അറബി ഭാഷ: സ്വാധീനവും വളർച്ചയും
text_fieldsവൈവിധ്യങ്ങളാണ് ഇന്ത്യാ മഹാരാജ്യത്തെ സമ്പന്നമാക്കുന്നത്. വിദേശ ഭാഷകളെ സ്വീകരിക്കാനും പുതിയ ഭാഷകൾക്ക് ജന്മം നൽകാനുമായി എന്നതും നമ്മുടെ നാടിന്റെ സൗന്ദര്യമാണ്. നാനാത്വത്തിൽ ഏകത്വമാണ് നമ്മുടെ പൈതൃകം. വിദേശീയരെ സ്വീകരിച്ച മണ്ണ്, വിവിധ സംസ്കാരങ്ങൾ ഏറ്റുവാങ്ങിയ പാരമ്പര്യം, ഭാഷകൾ കൈമാറ്റം ചെയ്ത ദർശനങ്ങളെ അംഗീകരിച്ച വിശാലത.
ഇതെല്ലാം നമ്മുടെ രാജ്യത്തിന് മാത്രം അവകാശപ്പെട്ടതാണ്. 461 ഭാഷകളുടെ ജന്മഭൂമിയായ രാജ്യത്ത് വ്യാപാരാവശ്യാർഥം വന്ന അറബികൾ കൈമാറ്റം ചെയ്തതാണ് അറബി ഭാഷ. ആ ഭാഷക്കും സംസ്കാരത്തിനും ഇവിടെ ചെറുതല്ലാത്ത ഇടമുണ്ടായി. ഇന്ത്യക്കാരിൽ വലിയൊരു പങ്ക് തൊഴിൽ-വ്യാപാര ആവശ്യാർഥം അറേബ്യൻ രാജ്യങ്ങളുമായി ബന്ധം പുലർത്തുന്നതിനാൽ ഇവിടെ അറബി ഭാഷയുടെ പ്രാധാന്യം വർധിച്ചു. അറബി ഏറ്റവും പ്രചാരം നേടിയ ഇന്ത്യൻ സംസ്ഥാനം കേരളമാണ്.
കേരളത്തിൽ മാത്രം 59 ലക്ഷം ജനങ്ങൾ അറബി സാക്ഷരരായി ഉണ്ട്. അതുകൊണ്ടുതന്നെ അറബി സാഹിത്യ രംഗത്തും തൊഴിൽ മേഖലയിലും അനന്തമായ സാധ്യതകളും മലയാളിക്ക് കൈവന്നു. കേരളത്തിലെ മുസ്‍ലിംകളെ പൊതുവിദ്യാഭ്യാസത്തോട് ചേർത്തുനിർത്തുന്നതിലും അവർക്ക് വിദ്യാഭ്യാസത്തോട് ആഭിമുഖ്യം വളർത്തി സാമൂഹികമായും സാംസ്കാരികമായും ശാക്തീകരിക്കുന്നതിലും അറബി ഭാഷ അനൽപമായ പങ്കുവഹിച്ചു.
ഭാഷാസാഹിത്യ വിവർത്തന മേഖലകളിൽ ഗണ്യമായ സംഭാവനകൾ ആണ് മലയാളികൾ അറബിഭാഷക്കും അറബി സാഹിത്യം മലയാളത്തിനും നൽകിയത്. നിരവധി ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട, അതീവ സ്വീകാര്യത ലഭിച്ച ഗ്രന്ഥമാണ് മലയാളിയായ അറബി ഭാഷ പണ്ഡിതൻ സൈനുദ്ദീൻ മഖ്ദൂം രചിച്ച തുഹ്ഫത്തുൽ മുജാഹിദീൻ. കേരളത്തിലെ എല്ലാ യൂനിവേഴ്സിറ്റികളിലും കേരളത്തിനു പുറത്ത് 20ലേറെ പ്രമുഖ യൂനിവേഴ്സിറ്റികളിലും വിദേശരാജ്യങ്ങളിൽ സ്റ്റൈപ്പന്റോടുകൂടിയും അറബി പഠനത്തിന് അവസരമുണ്ട്.
അറബിയിൽ വ്യുൽപത്തി നേടുന്നവർക്ക് വാർത്താമാധ്യമങ്ങൾ, എംബസികൾ, ഐ.ടി മേഖല, യൂനിവേഴ്സിറ്റി ലൈബ്രറികൾ, ആതുരാലയങ്ങൾ, വിവിധ ഐക്യരാഷ്ട്ര സഭ ഏജൻസികൾ എന്നിവിടങ്ങളിലെല്ലാം തൊഴിൽ സാധ്യതകളുമുണ്ട്. അറബി ഭാഷാ സാഹിത്യപഠനം വ്യാപകമാക്കാൻ ആധുനിക സംവിധാനങ്ങളോടുകൂടി കൂടുതൽ പഠന പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കാനും നിലവിലുള്ളവയെ പരിപോഷിപ്പിക്കാനുമുള്ള സർക്കാർതല നീക്കങ്ങളാണ് ഇനി ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.