പരസ്പരം വളമാകുന്ന സി.പി.എമ്മും ബി.ജെ.പിയും
text_fieldsകൊൽക്കത്തയിലെ 'ദി ടെലഗ്രാഫ്' പത്രത്തിെൻറ മലയാളി എഡിറ്റർ ആർ. രാജഗോപാൽ സ്വന്തം ജീവിതത്തിലെ 'ലവ് ജിഹാദ്' മുൻ നിർത്തി 'മാധ്യമ'ത്തിൽ കഴിഞ്ഞയാഴ്ച എഴുതിയ കുറിപ്പിെൻറ ഇംഗ്ലീഷ് ഭാഷാന്തരം ഡൽഹിയിലെ മാധ്യമപ്രവർത്തകർക്കിടയിൽ വ്യാപക ചർച്ചക്കാണ് വഴിവെച്ചത്. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത കുറിപ്പിൽ പരാമർശിക്കുന്ന ആ സീനിയർ എഡിറ്റർ ആരാണെന്ന അന്വേഷണമായിരുന്നു പല കോണുകളിലും. മനുഷ്യപ്പറ്റുള്ള ബിസിനസ് എഡിറ്റർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന, നിരവധി മാധ്യമപ്രവർത്തകരുടെ വഴികാട്ടിയായ സി.പി. കുരുവിള (പ്രിയപ്പെട്ടവരുടെ 'കുരു') യാണ് ആ സീനിയർ എഡിറ്റർ. 'മാധ്യമം' ലേഖനം ട്വീറ്റ് ചെയ്ത പെൻഗ്വിൻ ഇന്ത്യ എക്സിക്യൂട്ടിവ് എഡിറ്റർ എലിസബത്ത് കുരുവിള ആ സംഭവത്തെ വിശേഷിപ്പിച്ചത് പിതാവിെൻറ ജീവിതത്തിലെ ഏറ്റവും കാൽപനികമായ പ്രവൃത്തികളിലൊന്നായാണ്. പാലാ ബിഷപ്പിെൻറ വിദ്വേഷ പ്രസ്താവനയെ കുറിച്ചും, കേരളത്തിൽ മാറി വരുന്ന സാമൂഹിക സാഹചര്യങ്ങളെ കുറിച്ചും ക്രിയാത്മക ചർച്ചകൾക്കാണ് ഡൽഹിയിലെ മാധ്യമവൃത്തങ്ങളിൽ ആ കുറിപ്പ് വഴി തുറന്നത്. കേരളത്തിലെ ക്രൈസ്തവ സഭകളിലെ ചെറിയൊരു വിഭാഗം അപകടകരമായ വർഗീയവത്കരണ പാതയിലേക്ക് പോകുന്നതിനെ കുറിച്ച് പലരും എഴുതുകയും ചെയ്തു.
ദുരാരോപണങ്ങൾ വിശ്വസിക്കുന്നവരേറെ
സജീവമായ ഇൗ ചർച്ചകൾക്കിടയിലാണ് ഡൽഹി പ്രസ് ക്ലബിലെ ഒരു അനുസ്മരണചടങ്ങിനിടെ ഹിന്ദി ബെൽറ്റിലെ മാധ്യമപ്രവർത്തകരിലൊരാൾ എന്താണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന ചോദ്യവുമായി വന്നത്. രണ്ട് പ്രബല ന്യൂനപക്ഷ വിഭാഗങ്ങളെന്ന നിലയിൽ കേരളത്തിൽ മുസ്ലിംകളും ക്രൈസ്തവരും തമ്മിൽ വലിയ അടുപ്പത്തിലാണെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന് പാലാ ബിഷപ് ഇത്തരമൊരു കടുത്ത പ്രസ്താവന നടത്താനിടയായ സാഹചര്യം എന്താണെന്നറിയണം. രാഷ്ട്രീയ ചിന്തകളൊന്നുമില്ലാത്ത വ്യാപാരിയായ തെൻറ മലയാളി ക്രൈസ്തവ സുഹൃത്തിനോട് ഇക്കാര്യം ചോദിച്ചപ്പോൾ കിട്ടിയ മറുപടി മുസ്ലിംകൾക്കെതിരായ സഭയുടെ എതിർപ്പിന് മൂന്നു കാരണങ്ങളുണ്ടെന്നായിരുന്നെത്രേ. ഒന്ന്- കേരളത്തിലെ ക്രിസ്ത്യൻ പെൺകുട്ടികളെ മുസ്ലിം ആൺകുട്ടികൾ തട്ടിക്കൊണ്ടുപോകുന്നു. രണ്ട്- വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ മുസ്ലിംകൾ ഏറെ മുന്നിലെത്തിയിരിക്കുന്നു. മൂന്ന്- ഹവാല പണം കൊണ്ട് സ്വത്തുക്കൾ വാങ്ങിക്കൂട്ടുകയും വ്യാപാരസ്ഥാപനങ്ങൾ കെട്ടിെപ്പാക്കുകയും ചെയ്യുന്നു. ഏതാനും പേരുടെ വർഗീയ ചിന്തയായി നാമൊക്കെ ചിരിച്ചും ട്രോളിയും തള്ളിയിരുന്ന വിേദ്വഷ പ്രചാരണങ്ങളാണ് ഉത്തരേന്ത്യയിൽ കാലങ്ങളായി ജീവിക്കുന്ന ഒരു മലയാളി പോലും വിശ്വാസത്തിലെടുത്തിരിക്കുന്നതെന്ന അറിവ് അദ്ദേഹത്തിൽ നിന്നും കിട്ടി. നിരവധി ഭൂമികളുടെ ലീസ് പുതുക്കലും, വിദേശ ഫണ്ടിങ്ങും അടക്കമുള്ള കാര്യങ്ങൾ നേടാൻ മുസ്ലിം വിദ്വേഷത്തിലൂടെ മോദി സർക്കാറിനെയും ബി.ജെ.പിയെയും പ്രീണിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് സഭ ഇെതാക്കെ ചെയ്യുന്നതെന്നാണദ്ദേഹം പറയുന്നത്.
വിദ്വേഷ പ്രചാരണങ്ങൾക്ക് സ്വീകാര്യത
ഒരടിസ്ഥാനമോ സ്ഥിതിവിവരക്കണക്കോ ഇല്ലാതെ പ്രചരിക്കുന്ന ഇത്തരം വ്യാജ ആഖ്യാനങ്ങൾക്ക് കേരളത്തിൽ ഇത്രയേറെ സ്വീകാര്യത കിട്ടിയത് ഇടതു ഭരണത്തിന് കീഴിലാണെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഹിന്ദുത്വ രാഷ്ട്രീയത്തെ പുൽകിക്കൊണ്ടിരിക്കുന്ന സി.പി.എം കേരളത്തിൽ ഇൗയിടെ നടത്തിയ മുസ്ലിം വിദ്വേഷ പ്രസ്താവനകളും കൈക്കൊണ്ട മുസ്ലിം വിരുദ്ധ നടപടികളും തെന്ന ധാരാളമായിരുന്നു. പാലാ ബിഷപ്പിെൻറ വിേദ്വഷ പ്രസംഗത്തോട് മുഖ്യമന്ത്രിയും പാർട്ടിയും കൈക്കൊണ്ട സമീപനവും മറിച്ചല്ലല്ലോ. കേരളത്തെ ഇടതുപക്ഷം കൊണ്ടുപോകുന്നത് എങ്ങോട്ടാണെന്നായിരുന്നു അദ്ദേഹത്തിെൻറ ചോദ്യം. ഇൗ സംഭാഷണശേഷമാണ് പാലാ ബിഷപ്പിെൻറ വിദ്വേഷ പ്രസ്താവന ന്യായീകരിക്കുന്ന മന്ത്രി വാസവെൻറയും പാർട്ടി സെക്രട്ടറി എ. വിജയരാഘവെൻറയും പ്രസ്താവനകളും കാമ്പസുകളിൽ യുവതി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നുവെന്ന പാർട്ടി റിപ്പോർട്ടും പുറത്തുവരുന്നത്. കേരളത്തിൽ മുസ്ലിം -ക്രൈസ്തവ ഭിന്നത മൂർഛിപ്പിക്കാനും മുസ്ലിം അപരവത്കരണം രൂക്ഷമാക്കാനും ഇടതുപക്ഷം ബി.ജെ.പിയുമായി നടത്തുന്ന മത്സരം ഇവിടം കൊണ്ട് അവസാനിക്കില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
വർഗീയതയിൽ മത്സരം ബി.ജെ.പിയോട്
ഇപ്പോൾ പ്രചരിക്കുന്ന നാർകോട്ടിക് ജിഹാദ് കള്ളക്കഥ പോലെയായിരുന്നു ജസ്റ്റിസ് രജീന്ദർ സച്ചാർ കമ്മിറ്റി റിപ്പോർട്ടിെൻറ തുടർച്ചയായി പാലോളി കമ്മിറ്റി മുസ്ലിംകൾക്കായി ശിപാർശ ചെയ്ത സ്കോളർഷിപ്പ് മുഴുവൻ ന്യൂനപക്ഷങ്ങൾക്കും വേണ്ടിയായിരുന്നു എന്ന പ്രചാരണത്തിെൻറ തുടക്കം. തങ്ങൾ തന്നെയുണ്ടാക്കിയ പാലോളി കമ്മിറ്റിയെ കുറിച്ച് അപ്പറയുന്നത് കള്ളമാണെന്നറിഞ്ഞിട്ടും ഇടതു സർക്കാർ കോടതിയിൽ കേസ് തോറ്റുകൊടുത്തു. സുപ്രീംകോടതിയിൽ അപ്പീൽ നൽകാതെ അതിനനുസൃതമായി പുതിയ വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. കത്തോലിക്ക സഭാ നേതാക്കൾ പ്രധാനമന്ത്രിയെ നേരിൽകണ്ട് പരാതി പറഞ്ഞ ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഡൽഹി സന്ദർശനമാണ് ഇൗ വിഷയത്തിൽ വഴിത്തിരിവായത്. കേന്ദ്ര സർക്കാറിനേക്കാൾ ഒരു പടികടന്ന് 80:20 അനുപാത വിവാദത്തിൽ വർഗീയ അജണ്ടകൾക്ക് കൂട്ടുനിന്ന ഒരു സർക്കാർ ഭരിക്കുേമ്പാൾ ആർ.എസ്.എസ് ആചാര്യന്മാരുടെ വിചാരധാര അടക്കമുള്ള വിഷലിപ്ത രചനകൾ പാഠപുസ്തകങ്ങളായി മാറുന്നതിൽ അത്ഭുതമില്ല.
ജെയ്റ്റ്ലി അേന്ന പറഞ്ഞു
കേരളത്തിലെ സി.പി.എമ്മിെൻറ ഹിന്ദുത്വ രാഷ്ട്രീയത്തെ കുറിച്ച് പരേതനായ ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ അരുൺ ജെയ്റ്റ്ലി ഒരു പതിറ്റാണ്ട് മുമ്പ് പറഞ്ഞത് എന്താണെന്നറിയാത്തതു കൊണ്ടാണ് തങ്ങൾ മുമ്പു പറഞ്ഞതാണ് സി.പി.എം ഇപ്പോൾ പറയുന്നതെന്ന് കെ.സുരേന്ദ്രൻ പുതിയ കണ്ടുപിടിത്തമെന്ന മട്ടിൽ അവതരിപ്പിക്കുന്നത്. 2011ലെ നിയമസഭ െതരഞ്ഞെടുപ്പിൽ ബംഗാളിെൻറ ചുമതല ജെയ്റ്റ്ലിക്കും കേരളത്തിെൻറ ചുമതല സുഷമ സ്വരാജിനും നൽകിയ വേളയിൽ സി.പി.എം ഒരു ഹിന്ദു പാർട്ടിയായി മുന്നോട്ടുപോകുന്നതാണ് ഇരു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് മുന്നിലെ ഏകതടസ്സമെന്ന് ജെയ്റ്റ്ലി തുറന്നു പറഞ്ഞിരുന്നു. ഒരു സംസ്ഥാനത്ത് ഒരേ സമയം രണ്ടു ഹിന്ദു പാർട്ടികൾക്ക് നിലനിൽപില്ലെന്നും ഒന്ന് ഇല്ലാതാകാതെ മറ്റൊന്നിന് വളരാൻ കഴിയില്ലെന്നുമായിരുന്നു സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും സാധ്യതകളെ കുറിച്ച് െജയ്റ്റ്ലിയുടെ വിലയിരുത്തൽ. ബംഗാളിൽ പാർട്ടിയെ അടിമുടി ഹിന്ദുത്വവത്കരിച്ച് ഒടുവിൽ പാർട്ടി ഒാഫിസുകളടക്കം ബി.ജെ.പിക്ക് പതിച്ചു നൽേകണ്ടി വന്ന സി.പി.എം കേരളത്തിൽ ബി.ജെ.പിയെ വെല്ലുന്ന വർഗീയ കക്ഷിയാക്കി സ്വയം പരിവർത്തിപ്പിച്ചാണെങ്കിലും പിടിച്ചുനിൽക്കാനുള്ള പരിശ്രമത്തിലാണ്. അന്ന് ജെയ്റ്റ്ലിക്ക് ചുമതലയുണ്ടായിരുന്ന ബംഗാളിൽ സി.പി.എം തകർന്നിടത്ത് ബി.ജെ.പി തളിർത്തപ്പോൾ കേരളത്തിൽ ബി.ജെ.പി വാദങ്ങൾ അവരേക്കാൾ ഉച്ചത്തിലേറ്റു പറഞ്ഞ്, സി.പി.എം പിടിച്ചുനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.