രാഷ്ട്രീയം സൂപ്പർ സ്റ്റാറിനു എത്ര വഴങ്ങും?
text_fieldsഅഭിനിവേശത്താൽ ഉന്മത്തരായി ഇളകിമറിയുന്ന ജനക്കൂട്ടത്തിനു നേർക്ക് കൈകൾ വീശി അഭിവാദ്യം അർപ്പിക്കാൻ പാകത്തിൽ ഏതെങ്കിലും ബാൽക്കണിയുടെ വിശാലതയിലേക്ക് ഒാടിക്കയറാൻ തയാറല്ലെങ്കിൽ തമിഴ്മണ്ണിൽ നിങ്ങൾക്കൊരു രാഷ്ട്രീയ നേതാവായി ഉയരാൻ സാധിക്കില്ല. ഇൗ യാഥാർഥ്യം കൃത്യമായി മനസ്സിലാക്കിയ ദീർഘവീക്ഷണക്കാരനാണ് രജനീ കാന്ത്. മൗലികമായ അഭിനയശൈലിയുടെ പ്രതീകമായി അറിയപ്പെടുന്ന ഇൗ നടൻ പുതുവർഷപ്പിറവിയുടെ തലേദിവസം നടത്തിയ പ്രകടനങ്ങൾ ആ രാഷ്ട്രീയബോധ്യത്തെത്തന്നെയാണ് വിളംബരം ചെയ്തത്.
സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള തീരുമാനം പുറത്തുവിട്ട് നിമിഷങ്ങൾക്കകം അദ്ദേഹം ഒരനുഷ്ഠാനമെന്നോണം നേരെ കുതിച്ചത് രാഘവേന്ദ്ര കല്യാണമണ്ഡപത്തിലെ ബാൽക്കണിയിലേക്കായിരുന്നു. അഭിവാദ്യ നമസ്കാരം, വായുവിലെ പറക്കുന്ന ചുംബനങ്ങൾ, ചൂളംവിളികൾ, മുക്തകണ്ഠ മുദ്രാവാക്യങ്ങൾ, ആരവങ്ങൾ... രജനീ രസികർ സംഘങ്ങളുടെ സാഗരം ആ കൃശഗാത്രെൻറ ഒാരോ ചേഷ്ടകളോടും ആവേശപൂർവം പ്രതികരിച്ചുകൊണ്ടിരുന്നു. അരങ്ങേറ്റദിനം അങ്ങനെ അവിസ്മരണീയമാക്കുന്നതിൽ താരം വിജയിച്ചു. എന്നാൽ, ഇൗ വിസ്മയപ്രകടനങ്ങൾ രാഷ്ട്രീയത്തിൽ ആവർത്തിക്കാൻ അദ്ദേഹം പ്രാപ്തനാണോ എന്നതാണ് പ്രസക്തമായ ചോദ്യം. പ്ലസ് പോയൻറുകൾ നിരവധിയാണ് സൂപ്പർ സ്റ്റാറിന്. എന്നാൽ, ചില പ്രതികൂലാവസ്ഥകളുടെ കടമ്പകളും അദ്ദേഹത്തിനു മുമ്പാകെയുണ്ട്.
സിനിമയും രാഷ്ട്രീയവും
തമിഴക രാഷ്ട്രീയവും തമിഴ് സിനിമ വ്യവസായവും തമ്മിലുള്ള ഉറ്റബാന്ധവം സുവിദിതമാണ്. കരുണാനിധി, എം.ജി.ആർ, ജയലളിത തുടങ്ങിയ മുഖ്യമന്ത്രിമാരെല്ലാം സിനിമവഴി രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചവർ. എം.ജി.ആറും ജയലളിതയും അഭിനയമേഖലയിൽ തിളങ്ങിയേപ്പാൾ കരുണാനിധി തിരക്കഥയുടെ മേഖലയിലായിരുന്നു പ്രാഗല്ഭ്യം തെളിയിച്ചത്. സിനിമയുടെ തട്ടകം നൽകിയ ഗ്ലാമർ മാത്രമാണ് മൂവരെയും തമിഴ് രാഷ്ട്രീയ നഭസ്സിലെ താരകങ്ങളാക്കി ഉയർത്തിയത്.
എം.ജി.ആർxകരുണാനിധി, ജയലളിതx കരുണാനിധി എന്നീ ദ്വന്ദത്തിൽ അധിഷ്ഠിതമായ മത്സരങ്ങളുടെ വേദിയായിരുന്നു തമിഴക രാഷ്ട്രീയം. അഥവാ മൂന്നാമതൊരു സമവാക്യത്തിന് ഇടംനൽകാത്ത പരമ്പരാഗത രീതി. 2006ൽ നടൻ വിജയകാന്ത് ഇൗ സമവാക്യം ഭേദിക്കാൻ രംഗപ്രവേശം ചെയ്തു. തുടക്കത്തിൽ 10 ശതമാനം വോട്ടുകൾ നേടാൻ അദ്ദേഹത്തിന് സാധിച്ചു. പക്ഷേ, പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടർമാർ അദ്ദേഹത്തെ കൈവിട്ടു. എന്നാൽ, തമിഴക രാഷ്ട്രീയത്തിൽ സമീപകാലത്ത് അരങ്ങേറിയ നാടകീയതകൾ സൂപ്പർസ്റ്റാറിെൻറ സാധ്യതകളെ ബലപ്പെടുത്തുംവിധം നിർണായകമായി മാറിയിരിക്കുന്നു. ജയലളിതയുടെ വിയോഗത്തോടെ സംജാതമായ രാഷ്ട്രീയ ശൂന്യത നികത്തപ്പെടാതെ അവശേഷിക്കുകയാണ്. വാർധക്യത്തിെൻറ അവശതകൾ കരുണാനിധിയെ പുതിയ അങ്കങ്ങളിൽനിന്ന് പിന്തിരിപ്പിക്കുകയും സ്വന്തം പാർട്ടിയിലെ അന്തച്ഛിദ്രങ്ങൾ നിരന്തരം മൂർച്ഛിക്കുകയും ചെയ്തിരിക്കെ തമിഴ്മനം പുതിയ നായകനെ തേടുന്നതിൽ അദ്ഭുതപ്പെടേണ്ടതില്ല.
ജയലളിതയുെട വിയോഗം എ.െഎ.എ.ഡി.എം.കെയിൽ ഉളവാക്കിയ പ്രതിസന്ധികൾ നേതാക്കളെയും അണികളെയും രണ്ടായി പകുത്തുകഴിഞ്ഞു. എ.െഎ.എം.ഡി.എം.കെയിലെ കുഴപ്പങ്ങളെ അനുകൂല സാഹചര്യമാക്കിമാറ്റാൻ കഴിയാത്ത നിസ്സഹായതയിലാണിപ്പോൾ ഡി.എം.കെ. തമിഴ്ജനത സമാശ്വാസത്തിെൻറ പുതുവഴി ആരായുന്ന സവിശേഷ മുഹൂർത്തം രാഷ്ട്രീയ രംഗപ്രവേശത്തിനായി തെരഞ്ഞെടുക്കാൻ തീരുമാനിച്ചതിലൂടെ രജനീകാന്ത് പ്രകടിപ്പിക്കുന്നത് രാഷ്ട്രീയ ചാണക്യതന്ത്രംതന്നെ എന്ന വിലയിരുത്തൽ നേരുതന്നെ.
ആർ.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടാനിരിക്കെയാണ് സ്റ്റെൽ മന്നെൻറ തീരുമാനം. അഭൂതപൂർവമായ രീതിയിൽ കാശ് നൽകി വോട്ടർമാരെ വിലക്കെടുത്ത മറ്റൊരു ഘട്ടം തമിഴകത്തിൽ മുമ്പ് സംഭവിച്ചില്ലെന്നത് തമിഴ്ജനതക്ക് ബോധ്യമാവുകയും ചെയ്തു. അഴിമതിക്കാരുമായി ഒട്ടും ബന്ധമില്ല, അഴിമതിക്കാരെ താൻ പൊറുപ്പിക്കില്ല തുടങ്ങിയ സന്ദേശങ്ങളാണ് രജനി ജനങ്ങൾക്ക് നൽകിയിരിക്കുന്നത്. രജനിയുടെ സാധ്യതകളെ ബലപ്പെടുത്തുന്ന മെഗാസ്റ്റാർ പരിവേഷം സ്വന്തമാക്കാൻ സാധിച്ചു എന്നതാകാം ഒരുപക്ഷേ, അദ്ദേഹത്തിെൻറ ഏറ്റവും വലിയ കൈമുതൽ. ഇത്രയേറെ ആരാധകസമ്പത്ത് സ്വന്തമാക്കിയ താരങ്ങളൊന്നും കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ തെന്നിന്ത്യൻ ചലച്ചിത്ര സിംഹാസനത്തിൽ വാണരുളുന്നില്ല. സാധാരണ കുടുംബത്തിൽ പിറന്ന് ബസ് കണ്ടക്ടറായി ജോലി ആരംഭിച്ച് വിശ്വപ്രശസ്തനാകാൻ കഴിഞ്ഞ അദ്ദേഹത്തിെൻറ ക്ലേശപൂർണമായ വളർച്ച ഒാരോ തമിഴക വാസിയുടെയും ഹൃദയം ത്രസിപ്പിക്കുന്ന മാഹാത്മ്യമാണ്.
ആശയക്കുഴപ്പങ്ങൾ
അഴിമതിക്കെതിരായ കുരിശുയുദ്ധത്തിെൻറ ഭാഗമായാണ് രജനിയുടെ രാഷ്ട്രീയ പ്രവേശം. കഴിഞ്ഞ ഒരു വർഷം തമിഴകത്ത് അരങ്ങേറിയ ലജ്ജാകരമായ സംഭവങ്ങളുടെ പേരിൽ ഇതര സംസ്ഥാനക്കാർ പരിഹസിക്കുന്നതായിപ്പോലും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്മക്കൾ അവ ഏക മനസ്സോടെ അംഗീകരിക്കാതിരിക്കില്ല. എന്നാൽ, ആത്മീയ രാഷ്ട്രീയം’ പ്രയോഗവത്കരിക്കാമെന്ന താരത്തിെൻറ പ്രഖ്യാപനം സൃഷ്ടിച്ച ദുരൂഹതയെ പലരും സംശയദൃഷ്ടിയോടെ കാണുന്നു. ഹൈന്ദവ പ്രതീകങ്ങളോടുള്ള ചായ്വുകൾ രജനിയുടെ അരങ്ങേറ്റത്തിെൻറ പിന്നാമ്പുറങ്ങളിൽ ബി.ജെ.പിയുടെ കൈകൾ ഉണ്ടെന്ന ആശങ്കക്കു വഴിവെച്ചുകഴിഞ്ഞു.
രജനിക്ക് തുറന്ന പിന്തുണയുമായി ആദ്യം അരങ്ങിലെത്തിയ പാർട്ടിയും ബി.ജെ.പി ആയിരുന്നു. രജനിയുടെ ആത്മീയ രാഷ്ട്രീയത്തിനും ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനും പരസ്പര പൊരുത്തമുണ്ടെന്ന് നിരീക്ഷകർ കരുതുന്നു. തമിഴ്മണ്ണിൽ വേണ്ടത്ര വേരാഴ്ത്താൻ സാധിക്കാത്ത കാവിരാഷ്ട്രീയം സഖ്യകക്ഷിയെ തേടിക്കൊണ്ടിരിക്കെ രജനിയുടെ ചുമൽ പാർട്ടി അത്താണിയായി കരുതുന്നതിൽ അതിശയപ്പെടേണ്ടതില്ല. 2019ലെ േലാക്സഭ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽനിന്ന് ലഭിച്ചേക്കാവുന്ന വോട്ടുകൾ പാർട്ടിക്ക് വലിയതോതിൽ സഹായകമാകും.
നേർവിപരീത ധ്രുവത്തിൽ നിലയുറപ്പിക്കുന്ന താരമാണ് കമൽ ഹാസൻ. തെൻറ രാഷ്ട്രീയ പ്രവേശന തീരുമാനം സെപ്റ്റംബറിൽ പുറത്തുവിട്ട കമൽ ഹാസൻ ഇടതുചേരിയോടുള്ള അനുഭാവവും വലതുപക്ഷ നിലപാടുകളോടുള്ള വിയോജിപ്പുകളും ഇതിനകം പരസ്യപ്പെടുത്തുകയുണ്ടായി. തമിഴകം ഇളകിമറഞ്ഞ വർഷമായിരുന്നു 2017. എന്നാൽ, പുതുവർഷം വഴിത്തിരിവുകളുടേതാകും. ചലച്ചിത്രതാരങ്ങളുടെ സാന്നിധ്യം തമിഴക രാഷ്ട്രീയത്തിന് പുതുശോഭ പകരാതിരിക്കില്ല. എന്നാൽ, തമിഴ് നഭസ്സിൽ ഏറ്റവും തിളക്കമാർന്ന താരമാകാൻ ആർക്കാകും ഭാഗ്യം സിദ്ധിക്കുക എന്ന പ്രവചനത്തിന് സമയമായില്ല.
(പ്രമുഖ കോളമിസ്റ്റും ഡോക്യുമെൻററി സംവിധായകനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.