Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്വകാര്യ...

സ്വകാര്യ ഭീമന്മാർക്കായി ഷോക്കടിപ്പിക്കുമ്പോൾ

text_fields
bookmark_border
സ്വകാര്യ ഭീമന്മാർക്കായി ഷോക്കടിപ്പിക്കുമ്പോൾ
cancel

വെടക്കാക്കി തനിക്കാക്കലാണ് രാജ്യത്തെ വൈദ്യുതി മേഖലയിൽ രണ്ടു പതിറ്റാണ്ടിലേറെയായി നടക്കുന്നത്. ഒരുവിധം നന്നായി നടന്നുപോകുന്ന, പൊതുമേഖലയുടെ നിയന്ത്രണത്തിലുള്ള ഈ രംഗം ലാഭക്കൊതിയന്മാരായ സ്വകാര്യഭീമന്മാരുടെ കൈകളിലെത്തിക്കലാണ് ആത്യന്തിക ലക്ഷ്യം. 2003ലെ വൈദ്യുതി നിയമം മുതൽ ആരംഭിച്ച നീക്കത്തിൽ ഇതിനകം കുറെയൊക്കെ വിജയിച്ചുവെന്ന് പറയാം. പാർലമെന്‍റിൽ ഇപ്പോൾ അവതരിപ്പിച്ച നിയമഭേദഗതികൂടി അംഗീകരിച്ച് പ്രാബല്യത്തിൽ വരുമ്പോൾ പൊതുമേഖല (നമ്മുടെ കെ.എസ്.ഇ.ബി അടക്കം) വൻ പ്രതിസന്ധിയിലാകും. ദൂരവ്യാപകമാകും പ്രത്യാഘാതം. സാധാരണക്കാരും പാവപ്പെട്ടവരുമായ വലിയൊരു വിഭാഗത്തിനെയും കൈത്താങ്ങ് വേണ്ട കർഷകരെയും ചെറുകിടക്കാരെയും ഗുരുതരമായി ബാധിക്കും.

വൈദ്യുതി ഉൽപാദനം നേരത്തേതന്നെ സ്വകാര്യ മേഖലക്ക് തുറന്നുകൊടുത്തിരുന്നു. പ്രസരണവും വിതരണവുംകൂടി സ്വകാര്യവത്കരിച്ചാലേ കുത്തകകൾക്ക് ലാഭം വരൂ. തോന്നിയ വിലക്ക് വിൽക്കാൻ അവകാശം ഉറപ്പിക്കാനാകൂ. അത് യാഥാർഥ്യമാക്കുന്നതാണ് നിയമഭേദഗതി. അറിഞ്ഞുതന്നെയാണ് കേന്ദ്ര സർക്കാറിന്‍റെ ഈ നീക്കമെന്നതിൽ അശേഷം സംശയമില്ല. ലാഭക്കൊയ്ത്ത് നടത്താൻ കുത്തകകൾ സജ്ജരായിക്കഴിഞ്ഞു. നിർദേശിച്ച എല്ലാ വ്യവസ്ഥകളും അവർക്ക് അനുകൂലമാണ്; കെ.എസ്.ഇ.ബി ഉൾപ്പെടെയുള്ള പൊതുമേഖലക്ക് വിരുദ്ധവും. നിയന്ത്രണം മാറ്റിയാൽ നിരക്ക് കുറയുമെന്നാണ് വാദം. നിയന്ത്രണം എടുത്തുകളഞ്ഞ പെട്രോൾ-ഡീസൽ നിരക്ക് അടക്കമുള്ളവയിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കുമറിയാം.

2003ലെ നിയമം മുതൽ ഈ മേഖലയിൽ സ്വകാര്യവത്കരണ ഭീഷണി മുഴങ്ങുന്നുണ്ട്. ഇതിന്‍റെ ആദ്യപടിയാണ് കമ്പനിവത്കരണം വന്നത്. കേരളത്തിൽ മൂന്നു ഭാഗകേന്ദ്രങ്ങളാക്കിയെങ്കിലും ഒറ്റക്കമ്പനിയായി പൊതുമേഖലയിൽതന്നെ നിലകൊണ്ടത് മാറിമാറിവന്ന സർക്കാറുകളുടെയും തൊഴിലാളികളുടെയും നിലപാടുകൊണ്ടുതന്നെയായിരുന്നു. കെ.എസ്.ഇ.ബിയുടെ അലകും പിടിയും ഇളക്കുന്നതാകും പുതിയ ബിൽ.

വിതരണ മേഖലയിൽ ഒരു നിയന്ത്രണവുമില്ലാതെ സ്വകാര്യ പങ്കാളിത്തം അനുവദിക്കുകയാണ് കേന്ദ്ര ഭേദഗതിയുടെ കാതൽ. തങ്ങൾക്ക് ഇഷ്ടമുള്ള കമ്പനിയിൽനിന്ന് വൈദ്യുതി വാങ്ങാൻ അവസരം ലഭിക്കും, വലിയ മത്സരം വരുന്നതിനാൽ സേവനം മെച്ചപ്പെടും, നിരക്ക് കുറയും എന്നൊക്കെയാണ് വിശദീകരണം. ബില്ലിലെ വ്യവസ്ഥകൾ പരിശോധിച്ചാൽ സംസ്ഥാനത്തിനുകൂടി നിയന്ത്രണമുള്ള കൺകറന്‍റ് ലിസ്റ്റിൽപെട്ട വൈദ്യുതി മേഖലയുടെ നിയന്ത്രണം പൂർണമായും കേന്ദ്രത്തിനാകുന്നുവെന്നാണ് സത്യം.

വിതരണം ഏതു രൂപത്തിൽ വേണമെന്നും താരിഫ് സംസ്ഥാന റെഗുലേറ്ററി കമീഷൻ എങ്ങനെ നിശ്ചയിക്കണമെന്നും റെഗുലേറ്ററി കമീഷൻ എങ്ങനെ പ്രവർത്തിക്കണമെന്നും അതിൽ ആരു വരണമെന്നും കേന്ദ്രം തീരുമാനിക്കും. കാര്യമായ മുതൽമുടക്കില്ലാതെ സ്വകാര്യ മേഖലക്ക് വിതരണമേഖലയിലേക്ക് വന്ന് ലാഭം കൊയ്യാം. നിലവിലെ പൊതുമേഖലയുടെ നിലയങ്ങളിലെ ഉൽപാദനവും വിതരണസംവിധാനവും അവർക്ക് ഉപയോഗപ്പെടുത്താം. നിയമപ്രകാരം സ്വകാര്യ മേഖലക്ക് വിട്ടുകൊടുക്കാൻ കെ.എസ്.ഇ.ബിയും നിർബന്ധിതമാകും. ഇനി നഷ്ടം വന്നാൽ അതാകെ നികത്തുന്നവിധം റെഗുലേറ്ററി കമീഷനും നിർദേശമുണ്ട്.

സാധാരണക്കാരുടെ വൈദ്യുതിനിരക്ക് വർധിക്കുമെന്നതിൽ തർക്കമില്ല. അതിന് നിരവധി വ്യവസ്ഥകൾ ഇതിലുണ്ട്. വിതരണ മേഖലയിലെ കമ്പനികൾക്ക് ചെലവും ലാഭവും പിരിഞ്ഞുകിട്ടുന്ന നിരക്ക് വേണമെന്നാണ് വ്യവസ്ഥ. നിലവിലെ വിതരണ കമ്പനികളുടെ ചെലവ് ദീർഘകാലയളവിലൂടെ ഈടാക്കുംവിധമാണ് നിരക്ക് നിശ്ചയിക്കുന്നത്. പുതിയ നിയമപ്രകാരം അപ്പപ്പോഴാണ് നിരക്ക് നിശ്ചയിക്കുക. മൂന്നു മാസത്തിലൊരിക്കൽ നിരക്ക് പുനർനിർണയിക്കാനും ആറു മാസത്തിലൊരിക്കൽ കമ്പനികളുടെ ധനസ്ഥിതി പരിശോധിച്ച് ആവശ്യമായ ക്രമീകരണം വരുത്താനും റെഗുലേറ്ററി കമീഷനുകൾക്ക് ചുമതല വരും.

നിലവിൽ കേരളത്തിൽ എല്ലാ വർഷവും നിരക്കുവർധന വരുന്നില്ല. അത് മാറും. ചെലവും ലാഭവും താരിഫിൽ ഈടാക്കാനും മൂന്നു മാസത്തിലൊരിക്കൽ പരിഷ്കരിക്കാനും ആറു മാസത്തിലൊരിക്കൽ സാമ്പത്തികസ്ഥിതി പരിശോധിച്ച് ക്രമീകരിക്കാനുമുള്ള വ്യവസ്ഥകൾ നിരക്ക് കുത്തനെ ഉയർത്തും.വൻകിടക്കാർക്ക് ഉയർന്ന നിരക്ക് ഈടാക്കി പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്നതാണ് കേരളത്തിലെ രീതി. ഇത് അട്ടിമറിക്കപ്പെടാനാണ് സാധ്യത. യൂനിറ്റിന് ആറു രൂപ വരെ ചെലവുവരുന്ന വൈദ്യുതി 40 യൂനിറ്റിൽ താഴെ മാസം ഉപയോഗിക്കുന്ന വീടുകൾക്ക് സൗജന്യമായും 50 യൂനിറ്റിനു മുകളിൽ ഒന്നര രൂപ മുതലുമാണ് നിരക്ക് ഈടാക്കുന്നത്.

കെ.എസ്.ഇ.ബി കണക്കുപ്രകാരം 50 ശതമാനം ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിലാണ് വൈദ്യുതി നൽകുന്നത്. സാമ്പത്തികശേഷിയുള്ള വിഭാഗത്തിനും ഷോപ്പിങ് മാളുകൾ, വാണിജ്യസ്ഥാപനങ്ങൾ അടക്കമുള്ളവയിൽനിന്നും ഉയർന്ന നിരക്ക് ഈടാക്കി ഈ ലാഭം ഉപയോഗിച്ചാണ് മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിൽ നൽകുന്നത്. പുതിയ നിയമം വരുമ്പോൾ വലിയതോതിൽ വൈദ്യുതി വാങ്ങുകയും ഉയർന്ന നിരക്ക് നൽകുകയും ചെയ്യുന്ന ഉപഭോക്താക്കളെ വളരെ വേഗം സ്വകാര്യ കമ്പനികൾക്ക് സ്വാധീനിക്കാനാകും. ലാഭം കിട്ടുന്നവർക്കു മാത്രമായി വൈദ്യുതി നൽകുന്ന സ്ഥിതി വരാം. ഇപ്പോഴത്തെ നിരക്കിൽ ഇളവ് നൽകി വമ്പന്മാരെ സ്വകാര്യ കമ്പനികൾ സ്വാധീനിക്കും. ഇവർ പോയാൽ പാവപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാനുള്ള ശേഷി വൈദ്യുതി ബോർഡിന് നഷ്ടപ്പെടും. ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയിൽ ബാധ്യത ഏറ്റെടുക്കാനുള്ള ശേഷി സംസ്ഥാനത്തിനുമില്ല.

പുതിയ കമ്പനികൾക്ക് സംസ്ഥാനത്ത് മുഴുവൻ വൈദ്യുതി വിതരണം ചെയ്യേണ്ട ബാധ്യത വരുന്നില്ല. ഒരു മുനിസിപ്പൽ-കോർപറേഷൻ പ്രദേശം എടുത്തോ നഗരങ്ങൾ കേന്ദ്രീകരിച്ചോ വിതരണം ചെയ്യുമ്പോൾ ചെലവ് കുറയും. എന്നാൽ, ഗ്രാമങ്ങളിൽ വളരെ ദൂരം ലൈൻ വലിച്ച് വേണം വൈദ്യുതി എത്തിക്കാൻ. തുടർനടപടികളും ചെലവേറിയതാണ്. ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം ചെലവേറിയതും പട്ടണങ്ങളിലെ വിതരണം ചെലവ് കുറഞ്ഞതുമാണ്.

വൻതോതിൽ വൈദ്യുതി ഉപയോഗിക്കുന്ന സ്ഥാപനങ്ങളും മാളുകളും ഉയർന്ന ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കളുമുണ്ടാകും. അവർക്ക് വിതരണം ചെയ്യുമ്പോൾ നല്ല ലാഭം കിട്ടും. ലാഭകരമായ പട്ടണം കേന്ദ്രീകരിച്ച് സ്വകാര്യ മേഖല പ്രവർത്തിക്കുമ്പോൾ ഗ്രാമീണ മേഖല അവതാളത്തിലാകും. സാധാരണക്കാരുടെയും കർഷകരുടെയും നിരക്ക് ഉയരുകയും വൻകിട കോർപറേറ്റുകളുടെയും ധനികരുടെയും നിരക്ക് കുറയുകയും ചെയ്യുന്ന സ്ഥിതി വരും.

ഒന്നിലധികം ലൈസൻസികൾക്ക് ഒരേ സ്ഥലത്ത് പ്രവർത്തിക്കാൻ നിലവിലെ നിയമവ്യവസ്ഥയിൽ കഴിയുമെന്നും അത് ലഘൂകരിക്കുകയാണ് ചെയ്യുന്നതെന്നും കേന്ദ്രം പറയുന്നു. നിലവിലെ 2003ലെ നിയമത്തിൽ ഒന്നിലധികം കമ്പനികൾ പ്രവർത്തിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, രാജ്യത്ത് സ്വകാര്യ കമ്പനികൾ പ്രവർത്തിക്കാൻ തയാറായത് മുംബൈ, ഡൽഹി പോലെ വൻകിട നഗരങ്ങളിലാണ്. സ്വന്തം ലൈൻ സ്ഥാപിച്ച് വേണം വിതരണമെന്നും സ്വന്തമായി വൈദ്യുതി വാങ്ങൽ കരാറുകളോ ഉൽപാദകനിലയങ്ങളോ വേണമെന്നും വ്യവസ്ഥയുണ്ട്. പുതിയ നിയമം ഈ രണ്ടു തടസ്സങ്ങളും എടുത്തുകളയുന്നു. പുതിയ കമ്പനികൾക്ക് കെ.എസ്.ഇ.ബി. ലൈൻ തന്നെ ഉപയോഗിക്കാം.

നിലവിലെ പൊതുമേഖലയുടെ നിലയങ്ങൾ ഉപയോഗിക്കാം. മത്സരത്തിന് വരുന്നവർക്ക് സ്വന്തം ആസ്തി കൈമാറിയശേഷം മത്സരം നടത്തണമെന്നാണ് നിയമം പറയുന്നത്. പൊതുമേഖല വൈദ്യുതിലൈനും ഉൽപാദിപ്പിക്കുന്ന വൈദ്യുതിയും വിട്ടുകൊടുക്കുകയും ഇത് വിറ്റ് പണം വാങ്ങുന്ന ജോലി മാത്രം സ്വകാര്യ മേഖല ചെയ്യുമെന്നുമുള്ള സ്ഥിതി വരും. വിതരണ ശൃംഖല നിർമിക്കുന്നതിലും പരിപാലനത്തിലും പുതിയ കമ്പനികൾക്ക് ഉത്തരവാദിത്തം വരുന്നില്ല. ഉൽപാദന-വിതരണ-പ്രസരണ മേഖലയുടെ മുതൽമുടക്കൊന്നും സ്വകാര്യ മേഖലക്ക് വേണ്ട. നിലവിലെ ലൈനുകൾ ഉപയോഗിച്ച് നിലവിലെ ലൈനിന്‍റെ ഉടമകളുമായി മത്സരിക്കാൻ അനുമതി കൊടുക്കുന്ന വിചിത്ര സാഹചര്യം.

ചില മാറ്റങ്ങൾക്ക് തയാറായി കേന്ദ്രവും

സംസ്ഥാനങ്ങളുടെ രൂക്ഷ എതിർപ്പിനെ തുടർന്ന് നേരത്തേ തയാറാക്കിയ ബില്ലിൽ ചില മാറ്റം കേന്ദ്രം വരുത്തിയിരുന്നു. കേരളം ഒറ്റക്കെട്ടായി ഇതിനെ എതിർത്തിരുന്നു. നിയമസഭ പ്രമേയം പാസാക്കുകയും ചെയ്തു. വിതരണ മേഖലയെ പൂർണമായി ലൈസൻസിങ്ങിൽനിന്ന് മുക്തമാക്കി ആർക്കും കടന്നുവരാനുള്ള ഡീലൈസൻസിങ് വ്യവസ്ഥ പുതിയ ബില്ലിൽ പിൻവലിച്ചിട്ടുണ്ട്. ക്രോസ് സബ്സിഡി പൂർണമായി ഇല്ലാതാക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. ഇപ്പോൾ ക്രോസ് സബ്സിഡിക്ക് ബാലൻസിങ് ഫണ്ട് സംസ്ഥാനങ്ങളിലുണ്ടാക്കാനാണ് നിർദേശം.

അത് എങ്ങനെ പ്രവർത്തിക്കണമെന്ന് കേന്ദ്രം നിഷ്കർഷിക്കും. മത്സരത്തിന്‍റെ പേരിൽ തെറ്റായ നടപടികൾ ഒഴിവാക്കാൻ നേരത്തേ വ്യവസ്ഥയുണ്ടായിരുന്നില്ല. മിനിമം താരിഫും പരമാവധി താരിഫും നിശ്ചയിക്കാൻ വ്യവസ്ഥ ഇപ്പോൾ ഉൾപ്പെടുത്തി. അതിന്‍റെ വ്യവസ്ഥയും കേന്ദ്രമാണ് തീരുമാനിക്കുക. എതിർപ്പുകളെ ഇല്ലാതാക്കാൻ കൊണ്ടുവന്ന മാറ്റങ്ങളിലും നിയന്ത്രണം കേന്ദ്രംതന്നെ കൈവശംവെക്കുകയാണ്. സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷനുകൾ കേന്ദ്ര നിർദേശപ്രകാരം പ്രവർത്തിക്കണമെന്നാണ് വ്യവസ്ഥ. കേന്ദ്ര സർക്കാർ ഇവയിലെല്ലാം എന്തു സമീപനമാകും കൈക്കൊള്ളുകയെന്ന് വ്യക്തമാണ്. നിയമഭേദഗതി സൂക്ഷ്മപരിശോധനക്ക് ഊർജകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്കു വിട്ടിരിക്കുകയാണ്. കമ്മിറ്റിക്ക് ഇതിലെ അപകടങ്ങൾ ബോധ്യപ്പെട്ടാലേ തിരുത്തലിന് മാർഗമുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian power sector
News Summary - The country's power sector is in the hands of private giants
Next Story