സ്വാമി അഗ്നിവേശ്: മാനവികതയുടെ ധീര പോരാളി
text_fieldsമനുഷ്യാവകാശങ്ങൾ അതിശക്തമായി ഉൗന്നിപ്പറയുന്ന ജനാധിപത്യ ഭരണഘടന നിലനിൽക്കെ മനുഷ്യാവകാശ ലംഘനത്തെ ദേശരക്ഷയുടെ പേരിൽ ന്യായീകരിക്കുകയും കരിനിയമങ്ങൾ ഇടതടവില്ലാതെ പ്രയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന തീവ്രഹിന്ദുത്വ സർക്കാറിെൻറ തേർവാഴ്ച നിർബാധം തുടരുന്ന ദശാസന്ധിയിൽ, ഒരേയവസരത്തിൽ മനുഷ്യാവകാശ ധ്വംസനത്തിനും ഹൈന്ദവ സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കുമെതിരായ പോരാട്ടത്തിന് തെൻറ ജീവിതം അർപ്പിച്ച സ്വാമി അഗ്നിവേശ് എന്ന മനുഷ്യസ്നേഹി ലോകത്തോട് വിടവാങ്ങിയിരിക്കുന്നു.
1939 സെപ്റ്റംബർ 21ന് ആന്ധ്രയിലെ ശ്രീകാകുളത്തെ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ പിറന്നു. ഛത്തീസ്ഗഢിൽ വിദ്യാഭ്യാസം ചെയ്തു, കൊൽക്കത്തയിലെ സെൻറ് സേവിയേഴ്സ് കോളജിൽ മാനേജ്മെൻറ് അധ്യാപകനായി, ഹരിയാനയിൽ സാമൂഹികസേവയിൽ മുഴുകി, ആര്യസമാജത്തിെൻറ മുഴുസമയ പ്രവർത്തകനായിത്തീർന്ന വേപ ശ്യാം റാവുവാണ് സ്വാമി അഗ്നിവേശ് ആയി പുനർജനിച്ചത്.
മുതലാളിത്തത്തിെൻറയും കമ്യൂണിസത്തിെൻറയും ഭൗതികവാദ അതിപ്രസരമൊഴിവാക്കി, സാമൂഹിക ആത്മീയത പകരംവെച്ച പുതിയൊരു തത്ത്വശാസ്ത്രത്തിെൻറ ഭൂമികയിൽ ആര്യസഭ എന്ന പാർട്ടിയുണ്ടാക്കി രംഗത്തിറങ്ങിയ സ്വാമി അഗ്നിവേശ് ആര്യസമാജം സ്ഥാപകനായ സ്വാമി ദയാനന്ദ സരസ്വതിയുടെയും മഹാത്മഗാന്ധിയുടെയും കാൾ മാർക്സിെൻറയും ചിന്തകളെ സമന്വയിപ്പിച്ചുള്ള പരീക്ഷണമാണ് നടത്തിയത്. അതുകൊണ്ടുതന്നെ 1975 ജൂണിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരഗാന്ധിയുടെ ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തി 14 മാസം തടവറയിൽ കഴിയേണ്ടിവന്നു അദ്ദേഹത്തിന്.
1977ൽ ഹരിയാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു. '79ൽ ഭജൻലാൽ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയുമായി. നാലുമാസം പിന്നിട്ടപ്പോൾ ഫരീദാബാദിലെ വ്യവസായ നഗരത്തിനുവേണ്ടി പാവപ്പെട്ട നാട്ടുകാരെ കുടിയൊഴിപ്പിക്കാൻ തുടങ്ങിയപ്പോൾ അതിനെതിരെ സമരം ചെയ്ത ജനങ്ങൾക്കുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 10 പേർ മരിച്ചു. സ്വന്തം സർക്കാറിെൻറ മനുഷ്യത്വവിരുദ്ധ നടപടിയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട സ്വാമി അഗ്നിവേശിന് മന്ത്രിപദവിയാണ് നഷ്ടപ്പെട്ടത്.
അതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ച് മുഴുസമയ സാമൂഹിക പ്രവർത്തകനായി. 1989ലെ മീറത്ത് കലാപത്തിൽ 45 മുസ്ലിം യുവാക്കൾ അറുകൊല ചെയ്യപ്പെട്ടപ്പോൾ അതിനെതിരെ ഡൽഹിയിൽനിന്ന് മീറത്തിലേക്ക് സർവമതക്കാരെയും കൂട്ടി യാത്ര നടത്തി. 1999ൽ ഒഡിഷയിലെ മനോഹർപുരിൽ ആസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്െറ്റയിൻസിനെയും പിഞ്ചുമക്കളെയും ബജ്റംഗ്ദൾ നേതാവ് ദാരാസിങ്ങും കൂട്ടരും ചുട്ടുകൊന്നപ്പോൾ 55 മതനേതാക്കളെ കൂട്ടി 'മതം സാമൂഹിക നീതിക്ക്' എന്ന പൊതുവേദിക്ക് രൂപംനൽകി.
1992 ഡിസംബർ ആറിന് സംഘ്പരിവാർ അക്രമികൾ അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തപ്പോൾ രാജ്യത്താകെ സാമുദായികാന്തരീക്ഷം കലുഷമായി. ബോംബെയുൾപ്പെടെ നഗരങ്ങളിൽ വർഗീയകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. സാമുദായിക ധ്രുവീകരണം വൻ ഭീഷണിയായി രൂപപ്പെടുമെന്ന് കണ്ടപ്പോൾ ജനാധിപത്യത്തിെൻറ രക്ഷക്കും സാമുദായിക മൈത്രിക്കുംവേണ്ടി ഒരു പൊതുവേദി രൂപവത്കരിക്കാൻ ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ മുഹമ്മദ് ശഫീ മുനീസിെൻറ അധ്യക്ഷതയിൽ ചേർന്ന പ്രമുഖരുടെ യോഗം തീരുമാനിച്ചു.
എഫ്.ഡി.സി.എ (ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്യൂണൽ അമിറ്റി) എന്ന പേരിൽ ജസ്റ്റിസ് വി.എം. താർക്കുണ്ഡെ ചെയർമാനായി രൂപവത്കരിക്കപ്പെട്ട പൊതുവേദിയുടെ ദേശീയ നിർവാഹക സമിതിയിൽ ജ. രജീന്ദർ സച്ചാർ, സോളി സൊറാബ്ജി, കുൽദീപ് നയാർ തുടങ്ങിയവരോടൊപ്പം സ്വാമി അഗ്നിവേശും അംഗമായിരുന്നു. വൈകാതെ കേരളത്തിലും ജ. വി.ആർ. കൃഷ്ണയ്യർ ചെയർമാനായി എഫ്.ഡി.സി.എയുടെ ചാപ്റ്റർ നിലവിൽവന്നു.
അതിെൻറ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രധാന നഗരങ്ങളിൽ സംഘടിപ്പിക്കപ്പെട്ട മനുഷ്യാവകാശ സെമിനാറുകളിൽ കോഴിക്കോട്ടെ സംഗമം ഉദ്ഘാടനം ചെയ്തത് സ്വാമി അഗ്നിവേശായിരുന്നു. നാദാപുരത്ത് രാഷ്ട്രീയ-വർഗീയ സംഘർഷത്തിൽ ജീവൻ നഷ്ടപ്പെട്ട ഹതഭാഗ്യരുടെ ഭവനങ്ങൾ സന്ദർശിച്ച് സമാധാന പുനഃസ്ഥാപന ദൗത്യത്തിന് ഇറങ്ങിത്തിരിച്ചവരിലുമുണ്ടായിരുന്നു സ്വാമി അഗ്നിവേശ്.
അതുപോലെ 2004 ഡിസംബർ ആറിന് പാലക്കാട്ട് 'പാർശ്വവത്കൃത സമൂഹവും മനുഷ്യാവകാശങ്ങളും' എന്ന ശീർഷകത്തിൽ ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തതും അഗ്നിവേശ് തന്നെ. മറ്റു മത സാംസ്കാരിക സംഘടനകൾ സംഘടിപ്പിച്ച പല പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു ഈ മനുഷ്യാവകാശ പോരാളി.
യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബ പശ്ചാത്തലമുള്ള സന്യാസി ആയിരിക്കെത്തന്നെ വിഗ്രഹാരാധനക്കും മറ്റ് അന്ധവിശ്വാസങ്ങൾക്കുമെതിരെ ഉയർന്ന ധീരശബ്ദമായിരുന്നു സ്വാമി അഗ്നിവേശിേൻറത്. ഉപനിഷത്തുകളിലും വേദങ്ങളിലുമൂന്നിയുള്ള ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ആര്യമതം എന്ന ദയാനന്ദ സരസ്വതിയുടെ ആദർശമാണ് അദ്ദേഹത്തെ സ്വാധീനിച്ചിരുന്നത്. അന്ധവിശ്വാസങ്ങൾക്കെതിരെ ഒരു ആഗോള പ്രസ്ഥാനത്തിന് രൂപംനൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതോടൊപ്പം സ്വാമി ഗോവധത്തിനും എതിരായിരുന്നു. മോദിസർക്കാർ ബീഫ്നിരോധനം കർക്കശമായി നടപ്പാക്കുന്നതോടൊപ്പംതന്നെ ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരിലൊന്നാണ് ഇന്ത്യ എന്നതിലെ വൈരുധ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായ നിതിൻ ഗഡ്കരി ഇന്ത്യയിലെ വൻകിട ബീഫ് കയറ്റുമതിക്കാരിലൊരാളായ സിറാജ് ഖുറൈശിയുമായി ഡൽഹിയിലെ ഇസ്ലാമിക് കൾചറൽ സെൻററിൽ കൂടിക്കാഴ്ച നടത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതുകൊണ്ടൊക്കെ സംഘ്പരിവാറിെൻറ കണ്ണിലെ കരടായിരുന്നു അന്ത്യംവരെ അദ്ദേഹം. 2018ൽ ഝാർഖണ്ഡിലെ പാകുറിൽ ദാമിൻ മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ സ്വാമിക്കെതിരെ യുവമോർച്ച-എ.ബി.വി.പി പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടു. 2019 ഒക്ടോബറിൽ തിരുവനന്തപുരത്തെ പൊതുചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴും ഹിന്ദുത്വവാദികൾ അദ്ദേഹത്തെ കൈയേറ്റം ചെയ്തു.
2018 ആഗസ്റ്റ് 18ന് മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയ അഗ്നിവേശിനെ സംഘ്പരിവാർ പ്രവർത്തകർ അടിച്ചോടിക്കുകയായിരുന്നു. യഥാർഥത്തിൽ കാവി വസ്ത്രം ധരിക്കുന്നതിൽ അഭിമാനം കൊണ്ട, മാംസാഹാരം കഴിക്കാത്ത, മോദി ചെയ്യുന്ന നല്ലകാര്യങ്ങളെ പിന്തുണക്കുന്നുവെന്ന് തുറന്നുപറഞ്ഞ സമാദരണീയനായ ഒരു ഹൈന്ദവ പരിഷ്കർത്താവിനെ പോലും പൊറുപ്പിക്കാനാവാത്ത സംസ്കാരത്തെപ്പറ്റി എത്ര കുറച്ചു പറയുന്നുവോ അത്രയും നല്ലത്.
കേരളത്തിൽ വന്നപ്പോൾ അദ്ദേഹം സംബന്ധിച്ച പല പരിപാടികളിലും വേദി പങ്കിടാനും 'മാധ്യമം' സന്ദർശിച്ചപ്പോഴും മറ്റു സന്ദർഭങ്ങളിലും പല വിഷയങ്ങളിലും അഭിപ്രായവിനിമയം നടത്താനും അവസരമുണ്ടായ വ്യക്തി എന്നനിലയിൽ സ്വാമി അഗ്നിവേശിെൻറ വേർപാടിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നു.
സ്വാമി അഗ്നിവേശിന് യാത്രാമൊഴി
സ്വാമി അഗ്നിവേശിന് യാത്രാമൊഴി. സമൂഹത്തിെൻറ നാനാതുറകളിലുള്ളവർ അദ്ദേഹത്തിന് അന്ത്യോപചാരമർപ്പിച്ചു. ജന്തർമന്തർ റോഡിലെ ഓഫിസിൽ പൊതുദർശനത്തിനു ശേഷം വൈകീട്ട് നാലോടെ ആചാരപ്രകാരം ബെഹൽപയിലെ അഗ്നിലോക് ആശ്രമത്തിലായിരുന്നു സംസ്കാരം.
സത്യസന്ധനായ മതേതരവാദിയായിരുന്നു സ്വാമി അഗ്നിവേശെന്ന് വിവിധ നേതാക്കൾ അനുസ്മരിച്ചു. പാവങ്ങൾക്കുവേണ്ടി പടപൊരുതിയ സ്വാമി അഗ്നിവേശ് ഇടത് പ്രസ്ഥാനങ്ങളുടെ ഉറ്റ സുഹൃത്തായിരുന്നുവെന്ന് സി.പി.ഐ നേതാവ് ഡി. രാജ വ്യക്തമാക്കി.
ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ, പി.എം.കെ നേതാവ് എസ്. രാമദോസ് എന്നിവരും അനുശോചിച്ചു. കരൾസംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്ന സ്വാമി അഗ്നിവേശ് വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.