രാഷ്ട്രീയ പ്രക്രിയയുടെ പന്തുരുണ്ടു തുടങ്ങി
text_fieldsപവാറിെൻറ വസതിയിൽ താങ്കൾ അടക്കം പെങ്കടുത്ത യോഗത്തിലേക്ക് കാര്യങ്ങളെത്തിയത് എങ്ങനെയാണ്?
2024 എല്ലാ നിലക്കും ഇന്ത്യക്ക് നിർണായകമാണ്. മോദിയും സംഘ്പരിവാറും പ്രതിനിധാനം ചെയ്യുന്ന ആശയങ്ങൾ ഇന്ത്യയെ ഇന്ത്യയല്ലാതാക്കുകയാണ്. ഇതു വരാനിരിക്കുന്ന വലിയ ആപത്തിെൻറ ആമുഖമാണെന്ന് ജനങ്ങൾക്കറിയാം. അവർ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനൊരു മാധ്യമം വേണം. ബി.ജെ.പിയും കൂട്ടാളികളും പ്രചരിപ്പിക്കുന്നപോലെ 'മോദിയെ ആർക്കും തടയാനാകില്ല' എന്ന ധാരണ തെറ്റാണെന്നാണ് കേരളം, തമിഴ്നാട്, ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുകളുെട പാഠം. എല്ലായിടത്തും ഒരേ കക്ഷികളല്ല മത്സരിച്ചത്. പക്ഷേ, ഒത്തുചേർന്നാൽ വർഗീയ ശക്തിയെ പിടിച്ചുകെട്ടാൻ പറ്റുെമന്നതാണ് അടിയൊഴുക്ക്. 2022ൽ ഉത്തർപ്രദേശിലുൾപ്പെടെ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്കും പ്രാധാന്യമുണ്ട്. തൊട്ടു പിന്നാലെ രണ്ടു വർഷം കഴിഞ്ഞ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പ് നടക്കും. ഇന്ത്യയുടെ ഭാവി സംബന്ധിച്ച് ഏറ്റവും നിർണായകമായ തെരഞ്ഞെടുപ്പായിരിക്കുമത്. എങ്കിലും യോജിച്ച ഒരു പ്രതിപക്ഷ നിര ഇപ്പോഴില്ല. പല ഘടകങ്ങളും ഒത്തുവന്നാലേ അതുണ്ടാകൂ. ഒരുപാട് ആശയവൈജാത്യങ്ങളും അഭിപ്രായ ഭിന്നതകളുമുണ്ടെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികൾ ഇൗ പോരാട്ടത്തിനുണ്ടാകും. അഭിപ്രായ വ്യത്യാസങ്ങൾ മാറിയിട്ടല്ല പൊതുലക്ഷ്യത്തിനു വേണ്ടി ഒന്നിക്കേണ്ടത്. അഭിപ്രായ വ്യത്യാസങ്ങൾക്കൊപ്പം മുഖ്യശത്രുവിനെ കുറിച്ചുള്ള വ്യക്തതയുണ്ടാകണം. അതുകൊണ്ടാണ് മതേതര ജനാധിപത്യ ഇടതു ശക്തികളുടെ വിശാലമായ ഒരു പ്ലാറ്റ്ഫോം വേണമെന്ന് ഈ അപകട പ്രവണതയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ 2015ൽ തന്നെ സി.പി.െഎ പറഞ്ഞത്.
2018ലുണ്ടാക്കിയ പൊതുവേദിയായ 'രാഷ്ട്ര മഞ്ചി'െൻറ പേരിൽ ഇത്തരമൊരു യോഗം വിളിച്ചത് എന്തുകൊണ്ടാണ്?
ഇന്ത്യ എന്ന ആശയത്തിനായി നിലകൊള്ളുന്ന സമാനമനസ്കരായ ആളുകൾ േചർന്നുണ്ടാക്കിയതാണ് രാഷ്ട്രമഞ്ച് എന്ന് അതിെൻറ സംഘാടകർ പറയുന്നു. അതിൽ രാഷ്ട്രീയ പ്രവർത്തകരുമുണ്ടാകാമെങ്കിലും അടിസ്ഥാനപരമായി അതൊരു രാഷ്ട്രീയ പ്ലാറ്റ്ഫോം ആയിരുന്നില്ല. സാമ്പത്തിക വിദഗ്ധരും അധ്യാപകരും കലാകാരന്മാരും അക്കാദമിക് പണ്ഡിതരും ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും അടക്കം രാജ്യത്തെ കുറിച്ച് ആകുലതയുള്ള പൗരന്മാരുടെ ഒരു കൂട്ടായ്മ എന്നാണവർ അതിനെ വിശേഷിപ്പിച്ചത്. സി.പി.െഎ അന്നും ഇന്നും രാഷ്്ട്രമഞ്ചിെൻറ ഭാഗമല്ല. നിരീക്ഷകർ എന്ന നിലയിലാണ് സി.പി.െഎ ആ യോഗത്തിൽ പെങ്കടുത്തത്. ഇക്കാര്യം ഞാൻ യോഗത്തിലും പറഞ്ഞു. 'രാഷ്ട്രമഞ്ചി'ലുള്ളവർ പ്രകടിപ്പിച്ച വീക്ഷണങ്ങൾ ഞങ്ങളും പങ്കുവെക്കുന്നതുകൊണ്ടാണ് വന്നത് എന്നാണ് ഞാൻ പറഞ്ഞത്. സ്തംഭിച്ചു നിൽക്കാതെ മുന്നോട്ടുപോകേണ്ട സമയമാണിത്. രാഷ്ട്രമഞ്ച് മാത്രമല്ല, അതുപോലുള്ളവ പലരും മുൻകൈ എടുത്ത് പലയിടത്തും ഉണ്ടായിവന്നേക്കാം. അവരെല്ലാം എല്ലാം തികഞ്ഞവരാകണമെന്നില്ല. എല്ലാവരും ആത്മാർഥമായി നിന്നുകൊള്ളണമെന്നുമില്ല. അതിനകത്തും മോദിയുടെ ആളുകളുമുണ്ടാകാം. അതെല്ലാം പ്രതീക്ഷിക്കാം. എങ്കിലും രാജ്യം മാറ്റം തേടുന്നു. ഭൂരിഭാഗം ജനങ്ങൾക്കും ജീവിതം വഴിമുട്ടിയിരിക്കുന്നു. സർക്കാർ അദാനിക്കും അംബാനിക്കുമൊപ്പമാണ്. ഈ ചങ്ങാതി മുതലാളിമാരുടെ വികസനമാണ് അവരുടെ ലക്ഷ്യം. ജനങ്ങളും അവരുടെ ജീവിതവ്യവസ്ഥകളും തകർന്ന കോവിഡ് കാലത്തുപോലും കുത്തകകൾക്ക് നേട്ടമുണ്ടായി. ഏറ്റവും പാവങ്ങളാണ് ഏറ്റവും ദുരിതം പേറുന്നത്. അവർക്ക് മുകളിലുള്ളവരും ഞെരുക്കത്തിലാണ്. അതിസമ്പന്നർ മാത്രമാണ് രക്ഷപ്പെട്ടത്. ഇൗ പ്രതിസന്ധി മറികടക്കാൻ എല്ലാവരെയും ഒരുമിച്ചുകൂട്ടിയുള്ള നീക്കമാണ് വേണ്ടത്. വാക്സിനിൽപോലും സർക്കാറിന് ഒരു നയമില്ല. രണ്ടു ഡോസ് വാക്സിൻ എടുത്തത് വെറും 3.6 ശതമാനം ജനങ്ങളാണ്.
? പവാറിെൻറ വസതിയിലെ യോഗം എന്തു ഫലമാണുണ്ടാക്കിയത്?
ഒരു ആശയവിനിമയ വേദിയുണ്ടായി. അത് നിശ്ചലാവസ്ഥയിലല്ല. കലഹങ്ങളോ ബഹളങ്ങേളാ അല്ലാതെ എന്തെങ്കിലും നടക്കണം. അർഥവത്തായ ഒരു രാഷ്ട്രീയ പ്രക്രിയ ആരംഭിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ഇൗ പൂച്ചക്ക് ആര് മണികെട്ടുമെന്ന ചോദ്യം മുഖ്യമല്ല. ഏറ്റവും ആത്മാർഥമായി ലാഭചേതങ്ങൾ നോക്കാതെ തങ്ങളുണ്ടാകും എന്ന് ഇടതുപക്ഷത്തെ കുറിച്ചും സി.പി.െഎയെ കുറിച്ചും എനിക്ക് പറയാൻ കഴിയും. ഇടതുപക്ഷം ഇന്ത്യൻ രാഷ്്ട്രീയത്തിൽ ചെറുതായിരിക്കാം. എന്നാൽ, ഇൗ സമരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ളതാണ് ഇടതുപക്ഷത്തിെൻറ മഹത്ത്വം. താരതമ്യേന ശക്തിയുള്ള സ്ഥലത്തും ഏറ്റവും ദുർബലമായ സ്ഥലത്തും ഞങ്ങളുണ്ട് ഇൗ സമരത്തിൽ. ജീവൻ പോയാലും ഞങ്ങൾ ഫാഷിസത്തെ ചെറുക്കും. അതാണ് ഞങ്ങളുടെ വിശ്വാസ്യത. ആർ.എസ്.എസ് പ്രതിനിധാനം ചെയ്യുന്ന വിപത്തിെൻറ ആശയത്തെയും രാഷ്ട്രീയത്തെയും തടയാനും തോൽപിക്കാനും നിൽക്കുന്നവർക്കെല്ലാം ഇടമുള്ള ഒരു പൊതുവേദിയാണ് ഇന്നത്തെ ഇന്ത്യയുടെ ആവശ്യം. ആ പ്ലാറ്റ്ഫോമിലേക്കുള്ള യാത്രയിൽ ഉണ്ടാകാനിടയുള്ള പലതരം ചുവടുവെപ്പുകളുടെയും ഭാഗമായുള്ള ഒരു നീക്കമായാണ് ഞങ്ങളിതിനെ കാണുന്നത്.
? രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയെ കൂട്ടാതെയായിരുന്നു പവാറിെൻറ വസതിയിലെ യോഗം. അവരെ കൂട്ടാതെ
ഇൗ നീക്കം സാധ്യമാണോ?
ഇൗ ചർച്ച യോഗത്തിലുമുണ്ടായി. മനീഷ് തിവാരി, കെ.സി. സിങ്, ശത്രുഘ്നൻ സിൻഹ എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പേര് എടുത്തുപറഞ്ഞ് അവരും രാഷ്്ട്രമഞ്ചിെൻറ ഭാഗമാണെന്ന മറുപടിയാണ് കൺവീനർ യശ്വന്ത് സിൻഹ നൽകിയത്. അവർ മഞ്ചിെൻറ ഭാരവാഹികളാണെന്നും സിൻഹ പറഞ്ഞപ്പോൾ മനീഷ് തിവാരി ഉള്ളതുകൊണ്ട് കോൺഗ്രസ് ആകുമോ എന്ന ചോദ്യവുമുണ്ടായി. കോൺഗ്രസിെൻറ വിമർശകനാണെങ്കിലും അതിനോടുള്ള മഞ്ചിെൻറ സമീപനമറിയാനുള്ള ജിജ്ഞാസയുെണ്ടന്ന് ഞാൻ പറഞ്ഞു. ഇതുപോലൊരു കൂട്ടായ്മയിൽ കോൺഗ്രസിനെ പുറത്തുനിർത്താനാകില്ല എന്നായിരുന്നു പവാറിെൻറ മറുപടി. കോൺഗ്രസുമായി ബന്ധപ്പെടും എന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിന് വ്യക്തത വരണം. പഴയ കോൺഗ്രസിെൻറ നിഴൽപോലും ബാക്കിയിെല്ലങ്കിലും ഇന്ത്യയിലെല്ലായിടത്തും സാന്നിധ്യമുള്ള ഒരേയൊരു പാർട്ടിയാണത്. എന്നാൽ, അതിെൻറ കടമകളറിയാത്ത കളിയാണ് കോൺഗ്രസ് കളിക്കുന്നത്. അതുകൊണ്ടാണ് കേരളത്തിലെ കോൺഗ്രസിെൻറ മുഖ്യശത്രുവായി കമ്യൂണിസ്റ്റുകളെ അവർ കാണുന്നത്. കോൺഗ്രസ് ഇല്ലാതാകണമെന്നല്ല അതിെൻറ ഗാന്ധി ^ നെഹ്റു മൂല്യങ്ങളെ തിരിച്ചുപിടിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
? പവാറിെൻറ പവർ പൊളിറ്റിക്സ് രാഷ്ട്രമഞ്ചുമായി ഒത്തുപോകുന്നത് ഏതു പോയൻറിലാണ്?
മഞ്ച് എന്നൊക്കെ പറഞ്ഞാലും 2024ൽ സംഭവിക്കാൻ പോകുന്നത് രാഷ്ട്രീയമാണ്. ആശയവിനിമയ േവദികൾ ഒരു കളെമാരുക്കലാണ്. ആത്യന്തികമായി ജനങ്ങളുടെ വോട്ടാണ് ജയപരാജയങ്ങൾ തീരുമാനിക്കുന്നത്. അത് രാഷ്ട്രീയം തന്നെയാണ്. അതിനാൽ, രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ എല്ലാ പാർട്ടികൾക്കും അവരുടെ പങ്കുവഹിക്കാനുണ്ട്. ആ റോൾ വഹിക്കാൻ എല്ലാവരും സജ്ജമാകണം. ആ ചിന്ത ഉണ്ടാകാനും രാഷ്ട്രീയ പാർട്ടികളെ ചിന്തിപ്പിക്കാനും ഇത്തരം ചർച്ചകളും ബുദ്ധിജീവികളുടെ ഇടപെടലുകളും ആശയവിനിമയവും ഒക്കെ സഹായിക്കും. തങ്ങൾ മാത്രമാണ് ശരി എന്നു ചിന്തിക്കുന്നവരുണ്ടാകാം. അവർക്ക് ഉള്ളിലേക്ക് നോക്കാനും മാറിചിന്തിക്കാനും ഇത്തരം ഇടെപടലുകൾ സഹായിക്കും.
? ഇൗ ലക്ഷ്യത്തിനായി കൂടുതൽ പാർട്ടികളെയും വ്യക്തികളെയും സമീപിക്കുമോ?
അത് ഞാനല്ലല്ലോ പറയേണ്ടത്. രാഷ്ട്രമഞ്ചിെൻറ നിലപാട് പറയുന്നവരല്ലേ പറയേണ്ടത്. ബി.ജെ.പിയുടെ തള്ളിക്കയറ്റത്തെ ഇനിയും മുന്നോട്ടുപോകാൻ സമ്മതിക്കാൻ പാടില്ല. ആർ.എസ്.എസിനെ ഇന്ത്യ ഏൽപിച്ചുകൊടുക്കാൻ പാടില്ല. കിരാതമായ ഭരണത്തിൽനിന്നും ഇന്ത്യയെ മോചിപ്പിക്കണം എന്നു ചിന്തിക്കാൻ എല്ലാവർക്കും കഴിയുന്ന ഒരു അന്തരീക്ഷം ഒരുക്കിയെടുക്കണം. അതു നിസ്സാരമല്ല. ഒരു മഞ്ച് കൊണ്ട് എല്ലാമാവില്ല. അതോടൊപ്പം ഒരുപാട് പ്രാദേശിക ഘടകങ്ങളും അനുകൂലമായുണ്ട്. ഇന്ത്യൻ രാഷ്ട്രീയം പഴയതുപോലെയല്ല. ഒരു ഭരണ പാർട്ടിയും ഒരു പ്രതിപക്ഷ പാർട്ടിയും എന്ന കാലം പോയി. എല്ലാ സംസ്ഥാനങ്ങളിലും രാഷ്ട്രീയ കക്ഷികളുടെ സ്വഭാവം വ്യത്യസ്തമാണ്. പ്രാദേശിക കക്ഷികളുടെ പങ്ക് വലുതാണ്. അതൊക്കെ അവഗണിച്ച് ഒരു മാറ്റം ഇന്ത്യയിൽ ഇനിയില്ല. ഏതു ദേശീയ പാർട്ടിക്കാണ് തമിഴ്നാട്ടിലും ആന്ധ്രയിലും തെലങ്കാനയിലും മേൽക്കൈ ഉള്ളത്? ഇന്ത്യ മാറിയിരിക്കുന്നു. അതിൽ നെഗറ്റിവ് ഘടകങ്ങൾ ഒരുപാടുണ്ടായേക്കാം. ചിലപ്പോൾ കൂടുംബവാഴ്ചയായിരിക്കാം. അഴിമതി ആരോപണങ്ങളുണ്ടാകാം. അതെല്ലാം ചേർന്നതാണ് ഇന്ത്യൻ രാഷ്ട്രീയം. ആ രാഷ്ട്രീയത്തിൽ എല്ലാവർക്കും പങ്കുവഹിക്കാനുണ്ട് എന്ന് മനസ്സിലാക്കിയാലേ മഹാവിപത്തിെന പിടിച്ചുകെട്ടാൻ പറ്റുകയുള്ളൂ. അല്ലെങ്കിൽ ഇന്ത്യ മരിക്കും. ഇന്ത്യ മരിച്ചാൽ പിന്നെയാര് ജീവിക്കും? ഇത് നെഹ്റുവിെൻറ ചോദ്യമാണ്. ഇന്ത്യ ജീവിക്കണമെങ്കിൽ ഭരണഘടനാ മൂല്യങ്ങൾ ജീവിക്കണം. സർവോപരി മേതതരത്വവും ജീവിക്കണം. അതാണ് വിഷയത്തിെൻറ മർമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.