ഇന്ത്യ വിഭജനത്തിനെതിരെ ഒന്നിച്ചണിനിരന്നവർ
text_fieldsസ്വാതന്ത്ര്യത്തിെൻറ പൊൻപുലരിയെ തമോമയമാക്കിയത് വിഭജനത്തിെൻറ കാർമേഘങ്ങളായിരുന്നു. ഇന്ത്യവിഭജനം തുറന്നുവിട്ട വർഗീയതയുടെ രക്തരക്ഷസ്സുകൾ ഇന്നും ഉപഭൂഖണ്ഡത്തിലെ ജനകോടികളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. വിഭജനത്തെ സംബന്ധിച്ച് ഒട്ടേറെ തെറ്റായ ധാരണകൾ ഭരണകൂടങ്ങളും അക്കാദമിക പണ്ഡിതരും സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. ഇന്ത്യൻ മുസ്ലിംകൾ ഒന്നടങ്കം, അല്ലെങ്കിൽ അവരിൽ ബഹുഭൂരിപക്ഷം, ദ്വിരാഷ്ട്രസിദ്ധാന്തത്തെയും ഓൾ ഇന്ത്യ മുസ്ലിംലീഗ് മുന്നോട്ടുവെച്ച പാകിസ്താൻ വാദത്തേയും പിന്താങ്ങി എന്നതാണ് അതിൽ പ്രധാനമായ ഒന്ന്. ഇത് ചരിത്രവസ്തുതകൾക്ക് നിരക്കാത്തതാണ്. മുസ്ലിംകളിലെ അടിസ്ഥാനവർഗം ദ്വിരാഷ്ട്ര സിദ്ധാന്തത്തേയും മതാടിസ്ഥാനത്തിലുള്ള രാജ്യവിഭജനത്തേയും ശക്തമായി എതിർത്തിരുന്നു. വർഗീയതയുടെയും ദ്വിരാഷ്ട്രവാദത്തിെൻറയും ഗുണഭോക്താക്കൾ വരേണ്യവർഗവും അതിെൻറ ഇരകൾ അടിസ്ഥാനവർഗവുമായിരുന്നു.
എന്നാൽ, 1935ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് വ്യവസ്ഥയിൽ സാമ്പത്തിക, വിദ്യാഭ്യാസ യോഗ്യതകളില്ലാത്ത ഈ അടിസ്ഥാനവർഗത്തിന് വോട്ടവകാശമോ നിയമനിർമാണസഭ പ്രാതിനിധ്യമോ ഇല്ലായിരുന്നു. അതിനാൽ ഇൗ ബഹുഭൂരിപക്ഷത്തിെൻറ അഭിപ്രായങ്ങൾ എങ്ങുമെത്തിയില്ല. വിഭജനത്തെ എതിർത്ത മുസ്ലിം ബഹുജന സംഘടനകളുടെ സംയുക്ത വേദിയായിരുന്ന ഓൾ ഇന്ത്യ ആസാദ് മുസ്ലിം കോൺഫറൻസിെൻറ 1940 ഏപ്രിലിൽ നടന്ന ഡൽഹി സമ്മേളനത്തിൽ പാസാക്കിയ പ്രമേയം ഉയർത്തിയ പ്രധാന ആവശ്യങ്ങളിലൊന്ന് പ്രായപൂർത്തി അടിസ്ഥാനത്തിലുള്ള വോട്ടവകാശമായിരുന്നു എന്നത് ഇവിടെ പ്രസ്താവ്യമാണ്. 1946ലെ പ്രവിശ്യ തെരഞ്ഞെടുപ്പുകളിൽ മുസ്ലിം ലീഗ് ഭൂരിപക്ഷം മുസ്ലിം സീറ്റുകളും നേടിയത് വരേണ്യവർഗ പിന്തുണയോടെയായിരുന്നു. കർഷകരും ചെറുകിട കച്ചവടക്കാരും തൊഴിലാളികളും അടങ്ങിയ ജനസാമാന്യം തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയാത്ത വെറും കാഴ്ചക്കാരായിരുന്നു. പ്രായപൂർത്തിയെത്തിയവരിൽ സമ്പത്തും വിദ്യാഭ്യാസവുമുള്ള വെറും 28.5 ശതമാനം പേർക്കേ വോട്ടവകാശം ഉണ്ടായിരുന്നുള്ളു. മുസ്ലിംകളിലെ വളരെ ചെറിയ വരേണ്യ ന്യൂനപക്ഷമേ ഇതിെൻറ ഭാഗമായി ഉണ്ടായിരുന്നുള്ളു. ഇവരുടെ താൽപര്യത്തിൽ മുസ്ലിംലീഗ് വിഭജനം നേടിയെടുത്തു. മുസ്ലിം ജനസാമാന്യത്തിെൻറ അഭിപ്രായം ബ്രിട്ടീഷ് ഭരണകൂടം നിർദയം അവഗണിച്ചു; മുസ്ലിംലീഗ് കായികമായി അവരെ അടിച്ചമർത്തി; അവർ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട കോൺഗ്രസ് അവരെ വഞ്ചിച്ചു മുസ്ലിംലീഗുമായി ഒത്തുതീർപ്പുണ്ടാക്കി വിഭജനത്തിനു സമ്മതിച്ചു.
ആർ.സി. മജുംദാർ ‘ഹിസ്റ്ററി ഓഫ് ദി ഫ്രീഡം മൂവ്മെൻറ് ഇൻ ഇന്ത്യ’ എന്ന കൃതിയിൽ ചൂണ്ടിക്കാണിച്ചപോലെ മുസ്ലിം ലീഗും ജിന്നയും ദ്വിരാഷ്ട്ര സിദ്ധാന്തം സ്വീകരിക്കുന്നതിന് അരനൂറ്റാണ്ട് മുമ്പുതന്നെ നഭ ഗോപാൽ മിത്ര ദ്വിരാഷ്ട്രസിദ്ധാന്തം അവതരിപ്പിച്ചിരുന്നു. ഭായ് പരമാനന്ദ്, ലാല ലജ്പത് റായ്, ബി.എസ്. മുഞ്ചേ, വി.ഡി.സവർക്കർ തുടങ്ങിയ ആര്യസമാജ്-ഹിന്ദു മഹാസഭ നേതാക്കളാണ് ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിംകളും രണ്ടു വ്യത്യസ്ത രാഷ്ട്രങ്ങളാണെന്നും അവർക്ക് പരസ്പര സഹവർത്തിത്വത്തോടെ ജീവിക്കാനാവില്ലയെന്നുമുള്ള അപകടകരമായ സിദ്ധാന്തം അവതരിപ്പിച്ചത്. 1930ൽ മുസ്ലിംലീഗിെൻറ അലഹബാദ് സമ്മേളനത്തിൽ അല്ലാമ ഇഖ്ബാൽ ഇതേ ആശയം അവതരിപ്പിക്കുകയും മുസ്ലിംകൾക്ക് ഇന്ത്യൻ ഫെഡറേഷന് ഉള്ളിൽനിന്നുകൊണ്ട് ഒരു സ്വയംഭരണ സംസ്ഥാനം എന്ന ആശയം മുന്നോട്ടുവെക്കുകയും ചെയ്തു. 1933ൽ ചൗധരി റഹ്മത്ത് അലി ‘പാകിസ്താൻ’ എന്ന സ്വതന്ത്ര മുസ്ലിം രാഷ്ട്രം ആവശ്യപ്പെട്ടു. 1940 മാർച്ച് 23നു മുസ്ലിംലീഗിെൻറ ലാഹോർ സമ്മേളനം ഇന്ത്യ വിഭജനവും ‘പാകിസ്താൻ’ എന്ന മുസ്ലിം പരമാധികാരരാഷ്ട്രവും ഔപചാരികമായി ആവശ്യപ്പെട്ടു.
ഇൗ ആവശ്യത്തെ ശക്തമായി എതിർത്തു മുസ്ലിം ബഹുജനനേതാക്കൾ രംഗത്തുവന്നു. അവരിൽ പ്രഥമഗണനീയൻ സിന്ധ് പ്രവിശ്യയിൽ രണ്ടു തവണ മുഖ്യമന്ത്രിപദം അലങ്കരിച്ച അല്ലാഹ് ബഖ്ശ് സൂംറോ (1900-1943) ആയിരുന്നു. 1934 ൽ സിന്ധ് പീപ്ൾസ് പാർട്ടി (ഇത്തിഹാദ് പാർട്ടി) രൂപവത്കരിച്ച അല്ലാഹ് ബഖ്ശ്,1938-40, 1941-42 കാലത്ത് സിന്ധ് പ്രവിശ്യയിൽ മുഖ്യമന്ത്രിയായി. മുസ്ലിംലീഗിെൻറ പാകിസ്താൻ പ്രമേയത്തിനെതിരെ മുസ്ലിംകളിലെ തൊഴിലാളിവർഗത്തേയും താഴ്ന്ന സാമൂഹികവിഭാഗങ്ങളേയും പ്രതിനിധാനംചെയ്യുന്ന സംഘടനകളുടെ പൊതുവേദിയായ ഓൾ ഇന്ത്യ ആസാദ് മുസ്ലിം കോൺഫറൻസിനു അല്ലാഹ് ബഖ്ശ് രൂപം നൽകി. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ഓൾ ഇന്ത്യ മുഅ്മിൻ കോൺഫറൻസ്, മജ്ലിസെ അഹ്റാറെ ഇസ്ലാം, ശിയ പൊളിറ്റിക്കൽ കോൺഫറൻസ്, ഖുദായ് ഖിദ്മദ്ഗാർ, കൃഷക് പ്രജ പാർട്ടി, അൻജുമനെ വത്വൻ, ഓൾ ഇന്ത്യ മുസ്ലിം മജ്ലിസ്, ജംഇയ്യത്തു അഹ്ലെ ഹദീസ് എന്നിങ്ങനെ മുസ്ലിം സമൂഹത്തിലെ വിവിധ ആശയധാരകളേയും സാമൂഹിക വിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെ കൂട്ടായ്മയായിരുന്നു ആസാദ് മുസ്ലിം കോൺഫറൻസ്.
ഇന്ത്യയുടെ സാമുദായിക സഹവർത്തിത്വത്തിലൂന്നിയ സങ്കരസംസ്കാരിക പൈതൃകത്തെ അടിവരയിട്ടു പറഞ്ഞുകൊണ്ട്, രാജ്യത്തിെൻറ സ്വാതന്ത്ര്യം എത്രയും പെെട്ടന്ന് നേടിയെടുക്കണമെന്നും വിഭജനം രാജ്യത്തിെൻറയും മുസ്ലിം സമുദായത്തിെൻറയും താൽപര്യത്തിന് ഹാനികരമാണെന്നും അല്ലാഹ് ബഖ്ശ് പ്രഖ്യാപിച്ചു. 1943 മേയ് 14ന് അല്ലാഹ് ബഖ്ശ് സൂംറോ ദാരുണമായി കൊലചെയ്യപ്പെട്ടു. അതോടെ ആസാദ് മുസ്ലിം കോൺഫറൻസിന് അധ്യക്ഷനെ നഷ്ടപ്പെട്ടു. വിഭജനവിരുദ്ധ പ്രസ്ഥാനത്തിന് വൻ ആഘാതമായിരുന്നു അല്ലാഹ് ബഖ്ശിെൻറ മരണം.
ഡോ. എം.എ. അൻസാരിയുടെ അനന്തരവനായ ശൗക്കത്തുല്ല അൻസാരിയായിരുന്നു ആസാദ് മുസ്ലിം കോൺഫറൻസിെൻറ ജനറൽ സെക്രട്ടറി. ‘പാകിസ്താൻ: ദി പ്രോബ്ലം ഓഫ് ഇന്ത്യ’ എന്ന പേരിൽ വിഭജനവാദത്തെ ആഴത്തിൽ അവലോകനം ചെയ്യുന്ന ഒരു കൃതി അദ്ദേഹം രചിച്ചു. പാകിസ്താൻ രൂപവത്കരണം ഇന്ത്യയിലെ സാമുദായികപ്രശ്നത്തിന് പരിഹാരമല്ലെന്നും അത് പ്രശ്നത്തെ കൂടുതൽ വഷളാക്കുകയേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ ‘അതിർത്തി ഗാന്ധി’ ഖാൻ അബ്ദുൽ ഗഫാർ ഖാൻ നേതൃത്വം നൽകിയ ഖുദായ് ഖിദ്മദ്്ഗാർ പ്രസ്ഥാനം വിഭജനത്തേയും ദ്വിരാഷ്ട്രവാദത്തേയും ശക്തമായി പ്രതിരോധിച്ചു.1947ൽ കോൺഗ്രസ് വിഭജനത്തിന് സമ്മതിച്ചപ്പോൾ ഖാൻ അബ്ദുൽ ഗഫാർ ഖാൻ അങ്ങേയറ്റം നിരാശനായി. സർദാർ പട്ടേലും രാജാജിയും അടങ്ങുന്ന കോൺഗ്രസ് ഹൈകമാൻഡ് തങ്ങളോട് ആലോചിക്കാതെയാണ് ആ തീരുമാനം എടുത്തത് എന്ന വസ്തുത അദ്ദേഹത്തെ വേദനിപ്പിച്ചു. ‘ഞങ്ങൾ പത്താന്മാർ എന്നും താങ്കളോടൊപ്പം നിൽക്കുകയും സ്വാതന്ത്ര്യത്തിനു വേണ്ടി വലിയ ത്യാഗങ്ങൾ അനുഭവിക്കുകയും ചെയ്തു. പക്ഷേ, ഇപ്പോൾ നിങ്ങൾ ഞങ്ങളെ ഉപേക്ഷിക്കുകയും ചെന്നായകൾക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്തല്ലോ’ എന്ന് ഖാൻ ഗാന്ധിജിയുടെ മുമ്പിൽ വിലപിച്ചു.
ദ്വിരാഷ്ട്രവാദത്തെയും വിഭജനത്തേയും ശക്തമായി പ്രതിരോധിച്ച മുസ്ലിം സംഘടനകളിൽ ഏറ്റവും പ്രബലമായത് ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് ആയിരുന്നു. ‘മുത്തഹിദ ഖൗമിയ്യത്ത് ഔർ ഇസ്ലാം (1938) എന്ന കൃതിയിൽ ‘ജംഇയ്യത്തി’െൻറ പ്രമുഖ നേതാവായ മൗലാന ഹുസൈൻ അഹ്മദ് മദനി മുസ്ലിംകൾക്ക് മറ്റു മതസ്ഥരുമായി ഒരേ രാഷ്ട്രത്തിനുള്ളിൽ സഹവർത്തിത്വത്തോടെ ജീവിക്കാനാകുമെന്ന് പ്രവാചകെൻറ മദീന നഗരരാഷ്ട്രത്തിെൻറ ഉദാഹരണം ഉയർത്തി കാണിച്ചു വാദിച്ചു.
വിഭജനവാദത്തെ ശക്തമായി എതിർത്ത മറ്റൊരു മുസ്ലിം സംഘടന, ഓൾ ഇന്ത്യ മൂഅ്മിൻ കോൺഫറൻസ് ആയിരുന്നു. നെയ്ത്തുകാരും കൈത്തൊഴിൽകാരും ഉൾപ്പെട്ട അടിസ്ഥാന ജനതയുടെ അഖിലേന്ത്യ കൂട്ടായ്മയായിരുന്നു ഇത്. മുസ്ലിംസമുദായത്തിലെ അർദൽ എന്ന് വിളിക്കപ്പെട്ടിരുന്ന താഴ്ന്ന ജാതിക്കാരായ ഇവർ കൊളോണിയൽ ഭരണകൂടത്തിെൻറയും മുസ്ലിം വരേണ്യവർഗത്തിെൻറയും ചൂഷണം അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. 1939 ൽ ഗോരഖ്പുരിൽ നടന്ന സമ്മേളനത്തിൽ വിഭജനവാദത്തെ ശക്തമായി എതിർക്കാൻ സംഘടന തീരുമാനിച്ചു. പാകിസ്താൻ എന്ന ആശയം സാമ്പത്തികശാസ്ത്രപരമായി പ്രായോഗികമല്ലെന്നും അത്തരം ഒരു രാജ്യത്ത് മൂഅ്മിനുകളെ പോലുള്ള അടിസ്ഥാനവർഗം ചൂഷണത്തിനിരയാകുമെന്നുമായിരുന്നു അവരുടെ വാദം.
വിഭജനവാദത്തെ എതിർത്ത സോഷ്യലിസ്റ്റ് ആശയക്കാരായിരുന്ന മജ്ലിസെ അഹ്റാറെ ഇസ്ലാം പഞ്ചാബിൽ സ്വാധീനമുള്ള സംഘടനയായിരുന്നു. ഓൾ ഇന്ത്യ ശിയ പൊളിറ്റിക്കൽ കോൺഫറൻസ്, നിർദിഷ്ട പാകിസ്താൻ ഒരു സുന്നി ഭൂരിപക്ഷരാഷ്ട്രമായി മാറുമെന്നും അവരുടെ ഇമാമിയ്യ ശരീഅത്തിനുമേൽ ഹനഫി നിയമം അടിച്ചേൽപിക്കപ്പെടുമെന്നുമുള്ള ആശങ്ക പ്രകടിപ്പിച്ചു. മുസ്ലിംലീഗ് നിർദിഷ്ട പാകിസ്താെൻറ ഭാഗമായി ഉൾപ്പെടുത്തിയ ബലൂചിസ്താനിൽ ഖാൻ അബ്ദുസ്സമദ് ഖാൻ നേതൃത്വം നൽകിയ അൻജുമനെ വത്വൻ, വിഭജനവാദത്തെ ശക്തിയുക്തം എതിർത്തു. 1941ൽ കുംഭകോണത്ത് നടന്ന സൗത്ത് ഇന്ത്യൻ ആൻറി സെപറേഷൻ കോൺഫറൻസ് ദക്ഷിണേന്ത്യയിൽ വിഭജനത്തിനെതിരെ നടന്ന ജനമുന്നേറ്റമായിരുന്നു.
ചുരുക്കത്തിൽ പാകിസ്താൻ എന്നത് ഏറക്കുറെ മുസ്ലിം വരേണ്യവർഗത്തിെൻറ ആശയമായിരുന്നു. മുസ്ലിം ജനസാമാന്യം അപകടകരമായ ആ ആശയത്തെ ആവുംവിധം എതിർത്തിട്ടുണ്ട്. എന്നാൽ, തികച്ചും പ്രതികൂലമായ രാഷ്ട്രീയ കാലാവസ്ഥയിൽ അവരുടെ എതിപ്പ് വനരോദനമായി. അന്ന് നിലവിലുണ്ടായിരുന്ന തെരഞ്ഞെടുപ്പ് വ്യവസ്ഥയിൽ അവർക്ക് അർഹിക്കുന്ന പ്രാതിനിധ്യമില്ലായിരുന്നു. അതിനാൽ അവരുടെ അഭിപ്രായം മാനിക്കപ്പെട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.