നിഷ്കാസിതന്‍
text_fieldsഅടിതെറ്റിയാല്‍ ആനയും വീഴും എന്നാണല്ളോ പഴമൊഴി. വീണത് വെറുമൊരു ആനയല്ല; ഒരു വന്മരമാണ്. ഇന്ത്യയിലെ ബിസിനസ് സാമ്രാജ്യത്തില്‍ ആഴത്തില്‍ വേരുകളുള്ള വടവൃക്ഷം. 7.6 ബില്യണ്‍ കോടി ഡോളറിന്‍െറ ആസ്തിയുള്ള, രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന ബിസിനസ് കുടുംബത്തിലെ ഇളമുറക്കാരന്‍. ടാറ്റാ ഗ്രൂപ്പിന്‍െറ ആറാമത്തെ ചെയര്‍മാനായിരുന്നു സൈറസ് പല്ളോന്‍ജി മിസ്ട്രി. ടാറ്റ എന്ന കുലനാമം പേരിനൊപ്പമില്ലാതെ ബിസിനസ് സാമ്രാജ്യത്തിന്‍െറ അമരക്കാരനായ രണ്ടാമന്‍. (ആദ്യത്തെയാള്‍ നവറോജി ശക്തിവാലയാണ്.) പുറത്തേക്കുള്ള വാതില്‍ കാണിച്ചുകൊടുത്ത് ടാറ്റ ടാറ്റ പറഞ്ഞപ്പോള്‍ തെറിച്ചത് ചെയര്‍മാന്‍സ്ഥാനം. പ്രവര്‍ത്തനമികവുപോരാ എന്നാണ് ബോര്‍ഡ് അംഗങ്ങളുടെ ആരോപണം. ഇടക്കാല ചെയര്‍മാന്‍ രത്തന്‍ ടാറ്റ തന്നെ. നാലുകൊല്ലം മുമ്പ് രത്തന്‍ ടാറ്റയുടെ പകരക്കാരനായി എത്തിയതാണ്. അതും ടാറ്റ കുടുംബത്തിന്‍െറ പുറത്തുനിന്ന്.
ഒരു കോര്‍പറേറ്റ് യുദ്ധത്തിനാണ് ഇപ്പോള്‍ രാജ്യം സാക്ഷ്യം വഹിക്കുന്നത്. ടാറ്റയുടെ നിലവിലുള്ള 57 കമ്പനികളില്‍ ഇരുപതും നഷ്ടമുണ്ടാക്കുന്നവയാണ്. സൈറസ് മിസ്ട്രി ടാറ്റ ട്രസ്റ്റിമാര്‍ക്കും ഡയറക്ടര്‍ ബോര്‍ഡിനും അയച്ച വൈകാരികമായ കത്തില്‍ നാനോ കമ്പനി നേരിടുന്ന നഷ്ടവും മറ്റ് ടാറ്റ കമ്പനികളുടെ കോടികളുടെ ബാധ്യതയും അക്കമിട്ടു പറയുന്നുണ്ട്. നാനോ അടച്ചുപൂട്ടണമെന്നും ഇപ്പോള്‍തന്നെ 1000 കോടി രൂപയുടെ നഷ്ടമുണ്ടെന്നും മിസ്ട്രി പറയുന്നു. തല്‍ക്കാലം ചെയര്‍മാനായി ചുമതലയേറ്റ രത്തന്‍ ടാറ്റക്കെതിരെ മൂര്‍ച്ചയേറിയ ഒളിയമ്പുകള്‍ കത്തിലുണ്ട്. പാളിപ്പോയ ബിസിനസ് തന്ത്രങ്ങളും സംശയാസ്പദമായ ഇടപാടുകളും വെളിപ്പെടുത്തി ഒരു തുറന്നയുദ്ധത്തിനുതന്നെ വഴിമരുന്നിട്ടിരിക്കുകയാണ് മിസ്ട്രി.
ഇന്ത്യന്‍ ഹോട്ടലുകള്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍ യൂറോപ്, ടാറ്റ പവര്‍ മുണ്ട്്റ, ടെലി സര്‍വിസ് എന്നിവക്ക് 1,18,000 കോടി രൂപയുടെ ബാധ്യതയുണ്ട്. 2011-2015 കാലയളവില്‍ ഈ കമ്പനികളുടെ മൂലധനച്ചെലവ് 1,32,000 കോടിയില്‍നിന്ന് 1,96.000 കോടിയായി കുതിച്ചു. പ്രവര്‍ത്തന നഷ്ടവും പലിശയും മറ്റുമാണ് ബാധ്യത ഉയര്‍ത്തിയത്. ടാറ്റ ഗ്രൂപ്പിന്‍െറ മൊത്തം ആസ്തി 1,74, 000 കോടിയാണ്. ഈ സാഹചര്യത്തിലാണ് വന്‍ ബാധ്യത പേറുന്നത്. രത്തന്‍ ടാറ്റയുടെ മനോഹര സ്വപ്നസാക്ഷാത്കാരമായി വിശേഷിപ്പിക്കപ്പെട്ട നാനോ നഷ്ടത്തിന്‍െറ പാതയിലൂടെ ഓടുമ്പോള്‍ അതിനെ ലാഭകരമാക്കാനുള്ള മാര്‍ഗങ്ങളൊന്നും കണ്ടത്തെിയിട്ടില്ല. രത്തന്‍ ടാറ്റയുടെ താല്‍പര്യം മുന്‍നിര്‍ത്തി വ്യോമയാന രംഗത്ത് നടത്തിയ നിക്ഷേപങ്ങളും ഫലം ചെയ്തില്ല.
മുന്‍കൂട്ടി അനുമതിയില്ലാതെ എയര്‍ ഏഷ്യയിലും സിംഗപ്പൂര്‍ എയര്‍ലൈന്‍സിലും നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചും കത്തില്‍ വിമര്‍ശമുണ്ട്. സിംഗപ്പൂരിലും ഇന്ത്യയിലും നിലവിലില്ലാത്ത കമ്പനികളുടെ പേരില്‍ 22 കോടി രൂപയുടെ അനധികൃത ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇത് ശാസ്ത്രീയ അന്വേഷണത്തിലൂടെ വെളിപ്പെട്ടതാണെന്നും മിസ്ട്രി കത്തില്‍ പറയുന്നു. കത്ത് ടാറ്റ വ്യവസായ സാമ്രാജ്യത്തില്‍ കൊടുങ്കാറ്റ് ഉയര്‍ത്തുമെന്നുറപ്പ്.
വയസ്സ് നാല്‍പത്തിയെട്ടേ ആയിട്ടുള്ളൂ. അതിനിടയില്‍ എത്തിപ്പെട്ട ഒൗന്നത്യത്തില്‍നിന്നാണ് പതനം. ഇന്ത്യയില്‍ സ്ഥിരതാമസമാണെങ്കിലും ഐറിഷ് പൗരനാണ്. താനൊരു ആഗോളപൗരനാണെന്ന് മിസ്ട്രി അവകാശപ്പെടുന്നുവെന്ന് ഇന്‍ഡിപെന്‍ഡന്‍റ് എന്ന ഐറിഷ് പത്രം പറയുന്നു. മുംബൈയിലെ പാഴ്സി കുടുംബത്തില്‍ 1968 ജൂലൈ നാലിന് ജനനം. കോടീശ്വരനായിരുന്നു പിതാവ് പല്ളോന്‍ജി മിസ്ട്രി. ഒരു നൂറ്റാണ്ടിലേറെയായി ബിസിനസ് രംഗത്ത് നിലയുറപ്പിച്ച കുടുംബം. മാതാവ് പാറ്റ്സി പെറിന്‍ ദബാഷ്. ഇന്ത്യയില്‍ വേരുകളുള്ള സ്വരാഷ്ട്രിയന്‍ വിശ്വാസത്തിന്‍െറ പിന്തുടര്‍ച്ചക്കാര്‍. അമ്മ അയര്‍ലന്‍ഡിലാണ് ജനിച്ചത്. മിസ്ട്രിയുടെ മൂത്ത സഹോദരന്‍ ഐറിഷ് പൗരനാണ്. ലൈല, അലൂ എന്നീ രണ്ട് സഹോദരിമാരുണ്ട്. രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയെയാണ് അലൂ വിവാഹം കഴിച്ചിരിക്കുന്നത്.
സമ്പന്നതയുടെ മടിത്തട്ടിലാണ് വളര്‍ന്നത്. തെക്കന്‍ മുംബൈയിലെ കത്തീഡ്രല്‍ ആന്‍ഡ് ജോണ്‍ കാനണ്‍ സ്കൂളില്‍ വിദ്യാഭ്യാസം. പിന്നീട് ലണ്ടനിലെ ഇംപീരിയല്‍ കോളജില്‍നിന്ന് സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.എസ്സി. ലണ്ടന്‍ ബിസിനസ് സ്കൂളില്‍നിന്ന് എം.എസ്സി. വിദ്യകൊണ്ടും സമ്പന്നനാണ് എന്നു ചുരുക്കം.
മൂത്ത സഹോദരന്‍ ഷപൂര്‍ മിസ്ട്രിയാണ് ടാറ്റ സണ്‍സില്‍ ആദ്യം ഓഹരി എടുത്തത്. ഇപ്പോള്‍ അത് 18.5 ശതമാനമാണ്. ഓഹരിയുള്ളത് പിതാവിന്‍െറ പേരില്‍. ഒരൊറ്റ കക്ഷി കൈയാളുന്ന ഓഹരിയില്‍ ഏറ്റവും വലുത്. കുടുംബം സ്ഥാപിച്ച ചാരിറ്റബ്ള്‍ ട്രസ്റ്റുകളാണ് ടാറ്റ സണ്‍സിലെ 65 ശതമാനത്തോളം ഓഹരിയും കൈയാളുന്നത്. ഷപൂര്‍ജി പല്ളോന്‍ജി കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു മിസ്ട്രി. പിതാവ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വിരമിച്ചപ്പോള്‍ 2006 സെപ്റ്റംബര്‍ ഒന്നിന് ടാറ്റ സണ്‍സില്‍ ചേര്‍ന്നു. ടാറ്റ പവര്‍ കമ്പനിയുടെയും ടാറ്റ എല്‍ക്സി ലിമിറ്റഡിന്‍െറയും ഡയറക്ടര്‍ ആയിരുന്നു.
2012ലാണ് ടാറ്റ സണ്‍സിന്‍െറ ചെയര്‍മാന്‍ ആയത്. അതിനു പുറമെ ടാറ്റയുടെ എല്ലാ പ്രമുഖ കമ്പനികളുടെയും ചെയര്‍മാന്‍ കൂടിയായിരുന്നു. ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വിസ്, ടാറ്റ ടെലിസര്‍വിസസ് എന്നിങ്ങനെ എല്ലാം മിസ്ട്രിയുടെ കീഴിലായി. ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിന്‍െറ ട്രസ്റ്റികൂടിയാണ്.
പല കാര്യങ്ങളിലും രത്തന്‍ ടാറ്റയെപ്പോലെയാണ്. കോക്ടെയ്ല്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന പതിവില്ല. രത്തന്‍ ടാറ്റയെപ്പോലെതന്നെ കാറുകള്‍ വലിയ ഹരമാണ്. അതും സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്ള്‍ വര്‍ഗത്തില്‍പെടുന്നവ. രത്തന്‍ ടാറ്റയെപ്പോലെ അവിവാഹിതന്‍ അല്ളെന്നു മാത്രം. അവധിക്കാലം ചെലവഴിക്കാന്‍ പറക്കുക യൂറോപ്പിലേക്കാണ്. നല്ല ഭക്ഷണപ്രിയനാണ്. മുംബൈയിലും ലണ്ടനിലും പുണെയിലും വസതികളുണ്ട്. നല്ല നര്‍മബോധമുള്ളയാളാണ്. ബിസിനസ് രംഗത്ത് വെല്ലുവിളികള്‍ വരുമ്പോള്‍ അവയെ നോക്കി പൊട്ടിച്ചിരിക്കാന്‍ കഴിയുന്ന അപൂര്‍വം ചിലരില്‍ ഒരാളാണെന്നാണ് ടാറ്റ സാമ്രാജ്യത്തിലെ ഉപശാലാ സംസാരം. ഗോള്‍ഫ് കളിക്കാന്‍ ഇഷ്ടമാണ്. അത്യാവശ്യം നന്നായി വായിക്കും.
ഒരു തീരുമാനമെടുത്താല്‍ അതില്‍ ഉറച്ചുനില്‍ക്കുന്ന പ്രകൃതക്കാരനാണ്. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തിയാണ് തന്നെ പുറത്താക്കിയത് എന്നാണ് മിസ്ട്രിയുടെ പക്ഷം. ഡയറക്ടര്‍ ബോര്‍ഡ് യോഗതീരുമാനത്തിന് എതിരെ ബോംബെ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ് സൈറസ് മിസ്ട്രി.
ഇഖ്ബാല്‍ ഛഗ്ല എന്ന അഭിഭാഷകന്‍െറ മകള്‍ രോഹിഖ ഛഗ്ലയാണ് ഭാര്യ. എം.സി. ഛഗ്ല എന്ന വിഖ്യാത അഭിഭാഷകന്‍െറ പേരക്കുട്ടി. ഫിറോസ് മിസ്ട്രി, സഹാന്‍ മിസ്ട്രി എന്നീ രണ്ടു മക്കള്‍. രണ്ടു പേരും സ്കൂള്‍ വിദ്യാര്‍ഥികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.