കലങ്ങിമറിഞ്ഞ് തമിഴക രാഷ്ട്രീയം
text_fieldsദശാബ്ദങ്ങളോളം തമിഴ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കരുണാനിധിയുടെയും ജയലളി തയുടെയും വിയോഗം സൃഷ്ടിച്ച ശൂന്യതക്കിടെ നടക്കുന്ന ആദ്യ പൊതു തെരഞ്ഞെടുപ്പിന് കൗ തുകമേറെ. തമിഴ് മണ്ണിലെ കിഴക്കൻ ചക്രവാളത്തിൽ ഡി.എം.കെയുടെ സൂര്യൻ ഉദിച്ചുയരുമോ? ‘ രണ്ടില’ വാടാതെ കാത്തുസൂക്ഷിക്കാൻ എടപ്പാടിക്കും കൂട്ടർക്കും കഴിയുമോ? ഇതോടൊപ്പം മ റ്റു നിരവധി ചോദ്യങ്ങൾക്കും ഇൗ തെരഞ്ഞെടുപ്പ് ഉത്തരം നൽകും. ടി.ടി.വി ദിനകരെൻറ ‘അ മ്മ മക്കൾ മുന്നേറ്റ കഴകം’, കമൽഹാസൻ നയിക്കുന്ന ‘മക്കൾ നീതി മയ്യം’ എന്നീ പുതിയ കക്ഷികള ുടെ രാഷ്ട്രീയ ഭാവി? രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ചിട്ടില്ലെങ്കിലും രജനികാന്തി െൻറ പിന്തുണ ആർക്ക്? ബി.ജെ.പിക്ക് നേട്ടം കൊയ്യാനാവുമോ? സ്റ്റാലിന് ഡി.എം.കെയെയും എടപ്പാടി പളനിസാമി- ഒ. പന്നീർസെൽവം കൂട്ടർക്ക് അണ്ണാ ഡി.എം.കെയെയും പഴയ കെട്ടുറപ്പേ ാടെ മുന്നോട്ടു നയിക്കാനാവുമോയെന്ന ചോദ്യവും ഉയരുന്നു.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് തമിഴ്നാട്ടിലെ ജനവിധിക്ക് ഏറെ പ്രത്യേകതകളുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം 20 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പാണിതിന് കാരണം. ഏപ്രിൽ 24നകം ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ഇലക്ഷൻ കമീഷൻ മദ്രാസ് ഹൈകോടതിയെ അറിയിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിൽ ചുരുങ്ങിയത് 10 സീറ്റുകളിലെങ്കിലും സംസ്ഥാന ഭരണകക്ഷിയായ അണ്ണാ ഡി.എം.കെക്ക് ജയിച്ചുകയറാനായില്ലെങ്കിൽ എടപ്പാടി പളനിസാമി സർക്കാറിെൻറ നില പരുങ്ങലിലാവും.
ആത്മവിശ്വാസത്തോടെ ഡി.എം.കെ
ദേശീയ പ്രതിപക്ഷ വിശാല സഖ്യത്തിലെ നിർണായക രാഷ്ട്രീയകക്ഷിയായ ഡി.എം.കെ തമിഴകത്തിലും മുന്നണി രൂപവത്കരണത്തിെൻറയും സീറ്റ് വിഭജന ചർച്ചകളുടെയും തിരക്കിലാണ്. ഘടകകക്ഷികളുമായി സീറ്റ് വിഭജന ചർച്ച നടത്തുന്നതിന് ഡി.എം.കെ പ്രത്യേക ഉപസമിതിക്ക് രൂപം നൽകിക്കഴിഞ്ഞു. ഘടകകക്ഷികളായ കോൺഗ്രസ്, മുസ്ലിം ലീഗ് എന്നിവക്ക് പുറമെ ൈവക്കോയുടെ എം.ഡി.എം.കെ, തിരുമാവളവെൻറ വിടുതലൈ ശിറുതൈകൾ, ഇടതുകക്ഷികൾ തുടങ്ങിയവ സഖ്യത്തിലുണ്ടാവും. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമസഭകൾ വിളിച്ചുകൂട്ടി സംഘടിപ്പിക്കുന്ന ജനസമ്പർക്ക പരിപാടികൾക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
കരുണാനിധിയുടെ വിയോഗത്തിനു ശേഷം പാർട്ടിയിൽ കടന്നുകൂടാൻ എം.കെ. അഴഗിരി മറീന ബീച്ചിലെ കലൈജ്ഞർ സമാധിയിലേക്ക് മൗനറാലി നടത്തി കലാപമുയർത്തിയെങ്കിലും ഇപ്പോൾ നിശ്ശബ്ദനാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ പിടിച്ചെടുത്ത് ദേശീയ രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറാനാണ് സ്റ്റാലിൻ ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിച്ചും കൊൽക്കത്തയിൽ മമത ബാനർജിയുടെ റാലിയിൽ മോദിക്കെതിരെ ആഞ്ഞടിച്ചും സ്റ്റാലിൻ ദേശീയ രാഷ്്ട്രീയത്തിലും താരമായി. ഇക്കുറി കലങ്ങിമറിയുന്ന രാഷ്ട്രീയത്തിൽ ഉദയസൂര്യൻ തെളിഞ്ഞുവരുമെന്നാണ് സൂചനകൾ.
ആശങ്കയോടെ അണ്ണാ ഡി.എം.കെ
‘അമ്മ’യുടെ വിയോഗത്തെ തുടർന്ന് മരിച്ച വീടിന് തുല്യമാണ് നിലവിൽ അണ്ണാ ഡി.എം.കെ ക്യാമ്പ്. ടി.ടി.വി ദിനകരൻ ഉയർത്തുന്ന വെല്ലുവിളിയും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരായ അഴിമതി ആരോപണങ്ങളും പാർട്ടിയെ തളർത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ കൊടനാട് കൊള്ള സംഭവം മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുടെ നിർദേശപ്രകാരമായിരുന്നുവെന്ന കേസിലെ പ്രതികളുടെ വെളിപ്പെടുത്തൽ അണ്ണാ ഡി.എം.കെയെ പ്രതിരോധത്തിലാക്കിയിരിക്കയാണ്. എടപ്പാടി പളനിസാമി (ഇ.പി.എസ്)- ഒ. പന്നീർസെൽവം (ഒ.പി.എസ്) കൂട്ടുകെട്ടിൽ ഏതുനിമിഷവും പൊട്ടിത്തെറി ഉണ്ടാവുമെന്ന ആശങ്കയും പ്രവർത്തകരിലുണ്ട്. ജയലളിത ജീവിച്ചിരിക്കവെ സ്ഥാനാർഥി പട്ടിക പുറത്തിറക്കിയാൽ എതിർശബ്ദമുണ്ടാക്കാതെ നേതാക്കളും പ്രവർത്തകരും ഭയഭക്തിയോടെ അനുസരിച്ചു പ്രവർത്തിക്കും. എന്നാലിപ്പോൾ സ്ഥിതിഗതികൾ അപ്പാടെ മാറിയിരിക്കുന്നു. പാർട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കി നിർത്താനായില്ലെങ്കിൽ ടി.ടി.വി ദിനകരൻ സാഹചര്യം മുതലെടുക്കും. ബി.ജെ.പിയുമായി സഖ്യം സംബന്ധിച്ചും പാർട്ടിക്കകത്ത് മുറുമുറുപ്പുണ്ട്. വോട്ടർമാരെ സ്വാധീനിക്കുന്നതിൽ അണ്ണാ ഡി.എം.കെ പ്രത്യേക മെയ്വഴക്കം കാണിക്കാറുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 39 ലോക്സഭ സീറ്റുകളിൽ 37 എണ്ണം അണ്ണാ ഡി.എം.കെ നേടിയിരുന്നു.
പ്രതീക്ഷ കൈവിടാതെ ബി.ജെ.പി
ഏതുവിധേനയും അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കാനാവുമെന്ന വിശ്വാസത്തിലാണ് കേന്ദ്ര ബി.ജെ.പി നേതൃത്വം. വിജയ്കാന്തിെൻറ ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ), ഡോ. രാമദാസിെൻറ പാട്ടാളി മക്കൾ കക്ഷി (പി.എം.കെ) എന്നീ കക്ഷികളെയും കൂടെ കൂട്ടാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. വിജയ്കാന്ത് നിലവിൽ അമേരിക്കയിൽ ചികിത്സയിലാണ്. പി.എം.കെ സ്ഥാപകനായ ഡോ. രാമദാസിെൻറ മകനും മുൻ കേന്ദ്രമന്ത്രിയുമായ അൻപുമണി രാമദാസ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഴവിൽ മുന്നണി സ്ഥാനാർഥിയായി ധർമപുരിയിൽനിന്ന് ജയിച്ചിരുന്നു. നാഗർകോവിലിൽനിന്ന് ബി.ജെ.പിയുടെ പൊൻ രാധാകൃഷ്ണനും തെരഞ്ഞെടുക്കപ്പെട്ടു. ജനുവരി 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തുന്നുണ്ട്. ഇൗ സമയത്ത് അണ്ണാ ഡി.എം.കെ കേന്ദ്രങ്ങളുമായി പ്രാഥമിക ചർച്ച നടക്കാനിടയുണ്ടെന്നാണ് സൂചന.
ഇടതു കക്ഷികൾ ഡി.എം.കെ കൂടാരത്തിൽ
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കാനാണ് സി.പി.എമ്മും സി.പി.െഎയും ശ്രമിച്ചത്. എന്നാൽ, ജയലളിത അവസാനനിമിഷം ഇടതു കക്ഷികളെ കൈവിടുകയായിരുന്നു. അഴിമതി കേസുകളിൽ കുരുങ്ങിക്കിടന്നിരുന്ന ഡി.എം.കെയുമായി മുന്നണി ബന്ധമുണ്ടാക്കാൻ തയാറായതുമില്ല. സി.പി.െഎയും സി.പി.എമ്മും യോജിച്ചാണ് അന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാലിപ്പോൾ വളരെ നേരത്തേതന്നെ ഇടതു കക്ഷികൾ ഡി.എം.കെ ക്യാമ്പിലെത്തി െഎക്യദാർഢ്യം അറിയിച്ചു. കോൺഗ്രസും മുന്നണിയിലുണ്ടെന്നത് ഇവർ കാര്യമാക്കുന്നില്ല. അതിനാൽ, തമിഴ്നാട്ടിൽ കോൺഗ്രസും ഇടതുകക്ഷികളും പരസ്പരം സഹകരിച്ച് പ്രവർത്തിക്കും.
ജാതിമത സമവാക്യങ്ങൾ
സ്ഥാനാർഥി നിർണയത്തിലും മറ്റും ദ്രാവിഡ കക്ഷികൾ പോലും ജാതിമത സമവാക്യങ്ങൾക്ക് അർഹമായ പരിഗണന നൽകാറുണ്ട്. നാടാർ, വണ്ണിയർ, തേവർ, ഗൗണ്ടർ തുടങ്ങിയ സമുദായങ്ങളാണ് പ്രബലം. സീമാൻ നയിക്കുന്ന ‘നാം തമിഴർ കക്ഷി’ ഒറ്റക്ക് മത്സരിച്ചേക്കും. ജി.കെ. വാസെൻറ ‘തമിഴ് മാനില കോൺഗ്രസ്’ നിലപാട് വ്യക്തമാക്കിയിട്ടില്ല. മക്കൾ നീതി മയ്യവുമായി തമിഴകമൊട്ടുക്കും കമൽഹാസൻ ഒാടി നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര ജനപിന്തുണ ആർജിക്കാൻ കഴിഞ്ഞിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രജനികാന്ത് നേരത്തേ വ്യക്തമാക്കിയതാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ രജനികാന്ത് ആരെ പിന്തുണക്കുമെന്നത് തമിഴക രാഷ്ട്രീയം ഉറ്റുനോക്കുന്നുണ്ട്. ടി.ടി.വി ദിനകരൻ നയിക്കുന്ന അമ്മ മക്കൾ മുന്നേറ്റ കഴകത്തിെൻറ സജീവ സാന്നിധ്യം അണ്ണാ ഡി.എം.കെക്ക് തലവേദന സൃഷ്ടിക്കുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.