'വട്ടത്തൊപ്പിക്കാരെ പുറത്താക്കുക'
text_fieldsപഴശ്ശിരാജയുടെ നീക്കങ്ങൾക്ക് കൈമെയ് മറന്ന് പിന്തുണ നൽകിയ വയനാട്ടിലെ കുറിച്യ, കുറുമ്പ ആദിവാസി വിഭാഗങ്ങൾക്ക് നേരെ ബ്രിട്ടീഷുകാർ കടുത്ത പ്രതികാര നടപടികളാണ് സ്വീകരിച്ചത്. പഴശ്ശി കലാപം അടിച്ചമർത്തിയതിന് പിന്നാലെ കുറിച്യ-കുറുമ്പ വിഭാഗക്കാരുടെ കൈവശമുണ്ടായിരുന്ന ചെറിയ ഭൂമികളെല്ലാം വെള്ളപ്പട്ടാളം പിടിച്ചെടുത്തു. കാടു കത്തിച്ച് കൃഷിഭൂമി ഒരുക്കുന്ന വെട്ടിച്ചുട്ടു കൃഷി എന്ന പരമ്പരാഗത രീതിക്ക് വിലക്കേർപ്പെടുത്തി. കാർഷിക ഉൽപന്നങ്ങളായി ഒടുക്കിപ്പോന്ന നികുതി, പണമായി നൽകാൻ ആവശ്യപ്പെട്ടുവെന്ന് മാത്രമല്ല, വീഴ്ച വരുത്തുന്നവരെ ബലമായി പിടിച്ചുകൊണ്ടുപോയി അടിമവേലയും ചെയ്യിച്ചു.
അതിക്രമങ്ങൾ സഹിക്കവയ്യാതെ 1812 മാർച്ച് 25ന് മല്ലൂരിൽ കുറിച്യർ ആലോചനയോഗം നടത്തി. ഇതിനു നേരെയും പൊലീസ് അക്രമമുണ്ടായതോടെയാണ് 'വട്ടത്തൊപ്പിക്കാരെ നാട്ടിൽനിന്ന് പുറത്താക്കുക' എന്ന മുദ്രാവാക്യമുയർത്തി രാമനമ്പിയുടെ (രാമ മൂപ്പൻ) നേതൃത്വത്തിൽ കുറിച്യ കലാപത്തിന് തുടക്കമാവുന്നത്. പ്ലാക്ക ചന്തു, ആയിരവീട്ടിൽ കോന്തപ്പൻ, മാസിലോട്ടാടൻ യാമു, വെൺകലോൻ കേളു തുടങ്ങിയവരായിരുന്നു മറ്റു നേതാക്കൾ.
നികുതി പിരിവുകാരെ തടഞ്ഞ് ആരംഭിച്ച സമരം അതിവേഗം പടർന്നു. ചുരങ്ങൾ വഴിയുള്ള വാഹനങ്ങൾ തടഞ്ഞ സമരക്കാർ ഗതാഗതം തങ്ങളുടെ നിയന്ത്രണത്തിലാക്കി. പൊലീസ് സ്റ്റേഷനുകൾക്ക് നേരെയും അക്രമം നടത്തി. ഏലചുരത്തിൽവെച്ച് കമ്പനിപ്പട്ടാളത്തിന് കനത്ത പ്രഹരമേൽപ്പിച്ചു. 1812 മേയ് മാസത്തോടെ ശ്രീരംഗപട്ടണത്തുനിന്ന് കൂടുതൽ സൈന്യത്തെ എത്തിച്ച് ലഹള അടിച്ചമർത്തുകയായിരുന്നു. രാമ മൂപ്പനെ തലവെട്ടി കൊലപ്പെടുത്തിയപ്പോൾ വെൺകലോൻ കേളുവിനെ തൂക്കിലേറ്റി വെള്ളക്കാർ. വളരെ ചുരുങ്ങിയ കാലത്തേക്കാണെങ്കിലും ബ്രിട്ടീഷ് സംഘത്തെ വിറപ്പിച്ചുനിർത്താൻ കുറിച്യ പോരാളികൾക്ക് സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.