മുഖ്യഅജണ്ടയായി ക്ഷേത്ര വികസന പദ്ധതികൾ
text_fieldsകഴിഞ്ഞ തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ അക്ഷരംപ്രതി പാലിച്ചുവെന്ന വാദവുമായാണ് ബി.ജെ.പി വീണ്ടും വോട്ടുതേടിയിറങ്ങുന്നത്; കോവിഡ് കൈകാര്യം ചെയ്തതിലെ പാളിച്ചകളും തൊഴിലില്ലായ്മപ്രശ്നവും എണ്ണിപ്പറഞ്ഞ് കോൺഗ്രസും. ഹിന്ദുത്വത്തിലാണ് ഇരു കക്ഷികളുടെയും ഊന്നൽ. പ്രധാനമന്ത്രി കേദാർനാഥ് കയറിയതിന് തൊട്ടുപിന്നാലെ കോൺഗ്രസിെൻറ ഹരീഷ് റാവത്തും അവിടം സന്ദർശിച്ചു. ഹിന്ദുത്വ അജണ്ട ആളിക്കത്തിക്കുന്നതിൽ ബി.ജെ.പിയെ കടത്തിവെട്ടാൻ കളിക്കുന്ന ആപ് തങ്ങൾക്ക് അധികാരം തന്നാൽ ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമാക്കിത്തരാം എന്നാണ് വാഗ്ദാനം നൽകിയിരിക്കുന്നത്.
ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നവും സംസ്ഥാനത്ത് സജീവമാണ്. ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ പ്രധാന പുണ്യസ്ഥലങ്ങളുടെ അധികാരം ചാർധാം ദേവസ്ഥാനം ബോർഡിന് (സി.ഡി.ഡി.ബി) കീഴിലായിരുന്നു. എന്നാൽ, തങ്ങളുടെ അധികാരാവകാശങ്ങൾ നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയിൽ പുരോഹിതന്മാർ ബോർഡിനെതിരെ തിരിഞ്ഞു. ഒടുവിൽ സർക്കാറിനെതിരെ കടുത്ത ഭീഷണിയും ഉയർത്തി അവർ. വരുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി നിർത്തുന്ന സ്ഥാനാർഥികളെ പിന്തുണക്കില്ലെന്ന് തീർത്തുപറഞ്ഞതോടെ ബോർഡ് പിരിച്ചുവിടാൻ സർക്കാർ സന്നദ്ധമായി. പുരോഹിതന്മാരുടെ ഭീഷണി ബി.ജെ.പിയെ എത്രമാത്രം ബേജാറിലാക്കിയെന്ന് മുഖ്യമന്ത്രി പുഷ്കർ ധാമിയുടെ ട്വീറ്റിൽനിന്ന് വ്യക്തം: ജനവികാരവും തീർഥ പുരോഹിതരുടെ അവകാശവും മാനിച്ച്, മോഹൻ കാന്ത് ധ്യാനി കമ്മിറ്റി റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് ആക്ട് റദ്ദാക്കുന്നു എന്നായിരുന്നു മുഖ്യെൻറ പ്രഖ്യാപനം. ജനങ്ങളും പുരോഹിതരും അത് അംഗീകരിച്ചോ എന്ന് വോട്ടെണ്ണുേമ്പാഴേ അറിയാനാവൂ.
കുംഭമേളയും വ്യാജ പരിശോധനാ കുംഭകോണവും
രണ്ടാംതരംഗത്തിൽപെട്ട് ശ്വാസംകിട്ടാതെ വലഞ്ഞ സംസ്ഥാനങ്ങളുടെ കൂട്ടത്തിൽ രാജ്യതലസ്ഥാനമായ ഡൽഹിയിൽനിന്ന് ഏറെ അകലെയല്ലാത്ത ഉത്തരാഖണ്ഡുമുണ്ടായിരുന്നു. പോരെങ്കിൽ കോവിഡ് പടരുന്ന ഘട്ടത്തിൽ ജനലക്ഷങ്ങൾ അണിനിരക്കുന്ന ഹരിദ്വാർ കുംഭമേളയും അരങ്ങേറിയിവിടെ. വിശ്വാസി ലക്ഷങ്ങൾ ഒഴുകിവരുന്ന ഘട്ടത്തിൽ മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലുമൊക്കെ എങ്ങനെ പ്രായോഗികമാകാനാണ്. മതനേതാക്കൾ ഗംഗയിൽ മുങ്ങി നിവരുന്ന ഷാഹിസ്നാൻ കഴിഞ്ഞതോടെ കേസുകളുടെ എണ്ണം കുതിച്ചുയർന്നു. കുംഭമേള കോവിഡിെൻറ പ്രഭവകേന്ദ്രമായി എന്ന ആക്ഷേപവുമുയർന്നു. ഒടുവിൽ ഏറെ വൈകി പരിപാടികൾ ചുരുക്കാനും പ്രതീകാത്മകമായി നടത്താനും പ്രധാനമന്ത്രി മതനേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. അതിനിടയിലാണ് ഒരു ലക്ഷം വ്യാജ കോവിഡ് പരിശോധനകൾ സംസ്ഥാനത്ത് നടന്നത്. പ്രതിപക്ഷം സർക്കാറിനെക്കൊട്ടാൻ നല്ല വടിയായി അത് ഉപയോഗിച്ചു. വിമർശനം ശക്തമായ ഘട്ടത്തിൽ സംസ്ഥാന സർക്കാറിന് ഉണർന്നുപ്രവർത്തിക്കേണ്ടിവന്നു. ഓക്സിജൻ പ്ലാൻറുകളും സിലിണ്ടറുകളും ആശുപത്രി കിടക്കകളുമെല്ലാം സജ്ജമാക്കി. കോവിഡ് പടർച്ചയെ പിടിച്ചുകെട്ടുക മാത്രമല്ല, ആരോഗ്യ പരിപാലന സംവിധാനങ്ങൾ അത്യാധുനികവത്കരിച്ചുവെന്നും സർക്കാറിപ്പോൾ വാദിക്കുന്നു.
പരിസ്ഥിതി തോൽക്കുന്ന വികസനം
തെരഞ്ഞെടുപ്പ് സീസണിെൻറ തുടക്കത്തിൽതന്നെ പ്രധാനമന്ത്രി കേദാർനാഥിലെത്തുകയും ആദിശങ്കര പ്രതിമ അനാച്ഛാദനവും 409 കോടിയുടെ പദ്ധതികൾക്ക് ശിലയിടുകയും ചെയ്തപ്പോൾതന്നെ എന്തായിരിക്കും തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ തലവാചകങ്ങൾ എന്ന് വ്യക്തമായിരുന്നു. ചാർധാം റോഡുകൾ, ഋഷികേശ്-കർണപ്രയാഗ് റെയിൽവേ പദ്ധതി എന്നിങ്ങനെ ഹൈന്ദവ വിശ്വാസികൾക്ക് ആവശ്യമായ സഞ്ചാരമാർഗങ്ങളൊരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന പ്രഖ്യാപനമാണ് പ്രധാനമന്ത്രി മുഴക്കിയത്.
റോഡുകളും കൂറ്റൻ നിർമിതികളും ഒരുക്കാൻ തിരക്കിട്ട് ശ്രമങ്ങൾ നടക്കവെ പരിഗണന ലഭിക്കാതെ പോകുന്നത് ഉത്തരാഖണ്ഡിെൻറ പരിസ്ഥിതിക്കാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ചമോല ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞുവീണുണ്ടായ വെള്ളപ്പൊക്കത്തിൽ ഋഷിഗംഗ ജലവൈദ്യുതി പദ്ധതിയും തപോവൻ-വിഷ്ണുഗഢ് പദ്ധതിയും തകർന്നു. 204 പേരെയെങ്കിലും കാണാതാവുകയും ചെയ്തു. നവംബറിലുണ്ടായ കനത്ത മഴയിൽ വീടുകളും പാലങ്ങളും റെയിൽവേ പാളങ്ങളും വരെ ഒലിച്ചുപോയി. 80ഓളം പേർക്ക് ജീവഹാനിയുമുണ്ടായി. കാലാവസ്ഥമാറ്റം കനത്ത ഭീഷണി ഉയർത്തുന്ന മേഖല എന്ന നിലയിൽ കൃത്യമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വേണം ഇവിടെ ഓരോ പുതിയ ചുവടും.
മിന്നൽപ്രളയം മുതൽ മണ്ണിടിച്ചിൽ വരെ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കെ വൻകിട നിർമാണപ്രവർത്തനങ്ങൾ അത്രകണ്ട് ആശാസ്യമല്ല എന്ന നിലപാട് പരിസ്ഥിതി പ്രവർത്തകരും വിദഗ്ധരും പറയാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. എന്നാൽ, നിർമാണ വികസനം കാണിച്ചുവേണം വോട്ടു ചോദിക്കാൻ എന്നതിനാൽ അതിന് ചെവികൊടുക്കാൻ സർക്കാറൊട്ട് ശ്രമിക്കുന്നുമില്ല. വികസനവിരുദ്ധരായി മുദ്രകുത്തപ്പെടുമോ എന്ന ഭയത്താൽ പ്രതിപക്ഷ പാർട്ടികളും അതേക്കുറിച്ച് മിണ്ടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.