ആ നിലപാട് യേശുവിനെതിര്
text_fieldsഇന്ത്യയിലെ ക്രൈസ്തവർ അതിരൂക്ഷമാം വിധത്തിൽ മുസ്ലിം വിരുദ്ധരായി മാറുന്നുവെന്നാണ് മാധ്യമങ്ങളെ, വിശിഷ്യ സമൂഹമാധ്യമങ്ങളെ വിശ്വസിക്കുന്നവർക്ക് മനസ്സിലാവുക. ന്യൂനപക്ഷ അവകാശങ്ങൾ മുസ്ലിംകൾ പിടിച്ചടക്കുന്നുവെന്ന ആരോപണമാകട്ടെ, മുസ്ലിം സംവിധാനം ചെയ്ത സിനിമക്ക് 'ജീസസ്' എന്നു പേരിട്ടതാവട്ടെ, ലവ് ജിഹാദ് വിവാദമാകട്ടെ, ഈയിടെ ഒരു ബിഷപ് നടത്തിയ 'നാർക്കോട്ടിക് ജിഹാദ്' എന്ന പരാമർശമാകട്ടെ- മുസ്ലിംകൾക്കെതിരായ ഭര്ത്സനം സ്പഷ്ടമാണ്.
ഈ രീതി തീർത്തും അപകടകരമാണ് എന്നുമാത്രം പറഞ്ഞാൽ പോരാ, ആത്മീയമായും രാഷ്ട്രീയമായും അറിവില്ലാത്തതും ബുദ്ധിശൂന്യവുമായ, തികച്ചും പ്രതിലോമകരവുമായ നിലപാടാണ്. ക്രൈസ്തവ-മുസ്ലിം ശത്രുത പുതിയ ഒരു കാര്യമൊന്നുമല്ല എന്നു പറയാൻ കഴിഞ്ഞേക്കും. ആർക്കാണ് കുരിശുയുദ്ധങ്ങളെ മറക്കാനാവുക? ഇതിൽ മുസ്ലിംകളെയും ക്രൈസ്തവരെയും മാത്രം പറഞ്ഞാൽ മതിയാവില്ല. മതത്തിെൻറ പേരിൽ തുടരുന്ന അതിക്രമങ്ങൾ മാനവികതയെത്തന്നെ തകർത്തുകളയുന്നത് ആർക്കാണറിയാത്തത്?
പ്യൂ റിസർച്ച് സെൻറർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2018ൽ ലോകത്തിലെ നാലിലൊന്നിലേറെ രാജ്യങ്ങൾ മതവിദ്വേഷത്തിലൂന്നിയുള്ള അനിഷ്ട സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മത വിഷയങ്ങളെച്ചൊല്ലിയുള്ള ആൾക്കൂട്ട ആക്രമണം, ഭീകരവാദം, മതനിയമം ലംഘിച്ചുവെന്ന പേരിൽ സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവയും ഇതിൽ ഉൾപ്പെടും. അതേവർഷം തന്നെ സിറിയ, അഫ്ഗാനിസ്താൻ, നൈജീരിയ, സോമാലിയ, യമൻ, ഇന്ത്യ, ഇറാഖ്, ലിബിയ, ഫിലിപ്പീൻസ്, സുഡാൻ എന്നീ രാജ്യങ്ങളിലും സായുധ മത കലാപങ്ങളിൽ നിരവധിപേർക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരങ്ങൾ പലായനത്തിന് നിർബന്ധിതരാവുകയും ചെയ്തു.
നിലനിൽക്കുന്ന ഇസ്ലാം ഭീതി
ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരായ അതിശയോക്തി നിറഞ്ഞ ഭയവും വിരോധവും ശത്രുതയുമാണ് ഇസ്ലാമോഫോബിയ. ചില മുൻവിധികളിൽനിന്നും നെഗറ്റിവ് വാർപ്പ് മാതൃകകളിൽനിന്നും ഉടലെടുക്കുന്ന ഈ ഭീതി മുസ്ലിംകൾക്കെതിരായ വിവേചനത്തിലും അവരെ സാമൂഹിക, രാഷ്ട്രീയ, പൗരജീവിതത്തിൽ ഒറ്റപ്പെടുത്തുന്നതിലും ഒഴിവാക്കുന്നതിലുമെല്ലാം കലാശിക്കുന്നു.
ഇത് ലോകത്ത് പുതിയ കാര്യമല്ല. എന്നാൽ, സെപ്റ്റംബർ 11നും തുടർന്നുള്ള സംഭവവികാസങ്ങൾക്കും ശേഷം സ്ഥിതിഗതികൾ കൂടുതൽ വഷളായി. ഇപ്പോഴിതാ, താലിബാൻ സൈന്യം അഫ്ഗാനിസ്താനിൽ ആധിപത്യം നേടിയതോടെ മുെമ്പന്നത്തേക്കാൾ വ്യാപകവും ശക്തവുമായ തോതിൽ ഇസ്ലാമോഫോബിയ പടരാനാണ് സാധ്യത.
ക്രൈസ്തവർ ഇസ്ലാംഭീതി പരത്തരുത്
പരമപ്രധാനമായി പറയേണ്ടത്: സ്നേഹമാണ് ക്രിസ്തീയ മാർഗം. മറ്റുള്ളവർക്കുവേണ്ടി സ്വയം സമർപ്പിക്കുന്ന സ്നേഹമാതൃകയാണ് ഈശോ കാണിച്ചുതന്നത്. രാജ്യത്തെ ക്രൈസ്തവർ സ്വയം ചോദിച്ചുനോക്കണം, ഇസ്ലാമിക വ്യവഹാരങ്ങളോടുള്ള നമ്മുടെ മറുപടികളിൽ സ്നേഹമുണ്ടോ എന്ന്. സത്യസന്ധമായി വിലയിരുത്തിയാൽ നീതിയുക്തവും മാനുഷികവുമായല്ല പലപ്പോഴും നാം പ്രവർത്തിക്കുന്നത് എന്നു പറയേണ്ടിവരും. ഒരു കൂട്ടർ തെറ്റായി പെരുമാറുന്നു എന്നത് നമ്മൾക്ക് തെറ്റു ചെയ്യാൻ അവകാശം നൽകുന്നില്ല.
രണ്ടാമത്തെ കാര്യം: മുസ്ലിംകൾക്കെതിരായ വിദ്വേഷത്തിെൻറ അടിസ്ഥാനം മിക്കപ്പോഴും വ്യാജ വാർത്തകളാണ്. പത്രങ്ങളിൽ അച്ചടിച്ചുവരുന്നവയായാൽ പോലും എല്ലാ വാർത്തകളും പരമസത്യമാണെന്നു വിശ്വസിച്ച് പങ്കുവെക്കരുത്. ഈയിടെ ഒരു വെബിനാറിൽ പ്രമുഖ മാധ്യമപ്രവർത്തക സാഘരിക ഗോസ് പറഞ്ഞത് വ്യാജവിവരങ്ങൾ പരത്തുന്ന ഒരു സംഘടിത വ്യവസായം രാജ്യത്ത് നിലനിൽക്കുന്നുവെന്നാണ്. ഇന്ത്യൻ മാധ്യമങ്ങൾ അസ്തമിച്ചുവെന്നും അധികാരികൾക്ക് മുന്നിൽ സാഷ്ടാംഗപ്പെടുന്നവരാണ് വൻകിട മാധ്യമസ്ഥാപനങ്ങളിൽ മിക്കവയുമെന്ന് അവർ വ്യക്തമാക്കുന്നു.
ക്രൈസ്തവരാകട്ടെ, മറ്റേതെങ്കിലും വിശ്വാസ സംഹിത പിൻപറ്റുന്നവരാവട്ടെ, വ്യാജവാർത്തകൾ പരത്തുന്നതും ശരിയെന്ന് ഉറപ്പില്ലാത്ത ഊഹവർത്തമാനങ്ങളുടെ അടിസ്ഥാനത്തിൽ അഭിപ്രായപ്രകടനം നടത്തുന്നതും അവർ വിശ്വസിക്കുന്ന പ്രമാണങ്ങൾക്ക് കടകവിരുദ്ധമാണ്. സത്യം മാത്രമേ നമ്മെ നയിക്കാവൂ. ദൗർഭാഗ്യവശാൽ അസത്യം നമുക്ക് ചുറ്റും നിറഞ്ഞൊഴുകുന്നതിനാൽ യഥാർഥമേത് വ്യാജമേത് എന്ന് വേർതിരിച്ചറിയാൻപോലും ആളുകൾക്ക് കഴിയാതെവരുന്നു.
ലോകത്ത് ഇപ്പോൾ തന്നെ താങ്ങാവുന്നതിലേറെ വെറുപ്പ് പരക്കുന്നുണ്ട്. ഇനി നമ്മൾ കൂടി അതിൽ പങ്കുവഹിക്കേണ്ടതില്ല. മുസ്ലിംകൾക്കെതിരെ മാത്രമല്ല ആർക്കെതിരെയും. നിന്ദാഭാഷണങ്ങളും വെറുപ്പിലൂട്ടിയ കുറ്റങ്ങളും സർവവ്യാപിയായതിനാൽ പലരും അതിനോട് പ്രതികരിക്കുന്നുപോലുമില്ല. അവയെ അവഗണിക്കുന്നത് ജനാധിപത്യത്തിെൻറ ഭാവിക്കുതന്നെ ആപത്കരമാണ്.
ദൗർഭാഗ്യവശാൽ ഇന്ത്യയിലിന്ന് ഭരണകൂടത്തിെൻറ പിന്തുണക്കാർ നടത്തുന്ന വിദ്വേഷ പ്രവർത്തനങ്ങളെയും പ്രസംഗങ്ങളെയും പ്രോത്സാഹിപ്പിക്കുകയോ അല്ലെങ്കിൽ അതിനെതിരെ കണ്ണടക്കുകയോ ചെയ്യുന്ന സമീപനമാണ് നിലനിൽക്കുന്നത്. പ്രതിപക്ഷത്തുള്ളവരും രാഷ്ട്രീയ താൽപര്യമില്ലാത്തവർപോലും ഭീഷണി നേരിടുേമ്പാൾ അതിഭയാനകമായ വിദ്വേഷ പ്രവൃത്തി നടത്തിയ ഭരണപക്ഷ ഇഷ്ടക്കാർ യഥേഷ്ടം വിലസുകയാണ്.
വലതുപക്ഷ ഭൂരിപക്ഷവാദികളുമായി കൈകോർത്ത് മുസ്ലിംകളെ ശത്രുസ്ഥാനത്ത് നിർത്താൻ ഒരുങ്ങുന്ന ക്രൈസ്തവ നേതാക്കളുടെ വിവേകരാഹിത്യം തികച്ചും നിരാശജനകമാണ്. ആട്ടിൻതോലിട്ട് വന്നവരെ തിരിച്ചറിയാൻ ക്രൈസ്തവർക്ക് കഴിയാഞ്ഞിട്ടാണോ. ഏതൊരു സാഹചര്യത്തിലാണെങ്കിലും വലതുപക്ഷ മൗലികവാദം തന്നെയാണ് ജനാധിപത്യത്തിനും ന്യൂനപക്ഷങ്ങൾക്കും മറ്റേതൊരു മൗലികവാദത്തേക്കാളും ആപത്കരം.
ദൗർഭാഗ്യവശാൽ, തങ്ങളുടെ വലതുപക്ഷ ചങ്ങാതിമാർ രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിൽ ക്രൈസ്തവ സഹോദരങ്ങളോട് ചെയ്തുകൂട്ടുന്നതെന്താണെന്നു കാണാൻ അവർ കൂട്ടാക്കാത്തതെന്താണ് എന്ന കാര്യം ദുർഗ്രാഹ്യമാണ്. ലവ് ജിഹാദും ഇപ്പോൾ നാർക്കോട്ടിക് ജിഹാദുമെല്ലാം പറയുന്ന മുഖ്യധാരാ ക്രൈസ്തവ സമൂഹത്തിനോ അവരുടെ നേതാക്കൾക്കോ കണ്ഡമാലിലെ ക്രൈസ്തവരുടെ ദുരിതങ്ങളൊന്നും കണ്ണിൽപെട്ടിട്ടില്ല.
സാമൂഹിക വിശകലനത്തിെൻറയും രാഷ്ട്രീയ വിദ്യാഭ്യാസത്തിെൻറയും അഭാവം സമുദായ വിശ്വാസികളിലും നേതൃത്വത്തിലും പ്രകടമാണ് എന്നത് ദുഃഖകരമായ യാഥാർഥ്യാണ്. പ്രാദേശികതലത്തിലാവട്ടെ ആഗോളതലത്തിലാവട്ടെ യഥാർഥ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളാണോ ക്രൈസ്തവരുടെ ചിന്താവിഷയം? അതോ കാര്യമില്ലാത്ത കാര്യങ്ങളോ. ചിലനേരങ്ങളിൽ സാധാരണ വിശ്വാസികൾക്ക് തോന്നിപ്പോകും തങ്ങളുടെ നേതാക്കൾ സ്വയം അപ്രസക്തരായിത്തീരുകയാണെന്ന്. ഇങ്ങനെ പോയാൽ ഏറെ വൈകാതെ ഒരു കാലം വരും. അന്ന് സ്തുതിപാഠകരായ ഒരു ചെറുകൂട്ടം ഒഴികെ മറ്റാരും സഭാനേതൃത്വത്തെ ഗൗരവമായി എടുക്കാൻ കൂട്ടാക്കില്ല.
34ാമത് ജസ്യൂട്ട് സമ്മേളനം ഉൾക്കാഴ്ചയുള്ള ഒരു പ്രസ്താവന നടത്തിയിരുന്നു. അതു പ്രകാരം മറ്റു മതങ്ങളോട് വിദ്വേഷം പുലർത്തുന്നവർക്ക് യഥാർഥ മതവിശ്വാസിയാവാൻ കഴിയില്ല തന്നെ. മറ്റുള്ളവരെ ശ്രവിക്കുന്നതിലും സംവദിക്കുന്നതിലും ഉറച്ചുവിശ്വസിക്കുന്നു ഫ്രാൻസിസ് മാർപാപ്പ. അദ്ദേഹം മതാന്തര സംവാദങ്ങളെ പുതുവഴികളിലേക്ക് കൊണ്ടുപോകാനും സാഹോദര്യത്തിെൻറ സംവാദങ്ങളെ പ്രോത്സാഹിപ്പിക്കാനും ഒരുമിച്ചുചേർക്കാനും ഔത്സുക്യം പുലർത്തുന്നു. ക്രൈസ്തവരുടെ അതി തീക്ഷ്ണമായ ഇസ്ലാംവിരുദ്ധ നിലപാട് അറിവില്ലായ്മ മാത്രമല്ല, അതി മതവിരുദ്ധം തന്നെയാണ്.
അടിക്കുറിപ്പ്: ഇതു വായിച്ച് ഞാൻ ഇസ്ലാമിക മത മൗലികവാദത്തെയും തീവ്രചിന്തകളെയും പിന്തുണക്കുന്നുവെന്ന് ആർക്കെങ്കിലും വിചാരമുണ്ടെങ്കിൽ അവർക്കു തെറ്റി. എല്ലാവിധ മതമൗലികവാദങ്ങൾക്കും എതിരാണ് ഞാൻ. ഒാരോ ക്രൈസ്തവെൻറയും പരമപ്രധാനമായ ദൗത്യം മതമൗലികവാദ, തീവ്രവാദ പ്രവണതകൾക്കെതിരെ നിലകൊള്ളുക എന്നതാണ്. അത് ആരുടെ ഭാഗത്തുനിന്നുണ്ടായാലുമതെ, സ്വന്തം വീട്ടിനുള്ളിൽനിന്നാണെങ്കിൽ പോലും.
(ഈശോ സഭയുടെ തെക്കനേഷ്യൻ മേഖല അസിസ്റ്റൻറ് ആണ് ലേഖകൻ)
കടപ്പാട്: mattersindia.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.