തകിടംമറിയുന്ന ജനാധിപത്യ സങ്കൽപം
text_fieldsഫാഷിസ്റ്റ് ഭരണകൂടങ്ങൾ വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങൾ ഒന്നുംതന്നെ ചര്‍ച്ചചെയ്യാറില്ല. അതിന്റെയൊക്കെ ഉത്തരവാദിത്തം അവർ പ്രതിപക്ഷത്തിന്റെയോ അതല്ലെങ്കിൽ വിദേശി കുടിയേറ്റക്കാരുടെയോ തലയിൽ ചാർത്തിക്കൊടുക്കും. ഫാഷിസം ഒരുതരം വികാരവിക്ഷോഭത്തിന്റെ മതമാണല്ലോ. അവരുടെ കൈവശം ഒന്നിനും സുചിന്തിതമായ പരിഹാരമാർഗങ്ങളില്ല
ജനാധിപത്യം ബഹുസ്വരതയെ കൈയേൽക്കുന്നു. വ്യത്യസ്ത അഭിപ്രായങ്ങൾക്കും ആശയങ്ങൾക്കും അത് തഴച്ചുവളരാൻ അവസരം നൽകുന്നു. വിഭിന്ന ആശയധാരകൾ സംഘടിക്കുന്നു. അവർക്ക് സ്വതന്ത്ര പ്രവര്‍ത്തനങ്ങൾക്ക് അവസരം കൈവരുന്നു.
ജനാധിപത്യം മൂല്യവത്താണെന്നു പറയുന്നത് ഈ വക കാരണങ്ങളാലാണ്. എന്നാൽ, ഈയിടെയായി ജനാധിപത്യസംവിധാനങ്ങളെ കളങ്കപ്പെടുത്തുന്ന, ഏകാധിപത്യ പ്രവണതകൾ തലപൊക്കുന്നതായി മിക്ക രാഷ്ട്രങ്ങളിലും പരാതികൾ ഉയരുന്നു.
പലപ്പോഴും, നേരത്തേ രാജ്യം തിരസ്കരിച്ച- ദ്രോഹജനകമായ ഫാഷിസ്റ്റ് ഭരണ സമ്പ്രദായങ്ങളിലേക്കുള്ള തിരിച്ചുപോക്കിനു നേതാക്കൾ തുനിയുന്നത് നിരീക്ഷകരെ നിരാശരാക്കുന്നു. എന്താണ് ജനാധിപത്യ രാഷ്ട്രങ്ങളെ അസ്വസ്ഥമാക്കുന്നത്? അവയുടെ ഭരണഘടനയുടെ പോരായ്മകൾകൊണ്ടാണോ?
ജർമനി, ഫ്രാൻസ് തുടങ്ങി ഒട്ടേറെ പാശ്ചാത്യ രാഷ്ട്രങ്ങളിൽ വലതുപക്ഷ തീവ്രവാദ സംഘടനകൾ ശക്തിയാർജിക്കുന്നതിന്റെ റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു, ലാറ്റിനമേരിക്കയിൽ ജനങ്ങൾ തെരഞ്ഞെടുത്ത ഭരണകൂടങ്ങളെ തോറ്റ വലതുപക്ഷ പാർട്ടികൾ കൈയൂക്കിനാലും സാമ്രാജ്യത്വ പിൻബലത്താലും അട്ടിമറിക്കാൻ ശ്രമിക്കുന്നു.
ഒരു രാജ്യത്തിന്റെ ഭരണസംവിധാനം നിഷ്പക്ഷ വിശകലനത്തിന് വിധേയമാക്കിയാൽ ജനതയെ അസ്വസ്ഥമാക്കുന്നതും അസന്തുലിതത്വത്തിന് കാരണമാകുന്നതുമായ വസ്തുതകൾ കണ്ടെത്താൻ സാധിക്കേണ്ടതാണ്.
അവയുടെ പോരായ്മകൾ ജനതയെ ‘നിഷേധാത്മക ആശയങ്ങൾ’ (nihilistic ideas) ക്കും തത്ത്വങ്ങൾക്കും വശംവദരാകാൻ പ്രേരണ നൽകുന്നവയാണെങ്കിൽ അവ പരിഹരിക്കാവുന്നതാണ്. എന്നാൽ, ഭരണഘടനയെയും രാജ്യതാൽപര്യങ്ങളെയും രാജ്യനേതൃത്വംതന്നെ ബലാൽക്കാരമായി ഉല്ലംഘിക്കുന്ന അവസ്ഥയാണെങ്കിൽ പരിഹാരമെന്താണ്?
ജനാധിപത്യഭരണത്തിൽ ഭൂരിപക്ഷത്തിന്റെ അധികാരം നിയമപ്രകാരമുള്ള വ്യവസ്ഥാപിത സംവിധാനങ്ങളാൽ നിയന്ത്രിതമാണ്. വ്യക്തിയുടെ-പ്രത്യേകിച്ചും ന്യൂനപക്ഷ അംഗങ്ങളുടെ- സംരക്ഷണവും സുരക്ഷയും സാധ്യമാകുന്നത് അതുകൊണ്ടാണ്.
ഇത്തരത്തിലെ ജനാധിപത്യസംവിധാനമാണ് ജർമനി, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ ഒട്ടനവധി രാജ്യങ്ങളിലേത്. ജനാധിപത്യത്തിൽ യഥാർഥ അധികാരം സമ്മതിദായകരായ പൗരജനങ്ങളുടെ കൈവശമാണ്. അതുകൊണ്ടുതന്നെയാണ് നാം ജനാധിപത്യം സ്വേച്ഛാധിപത്യത്തിന് വിരുദ്ധമാണെന്ന് വിവക്ഷിക്കുന്നത്.
ഭരിക്കുന്നത് ഭൂരിപക്ഷമാണെങ്കിലും വ്യക്തിയുടെയും ന്യൂനപക്ഷങ്ങളുടെയും സ്വാതന്ത്ര്യം അവിടെ സുരക്ഷിതമായിരിക്കണമെന്നു സാരം. മൗലികാവകാശ സംരക്ഷണം സുനിശ്ചിതമായതിനാൽ, വ്യക്തികൾക്ക് നിയമസംരക്ഷണം ലഭിക്കുന്നതു കാരണം പൗരജീവിതം ഭയാശങ്കകളില്ലാത്തതും സംതൃപ്തവുമാകുന്നു.
നിയമപരിരക്ഷയെന്നത് അധികാരിവർഗം സ്വന്തം ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ടതിനാൽ ന്യൂനപക്ഷ-ഭൂരിപക്ഷ സംഘർഷങ്ങൾക്കിവിടെ ഇടമില്ല. തെരഞ്ഞെടുക്കപ്പെട്ടവർ താന്തോന്നിത്തം നടപ്പാക്കുന്ന ഭരണത്തെ ‘ഭൂരിപക്ഷ ഭരണം’ എന്നല്ലാതെ ജനാധിപത്യം എന്നു വിശേഷിപ്പിക്കാൻ സാധ്യമല്ല.
വ്യക്തികളുടെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിലൂടെ അവരുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുന്നതിൽ ജനാധിപത്യം വിജയിക്കുന്നു. ലോകമെമ്പാടുമുള്ള ജനാധിപത്യ രാഷ്ട്രങ്ങളിൽ പൗരർ അനുഭവിക്കുന്ന അവകാശങ്ങളെക്കുറിച്ച രേഖകൾ ഐക്യരാഷ്ട്രസഭയുടെ ‘മനുഷ്യാവ കാശ പ്രഖ്യാപനം’, കുട്ടികളുടെ അവകാശത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭ നടത്തിയ കൺവെൻഷൻ റിപ്പോർട്ടുകൾ, മനുഷ്യാവകാശത്തെക്കുറിച്ച ആഫ്രിക്കൻ ചാർട്ടർ പ്രഖ്യാപനം എന്നിവ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
ഇവയിലെല്ലാം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായ അഭിപ്രായ പ്രകടനം നടത്തുന്നതിനും മനഃസാക്ഷിയനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനുമുള്ള അവകാശം പ്രത്യേകം എടുത്തുപറയുന്നു. ജനാധിപത്യത്തിന്റെ മൂല്യങ്ങൾ നിലനിർത്തുന്നതിനും പൗരാവകാശങ്ങൾ പ്രകാശിതമാകുന്നതിനും ഇവ കൂടിയേ തീരൂ. ജനാധിപത്യ ഭരണകൂടം വ്യക്തിപരമായ അവകാശ സംരക്ഷണത്തിനെന്നപോലെ അവരുടെ കുടുംബം, വിശ്വാസ-ആചാര-അനുഷ്ഠാന സംരക്ഷണം, നിയമ
വിധേയമായ സാമൂഹിക പ്രവര്‍ത്തനം എന്നിവക്കെല്ലാം സംരക്ഷണം നല്കുന്നു. യഥാർഥത്തിൽ സംസ്കൃതമായ പൗരവൃന്ദത്തിന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തിന്റെ കെട്ടുറപ്പിനാവശ്യമാണ്. ജനങ്ങൾക്കിടയിൽ തുല്യനീതി ഉറപ്പാക്കുന്ന നടപടിക്രമങ്ങളാണ് ജനാധിപത്യത്തെ ശ്രദ്ധേയമാക്കുന്നത്.
ലഭ്യമായ വിഭവങ്ങളും തൊഴിലും വിദ്യാഭ്യാസസൗകര്യങ്ങളും ആരോഗ്യപരിരക്ഷയും എല്ലാ പൗരർക്കും തുല്യമായി ലഭ്യമാക്കുകയെന്നത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. വർണവെറിയും വംശീയതയും ജാതിമത വിവേചനങ്ങളും അവരുടെ അവകാശധ്വംസനത്തിന് കാരണമാകാവുന്നതല്ല.
അനീതിക്കും അന്യായങ്ങൾക്കും നിവൃത്തിയും പ്രത്യുപായവും ചെയ്യുന്നതിലൂടെ ഭരണകൂടം ജനങ്ങളുടെ വിശ്വാസം ആർജിക്കേണ്ടതുണ്ട്. നിയമത്തിനു മുന്നിൽ ഭരണകർത്താക്കളും ഭരണീയരും തുല്യരാണെന്ന വസ്തുത കോടതിവിധികളിലൂടെ ബോധ്യപ്പെടുമ്പോൾ അത് ജനങ്ങളുടെ ആത്മവിശ്വാസവും രാജ്യസ്നേഹവും വർധിപ്പിക്കുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിര നേതാക്കളായ ഗാന്ധിജി, നെഹ്റു, അബുൽ കലാം ആസാദ്, ഡോ. അംബേദ്കർ തുടങ്ങിയവർ മതേതരമൂല്യങ്ങൾ ഉയര്‍ത്തിപ്പിടിച്ചവരാണ്. അതുകൊണ്ട്, ചിരകാലമായി നിലനിന്നിരുന്ന മതസ്പർധയും രക്തച്ചൊരിച്ചിലും ഇല്ലാതാക്കുന്നതിൽ ഒരു പരിധി വരെ അവർ വിജയിച്ചു.
ജവഹർലാൽ നെഹ്റു മതേതരത്വത്തിന്റെ വക്താവായിരുന്നു. എന്നാൽ, ഇന്ന് മതവർഗീയതയും ജാതിവ്യവസ്ഥയും തലപൊക്കുന്ന റിപ്പോർട്ടുകൾ നമ്മെ അസ്വസ്ഥരാക്കുന്നു. ഇത് രാഷ്ട്രത്തെ കാർന്നുതിന്നുകയാണ്, ഇതിനൊരു പരിഹാരം എളുപ്പമാണെന്നു തോന്നുന്നില്ല.
വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെ മനഃശാസ്ത്രം സാധാരണ മനുഷ്യരുടേതിൽനിന്നു വ്യത്യസ്തമാണെന്ന് നിരീക്ഷിക്കപ്പെടുന്നു. അവർ സ്വേച്ഛാധിപതികളായിരിക്കും. കുടുംബസദസ്സുകളിലും സാമൂഹിക കൂട്ടായ്മകളിലും അവരുടെ സാന്നിധ്യം എളുപ്പം തിരിച്ചറിയാനാവും. സ്വന്തം അഭിപ്രായങ്ങൾ ആണയിട്ട് അടിച്ചേൽപിക്കുന്ന അവർ എതിരഭിപ്രായങ്ങളെ ഭർത്സിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നു!
ഇവരുടെ അസഹിഷ്ണുതയും വിദ്വേഷ മനഃസ്ഥിതിയും മുൻവിധികളും മനഃശാസ്ത്രജ്ഞനും ദാർശനികനും രാഷ്ട്രീയ നിരീക്ഷകനുമായിരുന്ന തിയോഡോർ ഡബ്ല്യു. അഡോർണോ പഠനവിധേയമാക്കുകയുണ്ടായി. സ്വേച്ഛാധിപതികളുടെ ‘വംശീയ കേന്ദ്രീകൃത സ്വഭാവം’ (ethnocentrism) എന്നാണദ്ദേഹം ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്. അവരുടെ അഭിപ്രായത്തിൽ അവർ മാത്രമാണ് ശരി.
അവരുടെ വിശ്വാസം, മതം, രാജ്യം, ഭാഷ, സംസ്കാരം തുടങ്ങി എന്തെല്ലാമുണ്ടോ എല്ലാം പവിത്രമാണ്! മറ്റൊന്നിനെയും വിശാലമനസ്സോടെ കാണാനോ കേൾക്കാനോ അവർ സന്നദ്ധരല്ല! ഈ വംശീയ തീവ്രവാദമാണ് ഇന്ന് എല്ലാ ജനാധിപത്യ രാഷ്ട്രങ്ങളെയും കീഴടക്കിക്കൊണ്ടിരിക്കുന്നത്.
ഇതുതന്നെയാണ് രാഷ്ട്രീയ-ഭരണ നേതൃത്വത്തെ ഫാഷിസത്തിലേക്കു നയിക്കുന്നതും! സാങ്കേതികവിദ്യകൊണ്ട് ഇതിൽനിന്ന് മുക്തി നേടാനാവില്ല! മനുഷ്യൻ എന്ന് സാംസ്കാരികമായി പുരോഗതി നേടുമോ, അന്നു മാത്രമേ ഈ തീവ്രവാദം അവസാനിക്കുകയുള്ളൂ!
കഴിഞ്ഞ മാസം ജർമനിയിൽ ഏതാണ്ട് 3000 വരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ ചേര്‍ന്ന് 11 ഫെഡറൽ സംസ്ഥാനങ്ങളിലെ 130 കേന്ദ്രങ്ങളിൽ ഒരു മിന്നൽപരിശോധന നടത്തുകയുണ്ടായി. ഫാഷിസ്റ്റുകൾ അക്രമം അഴിച്ചുവിടുമെന്ന സൂചന ലഭിച്ചതിനെത്തുടർന്നായിരുന്നു ഈ പരിശോധന.
റെയ്ഷ് സിറ്റിസൺസ് Reichscitizens (Reichsbuerger) എന്നറിയപ്പെടുന്ന ഫാഷിസ്റ്റ് സംഘടന ഒരു സായുധ ഗ്രൂപ്പിന്റെ സഹായത്തോടെ പാർലമെൻറ് പിടിച്ചെടുക്കാനും ഒരു രാജകുമാരനെ ഭരണം ഏൽപിക്കാനുമുള്ള തന്ത്രങ്ങൾ മെനയുകയായിരുന്നത്രെ! അറസ്റ്റിലായ 22 പേർ ഭീകരസംഘടനയിൽ അംഗങ്ങളായ ജർമൻ പൗരന്മാരായിരുന്നു. മൂന്നു പേർ വിദേശികളും! ഫാഷിസ്റ്റുകൾ, സ്വന്തം താൽപര്യങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപിക്കാൻ വിദേശികളെപ്പോലും കൂട്ടുപിടിക്കുമെന്ന് സാരം!
യൂറോപ്യൻ നാണയങ്ങളായ യൂറോ, സ്റ്റർലിങ് എന്നിവയുടെ മൂല്യം തകര്‍ച്ചയിലാണ്. ഇവക്ക് ഡോളറിനോടും റൂബിളിനോടും മത്സരിച്ചുനില്‍ക്കാൻ സാധ്യമല്ല. പരിഹാരമാവാതെ നീളുന്ന യുക്രെയ്ൻ യുദ്ധം യൂറോപ്പിനെ ഊർജപ്രതിസന്ധിയിലെത്തിച്ചിരിക്കുന്നു.
ഈ കാരണങ്ങൾകൊണ്ട് വിലവര്‍ധനയും തൊഴിലില്ലായ്മയും കൂടുന്നു. ജീവിതച്ചെലവാകട്ടെ വർധിച്ചുവരുന്നു. ഇതെല്ലാം ഫാഷിസത്തിന് വളംവെക്കുന്ന കാര്യങ്ങളാണ്.
ഫാഷിസ്റ്റ് ഭരണകൂടങ്ങൾ വിലക്കയറ്റം, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ കാര്യങ്ങൾ ഒന്നുംതന്നെ ചര്‍ച്ചചെയ്യാറില്ല. അതിന്റെയൊക്കെ ഉത്തരവാദിത്തം അവർ പ്രതിപക്ഷത്തിന്റെയോ അതല്ലെങ്കിൽ വിദേശി കുടിയേറ്റക്കാരുടെയോ തലയിൽ ചാർത്തിക്കൊടുക്കും.
ഫാഷിസം ഒരുതരം വികാരവിക്ഷോഭത്തിന്റെ മതമാണല്ലോ. അവരുടെ കൈവശം ഒന്നിനും സുചിന്തിതമായ പരിഹാരമാർഗങ്ങളില്ല. ജനാധിപത്യം വിവേകപൂര്‍ണമായ ചർച്ചകൾക്ക് വഴിതുറക്കുമ്പോൾ, ഫാഷിസം വിവേകശൂന്യമായ ബലപ്രയോഗങ്ങൾക്ക് വേദിയൊരുക്കുന്നു!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.