊരു അനിശ്ചിതത്വം ജനജീവിതത്തെ ചൂഴ്ന്നുനില്‍ക്കുകയും ചെയ്യുന്നു. ഭീകരതയുടെ ചര്‍ച്ച ചൂടുപിടിച്ചതിനാല്‍, ഭരണകൂട ഭീകരതയുടെ വേറെയും മുഖങ്ങള്‍ മറഞ്ഞുകിടക്കുന്നു. താഴ്വരയില്‍ തീ പറക്കുന്നുവെങ്കില്‍, കാട് കത്തുകയാണ്. നക്സല്‍-മാവോവാദി വേട്ടയുടെ പേരിലുള്ള ഭരണകൂട ഭീകരത മുമ്പത്തെക്കാള്‍ ശക്തിപ്പെട്ടിരിക്കുകയാണ് ബി.ജെ.പി ഭരിക്കുന്ന ഛത്തിസ്ഗഢില്‍. ആദിവാസികള്‍ക്കിടയില്‍ ശക്തമായ വേരോട്ടം നേടിയ നക്സലുകളെ തുരത്താന്‍ കോണ്‍ഗ്രസും പിന്നീട് ബി.ജെ.പിയും പോംവഴിയാക്കിയ സാല്‍വ ജുദും സുപ്രീംകോടതി നിരോധിച്ചത് 2011ലെ കഥയാണ്.
സുപ്രീംകോടതിയെ നോക്കുകുത്തിയാക്കി സാല്‍വ ജുദുമിന് സമാനമായ ‘അഗ്നി’ പരീക്ഷിക്കുകയാണ് ഛത്തിസ്ഗഢില്‍ ഇപ്പോള്‍ രമണ്‍സിങ് സര്‍ക്കാര്‍. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പൊലീസ്-സൈനിക സാന്നിധ്യമുള്ള ജില്ലയാണിന്ന് ഛത്തിസ്ഗഢിലെ ബസ്തര്‍. എല്ലാവിധ ഭീകരതക്കുമെതിരെ ആശയപരമായ പോരാട്ടത്തിന് എന്ന പേരില്‍ ജൂലൈയിലാണ് ആക്ഷന്‍ ഗ്രൂപ് ഫോര്‍ നാഷനല്‍ ഇന്‍റഗ്രിറ്റി അഥവാ, ദേശീയ ഐക്യത്തിനായുള്ള കര്‍മസമിതി ‘അഗ്നി’ എന്ന ചുരുക്കപ്പേരില്‍ രൂപവത്കരിച്ചത്. മോദി സര്‍ക്കാറും ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന സര്‍ക്കാറും മാത്രമല്ല അഗ്നിയുടെ രൂപവത്കരണത്തിന് പിന്നില്‍. വിശ്വഹിന്ദു പരിഷത്തിന്‍െറ മുന്‍ ഭാരവാഹി ആനന്ദ് മോഹന്‍ മിശ്രയാണ് ഇതിന്‍െറ കണ്‍വീനര്‍. സാല്‍വ ജുദുമിന്‍െറ നേതാക്കളെ രഹസ്യമായി കോര്‍ത്തിണക്കിയാണ് അഗ്നി ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ പെരുമാറ്റച്ചട്ടമൊന്നും വിഷയമല്ലാതെ അഗ്നിയുടെ പരിപാടികളില്‍ വേദി കൈയടക്കുന്നത് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരാണ്. ‘ഗ്രാമങ്ങളില്‍നിന്ന് മാവോവാദികളെ തുരത്തുക, എന്നിട്ട് ഒരു സെല്‍ഫിക്കായി പുഞ്ചിരിക്കുക’ എന്നാണ് അവരുടെ ആഹ്വാനം. ഇവര്‍ സംഘടിപ്പിക്കുന്ന റാലിയിലും മറ്റും സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് അലിഖിതവും കര്‍ശനവുമായ നിര്‍ദേശമുണ്ട്. ആര്‍.എസ്.എസിന്‍െറ പ്രധാന ശത്രുക്കളാണ് കമ്യൂണിസ്റ്റുകാര്‍ എന്നത് പുതിയ വിവരമൊന്നുമല്ല.
കേന്ദ്ര-സംസ്ഥാന ഭരണത്തിന്‍െറ തണലില്‍ ഈ അജണ്ട സമര്‍ഥമായി മുന്നോട്ടുനീങ്ങുന്നു. ഛത്തിസ്ഗഢിലെ ഗോണ്ടി ഭാഷയില്‍ സാല്‍വ ജുദും എന്നാല്‍ ശുദ്ധീകരണ വേട്ട എന്നാണ് അര്‍ഥം. കോഴിക്കോട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ ശുദ്ധീകരണത്തിന്‍െറ മറ്റൊരു തലമാണ് സാല്‍വ ജുദും. ഗ്രാമീണ ആദിവാസി യുവാക്കളില്‍നിന്ന് തെരഞ്ഞെടുത്തവര്‍ക്ക് സാമ്പത്തിക സഹായവും ആയുധ പരിശീലനവും നല്‍കി നക്സല്‍-മാവോവാദികളില്‍നിന്ന് ഛത്തിസ്ഗഢിനെ ശുദ്ധീകരിക്കാന്‍ രൂപംനല്‍കിയ കുട്ടിപ്പട്ടാളമാണത്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന മഹേന്ദ്ര കര്‍മയാണ് സാല്‍വ ജുദുമിന്‍െറ സ്ഥാപകന്‍. 1991ല്‍ ജനജാഗരണ അഭിയാന്‍ എന്ന പേരിലായിരുന്നു തുടക്കം. ഖനന വ്യവസായികളുടെ ചൂഷണത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച നക്സലുകളെ നേരിടാന്‍ ആദിവാസികളില്‍തന്നെ പിളര്‍പ്പുണ്ടാക്കുകയെന്ന തന്ത്രത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയും പണമൊഴുക്കി പിന്തുണ നല്‍കുകയും ചെയ്തപ്പോഴാണ് അടുത്ത രൂപമായി സാല്‍വ ജുദും വളര്‍ന്നത്.
2006ല്‍ നക്സലുകള്‍ക്ക് എതിരായ ജനകീയ പ്രതിരോധ സംഘം എന്ന നിലയിലാണ് സാല്‍വ ജുദും തുടങ്ങിയത്. ഇതിനെ കോണ്‍ഗ്രസും പ്രതിപക്ഷമായ ബി.ജെ.പിയും ഒരുപോലെ പിന്താങ്ങി. സാല്‍വ ജുദുമെന്ന കുട്ടിപ്പട്ടാളത്തില്‍നിന്ന് തെരഞ്ഞെടുത്തവരെ ഉള്‍പ്പെടുത്തി ‘കോയ’ എന്ന പേരിലുള്ള പോരാളി സംഘം അഥവാ സ്പെഷല്‍ പൊലീസ് ഓഫിസര്‍മാരെയും പരിശീലിപ്പിച്ച് നിയോഗിച്ചു. സര്‍ക്കാറിന്‍െറ ഒത്താശയോടെ നക്സല്‍ വേട്ടക്കിറങ്ങിയ സല്‍വാ ജുദും സംഘം അക്രമിക്കൂട്ടങ്ങളായി മാറി. കൊലയും കൊള്ളിവെപ്പും ബലാത്സംഗവുമൊക്കെ അവരുടെ നടപ്പു രീതികളായി. സാല്‍വ ജുദുമിന്‍െറ ക്രൂരത നക്സലുകള്‍ക്ക് പിന്തുണ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. 2005ല്‍ ആയിരക്കണക്കായ കുടിലുകള്‍ കത്തിച്ച് സാല്‍വ ജുദും ക്യാമ്പുകളിലേക്ക് ആയിരക്കണക്കിന് ഗ്രാമീണരെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചു മാറ്റിയതോടെ കാര്യങ്ങള്‍ അങ്ങേയറ്റം വഷളായി. നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു. സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയായി. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നപ്പോള്‍ മൂന്നു ലക്ഷം പേര്‍ക്കാണ് എല്ലാമുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നത്. അതിന് തിരിച്ചടിയും കിട്ടിയിട്ടുണ്ട്. 2005നുശേഷം 800ല്‍പരം കുട്ടിപ്പട്ടാളക്കാരെയും സുരക്ഷാസേനക്കാരെയും നക്സലുകള്‍ കൊന്നു.
2009ല്‍ ഓപറേഷന്‍ ഗ്രീന്‍ ഹണ്ട് എന്ന പേരില്‍ ഭരണകൂട യുദ്ധത്തിന്‍െറ സ്വഭാവം മാറി. കുട്ടിപ്പട്ടാളക്കാരെക്കാള്‍ കേന്ദ്രസേനയെ വിന്യസിച്ചു. കീഴടങ്ങിയ മാവോവാദികളെ നക്സലുകളെ നേരിടാന്‍ ഉപയോഗപ്പെടുത്തി. നക്സല്‍ വേട്ട ഇന്ന് തീവ്രമായ മൂന്നാം ഘട്ടത്തിലാണ്. മിഷന്‍-2016 എന്ന പേരില്‍ വന്‍തോതില്‍ അര്‍ധസേനയെ വിന്യസിച്ചു കൊണ്ടാണ് നക്സല്‍ വിരുദ്ധ നീക്കങ്ങള്‍. ഖനന മേഖലകളിലെ ചൂഷണത്തിന് മുന്നിട്ടിറങ്ങിയ വ്യവസായികളും അവരെ പിന്തുണക്കുന്ന സര്‍ക്കാറും പിന്‍ബലം നല്‍കുന്ന ജനജാഗ്രതാ സംഘങ്ങള്‍ ഈ നീക്കങ്ങള്‍ക്ക് കൂട്ടാവുന്നു. ദിനേന ഏറ്റുമുട്ടലുകള്‍ നടക്കുന്നു. പൊലീസ് ജനങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുകയല്ല. പകരം അരക്ഷിതബോധം സൃഷ്ടിക്കുകയാണ്. പരാതി രജിസ്റ്റര്‍ ചെയ്യാന്‍പോലും പൊലീസ് തയാറാവുന്നില്ല. മാധ്യമങ്ങള്‍ പൊതുവെ കണ്ണടച്ചു നില്‍ക്കുന്നു. ദേശീയ മനുഷ്യാവകാശ കമീഷനും വനിതാ കമീഷനുമൊക്കെ പ്രശ്നങ്ങള്‍ കണ്ടില്ളെന്ന് നടിക്കുന്നു.
സാല്‍വ ജുദുമെന്ന കുട്ടിപ്പട്ടാള സംഘങ്ങള്‍ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് 2011ലെ വിധിയില്‍ സുപ്രീംകോടതി ചൂണ്ടിക്കാട്ടിയതാണ്. കുട്ടിപ്പട്ടാളത്തെ പിരിച്ചുവിടാനും അവര്‍ക്ക് കൊടുത്ത തോക്കും തിരയും മറ്റ് ആയുധങ്ങളും തിരിച്ചുവാങ്ങാനും നിര്‍ദേശിച്ചു. സാല്‍വ ജുദുമിനെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ നടത്തിവരുന്ന നക്സല്‍വേട്ട കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പരമോന്നത കോടതിതന്നെ ചൂണ്ടിക്കാട്ടി. പൗരന്മാരുടെ കൈയില്‍ ആയുധം കൊടുത്ത് മറ്റ് കുറേപ്പേരെ കൊല്ലാന്‍ പറയുകവഴി സംസ്ഥാന സര്‍ക്കാര്‍തന്നെ ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന, കൊലപാതക പ്രോത്സാഹകരായി മാറിയിരിക്കുന്നുവെന്നും ഓര്‍മിപ്പിച്ചു. സാല്‍വ ജുദും നടത്തിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചു. കുട്ടിപ്പട്ടാളത്തെ പിരിച്ചുവിട്ട് മനുഷ്യാവകാശ ലംഘനം നടത്തിയവരെ കുറ്റവിചാരണ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും, അതിക്രമങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഒരൊറ്റയാള്‍ പോലും ശിക്ഷിക്കപ്പെട്ടില്ല. അതിക്രമത്തിന്‍െറ ഇരകളില്‍ ഒരൊറ്റയാള്‍ക്കുപോലും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. വിധി അട്ടിമറിക്കുകയാണെന്ന ഹരജി 2012ല്‍ സുപ്രീംകോടതിയില്‍ എത്തിയതാണ്. അത് ഇനിയും പരിഗണനക്ക് എടുത്തിട്ടില്ല. ഇതിനെല്ലാമിടയിലാണ് ആഭ്യന്തര യുദ്ധം തുടരുന്നത്.
ബസ്തറിലും മറ്റും ജനാധിപത്യം പരാജയപ്പെട്ടു നില്‍ക്കുന്നു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളികളില്‍ ഒന്നാണ് ഛത്തിസ്ഗഢിലേതെന്ന്, ബസ്തറിലെ ഇന്ത്യയുടെ യുദ്ധത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച നന്ദിനി സുന്ദര്‍ ‘ദി ബേണിങ് ഫോറസ്റ്റ്’ (കത്തുന്ന കാട്) എന്ന പുതിയ പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. ധാതുസമ്പുഷ്ടമായ മണ്ണില്‍നിന്ന് ആദിവാസികളെ ആട്ടിപ്പായിക്കാന്‍ ഖനന വ്യവസായികളും സര്‍ക്കാറും കൈകോര്‍ത്തു നീങ്ങിയതാണ് ബസ്തറിലും ദന്തേവാഡയിലും അങ്ങനെ മറ്റ് പലയിടങ്ങളിലും നക്സല്‍ സ്വാധീനം വര്‍ധിപ്പിച്ചതെന്ന് പകല്‍പോലെ വ്യക്തം. വികസനം എത്തിനോക്കാത്ത മേഖലകളില്‍ ചൂഷണം ചെയ്യപ്പെടുന്നവരുടെ ചെറുത്തുനില്‍പിന് നക്സലുകള്‍ നേതൃത്വം നല്‍കി. ഭരണകൂടത്തിന്‍െറയും വ്യവസായികളുടെയും ചൂഷണവും അതിക്രമവും നേരിടേണ്ടിവന്ന പാവങ്ങള്‍ക്ക് നക്സലുകള്‍ അഭയവും ആശ്രയവുമായി മാറി.
ഇന്നിപ്പോള്‍ നക്സലുകളുടെ പേരില്‍ ആദിവാസികളെ അടിച്ചൊതുക്കുന്ന പ്രക്രിയയാണ് നടന്നുവരുന്നത്. തെറ്റു തിരുത്താനല്ല ശ്രമങ്ങള്‍. സുപ്രീംകോടതിയുടെ ഉത്തരവ് മറികടക്കാന്‍ ഉപായം തേടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ‘അഗ്നി’ മാത്രമല്ല പുതുതായി പിറന്നത്. നക്സല്‍ വേട്ടക്ക് പൊതുജനങ്ങളില്‍നിന്ന് തെരഞ്ഞെടുത്ത സ്പെഷല്‍ പൊലീസ് ഓഫിസര്‍മാരെ നിയോഗിക്കുന്നത് സുപ്രീംകോടതി തടഞ്ഞതാണെങ്കില്‍, ‘സായുധ സഹായകസേന’യെന്ന് പേരുമാറ്റി അവരെ ഇപ്പോഴും ഉപയോഗപ്പെടുത്തിവരുന്നു. ഇതിനിടയില്‍ സമാധാന സംഭാഷണങ്ങളുടെ വഴിയടഞ്ഞു. കായികമായിത്തന്നെ അടിച്ചമര്‍ത്തുകയാണ് ഏറ്റവും പറ്റിയ മാര്‍ഗമെന്ന ചിന്താഗതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുനീങ്ങുന്നത്. വികസനത്തിന് വേണ്ടിയല്ല, നക്സല്‍ വേട്ടക്കുവേണ്ടിയാണ് ഭരണകൂടം പണമൊഴുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.