അജണ്ടയാകേണ്ടത് വർഗീയമുക്ത രാജ്യം -ജിഫ്രി മുത്തുകോയ തങ്ങൾ
text_fieldsകേരള മുസ്ലിംസമൂഹത്തിലെ ഏറ്റവും വലിയ സംഘടനസംവിധാനമാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമ. മത, സാംസ്കാരിക,സാമൂഹികവിഷയങ്ങളിൽ സമുദായത്തിനു മാർഗദർശനം നൽകുന്ന 'സമസ്ത' രാഷ്ട്രീയപ്രവർത്തനരംഗത്ത് പ്രത്യക്ഷപ്പെടാറില്ല. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ പ്രത്യക്ഷമായി പക്ഷംചേരുന്ന പതിവുമില്ല. എന്നാൽ, രാജ്യത്തെ, സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ കൃത്യമായ രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കുകയും അത് യഥാവിധി പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കുകയാണ് 'മാധ്യമ'വുമായുള്ള അഭിമുഖത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ.
നിയമസഭ തെരഞ്ഞെടുപ്പിനെ എങ്ങനെ നോക്കിക്കാണുന്നു ?
ഇന്ത്യയുടെ പൈതൃകം ജനാധിപത്യമാണ്. മതസൗഹാർദവും പരസ്പരസാഹോദര്യവും കാത്തുസൂക്ഷിക്കുന്ന ഭരണകൂടമാണ് ആവശ്യം. കാരണം, രാജ്യത്ത് വർഗീയവിദ്വേഷ പ്രവർത്തനങ്ങൾ മുെമ്പങ്ങുമില്ലാത്തവിധം വർധിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ പല അവകാശങ്ങളും ധ്വംസിക്കാൻ മുറവിളികൂട്ടുന്ന ഒരുവിഭാഗം ശക്തമായി പ്രവർത്തിക്കുേമ്പാൾ അത് രാജ്യത്തെ സൗഹൃദത്തിനും സമാധാനത്തിനും ഭീഷണി സൃഷ്ടിക്കുന്നു. അതിനാൽ, മതസൗഹാർദവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്ന ഭരണസംവിധാനമുണ്ടാകണമെന്ന് 'സമസ്ത' ആഗ്രഹിക്കുന്നു.
ചർച്ചയാകേണ്ട പ്രധാന വിഷയം ?
ജനങ്ങളുടെ ക്ഷേമവും സുരക്ഷയുമാണ് ഏറ്റവും പ്രധാനം. ഭരണീയർ ഭീതിയോടെ കഴിയുന്ന സാഹചര്യമുണ്ടാകരുത്. ഭൂരിപക്ഷ അവകാശങ്ങൾ ധ്വംസിക്കാതെതന്നെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. ഇതിനുപുറമെ, ജനങ്ങളുടെ നിത്യജീവിതം ഇപ്പോൾ ദുരിതപൂർണമാണ്. പെട്രോൾ, ഡീസൽ വില അനുദിനം വർധിക്കുന്നതിനൊപ്പം രാജ്യത്തെ നിലവിലുള്ള മറ്റു സാഹചര്യങ്ങളും ജീവിതം ദുസ്സഹമാക്കുന്നു. അപ്പോൾ അതെല്ലാം പ്രധാന ചർച്ചാവിഷയമാകണമെന്ന് ജനം ആഗ്രഹിക്കുക സ്വാഭാവികം.
രാജ്യത്ത് വർഗീയ, ഫാഷിസ്റ്റ് ശക്തികളുടെ വളർച്ചയാണ് ഈ തെരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നതെന്ന് പറഞ്ഞു. ഇതിെൻറ ഗൗരവം മുന്നണികളും പാർട്ടികളും ഉൾക്കൊണ്ടിട്ടുണ്ടോ ?
അടിസ്ഥാനപരമായി വർഗീയശക്തികളുടെ വളർച്ച ഇരു മുന്നണികളും ഗൗരവത്തിൽ ഉൾക്കൊള്ളുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്. അങ്ങനെ ഉൾക്കൊള്ളേണ്ടതുമുണ്ട്. എല്ലാവരും വർഗീയമായി ചിന്തിക്കുന്നവരാണെന്നു പറയാൻ പറ്റില്ല. ചെറിയ വിഭാഗം അങ്ങനെ ചിന്തിക്കുന്നവരുണ്ടാകാം. ആരും വർഗീയത ഇഷ്ടപ്പെടുന്നവരല്ല. മതസൗഹാർദം എന്നും നിലനിൽക്കണം. അതിനനുസൃതമായ പ്രവർത്തനങ്ങളാണുണ്ടാകേണ്ടത്.
വർഗീയ കക്ഷികളുമായി ചിലർ ഡീൽ ഉറപ്പിച്ചതായി ആരോപണം ഉയർന്നിട്ടുണ്ടല്ലോ ?
ഏതെങ്കിലും കക്ഷി മതേതരത്വത്തിന് നിരക്കാത്ത പാർട്ടികളുമായി ഡീലുണ്ടാക്കിയിട്ടുണ്ടോ എന്ന് അറിയില്ല. അതേക്കുറിച്ച് ഞാൻ ആഴത്തിൽ ചിന്തിച്ചിട്ടില്ല. ഉണ്ടെന്നുപറയുന്നവർ രേഖകൾ നിരത്തുന്നുണ്ട്. ആർ.എസ്.എസ് സൈദ്ധാന്തികൻ ബാലശങ്കറിെൻറ പ്രസ്താവനയും വന്നു. അപ്പോൾ ഡീൽ ഇല്ലെന്നു പറയുന്നവർക്ക് അക്കാര്യം സമർഥിക്കാനും ബാധ്യസ്ഥരാണ്.
രാജ്യത്ത് ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിലാകുേമ്പാൾ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ അകറ്റാനുള്ള ശ്രമങ്ങളെ എങ്ങനെ കാണുന്നു ?
ക്രിസ്ത്യൻ വിഭാഗത്തെയും മുസ്ലിം വിഭാഗത്തെയും അകറ്റിയാലേ ഫാഷിസ്റ്റുകൾക്ക് അവരുടെ അജണ്ട നടപ്പാക്കാൻ കഴിയൂ. വത്തിക്കാനിലെ മാർപാപ്പ കുറച്ചു ദിവസങ്ങൾക്കുമുമ്പ് ഇറാഖിൽ പോയത് ശ്രദ്ധേയമാണ്. മുസ്ലിംകൾ അധിവസിക്കുന്ന രാജ്യത്തേക്കുള്ള േപാപ്പിെൻറ യാത്ര ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. മുസ്ലിംകൾ ശത്രുക്കളല്ല എന്ന സന്ദേശമാണ് അതിൽ പ്രധാനം. എല്ലാ മതവിഭാഗങ്ങളിലും തീവ്രപക്ഷമുണ്ട്. മതത്തിെൻറ യഥാർഥചൈതന്യം ഉൾക്കൊള്ളാത്തവരാണ് അവർ. ഭൂരിഭാഗം ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലിംകളും വർഗീയമായി ചിന്തിക്കുന്നവരല്ല. എന്നാൽ, മതങ്ങളിലെ ചില അനുയായികളിൽ അങ്ങനെ ചിന്തിക്കുന്നവരുണ്ടാകാം. പക്ഷേ, അത് മതങ്ങളുടെ സന്ദേശമല്ല. അങ്ങനെ ചിന്തിക്കുന്നവരുടെ ലക്ഷ്യമെന്താണെന്ന് അറിയില്ല. അതെന്തായാലും സമൂഹത്തിൽ നാശമാണുണ്ടാക്കുക.
മുസ്ലിം സംഘടനകൾ ഇത് ഗൗരവത്തിലെടുത്തിട്ടുണ്ടോ ?
സമാധാന അന്തരീക്ഷം തകർക്കാനുള്ള ചിലരുടെ ശ്രമങ്ങൾ മുസ്ലിം സംഘടനകൾ ഗൗരവത്തിലെടുത്തിട്ടുണ്ട്. മതസംഘടനകളല്ലാത്തവരും ഇത് ഗൗരവത്തിലെടുക്കേണ്ടതാണ്.
ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും അപകടകരം എന്ന ചില രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനയെ എങ്ങെന കാണുന്നു ?
ആ പ്രസ്താവന തെറ്റാണ്. ന്യൂനപക്ഷങ്ങളിലെ ഏതെങ്കിലും ചെറുവിഭാഗങ്ങൾ വർഗീയമായി ചിന്തിക്കുന്നുണ്ടെങ്കിൽ അത് ന്യൂനപക്ഷങ്ങളെ മുഴുവൻ മുദ്രകുത്തുന്ന രീതിയിൽ ആരോപിക്കാൻ പാടില്ല. ഭൂരിപക്ഷ സമുദായത്തിലും ചെറിയ ന്യൂനപക്ഷമാണ് വർഗീയ ചിന്താഗതിയുള്ളവർ. എല്ലാവരിലും അത് അടിച്ചേൽപിക്കുന്നതു ശരിയല്ല. മുസ്ലിംകളിൽ ഭൂരിഭാഗവും വർഗീയതക്കെതിരാണ്. ആരെങ്കിലും അങ്ങനെ ചിന്തിക്കുന്നവരുണ്ടെങ്കിൽ അത് വേർതിരിച്ചുതന്നെ പറയണം. അല്ലാതെ, മുസ്ലിംകളിൽ മൊത്തമായി മുദ്രകുത്തരുത്. പ്രത്യേക വിഭാഗത്തിനുമേൽ അെമ്പയ്യുന്നത് ശരിയല്ല.
കഴിഞ്ഞ സംസ്ഥാന ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു ?
ജനങ്ങൾക്കുമുന്നിൽ പ്രകടന പത്രിക സമർപ്പിച്ചാണല്ലോ ഓരോ സർക്കാറും പ്രവർത്തിക്കുന്നത്. അഞ്ചുവർഷം അവരുടെ പരിധിയിൽനിന്ന് ചെയ്യാൻ പറ്റുന്നത് ചെയ്യും. വാഗ്ദാനങ്ങൾ പൂർത്തിയാക്കിയോ എന്ന് ജനങ്ങളാണ് വിലയിരുത്തേണ്ടത്.
ന്യൂനപക്ഷങ്ങൾക്ക് അർഹതപ്പെട്ടത് ലഭിച്ചു എന്നു കരുതുന്നുണ്ടോ ?
ന്യൂനപക്ഷങ്ങൾക്ക് അർഹതപ്പെട്ടത് എത്രയോ കിട്ടാനുണ്ട്. ഇരു മുന്നണികളും ഇക്കാര്യത്തിൽ ബദ്ധശ്രദ്ധരാകണം. ഭൂരിപക്ഷത്തിന് പ്രയാസങ്ങളില്ലാത്തവിധംതന്നെ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. സാമ്പത്തികസംവരണമാകാം. പക്ഷേ, അത് ന്യൂനപക്ഷത്തിെൻറ അവകാശങ്ങൾ ഹനിച്ചുകൊണ്ടാവരുത്. ഇത് നേരത്തേ ഞങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
ഇത്തവണ സമസ്തയുടെ പിന്തുണ ആർക്കായിരിക്കും ?
തെരഞ്ഞെടുപ്പിൽ സമസ്ത അങ്ങനെയൊരു നിലപാട് സ്വീകരിക്കാറില്ല. സ്ഥാനാർഥി നിർണയങ്ങളിലൊന്നും ഇടപെടാറുമില്ല.
മുസ്ലിംലീഗ് വനിത സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിനെ എങ്ങനെ കാണുന്നു ?
പേരിൽ മുസ്ലിം എന്നുണ്ടെങ്കിലും മതേതര രാഷ്ട്രീയപാർട്ടിയാണ് മുസ്ലിംലീഗ്. ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിൽ ഊന്നിയുള്ള ഭരണഘടനയാണ് ലീഗിനുള്ളതെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. രാഷ്ട്രത്തിെൻറ ഉദ്ധാരണത്തിനാണ് അവരുടെ പ്രവർത്തനം. അവർക്ക് അവരുടേതായ രാഷ്ട്രീയ കാഴ്ചപ്പാടുകളും തീരുമാനങ്ങളുമുണ്ടാകും. സംവരണ സീറ്റല്ലെങ്കിലും ചില നിർബന്ധിത സാഹചര്യങ്ങളിൽ വനിത സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ അതിേൻറതായ പ്രയാസങ്ങൾ അവർക്കുണ്ടാകാം. അത് ഒരു കുറ്റമായി കാണേണ്ടതില്ല.
സമുദായത്തിന് നൽകാനുള്ള സേന്ദശം ?
രാജ്യത്തിെൻറ നന്മക്കുവേണ്ടിയും ക്ഷേമത്തിനു വേണ്ടിയും വർഗീയ, തീവ്രവാദ പ്രവർത്തനങ്ങളെ പൂർണമായും നിർമാർജനം ചെയ്യുന്നതിനുമായുള്ള ഭരണസംവിധാനമുണ്ടാകുന്നതിൽ പങ്കാളികളാവുക.
പൊതുസമൂഹത്തോട് പറയാനുള്ളത് ?
ഇതുതന്നെയാണ് അവരോടും പറയാനുള്ളത്. നന്മക്ക് വിഘാതം സൃഷ്ടിക്കാതിരിക്കുക. പരസ്പര വൈരവും വിദ്വേഷവും വെടിഞ്ഞ് നല്ല നാളേക്കായി സമയവും ഊർജവും ചെലവഴിക്കുക. വാട്സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയുമൊന്നും വെറുപ്പിെൻറ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുക. മനുഷ്യൻ എന്ന വികാരം ഉൾക്കൊണ്ട് സമാധാനത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.