Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വെള്ളത്തിനു തീ പിടിച്ചാൽ കത്തുമോ പഞ്ചാബ്?
cancel
Homechevron_rightOpinionchevron_rightOpen Forumchevron_rightവെള്ളത്തിനു തീ...

വെള്ളത്തിനു തീ പിടിച്ചാൽ കത്തുമോ പഞ്ചാബ്?

text_fields
bookmark_border

തീവ്രവാദവും രക്തച്ചൊരിച്ചിലുമൊക്കെ ശമിച്ചുനിൽക്കുന്ന സംസ്ഥാനം വീണ്ടും അസ്വസ്ഥമാകുന്ന സൂചനകളാണ് പഞ്ചാബിൽനിന്നുള്ള വാർത്തകൾ നൽകുന്നത്. പതിറ്റാണ്ടുകളായി സംസ്ഥാനത്തെ ചൂടുപിടിപ്പിച്ചുകൊണ്ടിരിക്കുന്ന സത്​ലജ്-യമുന ലിങ്ക് കനാൽ പ്രശ്നം സുപ്രീംകോടതി ഇടപെടലിനെ തുടർന്നു വീണ്ടും തിളയ്ക്കാൻ തുടങ്ങിയതാണ് സമാധാനാന്തരീക്ഷത്തിനു വെല്ലുവിളി ഉയർത്തുന്നത്. പ്രാദേശിക താൽപര്യങ്ങളും കർഷക വികാരവും ഏറെ നിർണായക റോൾ പങ്കിടുന്ന വെള്ളത്തിെൻറ രാഷ്​ട്രീയ കുത്തൊഴുക്ക് അത്രയെളുപ്പം തടയിട്ടു നിർത്താവുന്ന വിധത്തിലല്ല പഞ്ചാബിൽ അതിവേഗം ശക്തി പ്രാപിക്കുന്നത്.

ദേശസുരക്ഷയുടെ വീക്ഷണകോണിൽനിന്നു വേണം വിഷയം നോക്കികാണാനെന്നും കനാൽ പദ്ധതിയുമായി മുന്നോട്ടുപോയാൽ പഞ്ചാബ് കത്തുമെന്നും അതോടെ നദീജല പ്രശ്നം രാജ്യത്തെ ഒന്നാകെ ബാധിക്കുന്ന ഒന്നായി വളരുമെന്നുമുള്ള മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിെൻറ മുന്നറിയിപ്പ് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന വ്യക്തമായ സൂചനയാണ്. രാജസ്ഥാനും ഹരിയാനയും അടക്കം അതിെൻറ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും സുപ്രീംകോടതി നിർദേശ പ്രകാരം കേന്ദ്രം വിളിച്ച യോഗത്തിൽ അമരീന്ദർ പറഞ്ഞുവെച്ചിട്ടുണ്ട്.

യമുനയിലെയടക്കം ജലശേഷി ഉൾപ്പെടുത്തി അതിെൻറ വിഹിതം പഞ്ചാബിന് അനുവദിക്കണമെന്ന ആവശ്യവും അമരീന്ദർ മുന്നോട്ടുവെക്കുന്നു. 1966ൽ പഞ്ചാബ് വിഭജിച്ചു ഹരിയാന സംസ്ഥാനം രൂപവത്കരിച്ചപ്പോൾ എല്ലാ ആസ്തികളും 60:40 അനുപാതത്തിലാണ് വിഭജിച്ചതെന്നും എന്നാൽ, വെള്ളത്തിെൻറ കാര്യത്തിൽ അതുണ്ടായില്ല എന്നുമാണ് അദ്ദേഹത്തിെൻറ വാദം. ജലം പങ്കിടുേമ്പാൾ രവി, ബീസ്, സത്​ലജ് നദികളിലെ വെള്ളമേ കണക്കാക്കിയുള്ളൂവെന്നും യമുനയിലേത് ഉൾപ്പെടുത്തിയില്ലെന്നും അതിനാൽ അതുകൂടി ചേർത്ത് 60:40 അനുപാതം നടപ്പാക്കണമെന്നുമാണ് അമരീന്ദർ പറയുന്നത്.

രാജ്യത്തി​െൻറ ധാന്യയറ മരുഭൂമിയാകുമെന്നു പഞ്ചാബ്

രാജ്യത്തിനു മുഴുവൻ വേണ്ടിയും ധാന്യോൽപദനം നടത്തുന്നവരാണു തങ്ങളെന്നും വെള്ളം വിട്ടുകൊടുക്കാൻ നിർബന്ധിക്കരുതെന്നുമാണു പഞ്ചാബിെൻറ വാദം. ഇതിനോടകംതന്നെ സംസ്ഥാനത്തിെൻറ പല ഭാഗങ്ങളും മരുഭൂമിവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ജലലഭ്യതയുടെ പുതിയ വിലയിരുത്തൽ നടത്തി വേണം പങ്കിടുന്നതിനെപ്പറ്റി കരാറുണ്ടാക്കാൻ. നദീജലത്തെപ്പറ്റി ശാസ്ത്രീയ വിലയിരുത്തൽ ഇതുവരെ നടത്തിയിട്ടില്ല എന്നു പറയുന്ന പഞ്ചാബ്, കാർഷിക ആവശ്യങ്ങൾക്കായി സംസ്ഥാനത്തെ ഭൂഗർഭ ജലം അമിതമായി ചൂഷണം ചെയ്യപ്പെട്ടിരിക്കുന്നു എന്ന കേന്ദ്ര ഭൂഗർഭ ജല അതോറിറ്റി റിപ്പോർട്ടും ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനത്തെ 138 േബ്ലാക്കുകളിൽ 109ഉം ഭൂഗർഭ ജലസ്രോതസ് അമിതമായി ചൂഷണം ചെയ്തിരിക്കുകയാണ്. രണ്ടിടത്തു ഗുരുതരവും അഞ്ചിടത്ത് ഏതാണ്ട് ഗുരുതരവുമാണ് സ്ഥിതി. 22 േബ്ലാക്കുകളിൽ മാത്രമാണ് സുരക്ഷിതമെന്നു പറയാവുന്ന അവസ്ഥയുള്ളതെന്നും അവർ വാദിക്കുന്നു.


വിട്ടുവീഴ്ചക്കില്ലാതെ ഹരിയാന

രവി, ബീസ് നദികളിൽനിന്നുള്ള മൂന്നര ദശലക്ഷം ഏക്കർ അടി വെള്ളം (ഒരു ഏക്കർ സ്​ഥലത്ത്​ ഒരടി പൊക്കത്തിൽ വെള്ളമുയരാൻ ആവശ്യമായ വെള്ളം അല്ലെങ്കിൽ 3,25,851 ഗ്യാലൻ വെളളമാണ്​ ഒരു ഏക്കർ അടി വെള്ളം) തങ്ങൾക്ക് അവകാശപ്പെട്ടതുതന്നെയാണെന്നും അതിെൻറയും സത്​ലജ്-യമുന കനാലിെൻറയും കാര്യത്തിൽ ഒരുവിധ വിട്ടുവീഴ്ചയും സാധ്യമല്ലെന്നുമാണ് ഹരിയാനയുടെ വാദം. രണ്ടു നദികളിൽനിന്നുമായി 1.62 ദശലക്ഷം ഏക്കർ അടി വെള്ളമാണ് ഹരിയാനക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്.

സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും കനാൽ നിർമാണം ഉടൻ പൂർത്തിയാക്കണമെന്നുമുള്ള കർക്കശ നിലപാടിലാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ. കനാൽ നിർമാണവും ജലലഭ്യതയും തമ്മിൽ ബന്ധമില്ലെന്നും പഞ്ചാബ് വാദം തള്ളി അദ്ദേഹം വ്യക്തമാക്കുന്നു. ലഭ്യതയനുസരിച്ച് അനുപാതം പാലിച്ചാൽ മതിയെന്നാണ് ഹരിയാന നിലപാട്. രവി, സത്​ലജ്, ബീസ് നദികളിലെ അധികജലം വേണ്ട രീതിയിൽ ഉപയോഗിക്കാത്തതിനാൽ കഴിഞ്ഞ 10 വർഷമായി പാകിസ്താനിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണെന്നും ഇതു കനത്ത ദേശീയ നഷ്​ടമാണെന്നും ഖട്ടാർ ചൂണ്ടിക്കാട്ടുന്നു.

രവി നദിയിൽനിന്നുള്ള ഇൗ ഒഴുക്ക് 58 ലക്ഷം ഏക്കർ അടി വരുമെന്നാണ് കേന്ദ്ര ജല കമീഷ​െൻറ കണക്ക്. ധാരാംകോട്ടിൽ രണ്ടാമതൊരു രവി-ബീസ് ലിങ്ക് ഉണ്ടാക്കിയാൽ അധിക ജലം നഷ്​ടമാകുന്നതു തടയാമെന്നും തെക്കൻ ഹരിയാനയിലെ വരൾച്ചാ പ്രദേശങ്ങളിലെ ഉപയോഗത്തിനും ഭൂഗർജലത്തിെൻറ റീ ചാർജിങ്ങിന് പ്രയോജനപ്പെടുത്താമെന്നുമാണ് ഹരിയാനയുടെ വാദം.

ജലസ്രോതസ്സായി സിന്ധുവിെൻറ കൈവഴികൾ; പതിറ്റാണ്ടുകളുടെ തർക്കം

ആറര പതിറ്റാണ്ടോളം പഴക്കമുള്ളതാണ് സിന്ധുവിെൻറ കൈവഴികളായ സത്​ലജ്, ബീസ്, രവി നദികളിലെ വെള്ളം പങ്കിടുന്നതു സംബന്ധിച്ച തർക്കം. 1955 ജനുവരി 29ന് പഞ്ചാബ്, പട്യാല ആൻഡ് ഇൗസ്​റ്റ്​ പഞ്ചാബ് സ്​റ്റേറ്റ് യൂണിയൻ, രാജസ്ഥാൻ, ജമ്മു-കശ്മീർ സംസ്ഥാനങ്ങൾ ഒപ്പുവെച്ച കരാറാണ് ഇതു സംബന്ധിച്ച ആദ്യ ഉടമ്പടി. 5.9 ദശലക്ഷം ഏക്കർ അടി ജലമായിരുന്നു കരാർ പ്രകാരം തുടക്കത്തിൽ പഞ്ചാബിെൻറ വിഹിതം.

പി.ഇ.പി.എസ്.യുവിന് 1.3 ദശലക്ഷം ഏക്കർ അടിയും രാജസ്ഥാന് എട്ടു ദശലക്ഷവും ജമ്മു-കശ്മീരിന് ഒരു ദശലക്ഷവുമായിരുന്നു വിഹിതം. രവി, ബീസ് നദികളിലെ ജലശേഷി 15.85 ദശലക്ഷം ഏക്കർ അടിയെന്നു കണക്കാക്കിയായിരുന്നു ഇൗ പങ്കിടൽ. 1956ൽ പഞ്ചാബും പി.ഇ.പി.എസ്.യുവും ഒറ്റ സംസ്ഥാനമായതോടെ പഞ്ചാബിെൻറ വിഹിതം 7.2 ദശലക്ഷം ഏക്കർ അടിയായി. 1966ൽ ഹരിയാന സംസ്ഥാന രൂപവത്കരണത്തിനായി പഞ്ചാബ് വിഭജിക്കപ്പെട്ടു.

പഞ്ചാബിെൻറ ജലവിഹിതമായ 7.2 ദശലക്ഷം ഏക്കർ അടിയിൽ 4.8 ദശലക്ഷം ഏക്കർ അടി വേണമെന്നായിരുന്നു ഹരിയാനയുടെ ആവശ്യം. ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ 1976ൽ ഹരിയാനക്കും പഞ്ചാബിനും 3.5 ദശലക്ഷം ഏക്കർ അടി വീതം വെള്ളം അനുവദിച്ചു കേന്ദ്ര സർക്കാർ ഉത്തരവായി. ശേഷിക്കുന്ന 20 ലക്ഷം ഏക്കർ അടി കേന്ദ്ര ഭരണപ്രദേശമായ ദൽഹിക്ക് നൽകാനും തീരുമാനമായി. ഇങ്ങനെ നദീജലം പങ്കിടുന്നതു സുഗമമാക്കുന്നതിനു വേണ്ടിയാണ് സത്​ലജ്-യമുന ലിങ്ക് കനാൽ പദ്ധതിക്കു നിർദേശം വരുന്നത്.


നിയമയുദ്ധം; രാഷ്​ട്രീയ വടംവലി

പഞ്ചാബിലെ പ്രമുഖ കക്ഷിയായ ശിരോമണി അകാലിദൾ കനാൽ പദ്ധതിക്ക് എതിരായിരുന്നു. 1977ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഭരണം പിടിച്ച അകാലിദൾ കേന്ദ്രത്തിെൻറ ജലവിഭജന ഉത്തരവ് ചോദ്യംചെയ്തു സുപ്രീംകോടതിയെ സമീപിച്ചു. ജലവിഭജനം പരമോന്നത കോടതി തീരുമാനിക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. 1980ഒാടെ കനാലിെൻറ ഹരിയാന ഭാഗം നിർമാണം പൂർത്തിയായി.

അതേവർഷം പഞ്ചാബിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നതോടെ പുതിയ നദീജല പങ്കിടൽ കരാറിന് പഞ്ചാബ്, ഹരിയാന,രാജസ്ഥാൻ സർക്കാറുകൾ ധാരണയായി. പഞ്ചാബിെൻറ വിഹിതം 4.22 ദശലക്ഷം ഏക്കർ അടിയായും രാജസ്ഥാേൻറത് 8.6 ദശലക്ഷം ഏക്കർ അടിയായും ഉയർന്നു. ശേഷിക്കുന്ന വെള്ളം ഹരിയാനക്ക് എന്നും നിശ്ചയിക്കപ്പെട്ടു. കരാർ ഒപ്പുവെച്ചതോടെ മൂന്നു സംസ്ഥാനങ്ങളും സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്ന ഹരജികൾ പിൻവലിച്ചു.

1982 ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പഞ്ചാബിലെ കപൂരി ഗ്രാമത്തിൽ കനാൽ നിർമാണത്തിന് ഒൗദ്യോഗികമായി തുടക്കമിട്ടു. പക്ഷേ, 1985 ഒക്ടോബറിൽ അധികാരത്തിൽ തിരിച്ചുവന്ന അകാലിദൾ 81ലെ കരാർ തള്ളിക്കളയുകയായിരുന്നു. 1986 ഏപ്രിൽ രണ്ടിന് രവി, ബീസ് നദീജല ട്രൈബ്യൂണലുകൾ രൂപവത്കൃതമായി.

1987 ജനുവരി 30ന് ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് മുമ്പുണ്ടാക്കിയ എല്ലാ നദീജല കരാറുകളുടെയും സാധുത ശരിവെക്കുകയും പഞ്ചാബിെൻറ വിഹിതം അഞ്ചു ദശലക്ഷം ഏക്കർ അടിയിലേക്കും ഹരിയാനയുടേത് 3.83 ദശലക്ഷം ഏക്കർ അടിയിലേക്ക് ഉയർത്തുകയും ചെയ്തു. അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി സുർജിത് സിങ് ബർണാലയുടെ നേതൃത്വത്തിൽ പഞ്ചാബ് ഭാഗത്ത് കനാൽ നിർമാണം തുടങ്ങുകയും ചെയ്തു.

1990 ജൂലൈയിൽ പദ്ധതിയുടെ ചീഫ് എൻജിനീയർ എം.എൽ. സേഖ്റിയെയും സുപ്രണ്ടിങ് എൻജിനീയർ അവതാർ സിങ് ഒൗലാഖിനെയും തീവ്രവാദികൾ വെടിവെച്ചുകൊന്നതോടെ നിർമാണ പ്രവർത്തനങ്ങൾ വീണ്ടും സ്തംഭിച്ചു. 2002ൽ ഹരിയാനയുടെ ആവശ്യപ്രകാരം വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി കനാൽ നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കാൻ പഞ്ചാബ് സർക്കാറിന് നിർദേശം നൽകിയെങ്കിലും അവരതിന് വിസമ്മതിച്ചു. കേന്ദ്ര ഏജൻസിയെ നിയോഗിച്ചു നിർമാണം പൂർത്തിയാക്കാൻ 2004ൽ സുപ്രീംകോടതി ഉത്തരവായി. പണി പൂർത്തിയാക്കാൻ കേന്ദ്ര പൊതുമരാമത്ത് വകുപ്പിനെ ഏൽപ്പിച്ച് 2004 ജൂലൈ രണ്ടിനു തീരുമാനം വന്നു.

അയൽ സംസ്ഥാനങ്ങളുമായുണ്ടാക്കിയ എല്ലാ നദീജല കരാറുകളും റദ്ദാക്കുന്ന നിയമനിർമാണത്തിന് 2004 ജൂലൈ 12ന് പഞ്ചാബ് നിയമസഭ അംഗീകാരം നൽകി. അന്നത്തെ രാഷ്​ട്രപതി ബിൽ സുപ്രീംകോടതിക്കു റഫർ ചെയ്തു. 2016 മാർച്ച് ഏഴിന് കോടതി ബില്ലിനെക്കുറിച്ചു വാദംകേട്ടു തുടങ്ങി. സത്​ലജ് യമുന ലിങ്ക് കനാൽ പദ്ധതിക്ക് ഏറ്റെടുത്ത ഭൂമി ഉടമകൾക്കു തിരിച്ചുനൽകാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ 2016 മാർച്ച് 15ന് പഞ്ചാബ് നിയമസഭ പാസാക്കി. 2004 ലെ പഞ്ചാബ് നിയമം 2016 നവംബർ 10ന് സുപ്രീംകേടതി റദ്ദാക്കി. കനാൽ ഭൂമി ഉടമകൾക്കു തിരിച്ചുനൽകി 2016 നവംബർ 15ന് എക്സിക്യുട്ടീവ് ഉത്തരവ്. നവംബർ 20ന് ഭൂമി തിരിച്ചുനൽകി. പഞ്ചാബ് സർക്കാർ സുപ്രീംകോടതി വിധി മാനിക്കണമെന്നും പഞ്ചാബ്, ഹരിയാന സർക്കാറുകൾ ഉടമ്പടിയിലെത്തുന്നില്ലെങ്കിൽ തങ്ങൾ തീർപ്പ് കൽപ്പിക്കുമെന്നും വ്യക്തമാക്കിയാണു കോടതി മാധ്യസ്ഥ്യത്തിനു കേന്ദ്രത്തെ ചുമതലപ്പെടുത്തിയത്.



214 കിലോമീറ്റർ ജലപാത; തെക്കൻ ഹരിയാനയുടെ ദാഹശമനി

പഞ്ചാബിലെ സത്​ലജ് നദിയെയും ഹരിയാനയിലെ യമുന കനാലിനെയും ബന്ധിപ്പിക്കുന്ന 214 കിലോമീറ്റർ ജലപാതയാണ് സത്​ലജ് യമുന ലിങ്ക് കനാൽ. ഇതിൽ 122 കിലോമീറ്റർ പഞ്ചാബിലൂടെയും 92 കിലോമീറ്റർ ഹരിയാനയിലൂടെയുമാണു കടന്നുപോകുന്നത്. ദൽഹിക്കു സമീപം പല്ല ഗ്രാമത്തിൽനിന്നാണ് കനാലിെൻറ തുടക്കം.

പട്യാല ജില്ലയിലെ കപൂരി ഗ്രാമത്തിനു സമീപമാണ് കനാൽ ഹരിയാനയിലേക്കു പ്രവേശിക്കുന്നത്. തെക്കൻ ഹരിയാനയിൽ ജല ദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളമെത്തിക്കുകയാണു കനാലിെൻറ ലക്ഷ്യം. ജല കൈമാറ്റത്തിനു പുറമെ രണ്ടു ജലവൈദ്യുതി പദ്ധതികളും കനാലിെൻറ ഭാഗമായി വിഭാവന ചെയ്തിരുന്നു. രാജ്യത്തിെൻറ കിഴക്കൻ മേഖലയിൽനിന്ന് പടിഞ്ഞാറൻ മേഖലയിലേക്കുള്ള ചരക്കുനീക്കത്തിന് കനാൽ പ്രയോജനപ്പെടുത്താമെന്നും ആലോചനയുണ്ടായിരുന്നു. ചരക്കുനീക്കത്തിനുള്ള ചെലവിൽ ഇതുവഴി വൻ വെട്ടിക്കുറവ് വരുത്താൻ കഴിയുമെന്നും പ്രതീക്ഷിച്ചിരുന്നു. കനാലിെൻറ ഹരിയാന ഭാഗത്തെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു. പഞ്ചാബിലെ കുറച്ചുഭാഗത്തു മാത്രമാണു പണി ബാക്കിയുള്ളത്.

കോടതി ഇടപെടലിൽ ത്രികക്ഷി ചർച്ച

പഞ്ചാബ്, ഹരിയാന മുഖ്യമന്ത്രിമാർ നേരിട്ടു ചർച്ച ചെയ്തു പരിഹാരം കാണണമെന്നും കേന്ദ്രം അതിന് മാധ്യസ്ഥ്യം വഹിക്കണമെന്നും ജൂലൈ 28ന് പരമോന്നത കോടതി കർക്കശ നിർദേശം നൽകിയതോടെയാണ് സത്​ലജ് യമുന ലിങ്ക് കനാൽ പദ്ധതി വീണ്ടും രാജ്യത്തിെൻറ ശ്രദ്ധാകേന്ദ്രമാകുന്നത്. നേരത്തേ രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരാണ് വിഷയത്തിൽ കൂടിയാലോചനകൾ നടത്തിവന്നിരുന്നത്. എന്നാൽ, ഉന്നത രാഷ്​ട്രീയ നേതൃത്വം തന്നെ പരിഹാരത്തിനു ശ്രമിക്കണമെന്നാണു സുപ്രീംകോടതി ആവശ്യപ്പെട്ടത്. അതുപ്രകാരം കേന്ദ്ര ജലവിഭവ മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് വിളിച്ചുകൂട്ടിയ യോഗത്തിൽ രണ്ടു മുഖ്യമന്ത്രിമാരും നിലപാടിൽ ഉറച്ചുനിന്ന​േതാടെ തർക്കത്തിൽ കാര്യമായ പുരോഗതി സാധ്യമായിട്ടില്ല. കനാൽ നിർമാണം പൂർത്തിയാക്കണമെന്ന നിലപാട് കേന്ദ്രമന്ത്രിയും വ്യക്തമാക്കിയെങ്കിലും പഞ്ചാബ് മുഖ്യമന്ത്രി അതിനെ ശക്തമായി ചെറുത്തു. വൈകാതെ വീണ്ടും യോഗം വിളിക്കാനുള്ള തയാറെടുപ്പിലാണു കേന്ദ്രം.

ചോര ചീന്തിയ വെള്ളം

പദ്ധതിയുമായി ബന്ധപ്പെട്ട രക്തരൂഷിതമായ ചരിത്രമാവണം കനാൽ നിർമാണവുമായി മുന്നോട്ടുപോയാൽ പഞ്ചാബ് കത്തുമെന്ന അമരീന്ദറിെൻറ ആശങ്കക്ക് അടിസ്ഥാനമെന്നു വിലയിരുത്തുന്നവരാണു രാഷ്​ട്രീയ വിശകലന വിദഗ്ധരിലേറെയും. കനാൽ നിർമാണം തുടങ്ങിയ 80കളുടെ തുടക്കത്തിലാണ് പഞ്ചാബിൽ ഖാലിസ്ഥാൻ തീവ്രവാദത്തിെൻറ കലുഷിത ദിനങ്ങളുടെയും ആരംഭം. 1982 ഏപ്രിലിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി കപൂരി ഗ്രാമത്തിൽ കനാൽ നിർമാണത്തിനു തുടക്കമിട്ടപ്പോൾ ജലം പങ്കിടലിനെതിരെ അകാലിദൾ കപൂരി മോർച്ച എന്ന പേരിൽ വൻ പ്രക്ഷോഭം നടത്തിയിരുന്നു.

1985 ജൂലൈയിൽ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും അകാലിദൾ നേതാവ് ഹർചന്ദ് സിങ് ലോംഗോവാളും ഒപ്പുവെച്ച ചരിത്രപ്രധാനമായ ഉടമ്പടിയിൽ ജലം പങ്കിടൽ സംബന്ധിച്ച ൈട്രബ്യൂണൽ രൂപവത്കരണത്തിനും വ്യവസ്ഥയുണ്ടായിരുന്നു. ദിവസങ്ങൾക്കകം 1985 ആഗസ്​റ്റ്​ 20ന് ലോംഗോവാളിനെ തീവ്രവാദികൾ വെടിവെച്ചുകൊല്ലുകയായിരുന്നു. അഞ്ചു വർഷത്തിനു ശേഷം കനാൽ പദ്ധതി ചീഫ് എൻജിനീയർ എം.എൽ സേഖ്റിയും സൂപ്രണ്ടിങ് എൻജിനീയർ അവതാർ സിങ് ഒൗലാഖും തീവ്രവാദികളുടെ തോക്കിനിരയായി.


അമരീന്ദറിെൻറ ആശങ്ക

തങ്ങളുടെ അമൂല്യമായ ഭൂഗർഭ ജലം ഉപയോഗപ്പെടുത്തി വിളയിച്ചെടുക്കുന്ന ധാന്യം രാജ്യത്തെ മുഴുവൻ തീറ്റിപ്പോറ്റാനാണ് ഉപയോഗിക്കുന്നതെന്നും കൂടുതൽ വെള്ളം വിട്ടുകൊടുക്കേണ്ടിവന്നാൽ ഇതിനകം രൂക്ഷമായ മരുഭൂമിവത്കരണം കൂടുതൽ വഷളാവുമെന്നുമാണ് പഞ്ചാബിലെ പൊതുവികാരം. കനാൽ നിർമാണം പുനരാരംഭിച്ചാൽ പഞ്ചാബിനോടു വിവേചനം എന്ന ചിന്ത യുവാക്കളിൽ വീണ്ടും ഉടലെടുത്തേക്കാമെന്ന അമരീന്ദറിെൻറ ആശങ്ക. പാകിസ്താനും സിഖ് ഫോർ ജസ്​റ്റിസ് അടക്കമുള്ള വിഘടനവാദി സംഘടനകളും ഇൗ സാഹചര്യം മുതെലടുക്കുമെന്നും അദ്ദേഹം ഭയക്കുന്നു. പല ഘട്ടങ്ങളിലും കനാൽ പദ്ധതിക്കെതിരെ നിലപാടെടുത്ത അകാലിദൾ മുതലെടുപ്പ് നടത്താനുള്ള സാധ്യതയും കോൺഗ്രസ് സർക്കാർ കണക്കുകൂട്ടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaPunjabSutlej Yamuna Canalwater dispute between Punjab and Haryana
Next Story