പണിക്കർ സാർ കഥ പറയുമ്പോൾ കണ്ണെടുക്കാൻ തോന്നില്ല
text_fieldsകുഞ്ഞുണ്ണി മാഷെ പോലെയായിരുന്നു കേശവപ്പണിക്കർ സാർ. ഏതാണ്ട് അതേ പൊക്കം. തിളങ്ങുന്ന കഷണ്ടി. തോളിൽ ഒരു രണ്ടാം മുണ്ട് എപ്പോഴുമുണ്ട്. ഉച്ചവെയിലിൽനിന്ന് ക്ലാസിലേക്ക് പണിക്കർ സാർ വരുന്നത് നമ്പ്യാരുടെ ഒരു കവിതാശകലവുമായിട്ടായിരിക്കും. 'ചുടുവെയിൽ തട്ടി ചുട്ട കഷണ്ടിയിൽ
ഒരുപിടി നെല്ലാൽ മലരുപൊരിക്കാം' എവിടെയോ സദ്യയുണ്ടെന്നറിഞ്ഞ് പൊരിവെയിലിൽ ആർത്തിപിടിച്ച് പായുന്ന വൃദ്ധ ബ്രാഹ്മണനെ നമ്പ്യാർ കളിയാക്കിയതാണല്ലോ ആ വരികളിൽ. ''ആരെങ്കിലും ഒരുപിടി നെല്ലു കൊണ്ടുവാടാ, മലരുപൊരിക്കാം...'' എന്ന് സ്വയം കളിയാക്കി രസിപ്പിച്ച് മാഷ് ക്ലാസിലേക്ക് കയറിവരും.
അഞ്ചു മുതൽ ഏഴുവരെ ഞാൻ പഠിച്ചത് നെടുമുടി എൻ.എസ് യു.പി സ്കൂളിലായിരുന്നു. മൂന്നുവർഷവും മലയാളം പഠിപ്പിച്ചത് കേശവപ്പണിക്കർ സാർ. തികഞ്ഞ രസികൻ. ആഴ്ചയിൽ ഒരു ദിവസം പാഠങ്ങൾ മാറ്റിവെച്ച് സാർ കഥ പറയും. ആ ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കും. കഥയെന്നാൽ വെറും കഥയല്ല. ചരിത്രാഖ്യായികകളാണ് കഥയായി അവതരിപ്പിക്കുക. പ്രധാനമായും സി.വിയുടെ നോവലുകൾ. മാർത്താണ്ഡവർമ, ധർമരാജ, രാമരാജ ബഹദൂർ...
സാർ കഥ പറയുമ്പോൾ ആ മുഖത്തുനിന്ന് കണ്ണെടുക്കാൻ തോന്നില്ല. അത്ര നാടകീയമായാണ് അവതരണം. ശരിക്കും അഭിനയത്തിെൻറ ബാലപാഠങ്ങൾ ഞാനറിയാതെ എന്നിലേക്ക് സന്നിവേശിപ്പിച്ചു തുടങ്ങിയത് സാറാണ്. വാക്കുകൾകൊണ്ട് എങ്ങനെയാണ് ചിത്രം വരക്കുന്നതെന്ന് കേശവപ്പണിക്കർ സാറിൽനിന്ന് പഠിക്കണം. മന്ത്രസ്ഥായിയിൽ തുടങ്ങി അതിെൻറ എല്ലാ ഭാവങ്ങളോടെയും സാർ കഥ പറയും. കവിതയിലും ചരിത്രാഖ്യായികകളിലും എനിക്ക് താൽപര്യമുണ്ടാക്കിയത് പണിക്കർ സാറാണ്. പിൽക്കാലത്ത് നാടകത്തിലും സിനിമയിലും എനിക്ക് ആ ബാലപാഠങ്ങൾ തുണയായി.
സാർ നന്നായി വെറ്റില മുറുക്കും. പുകയില വാങ്ങാൻ എന്നെയാണ് പറഞ്ഞുവിടുക. 'ഡാ... പോയിട്ടു വാ...' എന്നു പറഞ്ഞാൽ പുകയില വാങ്ങി വാ എന്നാണ്. സാറിനാണെന്ന് പറഞ്ഞാൽ കടയിൽനിന്ന് പുകയില കിട്ടും.
എെൻറ അച്ഛൻ കേശവപിള്ള നെടുമുടി സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്നു. അമ്മ കുഞ്ഞുകുട്ടിയമ്മ തൊട്ടടുത്ത പോങ്ങ സ്കൂളിലെ അധ്യാപികയും. അച്ഛൻ കവിതയും നാടകവുമൊക്കെ എഴുതുമായിരുന്നു. പണിക്കർ സാർ ക്ലാസിൽ വന്ന് ചില കവിതകളൊക്കെ ചൊല്ലും. എന്നിട്ട് ആരാണിതെഴുതിയതെന്ന് ചോദിക്കും. കുട്ടികളുടെ മുന്നിൽ ആളാവാൻ വള്ളത്തോൾ, ഉള്ളൂർ എന്നൊക്കെ ഞാൻ തട്ടിവിടും.'മിണ്ടാതിരിയെടാ... നിെൻറ അച്ഛനെഴുതിയതാണിത്.'
പണിക്കർ സാറിെൻറ ചിന്തയിൽ കുട്ടികളെ പഠിപ്പിക്കണമെന്നതു മാത്രമേയുണ്ടായിരുന്നുള്ളൂ. വിവാഹം പോലും കഴിച്ചിരുന്നില്ല എന്ന് പിന്നീടാണ് ഞാനറിഞ്ഞത്. എെൻറ വീടിനു മുന്നിലൂടെയായിരുന്നു സാർ ആഴ്ചയവസാനം കഞ്ഞിപ്പാടമെന്ന സ്വന്തം നാട്ടിലേക്ക് പോകുന്നത്. നടന്നാണ് യാത്ര. പോകുമ്പോഴും വരുമ്പോഴും വീട്ടിൽ കയറി അച്ഛനുമായി ദീർഘനേരം സംസാരിക്കും. കവിതയും നാടകവുമൊക്കെത്തന്നെയായിരിക്കും വിഷയം.
ഒരിക്കൽ സ്കൂളിൽ കായികമേള നടക്കുമ്പോൾ ഒരധ്യാപകൻ മൈതാനത്ത് തെന്നിവീണു. കുട്ടികൾ അതുകണ്ട് കൂക്കിവിളിച്ചു. കേശവപ്പണിക്കർ സാർ കൂവിയ പിള്ളേരെ വിളിച്ചുകൂട്ടി. 'നീ കൂവിയോ?' ഓരോരുത്തരോടായി ചോദിച്ചു. 'ഇല്ല' എന്ന് ഓരോരുത്തരും പറഞ്ഞു. എന്നോടും ചോദിച്ചു.
'കൂവി...' ഞാൻ പറഞ്ഞു. സാർ ഒന്നും പറഞ്ഞില്ല. അടുത്തേക്ക് ചേർത്തുനിർത്തി. തലയിൽ തലോടി. അത്രയും പേരിൽ സത്യം പറഞ്ഞതിനായിരുന്നു വാത്സല്യം ചുരന്നൊഴുകിയത്.പ്രിയപ്പെട്ട ഒത്തിരി അധ്യാപകരുണ്ടെങ്കിലും അതിൽ ആദ്യം ഓർക്കുന്നത് കേശവപ്പണിക്കർ സാറിനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.