ജയലളിതയെ ‘ഹൈജാക്ക്’ ചെയ്യുന്നതിലെ അജണ്ട
text_fieldsഒരു ഭാഗത്ത് ഡി.എം.കെയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം ശക്തമായും കെട്ടുറപ്പോടെയും നിലനിൽക്കുമ്പോൾ മറുഭാഗത്ത് ബി.ജെ.പിയുടെയും അണ്ണാ ഡി.എം.കെയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ വ്യത്യസ്ത തട്ടുകളിലായാണ് നിലകൊള്ളുന്നത്. സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് ബി.ജെ.പിയും അണ്ണാ ഡി.എം.കെയും.
ഏറെക്കാലം തമിഴ്നാട് വാണ അണ്ണാ ഡി.എം.കെയെ ശിഥിലമാക്കി പ്രധാന രാഷ്ട്രീയകക്ഷിയായി മാറുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇതിനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയായിരുന്ന മുൻ മുഖ്യമന്ത്രി ജെ. ജയലളിതയെ ഹിന്ദുത്വ നേതാവായി ബി.ജെ.പി കേന്ദ്രങ്ങൾ ചിത്രീകരിക്കുന്നത്.
തീവ്ര ഹിന്ദുത്വത്തിന്റെ ശക്തയായ നേതാവായിരുന്നു ജയലളിതയെന്ന ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലൈയുടെ പ്രസ്താവന തമിഴക രാഷ്ട്രീയത്തിൽ ഇപ്പോൾ മുഖ്യ ചർച്ചാവിഷയമാണ്.
അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയായിരുന്നുവെങ്കിലും അവർ ഹിന്ദുമത താൽപര്യങ്ങളാണ് സംരക്ഷിച്ചിരുന്നതെന്നും അതിനാലാണ് ബി.ജെ.പി ഉണ്ടായിരുന്നിട്ടും ജയലളിതക്ക് ഹിന്ദുക്കളിൽനിന്ന് വലിയ പിന്തുണ ലഭിച്ചിരുന്നതെന്നും നിലവിൽ ജയലളിതയുടെ അഭാവം നികത്തുകയാണ് ബി.ജെ.പി ചെയ്യുന്നതെന്നും അവകാശപ്പെടുന്നു.
അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ പരസ്യമായി അനുകൂലിച്ചതും തമിഴ്നാട്ടിൽ മതപരിവർത്തന നിരോധന നിയമം നടപ്പാക്കിയതുമുൾപ്പെടെയുള്ള നിലപാടുകൾ ജയലളിതയുടെ ഹിന്ദുത്വ പ്രതിബദ്ധതയായി ഉയർത്തിക്കാട്ടുകയാണ് ബി.ജെ.പിയിപ്പോൾ.
തന്റെ ശമ്പളം ക്ഷേത്രങ്ങൾക്ക് സംഭാവന ചെയ്തു. ക്ഷേത്രനഗരമായ ശ്രീരംഗത്തിൽ സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു. നിരവധി ക്ഷേത്രങ്ങളുടെ പുനർനിർമാണം നടത്തി. ക്ഷേത്രങ്ങൾക്ക് ആനകളെ സംഭാവന ചെയ്തു. ഇതെല്ലാം ഹിന്ദുമതത്തോടുള്ള അവരുടെ ആഭിമുഖ്യമാണ് വെളിവാക്കുന്നതെന്ന് അണ്ണാമലൈ പറയുന്നു.
ജയലളിതയുടെ മരണശേഷം, അവർ സ്വീകരിച്ചിരുന്ന മൃദുഹിന്ദുത്വ സമീപനം അണ്ണാ ഡി.എം.കെ ഉപേക്ഷിച്ചിരിക്കുകയാണെന്നും തമിഴ്നാട്ടിൽ ഹിന്ദുത്വ നയം നടപ്പാക്കുന്നതിലെ ശൂന്യത നികത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പിയെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
അണ്ണാമലൈ പറഞ്ഞതിനെ പിന്തുണച്ച് മുതിർന്ന ബി.ജെ.പി നേതാവും മുൻ ഗവർണറുമായ തമിഴിസൈ സൗന്ദരരാജനും രംഗത്തെത്തി. ജയലളിത ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അയോധ്യയിലെ പുതിയ രാമക്ഷേത്രം സന്ദർശിച്ച് ശ്രീരാമനെ വണങ്ങിയിരുന്നേനെയെന്നും അണ്ണാ ഡി.എം.കെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിൽനിന്ന് അകന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബി.ജെ.പിയുടെ പ്രസക്തി വർധിച്ചതായും അവർ അഭിപ്രായപ്പെട്ടു.
ജയലളിതയെ രാഷ്ട്രീയമായി ഹൈജാക്ക് ചെയ്യാനുള്ള ബി.ജെ.പിയുടെ നീക്കത്തെ ശക്തിയുക്തം ചെറുക്കാൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ലയെന്നത് അണ്ണാ ഡി.എം.കെ അണികൾക്കിടയിൽ കടുത്ത അസ്വാരസ്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിരലിലെണ്ണാവുന്ന രണ്ടാം നിര നേതാക്കൾ ബി.ജെ.പിയെ പ്രതിരോധിക്കാൻ രംഗത്തു വന്നുവെങ്കിലും പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസാമി പോലും ഇക്കാര്യത്തിൽ മൗനം ദീക്ഷിച്ചു.
ജയലളിതയെ ഒരു മതനേതാവായി ചിത്രീകരിച്ച് അപകീർത്തിപ്പെടുത്താനുള്ള ബി.ജെ.പി ശ്രമത്തെ ശക്തമായി അപലപിക്കുന്നതായി അണ്ണാ ഡി.എം.കെ വക്താവും മുൻ മന്ത്രിയുമായ കെ.ജയകുമാർ അറിയിച്ചു. ജാതിമത വർഗ ഭേദമന്യേ എല്ലാവർക്കും പൊതുവായി നിലകൊണ്ട നേതാവായ ജയലളിതയുടെ പേരും പെരുമയും തകർക്കാൻ ബോധപൂർവം നടത്തുന്ന ശ്രമമാണിത്.
അയോധ്യയിലെ കർസേവയെ പിന്തുണച്ചിരുന്നുവെന്ന ബി.ജെ.പി നേതാക്കളുടെ വാദം ഖണ്ഡിക്കാൻ ജയലളിതയുടെ പഴയ പ്രസംഗങ്ങളുടെ ശബ്ദരേഖയും അണ്ണാ ഡി.എം.കെ പുറത്തുവിട്ടു. ജയലളിതക്ക് ദൈവവിശ്വാസം മാത്രമാണുണ്ടായിരുന്നതെന്നും ഏതെങ്കിലുമൊരു മതത്തിനുവേണ്ടി നിലകൊണ്ടിരുന്നില്ലെന്നും ജയലളിതയെക്കുറിച്ച് മനസ്സിലാക്കാതെയാണ് അണ്ണാമലൈ സംസാരിക്കുന്നതെന്നും ജയലളിതയുടെ തോഴി വി.കെ. ശശികല അഭിപ്രായപ്പെട്ടു.
ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായാൽ തമിഴ്നാട് ബി.ജെ.പി ഘടകത്തിലും അണ്ണാ ഡി.എം.കെയിലും പൊട്ടിത്തെറി ഉണ്ടാവുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.
ഡി.എം.കെയുടെ നേതൃത്വത്തിൽ ‘ഇൻഡ്യ’ സഖ്യം സംസ്ഥാനത്ത് നേട്ടമുണ്ടാക്കുമെന്നാണ് സർവേ ഫലങ്ങൾ. വോട്ടിങ് ശതമാനം കുറയുകയും ബി.ജെ.പി നിശ്ചിത ശതമാനം വോട്ടുകൾ നേടുകയും ചെയ്താൽ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തെ ചോദ്യംചെയ്ത് കൂടുതൽ നേതാക്കൾ രംഗത്ത് എത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്.
അണ്ണാ ഡി.എം.കെയിൽനിന്ന് പുറത്തുപോയ ഒ.പന്നീർസെൽവവും ടി.ടി.വി. ദിനകരനും ബി.ജെ.പി സഖ്യത്തിനൊപ്പം മത്സരരംഗത്തുണ്ടായിരുന്നു. ഇവരെ ഉപയോഗിച്ച് അണ്ണാ ഡി.എം.കെയെ തകർക്കാനാവും ബി.ജെ.പി ശ്രമിക്കുക. മോദി വീണ്ടും അധികാരത്തിൽവന്നാൽ അണ്ണാ ഡി.എം.കെ നേതാക്കളുടെ പേരിലുള്ള അവിഹിത സ്വത്ത് സമ്പാദ്യ കേസുകളും മറ്റും പൊടിതട്ടി നടപടികളിലേക്ക് നീങ്ങും. ഇതോടെ അണ്ണാ ഡി.എം.കെയിലെ മിക്ക ഉന്നത നേതാക്കളും ബി.ജെ.പിയുടെ വരുതിയിലാവും.
തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനായില്ലെങ്കിൽ അണ്ണാമലൈയുടെ സ്ഥിതിയും പരുങ്ങലിലാവും. കോയമ്പത്തൂർ ലോക്സഭ മണ്ഡലത്തിൽ പരാജയം കൂടിയായാൽ തിരിച്ചടി കൂടുതൽ ശക്തമാവും. അണ്ണാമലൈക്കെതിരെ നിലവിൽ പാർട്ടിയിലെ ശക്തമായ ഒരു വിഭാഗം രംഗത്തുണ്ട്.
സംസ്ഥാനത്ത് അണ്ണാ ഡി.എം.കെയെ കൂടെ കൂട്ടി മികച്ച മുന്നണിയുണ്ടാക്കുന്നതിലെ പരാജയവും മുതിർന്ന നേതാക്കളെ അവഗണിക്കുകയും വിവാദ പ്രസ്താവനകളിലൂടെ സ്വന്തം പ്രതിച്ഛായ വർധിപ്പിക്കാൻ ശ്രമിക്കുന്ന രീതിയുമെല്ലാമാണ് അണ്ണാമലൈയെ പാർട്ടിക്കകത്ത് അനഭിമതനാക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്ര നേതൃത്വത്തിൽനിന്ന് ലഭിച്ച ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതായും ആരോപണമുണ്ട്. കേന്ദ്ര നേതൃത്വത്തിൽ അണ്ണാമലൈക്കുള്ള സ്വാധീനം കണക്കിലെടുത്താണ് എതിർപക്ഷം കരുതലോടെ നീങ്ങുന്നത്. അനുകൂലമായ ഒരു സാഹചര്യം ഒത്തുവന്നാൽ അവർ കണക്കുതീർക്കുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.