പ്രഹസനമായി ‘സ്വീപ്’ പദ്ധതി
text_fieldsആലപ്പുഴ: തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും പോളിങ് ശതമാനം മെച്ചപ്പെടുത്തുന്നതിനുമായി തെരഞ്ഞെടുപ്പ് കമീഷൻ ആരംഭിച്ച സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം (സ്വീപ്) സംസ്ഥാനത്ത് പ്രഹസനമാകുന്നു.
ഏത് മേഖലയിലുള്ള വോട്ടർമാരാണ് വോട്ടെടുപ്പിനോട് വിമുഖത കാട്ടുന്നത് എന്ന് പഠിക്കാതെയാണ് വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടി സംഘടിപ്പിക്കുന്നത്. ഇതിനായി സംസ്ഥാനത്ത് ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുന്നുമുണ്ട്.
വോട്ടർമാരെ തയാറാക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട അടിസ്ഥാന അറിവ് പകരുന്നതിനുമായി 2009ലാണ് സ്വീപ് പദ്ധതി തുടങ്ങിയത്. ഇത്രകാലം പ്രവർത്തിച്ചിട്ടും സംസ്ഥാനത്ത് വോട്ടിങ് ശതമാനം ഉയർത്താൻ പദ്ധതികൊണ്ട് കഴിഞ്ഞത് സംബന്ധിച്ചും പഠനങ്ങളില്ല.
പുതിയ വോട്ടർമാരെ ആകർഷിക്കുന്നതിനുള്ള പരിപാടികളാണ് സ്വീപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. വോട്ടിടാൻ എത്താത്തത് പുതിയ വോട്ടർമാരാണോ എന്ന് സംഘാടകർക്കറിയില്ല. എന്നിട്ടും കലാലയങ്ങൾ കേന്ദ്രീകരിച്ചാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വോട്ടെടുപ്പിൽ പങ്കെടുക്കാതിരിക്കുന്നവരിൽ കൂടുതലും പ്രായമായവരും ഉയർന്ന മധ്യവർഗത്തിൽപെട്ടവരുമാണെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ സ്ക്വാഡ് പ്രവർത്തനങ്ങളുമായി ഇറങ്ങുന്ന പ്രവർത്തകർ പറയുന്നത്.
പുതിയ വോട്ടർമാർ ഭൂരിഭാഗവും വോട്ട് ചെയ്യുന്നുണ്ടെന്നും അവർക്ക് അത് കൗതുകം നിറഞ്ഞ അനുഭവമാണ് പകരുന്നതെന്നും പാർട്ടി പ്രവർത്തകർ പറയുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് സ്വീപ് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ പേരിൽ വെറുതെ പണം ചെലവഴിക്കുന്നത് ആരും ചോദ്യം ചെയ്യുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.