ചിലി ജനത ചിരിക്കുന്നു
text_fieldsപല നിലയിലും ലോകം ഉറ്റുനോക്കുന്ന ലാറ്റിനമേരിക്കൻ രാജ്യമാണ് ചിലി. നൂറ്റാണ്ടിെൻറ മഹാകവി പാബ്ലോ നെരൂദയുടെ നാട്. നൂറ്റാണ്ടുകൾ നീണ്ട വൈദേശിക അധിനിവേശത്തെ ചെറുത്തുനിന്നൊരു ദേശമാണത്. 1541 ൽ ചിലിയിൽ സ്പാനിഷ് അഭിനിവേശത്തിന് തുടക്കമായി. 1808 ൽ നെപ്പോളിയൻ സ്പെയിൻ കീഴടക്കിയതോടെ ലാറ്റിനമേരിക്കയിലെ സ്പാനിഷ് കോളനികൾ സ്വാതന്ത്യത്തിനായി സമരം തുടങ്ങി. അർജൈന്റൻ വിമോചകനായ ജോസ് സാൻ മാർട്ടിൻ, ചിലിയൻ നേതാവായ ബെർണാഡോ ഒ.ഹിഗിൻസുമായിരുന്നു സമരനായകർ. 1818 ഫെബ്രുവരി 12 ന് ചിലി സ്വതന്ത്രമായി. ഒ. ഹിഗിൻസ് ചിലിയുടെ ആദ്യ ഭരണാധികാരിയുമായി.
1970ൽ സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുകാരനുമായ സാൽവദോർ അലെൻഡെ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ലോകത്തെ ആദ്യത്തെ മാർക്സിസ്റ്റ് പ്രസിഡൻറായ അദ്ദേഹത്തിെൻറ ഭരണത്തിന് അധിക കാലം ആയുസ്സുണ്ടായിരുന്നില്ല. 1973 ൽ പട്ടാള അട്ടിമറിയിലൂടെ അലെൻഡെയെ പുറത്താക്കി അഗസ്റ്റോ പിനോഷെ അധികാരം പിടിച്ചെടുത്തു. തെക്കേ അമേരിക്കയിലെ ഏറ്റവും ക്രൂരനായ ഏകാധിപതിയെന്ന് കുപ്രസിദ്ധിയാർജിച്ച പിനോഷെ 1990 വരെ അധികാരത്തിൽ തുടരുകയും ചെയ്തു.
ഈ ഭരണകാലത്ത് മനുഷ്യാവകാശ ലംഘനങ്ങളും കൊടിയ മർദനങ്ങളും കൊലപാതകങ്ങളും കടുത്ത അഴിമതികളും പതിവായിരുന്നു.
തെക്കേ അമേരിക്കയിൽനിന്ന് കമ്യൂണിസത്തെ തുടച്ചുനീക്കാൻ അർജന്‍റീന, ബ്രസീൽ, പരാഗ്വെ, ബൊളീവിയ, ഉറുഗ്വായ് എന്നീ അയൽരാജ്യങ്ങളിലെ പട്ടാള ഭരണാധികാരികളുമായി ചേർന്ന് 1975 ൽ ഓപറേഷൻ കോൺടോർ എന്ന പദ്ധതി തന്നെ പിനോഷെ നടപ്പിലാക്കിയിരുന്നു.
സുരക്ഷ ഏജൻസികളെ ഉപയോഗിച്ച് ആയിരക്കണക്കിന് മാർക്സിസ്റ്റുകളെയും ഒളിപ്പോരാളികളെയും കൊന്നൊടുക്കുന്ന ഈ തന്ത്രത്തിന് അമേരിക്കയുടെ പൂർണ പിന്തുണയുമുണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച ചിലിയിൽ ജനാധിപത്യ മാർഗത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റുകളും വലതുപക്ഷ പാർട്ടികളും തമ്മിൽ കടുത്ത മത്സരമായിരുന്നു. രാജ്യത്തെ പിടിച്ചുകുലുക്കിയ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിൽ ഇടമുറപ്പിച്ച മുൻ ഇടത് വിദ്യാർഥി നേതാവ് ഗബ്രിയേൽ ബോറിക് ചിലിയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. രാജ്യ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറാണ് ഈ 35 കാരൻ. ഗബ്രിയേൽ ബോറികിെൻറ ഇടതുപാർട്ടി 56 വോട്ട് നേടിയപ്പോൾ എതിരാളിയായ വലതുപക്ഷ നേതാവ് ജോസ് ആേന്‍റാണിയാ കാസ്റ്റ് 44 ൽ ഒതുങ്ങി. പുതിയ ഭരണഘടന കോൺസ്റ്റിറ്റ്യുവന്‍റ് അസംബ്ലി രൂപവത്കരിച്ചശേഷം നവംബർ 21 ന് നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ കാസ്റ്റാണ് മുന്നിലെത്തിയത്. അദ്ദേഹം 27.94 വോട്ടുനേടി. സോഷ്യലിസ്റ്റ് പാർട്ടിയായ സോഷ്യൽ കൺവെർജൻസ് സ്ഥാനാർഥിയായ ബോറികിന് കാസ്റ്റിനേക്കാൾ രണ്ടു വോട്ട് അപ്പോൾ കുറവായിരുന്നു. എന്നാൽ, സെക്കൻഡ് റൗണ്ടിൽ ബോറികിന്‍റെ പാർട്ടി ബഹുദൂരം മുന്നിലെത്തുകയായിരുന്നു.
വോട്ടെടുപ്പ് പൂർത്തിയായി ഒന്നരമണിക്കൂറിനുള്ളിൽ തോൽവി സമ്മതിച്ച കാസ്റ്റ് പുതിയ പ്രസിഡന്‍റ് ബോറിക്കിന് അഭിനന്ദനം അറിയിച്ച് ട്വീറ്റും ചെയ്തു. നിലവിലെ പ്രസിഡന്‍റ് സെബാസ്റ്റ്യൻ പിനേരയുടെ പിൻഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്ന ആളാണ് കാസ്റ്റ്.
ചിലിയെ വേട്ടയാടുന്ന കടുത്ത അസമത്വങ്ങൾക്കും ദാരിദ്യ്രത്തിനുമെതിരെ പൊരുതുമെന്ന വാഗ്ദാനവുമായാണ് ബോറിക് ജനങ്ങളെ സമീപിച്ചത്. പിനേരയുടെ നവലിബറൽ നയങ്ങൾക്കെതിരെ തെരുവ് നിറഞ്ഞ സമരങ്ങളുമായാണ് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. തീവ്ര വലതുപക്ഷ പ്രസിഡന്‍റുമാരുടെ ഭരണത്തിനുകീഴിൽ അഴിമതിയിലും അസമത്വത്തിലും മുങ്ങിനിന്ന രാജ്യത്തിന്‍റെ മോചനത്തിനായുള്ള ചിലിയൻ ജനതയുടെ പ്രതിരോധവും ഇടതുപക്ഷ ജനകീയ പോരാട്ടങ്ങളുടെ ഫലപ്രാപ്തിയുമാണ് ഗബ്രിയേൽ ബോറികിെൻറ വിജയം.
സൗജന്യ സർവകലാശാല വിദ്യാഭ്യാസം ആവശ്യപ്പെട്ട് 2011 ൽ കാമ്പസുകൾ സ്തംഭിപ്പിച്ച് വിദ്യാർഥികൾ നടത്തിയ പ്രക്ഷോഭത്തിന്‍റെ മുഖമായിരുന്നു ഇദ്ദേഹം. പിന്നാലെ രണ്ടു തവണ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനം, വിദ്യാഭ്യാസത്തിനെടുത്ത കടങ്ങൾ എഴുതിത്തള്ളൽ, അതിസമ്പന്നർക്ക് കൂടുതൽ നികുതി ചുമത്തുക, സ്വകാര്യപെൻഷൻ പുനഃപരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആദ്യ സമര കാലങ്ങളിൽ അദ്ദേഹം ഉയർത്തിയിരുന്നത്.
2019 ലും '20 ലും അഴിമതിക്കും അസമത്വത്തിനുമെതിരെ രാജ്യത്ത് നടത്തിയ ജനകീയ പ്രക്ഷോഭങ്ങളിലും പൊതുഗതാഗത നിരക്ക് വർധനയെ തുടർന്ന് ആരംഭിച്ച പ്രതിഷേധത്തിലും നേതൃപരമായ പങ്കുവഹിച്ചു. അതായത്, രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ പ്രശ്നങ്ങളുടെ മുൻഗണനാക്രമം കൃത്യമായി ബോധ്യമുള്ള ഒരാളെയാണ് ചിലി ജനത സാരഥ്യമേൽപിച്ചിരിക്കുന്നത് എന്ന് ചുരുക്കം.
ഐക്യരാഷ്ട്രസഭയുടെ കണക്കു പ്രകാരം ഈ രാജ്യത്തിെന്‍റ 25 ശതമാനം സമ്പത്തും ഒരു ശതമാനം ആളുകൾ മാത്രം ൈകയടക്കിെവച്ചിരിക്കുകയാണ്. ഈ അസമത്വം തകർക്കുമെന്ന് ബോറിക് പ്രഖ്യാപിച്ചിട്ടുണ്ട്. ലിംഗസമത്വം കൈവരിക്കുന്നതിനും സാമ്പത്തിക അസമത്വം അവസാനിപ്പിക്കുന്നതിനും ശക്തമായി ഇടപെടൽ നടത്തുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
പിനോഷെ ഉണ്ടാക്കിയ ഭരണഘടന പൊളിച്ചെഴുതാൻ കഴിഞ്ഞ വർഷം രാജ്യത്തെ ജനങ്ങൾ വിധിയെഴുതിയിരുന്നു. ഇതിനു പിന്നാലെ അധികാരവും ഇടതുപക്ഷത്തിന് കൈവന്നിരിക്കുന്നു. പരോക്ഷമായി ചിലിയിലെ ഈ ഇടതുപക്ഷ വിജയം അമേരിക്കൻ സാമ്രാജ്യത്വത്തിനേറ്റ കടുത്ത പ്രഹരമാണെന്നതിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.