കണക്കിന്‍റെ വഴിതുറന്നവർ
text_fieldsഇന്നവേഷൻ ചലഞ്ചിൽ ഞങ്ങളുടെ ടെക്ജെൻഷ്യ ടെക്നോളജീസ് അവതരിപ്പിച്ച 'വികൺസോൾ' എന്ന ആപ്പിന് ഒന്നാം സ്ഥാനം കിട്ടിയതിെൻറ അഭിനന്ദനങ്ങൾ ഇപ്പോഴും തുടരുന്നുണ്ട്. സാധാരണക്കാർക്കും പ്രയോജനകരമാകുന്ന കൂടുതൽ ആപ്പുകൾ ഇറക്കാനുള്ള ശ്രമത്തിലുമാണ്. ഈ അനുമോദനങ്ങളൊക്കെ കുമിഞ്ഞുകൂടുമ്പോൾ മറക്കാനാവാത്ത പേര് ജിമ്മി സാറിെൻറതാണ്.
സ്കൂളിൽ നമ്മളെ ഏറ്റവും ഭയപ്പെടുത്തുന്ന വിഷയം കണക്കായിരിക്കുമല്ലോ. കണക്കും സയൻസും എനിക്കേറ്റവും പ്രിയപ്പെട്ട വിഷയമാക്കിയത് ജിമ്മി ജോസ് സാറിെൻറ ക്ലാസുകളായിരുന്നു. ആലപ്പുഴ പൂങ്കാവിലെ മേരി ഇമ്മാകുലേറ്റ് സ്കൂളിൽ എട്ടാം ക്ലാസ് മുതൽ കണക്ക് പഠിപ്പിച്ചത് ജിമ്മി സാറാണ്. സാർ പഠിപ്പിക്കുമ്പോൾ കണക്ക് അതീവ ലളിതമാകും. ആ വിഷയത്തോട് വല്ലാത്ത ഇഷ്ടം തോന്നിപ്പോകും.
ക്ലാസ്മുറിയിൽ മാത്രം ഒതുങ്ങുന്ന ബന്ധമല്ല സാറിെൻറത്. സാർ പഠിപ്പിക്കുമ്പോൾ ഒരധ്യാപകനല്ല, ഒരു ഫിലോസഫറാണ് ക്ലാസെടുക്കുന്നതെന്ന് തോന്നും. ജീവിതത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമെല്ലാം നമ്മുടെ കണ്ണു തുറന്നുതരും.പിന്നീട് കണക്കും സയൻസും ടെക്നോളജിയുമൊക്കെ കലർന്ന ലോകത്തേക്ക് ഇറങ്ങിപ്പുറപ്പെടാൻ പ്രചോദനമായത് ജിമ്മി സാറാണ്.
സ്കൂൾ കാലം അധ്യാപകരുടെ വാത്സല്യം ഏറെ അനുഭവിച്ചാണ് ഞാൻ വളർന്നത്. വീടിനടുത്ത് പാട്ടുകുളങ്ങര ശ്രീരാജരാജേശ്വരി ക്ഷേത്രത്തോട് ചേർന്ന എൽ.പി സ്കൂളിൽ പഠിപ്പിച്ചിരുന്ന ലീലാമണിയമ്മ ടീച്ചറെ ഒരിക്കലും മറക്കാനാവില്ല.എെൻറ സ്ഥിതിയും കാര്യങ്ങളുമെല്ലാം ടീച്ചർക്ക് നന്നായറിയാമായിരുന്നു. സ്നേഹവും വാത്സല്യവും വാരിക്കോരി ടീച്ചർ തന്നു.
വായനയിലേക്ക് പ്രേരിപ്പിച്ചത് യു.പി സ്കൂളിലെ ഗൗരിക്കുട്ടി ടീച്ചറാണ്. ഏഴാം ക്ലാസിൽ മലയാളം പഠിപ്പിച്ചത് ഗൗരിക്കുട്ടി ടീച്ചറാണ്. ക്ലാസെടുക്കുന്ന രീതിയാണ് ടീച്ചറിെൻറ പ്രത്യേകത. മഹാഭാരത-രാമായണ കഥകളും പാഠപുസ്തകത്തിലില്ലാത്ത കഥകളുമൊക്കെ പറഞ്ഞുതന്ന് വായനയിലേക്ക് കൂട്ടിയത് ടീച്ചറാണ്. പഠിക്കുന്ന കുട്ടികളുടെ വീട്ടുകാര്യങ്ങൾപോലും അറിഞ്ഞു പെരുമാറിയിരുന്നവർ. ഓരോ കുട്ടിയും ഏത് സാഹചര്യത്തിൽനിന്നു വരുന്നു എന്നറിയുന്നവരായിരുന്നു എെൻറ അധ്യാപകർ. ജീവിതത്തിൽ വിജയങ്ങൾ വന്ന് അനുഗ്രഹിക്കുമ്പോൾ പഠിപ്പിച്ച അധ്യാപകരെ ഓർക്കാറുണ്ട്.
എെൻറ പഠനത്തിൽ ഗുരുസ്ഥാനത്ത് നിന്നിരുന്നത് ജ്യേഷ്ഠൻ ജോബ് സെബാസ്റ്റ്യനായിരുന്നു.ലീലാമണിയമ്മ ടീച്ചറും ഗൗരിക്കുട്ടി ടീച്ചറും ജോബ് ചേട്ടനും ഇപ്പോഴില്ല. ഞാൻ എം.സി.എക്ക് പഠിക്കുമ്പോൾ ബൈക്കപകടത്തിലായിരുന്നു ജ്യേഷ്ഠെൻറ മരണം. ജിമ്മി സാറിനെയും മറ്റ് അധ്യാപകരെയും ഇപ്പോഴും കാണാറുണ്ട്. എെൻറ നേട്ടങ്ങളിൽ അവർക്കുള്ള സന്തോഷം മറകളില്ലാതെ അവർ പ്രകടിപ്പിക്കുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.