Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമാധ്യമസ്​ഥാപനങ്ങൾക്കു...

മാധ്യമസ്​ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണം

text_fields
bookmark_border
മാധ്യമസ്​ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണം
cancel
camera_alt

കാൾ മാർക്​സ്,​ താരിഖ്​ അലി




'എനിക്ക് പേടിയാവുന്നു' കാമ്പയി​െൻറ തുടർച്ചയിൽ പുരോഗമനപ്പട ആരംഭിച്ച അടുത്ത പരിപാടിയാണ് മുസ്​ലിം മാനേജ്മെൻറിനു കീഴിലെ മാധ്യമസ്​ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണം. 'അഫ്​ഗാനെക്കുറിച്ച റി​േപ്പാർട്ടുകളും എഴുത്തുകളും ഞങ്ങൾ പറയുന്നതു​േപാ​ലെയാവണം. താലിബാൻ മുന്നേറ്റത്തെക്കുറിച്ചും അമേരിക്കൻ പിന്മാറ്റത്തെക്കുറിച്ചും ലോകത്ത് പലതരം വിശകലനങ്ങൾ നടക്കുന്നുണ്ട്. അതൊന്നും നോക്കരുത്; കാണരുത്. ഇന്ത്യയിലെ ഗോദി മീഡിയയും അന്താരാഷ്​ട്ര രംഗത്ത് അമേരിക്കൻ താൽപര്യസംരക്ഷകരായ മീഡിയ സിൻഡിക്കേറ്റുകളും അടിച്ചുതരുന്നത് അപ്പടി കാച്ചിയേക്കണം' എന്നതാണ് ലൈൻ. അതിലപ്പുറം ചെയ്​താൽ താലിബാനാക്കും. കാബൂളി​െൻറ പതനശേഷം ഇതുവരെ അമേരിക്കക്കുവേണ്ടി പ്രവർത്തിച്ചവർക്ക് പൊതുമാപ്പ് നൽകുന്നു എന്ന് താലിബാൻ പ്രഖ്യാപിച്ചാൽ സാധാരണഗതിയിൽ അത് വാർത്തയാണ്. അതു ​െകാടുക്കാൻ പറ്റില്ല എന്നായി വെപ്പ്. ആ വാർത്ത കാണുന്നവർ വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്കയോടൊപ്പം നിന്നവരെ കോേമ്രഡ് ഹോചിമിൻ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് താരതമ്യം ചെയ്തേക്കും. എന്നുവെച്ച് വാർത്ത കൊടുക്കാതിരിക്കാൻ പറ്റില്ലല്ലോ.

Afghanistan has broken free from foreign military occupation and the Afghan people are standing at a new starting point for peace and reconstruction- വിദേശകാര്യ വക്താവ്​ വാൻ വെൻബിൻ പറഞ്ഞത്​ ചൈനീസ്​ ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തതാണ്​. 'വിദേശ സൈനിക അധിനിവേശം തകർത്ത്​ സ്വതന്ത്രമായ അഫ്ഗാനിസ്താൻ ഇപ്പോൾ സമാധാനത്തിെൻറയും പുനർനിർമാണത്തിെൻറയും പുതിയ ഘട്ടത്തിൽ നിൽക്കുകയാണ്' എന്ന് ചൈനീസ്​ കമ്യൂണിസ്​റ്റുകൾക്ക് പറയാം. എന്നാൽ, ഇവിടെ മുസ്​ലിം മാനേജ്മെൻറ്​ പത്രം അത് പരിഭാഷപ്പെടുത്തിയാൽ സഖാക്കൾ പൂട്ടിക്കും. അന്താരാഷ്​​ട്ര മാർക്​സിസ്​റ്റ്​ സൈദ്ധാന്തികൻ താരിഖ് അലിക്ക് താലിബാൻ മുന്നേറ്റത്തെക്കുറിച്ച് അസ്​റ്റോണിഷിങ് (astonishing) എന്നെഴുതാം. എന്നാൽ, അതി​െൻറ മലയാളം ഇവിടെ ഉപയോഗിച്ചാൽ ഇ​േന്നാവ അയക്കും. അഫ്​ഗാൻ സംഭവങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം കേന്ദ്ര നേതൃത്വം പുറപ്പെടുവിച്ച പ്രസ്​താവനയിൽ താലിബാനെതിരായ കാര്യമായ പരാമർശങ്ങളില്ല. അമേരിക്കൻ അധിനിവേശത്തിനെതിരെ യമണ്ടൻ വർത്തമാനമുണ്ട്. അതെന്തുകൊണ്ടായിരിക്കും എന്നതിന് ലളിതമാണ്​ ഉത്തരം. കേന്ദ്ര നേതൃത്വത്തിന് നിലനിൽക്കാൻ ചൈനീസ്​ ചക്കിളി ആവശ്യമാണ്.ചൈന താലിബാനോടൊപ്പംനിൽക്കുമ്പോൾ അതിനെതിരുനിന്നാൽ യെച്ചൂരിയുടെ കഞ്ഞി മുടങ്ങും. പക്ഷേ, കേരളത്തിൽ ലൈൻ വേറെയാണ്.


മുസ്​ലിം വിരുദ്ധത വിറ്റ് രാഷ്​​ട്രീയനേട്ടം കൊയ്യുകയാണ് കുറേക്കാലമായുള്ള പദ്ധതി. എൺപതുകളിൽ ശരീഅത്തിനെ മുൻനിർത്തി ഇ.എം.എസ്​ തുടങ്ങിയതാണത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി ഹാഗിയ സോഫിയ മുൻനിർത്തി കോടിയേരിയും അത് നടപ്പിലാക്കി. അസംബ്ലി തെരഞ്ഞെടുപ്പിൽ ഇതു കൂടുതൽ ഫലപ്രദമായി ഉപയോഗിച്ചു. സാധാരണയിൽനിന്ന് വ്യത്യസ്​തമായി ക്രൈസ്​തവസമുദായങ്ങൾക്കിടയിലും മുസ്​ലിം വിരുദ്ധത പടർത്താൻ ആ തെരഞ്ഞെടുപ്പിന് മുന്നോടിയായി സാധിച്ചു. വിഴിഞ്ഞത്ത് കടലാക്രമണമുണ്ടായാൽപോലും മൗദൂദിയെ ചീത്ത പറയുന്ന രീതി സി.പി.എം നേതാക്കൾ വികസിപ്പിക്കുന്നത് ആ സാധ്യത മുന്നിൽകണ്ടാണ്. കെ–റെയിലിനെ പരസ്യമായി എതിർത്തത് ഇടതുപക്ഷത്തു തന്നെയുള്ള ശാസ്​ത്ര സാഹിത്യ പരിഷത്താണ്. പക്ഷേ, ഡി.വൈ.എഫ്.ഐ തലവനായ എ.എ. റഹീം കെ–റെയിലിനെ മൗദൂദികൾ അട്ടിമറിക്കുന്നു എന്നാരോപിച്ച് രണ്ട് വാർത്തസമ്മേളനങ്ങളാണ് നടത്തിയത്. മുൻ സിമി തീപ്പൊരിയായ കെ.ടി. ജലീലിനെ പോലെ പ്രയാസകരമായൊരു അധിക ബാധ്യത പേറുന്നയാളാണ് റഹീമും. അതായത്, ഞാനും നിങ്ങളെ ​േപാലൊരു മതേതരവാദി തന്നെയാണെന്ന് അദ്ദേഹം നിരന്തരം തെളിയിക്കേണ്ടതുണ്ട്. വ്യക്തിപരമായ ഇത്തരം പ്രയാസങ്ങൾ മനസ്സിലാക്കാം. പക്ഷേ, പാർട്ടി പ്രചാരണ സംവിധാനം മൊത്തത്തിൽ ഇങ്ങനെയൊരു രീതി സ്വീകരിക്കുന്നതി​െൻറ ഉന്നം നേരത്തേ പറഞ്ഞതു തന്നെ. ഇസ്​ലാമോ​േഫാബിയ എത്ര മധുരതരമാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മനസ്സിലായിട്ടുണ്ട്. അതിനാൽ, അതിന്മേൽ പിടിക്കുക തന്നെ.

ബഹിഷ്കരണാഹ്വാനമാണ് മുന്തിയ മറ്റൊരു ഇനം. അഫ്​ഗാൻ സ്വതന്ത്രമായി എന്നെഴുതിയതാണ് കാരണം. ചൈന പറഞ്ഞാലും നിങ്ങൾ പറയരുത്. ലക്ഷക്കണക്കിന് മനുഷ്യരെ കൊന്ന വിദേശ അധിനിവേശം അവസാനിക്കു​േമ്പാൾ സാധാരണഗതിയിൽ മലയാളത്തിൽ പറയാവുന്ന വാക്കാണത്. പക്ഷേ, ഇവിടെ അങ്ങനെ പറയാൻ പാടില്ല. കാരണം, അഫ്​ഗാൻ ഒരു മുസ്​ലിം രാജ്യമാണ്. സ്വാതന്ത്ര്യം എന്നൊന്നും പറയാനുള്ള വികാസം നേടിയിട്ടില്ലാത്ത അർധ മനുഷ്യരാണവർ എന്ന തീർപ്പ് മാർക്​സിസത്തിെൻറ സ്​ഥാപകൻ തന്നെ നേരത്തേ അൽജീരിയയുടെ കാര്യത്തിൽ എടുത്തിട്ടുണ്ട്. ലോകം കണ്ട ഏറ്റവും ഐതിഹാസികമായ കോളനിവിരുദ്ധ പോരാട്ടമായിരുന്നു അൽജീരിയയിലേത്.

പത്തു വർഷം നീണ്ട സ്വാതന്ത്ര്യ സമരത്തിൽ രണ്ടര ലക്ഷത്തിലേറെ അൽജീരിയക്കാരാണ് മരിച്ചുവീണത്.അന്ന് മുതലാളിത്ത ഫ്രാൻസിെൻറ നിയന്ത്രണത്തിലുള്ള അൽജിയേഴ്സ്​ നഗരത്തിൽ ആസ്​ത്്മ ചികിത്സക്കായി എത്തിയിരുന്നു കാൾ മാർക്സ്​. അവിടെ നിന്ന് അദ്ദേഹം ഏംഗൽസിന് അയച്ച കത്തുകൾ വായിക്കുന്നത് രസമാവും. അൽജീരിയക്കാരുടെ സ്വാതന്ത്ര്യ സമരം മാർക്സിന് വെറും ഓറിയൻറൽ ഡെസ്​പോട്ടിസം (oriental despotism) ആണ്. സ്വാതന്ത്ര്യം നേടാനൊന്നും അർഹതയില്ലാത്ത ബാർബേറിയൻസ്​ എന്ന നിലക്കാണ് അൽജീരിയൻ മുസ്​ലിംകളെ അദ്ദേഹം കാണുന്നത്. കോംഗോയുടെ സ്വാതന്ത്ര്യ സമര നായകൻ പാട്രിസ്​ ലുമുംബയോട് അധിനിവേശകരായ ബെൽജിയൻ നേതൃത്വവും ഇതുതന്നെയാണ്​ പറഞ്ഞിരുന്നത്–സ്വാതന്ത്ര്യത്തിന് അർഹരല്ല നിങ്ങൾ എന്ന്. അധിനിവേശകരുടെയും വരേണ്യ മാർക്സിസ്​റ്റുകളുടെയും നിലപാടുകൾ ഇക്കാര്യത്തിൽ ഒന്നുതന്നെയാണ്.


താലിബാ​െൻറ അഫ്​ഗാൻ വിജയം ലോകരാഷ്​ട്രീയത്തിൽ പലതരം സങ്കീർണതകളുണ്ടാക്കിയിട്ടുണ്ട്. അമേരിക്ക പോയതോടെ അഫ്​ഗാൻ മതരാഷ്​ട്രമാകാൻ പോകുന്നേ എന്ന് ചിലർ. കേട്ടാൽ തോന്നുക ഇതുവരെ മതേതര രാജ്യമായിരുന്നുവെന്നാണ്. അഫ്​ഗാനെ ആദ്യമായി മതരാഷ്​ട്രമാക്കിയത് കമ്യൂണിസ്​റ്റായ നജീബുല്ലയാണ്. സോവിയറ്റ് സേന പിൻവാങ്ങുകയും മുജാഹിദുകൾ ശക്തിപ്പെടുകയും ചെയ്തതോടെ ഡോ. നജീബ് ത​െൻറ പേര്, നജീബുല്ല എന്നാക്കി. ഭരണഘടന ഭേദഗതി ചെയ്​ത്​ രാജ്യത്തെ ഇസ്​ലാമിക് സ്​റ്റേറ്റ് ആയി പ്രഖ്യാപിച്ചു. മുജാഹിദീൻ വിഭാഗങ്ങളെയും മുസ്​ലിം ജനസാമാന്യത്തെയും സോപ്പിടാനുള്ള ഏർപ്പാടായിരുന്നു. പിന്നീട് മുജാഹിദീൻ ഭരണം വന്നപ്പോഴും അഫ്​ഗാൻ ഇസ്​ലാമിക് സ്​റ്റേറ്റ് തന്നെ. ഇ​േപ്പാൾ ഓടിപ്പോയ അശ്​റഫ് ഗനിയുടെ സർക്കാർ മതേതരമാണ് എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. ഭരണഘടനാപരമായി അതും ഇസ്​ലാമിക് സ്​റ്റേറ്റ് തന്നെ.

ഇസ്​ലാമിക് സ്​റ്റേറ്റിനകത്തു തന്നെയുള്ള സങ്കീർണസംഘർഷങ്ങളാണ് അഫ്​ഗാനിൽ നടന്നത്. വിദേശ സൈന്യത്തി​െൻറ സാന്നിധ്യം അതിനെ കൂടുതൽ അപകടകരമാക്കുകയായിരുന്നു. സങ്കീർണതകൾ നിറഞ്ഞ അഫ്​ഗാൻ രാഷ്​ട്രീയത്തെ അങ്ങനെ മനസ്സിലാക്കി വിശകലനം ചെയ്യണം. അല്ലാതെ, എല്ലാവരും തങ്ങളുടെ ലളിതയുക്തിയിൽ എല്ലാ കാര്യങ്ങളെയും കാണണമെന്ന് വാശിപിടിക്കരുത്. സ്വന്തം നിലക്ക് വിശകലനം ചെയ്യാനും വാക്കുകൾ ഉപയോഗിക്കാനും അറിയാവുന്ന തലമുറ ഇവിടെയുണ്ട്. സപ്​താഹ ​പ്രഭാഷണവും പാർട്ടിക്ലാസും മാത്രം നടത്തുകയും അതു മാത്രം കേൾക്കുകയും ചെയ്യുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല.

ബഹിഷ്​കരവുമായി മുന്നോട്ടു പോവുന്നവരുടെ ശ്രദ്ധയിൽ പെടുത്താൻ മറ്റു ചില കാര്യങ്ങൾ. ജേണലിസത്തിൽ ലോകത്തെ ഏറ്റവും മികച്ച സ്​ഥാപനമായി ഗണിക്കപ്പെടുന്നതാണ് അമേരിക്കയിലെ കൊളംബിയ യൂനിവേഴ്സിറ്റി. താലിബാൻ കമാൻഡർമാരുടെ കവിതകൾ സമാഹരിച്ച് 'പോയട്രി ഓഫ് താലിബാൻ' എന്ന പേരിൽ അവർ 247 പേജുള്ള ഒരു സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. അതി​െൻറ കവറിൽ വില്യം ഡാൽറിംബിളി​െൻറ ഒരു വാചകം എഴുതിവെച്ചിട്ടുണ്ട്– This extraordinary collection is remarkable as a literary project. കവിതകൾ പിൻവലിക്കുന്ന വിശ്വകവികൾ ഇനിമേൽ ഡാൽറിംബിളിനെ കൂടി ബഹിഷ്​കരിക്കണം. താലിബാൻ മുൻനിര നേതാവും പാകിസ്​താനിലെ അവരുടെ അംബാസഡറുമായിരുന്ന അബ്​ദുസ്സലാം സഈഫി​ന്‍റെ 'മൈ ലൈഫ് വിത്ത്​ താലിബാൻ' എന്ന പുസ്​തകം പ്രസിദ്ധീകരിച്ചതും ഇതേ കൊളംബിയ യൂനിവേഴ്സിറ്റി തന്നെ.

കേരളത്തിലെ എഴുത്ത് കുബേരന്മാർ ആ യൂനിവേഴ്സിറ്റിയെ ബഹിഷ്​കരിച്ച് തോൽപിക്കണം. ഈ അബ്​ദുല്ല സഈഫ് ആദ്യമായി ഇന്ത്യയിൽ വരുന്നത് തെഹൽകയുടെ തിങ്ക് ഫെസ്​റ്റ്​ അതിഥിയായാണ്. പ്രസാധന, മാധ്യമ മേഖലകളിൽ ഇങ്ങനെ പലതും നടക്കുന്നുണ്ട്. കാപ്സ്യൂൾ മാധ്യമപ്രവർത്തനം മാത്രം പരിചയമുള്ളവർ അത് കാണുമ്പോൾ അന്തംവിടും. പത്തു വർഷക്കാലമായി താലിബാ​െൻറ ​െപാളിറ്റിക്കൽ ഓഫിസ്​ ഖത്തറിലാണ്. ഒന്നാം താലിബാൻ സർക്കാറിനെ അംഗീകരിച്ച മൂന്നു രാജ്യങ്ങളിൽ രണ്ടെണ്ണം സൗദി അറേബ്യയും യു.എ.ഇയുമാണ്. പുതിയ മുന്നണിപ്പടയുടെ നായകൻ ​െക.ടി. ജലീൽ ഇവരെ ബഹിഷ്കരിക്കാനൊന്നും പോവണ്ട, അവിടന്ന് ഈത്തപ്പഴം കൊണ്ടുവരില്ല എന്നെങ്കിലും തീരുമാനിക്കണം.

സത്യത്തിൽ വിഷയം താലിബാനൊന്നുമല്ല. ആയിരുന്നെങ്കിൽ 'പിന്തുണക്കേണ്ടത് താലിബാനെ' എന്ന തലക്കെട്ടിൽ കവർ സ്​റ്റോറി പ്രസിദ്ധീകരിച്ച മാഗസിനെയും അത് എഴുതിയ എം.കെ. ഭദ്രകുമാറിനെയും ബഹിഷ്​കരിക്കണമായിരുന്നു. 'കലാകൗമുദിയിൽ നിന്ന് ഈഴവരെ എങ്ങനെ രക്ഷിക്കും' എന്ന തലക്കെട്ടിൽ ക്ലബ് ഹൗസ്​ ചർച്ച നടക്കേണ്ടതായിരുന്നു.

അതായത്, ഇവരുടെ പ്രശ്നം താലിബാനോ മതരാഷ്​ട്രമോ സ്​ത്രീ സ്വാതന്ത്ര്യമോ ഒന്നുമല്ല. പുറത്ത് ചെ ഗുവേര പച്ചകുത്തിയവരുടെ അകത്തുള്ളതു തുറന്നുകാണിച്ചതിലുള്ള പകയാണ്. മലയാളിയുടെ ബോധമണ്ഡലത്തിലും പുരോഗമന അഗ്രഹാരങ്ങളിലും അത് സൃഷ്​ടിച്ച പ്രകമ്പനങ്ങളോടുള്ള കലിപ്പാണ്. അതിനാൽ, ബഹിഷ്കരിച്ച് തോൽപിച്ചുകളയുമെന്ന് പേടിപ്പിക്കരുത്. മനക്കലെ തമ്പുരാട്ടികളും തിരുമേനിമാരും ഇനി അതിൽ എഴുതില്ല എന്നൊക്കെ പ്രഖ്യാപിച്ചു കളഞ്ഞിട്ടുണ്ട്.

തിരുമേനിമാരുടെ കൃപാകടാക്ഷമില്ലാതെയും മാധ്യമപ്രവർത്തനം സാധ്യമാവുമെന്ന് തെളിയിച്ചാണ് ഇവിടെവരെ എത്തിയത്. ഇല്ലത്തെ പുതിയ ഉണ്ണികൾക്ക് അതറിയില്ലെങ്കിൽ ആരെങ്കിലും ഒന്നു പറഞ്ഞുകൊടുക്കണം. അതിനിടയിൽ ഉയർന്നുവരുന്ന മറ്റൊരു കിടിലോസ്​കി ആശയം കൂടിയുണ്ട്. ഇവരുടെ പ്രസിദ്ധീകരണങ്ങളിൽ എഴുതി ഇവർക്ക് 'മാന്യത' കൊടുക്കരുത് എന്നതാണത്. അതായത്, ഇല്ലത്തെ പത്തായത്തിലെ സൂക്ഷിപ്പു മുതലാണ് മാന്യത. അടിയൻ ലച്ചിപ്പൊ ചൊല്ലി ചെല്ലുന്നവർക്ക് നോം അത് എടുത്തുകൊടുക്കാറായിരുന്നു പതിവ്. ഇന്ന് അതിനൊക്കെ ശ്ശി ഭംഗം വന്നു തുടങ്ങി. തിരുമേനിമാരോട് ഒന്നേ പറയാനുള്ളൂ: ആ 'മാന്യത' ആ പത്തായത്തിലെ ചെല്ലപ്പെട്ടിയിൽ തന്നെ ഇരുന്നോട്ടെ. പുറത്തെടുത്ത് നാറ്റിക്കേണ്ട.

ലേഖനത്തിന്‍റെ ആദ്യ ഭാഗം വായിക്കാം


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimtalibanmediaafghanistan
News Summary - taliban issue: Attack on media institutions
Next Story