ആരോഗ്യ വാർധക്യത്തിനായി പത്തു വർഷങ്ങൾ
text_fieldsകോവിഡ് മഹാമാരി എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയാസം സൃഷ്ടിച്ചുവെങ്കിലും വാർധക്യാവസ്ഥയിലുള്ളവരെയാണ് കൂടുതൽ വിഷമിപ്പിക്കുന്നത് എന്ന് പറയാനാകും. വാർധക്യത്തിെൻറ സ്വാഭാവികമായ ശാരീരിക - മാനസിക അവശതകൾക്കൊപ്പം കോവിഡ് പ്രത്യാഘാതങ്ങളും ചേരുമ്പോൾ വൃദ്ധജീവിതങ്ങൾ അസാധാരണമാംവിധം ദുരിതപ്പെടുന്നു. 2019ൽ ലോകത്ത് ഒരു ബില്യൺ ആളുകളാണ് 60 വയസ്സ് കഴിഞ്ഞവരായി ഉണ്ടായിരുന്നത്. 2030ൽ 14 ബില്യണായും 2050ൽ 2.1 ബില്യണായും ഇത് ഉയരുമെന്നാണ് കണക്ക്. നമ്മുടെ രാജ്യത്ത് 1951ൽ 1.98 കോടിയായിരുന്ന 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണം 2001 ആയപ്പോഴേക്കും 7.6 കോടിയായും 2011ൽ 14.3 കോടിയായും ഉയർന്നു. 2026ൽ 17.3 കോടിയിൽ എത്തുമെന്നാണ് കണക്കുകൾ.
2011ലെ കണക്കുപ്രകാരം 4.6 മില്യൺ വയോജനങ്ങളുള്ള കേരളത്തിൽ 2026ൽ അത് 8.3 മില്യൺ ആയേക്കും. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി 2021 മുതൽ 2030 വരെയുള്ള ആരോഗ്യപ്രദമായ പ്രായമാകലിെൻറ പത്തു വർഷങ്ങളായി (Decade of Healthy Ageing) പ്രഖ്യാപിച്ചിരുന്നു. അവരുടെ അവകാശങ്ങളും ആവശ്യങ്ങളുമെല്ലാം ഉയർത്തിക്കാണിക്കാനും ഉറപ്പാക്കാനും ലക്ഷ്യമിട്ടായിരുന്നു അത്.
2019െൻറ അവസാനഘട്ടം മഹാമാരി വ്യാപിച്ച സാഹചര്യത്തിൽ 'ആരോഗ്യപ്രദമായ പ്രായമാകലിെൻറ ദശകം' എന്ന ആശയത്തിെൻറ പ്രചാരം കുറഞ്ഞുപോയി.മഹാമാരിയുടെ പകർച്ച, പ്രതിരോധം, ചികിത്സ, പുനരധിവാസം, സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾക്കായി പരിഹാരശ്രമം നടത്തുമ്പോഴും പ്രായമായവരുടെ ആരോഗ്യദശകത്തിെൻറ ഉദ്ദേശ്യത്തോട് മുഖംതിരിച്ചുനിൽക്കാനാവില്ല.
മുതിർന്നവരുടെ ആരോഗ്യം ഇന്ത്യൻ പശ്ചാത്തലത്തിൽ
ആരോഗ്യവാർധക്യത്തിനായുള്ള അന്താരാഷ്ട്രപരിപാടിയുടെ നടത്തിപ്പിൽ ഇന്ത്യ എവിടെയെത്തി എന്ന അന്വേഷണം പ്രസക്തമാണ്. 2021 ജനുവരി ആറിന് അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ ഇന്ത്യയിലെ മുതിർന്നവരെക്കുറിച്ച് ലോഞ്ചിട്യൂഡിനൽ ഏയ്ജിങ് സ്റ്റഡി ഇൻ ഇന്ത്യ എന്ന പേരിൽ പഠനരേഖ പ്രകാശനം ചെയ്തിരുന്നു. 45 വയസ്സിനു മുകളിലുള്ള 72250 ഇന്ത്യൻ പൗരന്മാരിൽ നിന്നാണ് ഇതിനായി വിവരശേഖരണം നടത്തിയത്. പ്രായമായവരുടെ സമൂഹസാന്നിധ്യം ഉയർന്ന തോതിൽ (20, 17, 16, 15 ശതമാനത്തിലെത്തിനിൽക്കുന്ന യഥാക്രമം കേരളം, ഹിമാചൽപ്രദേശ്, തമിഴ്നാട്, പുതുശ്ശേരി, ഗോവ) ഉള്ള പ്രദേശങ്ങെളയും കുറഞ്ഞതോതിൽ ആറു ശതമാനം (അരുണാചൽ പ്രദേശ്) ഉള്ള പ്രദേശങ്ങെളയും പ്രത്യേകമായിക്കണ്ട് നയങ്ങൾ രൂപവത്കരിക്കേണ്ടതിലേക്ക് റിപ്പോർട്ട് വിരൽചൂണ്ടുന്നു. കുടിവെള്ളം, വീട്, വൈദ്യുതി തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളിലും പ്രാദേശിക വ്യത്യാസങ്ങളുണ്ട്. ഹൃേദ്രാഗം, പ്രമേഹം, ആസ്ത്മ തുടങ്ങിയ ദീർഘാനുബന്ധരോഗങ്ങൾ 60 വയസ്സിനു മുകളിലുള്ളവരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും ഇതിലുണ്ട്. പ്രമേഹം, ശ്വാസകോശരോഗങ്ങൾ എന്നീ രോഗങ്ങൾ മികച്ച ആരോഗ്യസ്ഥിതിയുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലും അധികമാണ് എന്ന് അറിയുമ്പോൾ ആരോഗ്യവാർധക്യത്തിനായുള്ള വരുന്ന പത്തു വർഷങ്ങൾ എത്ര ഗൗരവത്തോടെയാണ് കാണേണ്ടത് എന്ന് ബോധ്യപ്പെടും.
45 വയസ്സിനും 59 വയസ്സിനും ഇടയിലുള്ള 16 ശതമാനം സ്ത്രീകൾക്കും പ്രത്യുൽപാദനാവയവ ആരോഗ്യപ്രശ്നങ്ങളുണ്ട്. 60 വയസ്സിനു മുകളിൽ പ്രായമായവരിൽ ഈ സംഖ്യ പിന്നെയും വർധിക്കുന്നു. 11 ശതമാനത്തോളം സ്ത്രീകൾ ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയരായവരാണ്. ഗർഭാശയ, സ്തന അർബുദബാധിതരും കൂടുതലാണ്. കാഴ്ചക്കുറവ്, പോഷകാഹാരക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും പ്രായമായവരിൽ ആൺ-പെൺഭേദെമെന്യ കാണുന്നുണ്ട്. അതുപോലെ വിഷാദരോഗം പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങളും, പുകയില, മദ്യം തുടങ്ങിയ വസ്തുക്കളുടെ ഉപയോഗവും പ്രായമായവരിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായും പഠനം കാണിച്ചുതരുന്നു.
പൊതുമേഖല ആരോഗ്യസംവിധാനങ്ങളുടെ കുറവ് ഇവരുടെ സംരക്ഷണത്തിന് വിഘാതമുണ്ടാക്കുന്നു. 64 ശതമാനം പേരും സ്വകാര്യമേഖലയെ ആശ്രയിക്കാൻ നിർബന്ധിതമാവുേമ്പാൾ സാമ്പത്തികസ്ഥിതി മോശമോ വളരെ മോശമോ ആയ പ്രായമായവരുടെ ആരോഗ്യസുരക്ഷ വലിയൊരു ചോദ്യമാണ്.
വേണം അനുകമ്പയുടെ സ്പർശങ്ങൾ
ആരോഗ്യരംഗത്ത് പൊതുമേഖലയുടെ പങ്കാളിത്തം കുറക്കുകയും സ്വകാര്യമേഖലക്ക് പ്രാമാണ്യം നൽകുകയും ചെയ്യുന്ന നയങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. ബദൽ എന്നരീതിയിൽ നിർദേശിക്കപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് പോലുള്ള പദ്ധതികളുടെ പരിരക്ഷ കേവലം നാലിലൊന്ന് പേർക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ. അതിൽതന്നെ സ്ത്രീകളിൽ 20ശതമാനം പേർക്കുമാത്രമേ അത് കിട്ടുന്നുള്ളൂ. പ്രായമായവർക്ക് മെച്ചപ്പെട്ട ചികിത്സ നൽകുന്നതിന് പല ആശുപത്രികളും വിമുഖത കാണിക്കുന്നുണ്ട് എന്ന വിവരവും പഠനറിപ്പോർട്ടുണ്ട്.
പ്രായാധിക്യമുള്ളവരുടെ പ്രയാസങ്ങളും വ്യഥകളും പരിഹരിക്കുന്നതിന് വീടുകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും കരുതലാർന്ന സംവിധാനങ്ങൾ നടപ്പിൽവരുത്തിയേ തീരൂ. പ്രായമായവർ സമൂഹത്തിനും രാഷ്ട്രത്തിനും ബാധ്യതയല്ല. അവരുടെ സർഗാത്മകതയും ക്രിയാശേഷിയും അനുഭവജ്ഞാനവും രാജ്യത്തിെൻറ പുരോഗതിക്കും ക്ഷേമത്തിനും ഫലപ്രദമായി വിനിയോഗിക്കാനാകണം. കോവിഡിെൻറ പശ്ചാത്തലത്തിൽ മറ്റു പലതും മാറ്റിവെക്കുകയും ദീർഘിപ്പിച്ചുകൊണ്ടുപോകുകയും ചെയ്യുന്നതുപോലെ ഇക്കാര്യങ്ങൾ പരിഗണിക്കാതെപോകരുത്.
email : sviwanathankgdr@gmail.com
(ഒല്ലൂർ ഗവ. ആയുർവേദ കോളജ് മുൻ പ്രിൻസിപ്പലും സംസ്ഥാന ആസൂത്രണ ബോർഡ് 'ആയുഷ്' വർക്കിങ് ഗ്രൂപ് അംഗവുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.