കോൺഗ്രസിന്റെ ആശ്വാസ തുരുത്ത്
text_fieldsഭരണവിരുദ്ധ വികാരവും യുവജനങ്ങളുടെ കോപവും ബി.ആർ.എസിനെ തോൽപിച്ചു
ഹൈദരാബാദ്: തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്)യുടെ പരാജയത്തിലേക്ക് നയിച്ചത് വോട്ടർമാർക്കിടയിലെ മടുപ്പും ചില മേഖലകളിലും വിഭാഗങ്ങളിലുമുണ്ടായ ഭരണവിരുദ്ധ വികാരവും. മുതിർന്ന ബി.ആർ.എസ് നേതാക്കൾ ധിക്കാരികളായി മാറിയെന്നും ദശാബ്ദമായി ഒരു കുടുംബമാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ചില വിഭാഗങ്ങളിലെ തോന്നലും തോൽവിക്കിടയാക്കി. ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ നിയമന പരീക്ഷകൾ അടിക്കടി മാറ്റിയത് യുവാക്കളെയും എതിരാക്കി.
സംസ്ഥാനം രൂപവത്കരിച്ച് ഒരു ദശാബ്ദത്തിന് ശേഷമാണ് കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. സഖ്യകക്ഷിയായ സി.പി.ഐ മത്സരിച്ച ഏക സീറ്റും സ്വന്തമാക്കി. 2019ന് ശേഷം നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പും തോൽക്കുകയും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മങ്ങിയ പ്രകടനം നടത്തുകയും ചെയ്ത കോൺഗ്രസ് ആറ് മാസം മുമ്പുവരെ ചിത്രത്തിലില്ലായിരുന്നു.
എന്നാൽ, അയൽ സംസ്ഥാനമായ കർണാടകയിലെ വിജയമാണ് എല്ലാം മാറ്റിമറിച്ചത്. കർണാടകയിൽ നൽകിയ വാഗ്ദാനങ്ങളുടെ മാതൃകയിൽ പ്രഖ്യാപിച്ച ആറ് ഉറപ്പുകളും ബി.ആർ.എസിന്റെ കുടുംബവാഴ്ചക്കും അഴിമതിക്കും എതിരായ പോരാട്ടവും കോൺഗ്രസിന്റെ വിജയം സുനിശ്ചിതമാക്കി. രേവന്ത് റെഡ്ഡിയുടെ സമർഥമായ നേതൃത്വവും കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയും കെ. ചന്ദ്രശേഖർ റാവുവിന്റെ ഹാട്രിക് സ്വപ്നം തകർത്തു.
കഴിഞ്ഞ നിയമസഭയിൽ 104 സീറ്റുണ്ടായിരുന്ന ബി.ആർ.എസ് ഇത്തവണ 40 സീറ്റ് പോയാലും അധികാരം നിലനിർത്താമെന്ന പ്രതീക്ഷയിലായിരുന്നു. കോൺഗ്രസിന് മുൻതൂക്കം നൽകിയ എക്സിറ്റ്പോളുകളെ അവസാന നിമിഷം വരെ പാർട്ടി തള്ളിപ്പറഞ്ഞു. തിങ്കളാഴ്ച നടക്കുന്ന നിയുക്ത എം.എൽ.എമാരുടെ യോഗത്തിൽ രേവന്ത് റെഡ്ഡി പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഏറക്കുറെ ഉറപ്പാണ്.
തെരഞ്ഞെടുപ്പ് വിജയം തെലങ്കാന രക്തസാക്ഷികൾക്ക് സമർപ്പിച്ച അദ്ദേഹം അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രയത്നിക്കുമെന്നും വാഗ്ദാനം നൽകി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, എ.ഐ.സി.സി നിരീക്ഷകർ, രേവന്ത് റെഡ്ഡി തുടങ്ങിയവർ ഞായറാഴ്ച വൈകീട്ട് ഗവർണറെ കണ്ട് സർക്കാറുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചു.
കാമറെഡ്ഡി മണ്ഡലത്തിൽ പോരിനിറങ്ങിയ കെ.സി.ആറിനും രേവന്ത് റെഡ്ഡിക്കും ബി.ജെ.പി സ്ഥാനാർഥി വെങ്കട്ടരമണ റെഡ്ഡിക്കുമുന്നിൽ തോൽവി സമ്മതിക്കേണ്ടിവന്നതും തെരഞ്ഞെടുപ്പിലെ കൗതുകമായി.
കഴിഞ്ഞ തവണ രണ്ട് സീറ്റ് മാത്രം നേടിയ ബി.ജെ.പി ഇത്തവണ എട്ട് സീറ്റിലേക്കുയർന്നു. അതേസമയം, പാർട്ടി ജനറൽ സെക്രട്ടറി ബണ്ടി സഞ്ജയ് ഉൾപ്പെടെ മൂന്ന് ബി.ജെ.പി എം.പിമാരും തോൽവി വഴങ്ങി. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഹൈദരാബാദിലെ ഏഴ് സീറ്റും നിലനിർത്തി.
രേവന്ത് റെഡി, മുഖ്യമന്ത്രിയാകാൻ
ഹൈദരാബാദ്: തെലങ്കാന ഭരണം കോൺഗ്രസിന് സ്വന്തമാകുമ്പോൾ മുഖ്യമന്ത്രിപദം ഏറക്കുറെ ഉറപ്പിച്ചിരിക്കുകയാണ് അനുമുള രേവന്ത് റെഡ്ഡി. പഠനകാലത്ത് സംഘ്പരിവാറിന്റെ എ.ബി.വി.പി പ്രവർത്തകനായിരുന്ന രേവന്ത് വിവിധ പാർട്ടികളിലൂടെ തിരിഞ്ഞുമറിഞ്ഞാണ് കോൺഗ്രസിലെത്തിയത്. എ.ബി.വി.പി ബന്ധം പറഞ്ഞ് മജ്ലിസ് പാർട്ടി ഇദ്ദേഹത്തെ പ്രകോപിപ്പിക്കാറുണ്ടായിരുന്നു.
സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ കോൺഗ്രസിന് നവോന്മേഷമേകിയ രേവന്ത് ഏത് പ്രതിസന്ധിയിലും തളരാത്ത കരുത്തനാണ്. 2015ൽ ‘വോട്ടിനു പണം’ ആരോപണത്തിൽ അറസ്റ്റിലായിരുന്ന രേവന്ത് പിന്നീട് കോൺഗ്രസിൽ ചേരുകയായിരുന്നു. മുൻ കേന്ദ്രമന്ത്രി എസ്. ജയ്പാൽ റെഡ്ഡിയുടെ സഹോദരപുത്രി ഗീതയാണ് ഭാര്യ. അപാരമായ സംഘാടകമികവുമായി പാർട്ടിയെ മുന്നോട്ടുനയിക്കാൻ അദ്ദേഹത്തിനായി. ഹോക്കി ഫെഡറേഷനെ നയിച്ച രേവന്ത് ഇനി ഭരണത്തിന്റെ സ്റ്റിക് ചലിപ്പിക്കും.
തെലങ്കാന
ബി.ആർ.എസ് 37.36%
ബി.ജെ.പി 13.88%
കോൺഗ്രസ് 39.39%
മറ്റുള്ളവർ 7.15%
എ.ഐ.എം.ഐ.എം 2.22%
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.