തലശ്ശേരി കലാപത്തിന് അമ്പതാണ്ട് തികയുമ്പോൾ
text_fieldsകേരളത്തിെൻറ മതസൗഹാർദത്തിനും മതേതര പാരമ്പര്യത്തിനും കളങ്കം ചാർത്തിയ ദുരന്തമായിരുന്നു 1971 ഡിസംബർ ഒടുവിൽ നടന്ന തലശ്ശേരി കലാപം. കലാപനാളുകളിൽ വിദ്യാർഥിയായിരുന്ന ഈ ലേഖകൻ തലശ്ശേരിയിൽ കുടുങ്ങിക്കഴിഞ്ഞിരുന്നു. കാസർകോട് കൂടി ഉൾപ്പെട്ട അവിഭക്ത കണ്ണൂർ ജില്ലയുടെ രാഷ്ട്രീയ, സാംസ്കാരിക തലസ്ഥാനമായിരുന്ന തലശ്ശേരിയിൽ മൂന്നുനാലുനാൾ സർവത്ര കൊള്ളയും തീവെപ്പും മറ്റ് അക്രമസംഭവങ്ങളും അരങ്ങേറി. ഏറെ കഷ്ടനഷ്ടങ്ങൾക്കും ഇതര പ്രയാസങ്ങൾക്കും ഇരയായത് മുസ്ലിംകൾതന്നെ. തലശ്ശേരി കലാപത്തിന് അരനൂറ്റാണ്ട് പൂർത്തിയായിരിക്കുകയാണ്. കലാപത്തെ അന്ന് ആർ.എസ്.എസ് മാപ്പിളലഹളയുടെ 50ാം വാർഷികം എന്ന് വിശേഷിപ്പിച്ചിരുന്നു.
മുസ്ലിംകളിൽ തന്ത്രപൂർവം ഭീതിയും അരക്ഷിതബോധവും സൃഷ്ടിച്ച്, പിന്നെ രക്ഷകരായി രംഗപ്രവേശനം ചെയ്ത് അനുഭാവവും പിന്തുണയും നേടിയെടുക്കുന്ന തന്ത്രം സി.പി.എം ഉപയോഗിക്കാറുണ്ട്. മുസ്ലിം യുവാക്കളെ തന്ത്രപൂർവം കേസുകളിലും പ്രശ്നങ്ങളിലും കുടുക്കി, പിന്നെ വിമോചകരായിവന്ന് രക്ഷപ്പെടുത്തി ആവോളം മുതലെടുപ്പ് നടത്തുന്ന അടവ് പലയിടത്തും സി.പി.എം പ്രയോഗിക്കാറുണ്ടെന്ന് സി.പി.എമ്മിൽ നിന്നകന്ന മാപ്പിള സഖാക്കൾ വേദനയോടെ സൂചിപ്പിച്ചിട്ടുണ്ട്. തലശ്ശേരി കലാപത്തിനുശേഷം തങ്ങളുടെ സ്വാധീനം ഇവ്വിധം വളരെ വിദഗ്ധമായി നിലനിർത്തിപ്പോരുന്നു.
ഇപ്പോൾ സി.പി.എം അതിസമർഥമായി പുലർത്തുന്ന മുസ്ലിം വിരുദ്ധ സമീപനം മനസ്സിലാക്കാൻ അമ്പതാണ്ട് മുമ്പ് നടന്ന കലാപവും അതിലേക്ക് നയിച്ച പശ്ചാത്തലവും സംഭവപരമ്പരകളും ചുരുക്കത്തിൽ വിശകലനം ചെയ്യേണ്ടതുണ്ട്.1970കളിൽ മുസ്ലിംലീഗിനെ പിളർത്തുന്നതിൽ കോൺഗ്രസിനെന്ന പോലെ മാർക്സിസ്റ്റ് പാർട്ടിക്കും പങ്കുണ്ട്. മുസ്ലിം സംഘടനകൾ ഒന്നിക്കുന്നതും ക്രിയാത്മകമായി സഹകരിക്കുന്നതും സി.പി.എം അന്നും ഇന്നും എന്നും ആശങ്കയോടെയാണ് കാണുന്നത്. മുസ്ലിംകൾ എക്കാലവും തങ്ങളുടെ ഇറയത്ത് ആശ്രിതരായി നിൽക്കണമെന്ന് ആഗ്രഹിക്കുന്നതിനാൽ മുസ്ലിം സംഘടനകൾ സഹകരിച്ച് ഒന്നിച്ചുനീങ്ങുന്നത് സി.പി.എം ഭയപ്പെടുന്നു. മുസ്ലിംലീഗിന് കേരളത്തിൽ ആദ്യമായി മാന്യപരിഗണന ലഭിച്ചത് 1967ലെ സപ്തമുന്നണി മഹാഭൂരിപക്ഷത്തോടെ വിജയിച്ച ശേഷം നിലവിൽവന്ന മന്ത്രിസഭയിലാണ്. ലീഗ് മത്സരിച്ച 15 സീറ്റുകളിൽ 14ലും വിജയിച്ചു. മന്ത്രിസഭയിൽ രണ്ട് മന്ത്രിമാരും ഒരു ഡെപ്യൂട്ടി സ്പീക്കറുമുണ്ടായി.
ആ മന്ത്രിസഭയുടെ കാലത്ത് മലപ്പുറം ജില്ല, കോഴിക്കോട് സർവകലാശാല തുടങ്ങിയവ ഉൾപ്പെടെ പല നല്ലകാര്യങ്ങളും ഉണ്ടായി. പക്ഷേ, പ്രസ്തുത മുന്നണിയിൽ അെനെക്യം ഉടലെടുത്തു. മാർക്സിസ്റ്റ് പാർട്ടിയുടെ വല്യേട്ടൻ മനോഭാവത്തിനെതിരെ സി.പി.ഐയുടെ നേതൃത്വത്തിൽ കുറുമുന്നണി രൂപപ്പെട്ടു. ജർമനിയിൽ ചികിത്സക്കുപോയ ഇ.എം.എസ് മടങ്ങിവന്നപ്പോൾ മുന്നണി ചിതറി ശിഥിലമായത് ബോധ്യമായി. എന്നാൽ, പിന്നീട് ഇ.എം.എസ് സ്വീകരിച്ച നിലപാടുകളും നടപടികളും മുന്നണിയെ തകർത്തു. മന്ത്രിസഭ രാജിവെച്ചു. മുസ്ലിംലീഗ് നേതാവ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഉൾപ്പെടെയുള്ളവർ നടത്തിയ ശ്രമത്തിെൻറ ഫലമായി അന്ന് രാജ്യസഭാംഗമായിരുന്ന സി.പി.ഐ നേതാവ് സി. അച്യുതമേനോെൻറ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ നിലവിൽവന്നു. സി.എച്ച് ആഭ്യന്തരമന്ത്രിയായി. സി.പി.ഐയും മുസ്ലിംലീഗും 'കൊലച്ചതി' ചെയ്തെന്ന് മാർക്സിസ്റ്റ് നേതൃത്വം വളരെയേറെ രോഷംകൊണ്ടു. അതുകൊണ്ടുതന്നെ മുസ്ലിംലീഗിനെതിരെ രൂക്ഷ വിമർശനം സി.പി.എം നാടെങ്ങും നടത്തി, വിശിഷ്യ മലബാറിൽ- ഉരുളക്കുപ്പേരി എന്നോണം പ്രഗല്ഭ വാഗ്മി കൂടിയായ സി.എച്ച് കേരളത്തിലുടനീളം മാർക്സിസ്റ്റുകൾക്കെതിരെ മറുപടി പ്രഭാഷണങ്ങളും നടത്തി.
1969ൽ ബാഫഖി തങ്ങൾകൂടി മുൻകൈയെടുത്ത് നിലവിൽ വന്ന ഐക്യമുന്നണിയുടെ തുടർച്ചയാണ് ഇന്നത്തെ യു.ഡി.എഫ്. 1970 ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണിക്ക് ഭൂരിപക്ഷം കിട്ടി. തലശ്ശേരിയിൽ മാർക്സിസ്റ്റ് സ്ഥാനാർഥിയെ തോൽപിച്ചു എൻ.ഇ. ബാലറാം ജയിച്ചു. മുസ്ലിംലീഗിന് രണ്ട് മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും കിട്ടി. സി.പി.ഐ നേതാവ് സി. അച്യുതമേനോൻ മുഖ്യമന്ത്രിയായതും മുസ്ലിംലീഗിന് കേരള രാഷ്ട്രീയത്തിൽ കൂടുതൽ പരിഗണന കിട്ടിയതും മാർക്സിസ്റ്റ് പാർട്ടിയെ വിറളിപിടിപ്പിച്ചു. ആകയാൽ മുസ്ലിംലീഗിനെതിരെ പൂർവോപരി രൂക്ഷവിമർശനം സി.പി.എം നടത്തി.
മാർക്സിസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിച്ച കടുത്ത ലീഗ് വിരോധം നല്ലൊരു വിഭാഗം മാർക്സിസ്റ്റുകാരിലും മുസ്ലിം വിരോധമായി സന്നിവേശിച്ചു. ഇതിനെ നന്നായി ഉപയോഗപ്പെടുത്തി മുതലെടുക്കാൻ ആർ.എസ്.എസ് ലോബി പല മാർഗേണ സജീവമായി യത്നിച്ചു. ഇതിന്റെ ഫലമായിരുന്നു 1971 ഒടുവിൽ തലശ്ശേരിയിൽ നടന്ന വർഗീയലഹള. മലപ്പുറം ജില്ല നിലവിൽ വന്നതിൽ തങ്ങൾക്കുള്ള കടുത്ത രോഷം ഈ കലാപത്തിലൂടെ ആർ.എസ്.എസുകാർ നടപ്പാക്കി. പർവതീകരണ-വക്രീകരണ പ്രക്രിയകളിലൂടെയുള്ള മുസ്ലിംലീഗ് വിരോധം കടുത്ത മുസ്ലിംവിരോധമായി രൂപാന്തരം പ്രാപിച്ചതിന്റെ ദുരന്തഫലംകൂടിയാണ് തലശ്ശേരി കലാപമെന്ന് പലരും അക്കാലത്ത് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യം വിതയത്തിൽ കമീഷൻ റിപ്പോർട്ടിലും ഉള്ളടങ്ങിയിട്ടുണ്ട്. തലശ്ശേരിയിൽ പത്രക്കാരോട് സംസാരിക്കുമ്പോൾ 'ഞങ്ങളുടെ ആളുകളും ഈ കലാപത്തിൽ പങ്കാളിയായിരിക്കാം' എന്ന് ഇ.എം.എസ് പറഞ്ഞത് മേൽപറഞ്ഞ വസ്തുത മനസ്സിലാക്കിയതു കൊണ്ടാകാം. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഒ. രാജഗോപാൽ 2009ൽ 'ജീവാമൃതം' എന്ന പേരിൽ പ്രസിദ്ധീകരിച്ച ആത്മകഥയിലെ പരാമർശങ്ങൾ ഇത്തരുണത്തിൽ സ്മരണീയമാണ്. അദ്ദേഹത്തിന്റെ പ്രസ്താവന നമ്മളാരും പൂർണമായും ശരിവെക്കുന്നില്ല. എന്നാൽ അതിലെ ഇനിയും നിഷേധിക്കപ്പെടാത്ത ചില വിവരങ്ങൾ കൗതുകകരമാണ്.
'1971ൽ നടന്ന തലശ്ശേരി കലാപമായിരുന്നു അത്. ഇതിെൻറ ഓരോ ഘട്ടത്തിലും ഓരോ സംഭവത്തിലും മാർക്സിസ്റ്റ്പാർട്ടിയുടെ കുറ്റകരമായ ഗൂഢാലോചന കണ്ടെത്താൻ, ആ സംഭവത്തെക്കുറിച്ചന്വേഷിക്കാൻ ജനസംഘം നിയോഗിച്ച അന്വേഷണ കമീഷനെ നയിച്ച വ്യക്തി എന്ന നിലയിൽ എനിക്കുകഴിഞ്ഞു. സി.പി.എമ്മിന്റെ അസഹിഷ്ണുത മനോഭാവത്തിൽ നിന്നുണ്ടാകുന്ന സി.പി.എം- ആർ.എസ്.എസ് സംഘർഷങ്ങളെ സ്വന്തം താൽപര്യസംരക്ഷണാർഥം സി.പി.എമ്മുകാർ വർഗീയ സംഘർഷമാക്കി ലേബലിട്ട് മുതലെടുക്കുകയായിരുന്നു. അതാണ് സത്യം. തലശ്ശേരി കലാപത്തോടനുബന്ധിച്ച് പിണറായിയിലെ പുരാതനമായ പള്ളി തകർക്കപ്പെട്ടു. സി.പി.എമ്മിന്റെ ആടിനെ പട്ടിയാക്കൽ തന്ത്രം ഇതിലും ഞങ്ങൾക്ക് കാണാനായി…
കണ്ണൂരിലെ പിണറായി പ്രദേശങ്ങൾ മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തികേന്ദ്രമാണ്. ഇവിടെയാണ് പള്ളി തകർക്കപ്പെട്ടത്. അതാകട്ടെ മുപ്പത്താറിഞ്ച് വ്യാസമുള്ള തൂണുകളും തടിച്ച ചുമരുകളുമൊക്കെയുള്ള പഴയരീതിയിലെ ഒരു വലിയ പള്ളിയായിരുന്നു. ഒരാവേശത്തിന് വന്ന് ആർക്കെങ്കിലും പെട്ടെന്ന് തകർത്തിട്ടു പോകാൻ കഴിയാത്തമട്ടിൽ ഉറപ്പുള്ള പള്ളി. അതിനു ചുറ്റും താമസിക്കുന്നതിലേറിയ പങ്കും മാർക്സിസ്റ്റ് പാർട്ടിയിൽ അംഗത്വം തന്നെയുള്ള ബീഡിതൊഴിലാളികളാണ്. ആ പ്രദേശത്തു തന്നെ ഒരു ആർ.എസ്.എസുകാരനോ ജനസംഘം പ്രവർത്തകനോ ഇല്ല എന്ന് മാത്രമല്ല അവിടത്തെ പ്രാദേശിക സഹായമില്ലാതെ ഒരാളിന് അവിടെ വന്ന് ഇത്തരം ഒരു നശീകരണപ്രക്രിയ നടത്താനുമാകില്ല…. ഇതുസംബന്ധിച്ച് പിന്നീട് അന്വേഷണം നടത്തിയ ജസ്റ്റിസ് വിതയത്തിൽ കമീഷെൻറ നിഗമനവും ഇതിന് സമാനമായിരുന്നു. ഈ കലാപത്തിൽ രാഷ്്ട്രീയ പരിഗണനക്കപ്പുറം എല്ലാപേരും മതപരമായ ചേരിതിരിവോടെ പങ്കെടുത്തുവെന്നും എല്ലാ രാഷ്ട്രീയകക്ഷികളിലെയും ആളുകൾ പങ്കാളികളായി എന്നും അദ്ദേഹം രേഖപ്പെടുത്തി. ഇവിടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ വേണ്ടത്ര തുറന്നുകാണിക്കപ്പെടാത്ത ഒരു മുഖമാണ് വ്യക്തമാകുന്നത്". (ജീവാമൃതം 108-110)
ഒരു പാർട്ടി എന്ന നിലക്ക് ആർ.എസ്.എസ് വർഗീയവാദികളുടെ അഴിഞ്ഞാട്ടത്തിനും അക്രമത്തിനും കൊള്ളക്കുമെതിരെയുള്ള നിലപാടാണ് മാർക്സിസ്റ്റ്പാർട്ടി അന്ന് സ്വീകരിച്ചത് എന്ന് പൊതുവിൽ പറയാം. എന്നാൽ, പിണറായിയിലെ പള്ളി തകർത്തതുൾപ്പെടെയുള്ള രാജഗോപാലിെൻറ പ്രസ്താവന മാർക്സിസ്റ്റ് നേതാക്കൾ എങ്ങനെ കാണുന്നുവെന്നറിയാൻ ഏവർക്കും ആഗ്രഹമുണ്ട്.
എന്നാൽ പല സംഭവങ്ങളിലും മാർക്സിസ്റ്റ്പാർട്ടി മുസ്ലിംലീഗിനെതിരെയോ മുസ്ലിം സ്ഥാപനങ്ങൾക്കെതിരെയോ സ്വീകരിക്കുന്ന നിലപാടുകൾ അവരറിയാതെ കടുത്ത മുസ്ലിം/ഇസ്ലാം വിരോധമായി സംക്രമിക്കുന്നുണ്ടെന്നത് അവർ പലപ്പോഴും വേണ്ടുംവിധം ഗ്രഹിച്ചിട്ടില്ല. മുസ്ലിം വ്യക്തിനിയമത്തിലുണ്ടെന്ന് അവർ ധരിക്കുന്ന പോരായ്മകളെ എതിർക്കുമ്പോഴും സംഗതി തദ്വിഷയത്തിൽ മാത്രം ഒതുങ്ങാതെ ഇസ്ലാം/മുസ്ലിം വിരോധമായി വഴിതെറ്റുന്നുണ്ട്. ശരീഅത്ത് വിവാദകാലത്ത് ഇതുതന്നെ സംഭവിച്ചു. അതിെൻറ മറവിൽ സംഘ്പരിവാർ സ്ഥാനാർഥികൾക്ക് വീഴേണ്ടിയിരുന്ന വോട്ടുകൾ കരസ്ഥമാക്കാനും സി.പി.എമ്മിനായി. നാദാപുരത്തും പരിസരങ്ങളിലും മുമ്പുണ്ടായിരുന്നതുപോലെ മുസ്ലിംലീഗിനെതിരെയോ അല്ലെങ്കിൽ മുസ്ലിം പ്രമാണി/ജന്മി വിഭാഗത്തിനെതിരെയോ പാർട്ടി നേതാക്കൾ നടത്തുന്ന സ്ഥാനത്തും അസ്ഥാനത്തുമുള്ള വിമർശനങ്ങൾ താഴേത്തട്ടിൽ മുസ്ലിം വിരോധമായാണെത്തുന്നതെന്നും അതിൽനിന്ന് ആർ.എസ്.എസ് നന്നായി മുതലെടുപ്പ് നടത്തുന്നുണ്ടെന്നും സഖാക്കൾ തിരിച്ചറിയാതെ പോകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.